ഈ നിലവിളികളെ നേരിടാന്‍ 'കര്‍മൂസത്തണ്ട്' തന്നെ ധാരാളം, വഖഫില്‍ സമരം തുടരുമെന്ന് പിഎംഎ സലാം

ഈ നിലവിളികളെ നേരിടാന്‍ 'കര്‍മൂസത്തണ്ട്' തന്നെ ധാരാളം, വഖഫില്‍ സമരം തുടരുമെന്ന് പിഎംഎ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ സമരം തുടരുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലെ ചില പ്രയോഗത്തിലെ വിയോജിപ്പുകള്‍ പ്രാസംഗികനും പാര്‍ട്ടിയും പരസ്യമായി ഖേദപ്രകടനം നടത്തിയതാണ് എന്നും ന്യായീകരണവുമായി ആരും വന്നിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

എന്നാല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ എതിരാളികളേയും മാധ്യമപ്രവര്‍ത്തകരേയും ന്യായാധിപന്മാരേയും വരെ തെറിയഭിഷേകം നടത്തിയവര്‍ ഇതുവരെ ഒരു വരി പോലും എവിടെയും ഖേദപ്രകടനം നടത്തിയതായി അറിയില്ലെന്നും പിഎംഎ സലാം ഫെയ്‌സബുക്കില്‍ കുറിച്ചു.

ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ ''സംസ്‌കാര സമ്പന്നതയെ'' കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

വഖഫ് വിഷയത്തില്‍ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് മുസ്ലീം ലീഗ് എന്നും ഈ നിലവിളികളെ നേരിടാന്‍ ''കര്‍മൂസത്തണ്ട്' തന്നെ ധാരാളമാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.

വഖഫ് സംരക്ഷണ റാലിയില്‍ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി മന്ത്രി റിയാസിനെതിരെ മോശം പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ കോഴിക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്‌മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങളെയും അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളില്‍ പ്രസംഗകനും പാര്‍ട്ടിയും പരസ്യമായി ഖേദപ്രകടനം നടത്തിയതാണ്. ന്യായീകരണവുമായി ആരും വന്നിട്ടുമില്ല. എന്നാല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ എതിരാളികളേയും മാധ്യമപ്രവര്‍ത്തകരേയും ന്യായാധിപന്മാരേയും വരെ തെറിയഭിഷേകം നടത്തിയവര്‍ ഇതുവരെ ഒരു വരി പോലും എവിടെയും ഖേദപ്രകടനം നടത്തിയതായി അറിവില്ല. ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ ''സംസ്‌കാര സമ്പന്നതയെ'' കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട.

വഖഫ് വിഷയത്തില്‍ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് മുസ്ലീം ലീഗ്, എന്നിരിക്കെ കോഴിക്കോട്ടെ റാലി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിലരുടെ പ്രത്യേക ഏ-ക്ഷനോട് കൂടിയ നിലവിളികള്‍ക്ക് ഇപ്പോഴും ശമനമായിട്ടില്ല എന്നത് കൗതുകകരം തന്നെ.

വഖഫ് നിയമം പിന്‍വലിക്കും വരെ ഞങ്ങള്‍ പോരാടും.

ഈ നിലവിളികളെ നേരിടാന്‍ ''കര്‍മൂസത്തണ്ട്'' തന്നെ ധാരാളം.

Related Stories

No stories found.
logo
The Cue
www.thecue.in