'കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി'; എസ്എഫ്‌ഐ ആക്രമണത്തെ തള്ളി മുഖ്യമന്ത്രി

'കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി';  എസ്എഫ്‌ഐ ആക്രമണത്തെ തള്ളി മുഖ്യമന്ത്രി

കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ എസ്എഫ്‌ഐയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അക്രമത്തിലേക്കു കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്എഫ്‌ഐയുടേത് പാര്‍ട്ടി അറിയാത്ത സമരമാണെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് നിലപാട്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് ആക്രമണം നടത്തിയത്. ഓഫീസ് അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകവെയാണ് മുഖ്യമന്ത്രി എസ്എഫ്‌ഐയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ ഓഫിസിനു നേരെ മാര്‍ച്ച് നടത്തേണ്ട ഒരു കാര്യവും ഇപ്പോള്‍ ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും പറഞ്ഞു. വയനാട് എംപിയായ അദ്ദേഹത്തെ ഇഡി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം നടക്കുയാണ്. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നതിന് എതിരെയുളള സമീപനമാണ് സിപിഐഎമ്മിന്റേത്. അതുകൊണ്ട് ഈ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in