പെരിയാറിന്റെ ജന്മദിനം ഇനിമുതല്‍ സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് എം.കെ.സ്റ്റാലിന്‍

പെരിയാറിന്റെ ജന്മദിനം ഇനിമുതല്‍ സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് എം.കെ.സ്റ്റാലിന്‍

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ജന്മദിനം ഇനിമുതല്‍ സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സെപ്റ്റംബര്‍ 17ന് പെരിയാറിന്റെ 142-ാം ജന്മദിനമാണ്.

സാമൂഹ്യനീതി, ആത്മാഭിമാനം, യുക്തിവാദം, സമത്വം തുടങ്ങിയ ആശയങ്ങളെയാണ് പെരിയാര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇതാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ തമിഴ് ജനതയുടെ ഉന്നമനത്തിന് അടിത്തറയിടുകയും ഭാവിയിലേക്ക് വഴിതുറക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ തത്വങ്ങള്‍ ഓര്‍മ്മിക്കുന്നതിനും, മൂല്യങ്ങള്‍ പിന്തുടരുന്നതിനും 'സാമൂഹിക നീതി ദിനാ'ചരണം സഹായിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

എല്ലാ വര്‍ഷവും ആ ദിവസം, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിജ്ഞ ചെയ്യുമെന്നും നിയമസഭയില്‍ സംസാരിക്കവെ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്റ്റാലിന്റെ തീരുമാനത്തെ സഭയിലെ ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പടെ സ്വാഗതം ചെയ്തു. സാമൂഹ്യനീതി സംബന്ധിച്ച പെരിയാറിന്റെ പ്രത്യയശാസ്ത്രമാണ് ബി.ജെ.പി പിന്തുടരുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് നയ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

1879 സെപ്റ്റംബര്‍ 17ന് ഈറോഡിലായിരുന്നു പെരിയാറിന്റെ ജനനം. ഈറോഡ് വെങ്കടപ്പ രാമസ്വാമിയെന്നായിരുന്നു പേരെങ്കിലും പെരിയാര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1973 ഡിസംബര്‍ 24നാണ് അദ്ദേഹം മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in