‘ആസിഫ് താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’, ഫേസ്ബുക്ക് പേജില്‍ പിന്മാറാന്‍ ആവശ്യപ്പെട്ട് സന്ദേശപ്രവാഹം

‘ആസിഫ് താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’, ഫേസ്ബുക്ക് പേജില്‍ പിന്മാറാന്‍ ആവശ്യപ്പെട്ട് സന്ദേശപ്രവാഹം

ആസിഫ് അലിയോട് പൂഞ്ഞാറിലെ എംഎല്‍എ പിസി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ ആരാധകരുടെ സന്ദേശ പ്രവേഹം. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയാണ് ആസിഫ്. ഈ പരിപാടി ബഹിഷ്‌കരിക്കാന്‍ പൂഞ്ഞാറിലെ നല്ലൊരു വിഭാഗം ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ആസിഫിനോടും പരിപാടിയില്‍ പങ്കെടുക്കരുതെന്ന ആവശ്യം.

‘പ്രിയപ്പെട്ട ആസിഫ്. ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്നു വിളിച്ച ആളാണ് പിസി. ദയവ് ചെയ്ത് അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു’
ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്പിയുടെ പരുപാടി യില്‍ നിന്ന് വിട്ടു നില്കുകുക..... ഒരു നാടിന്റെ മുഴവന്‍ അഭ്യര്ഥനയാണ്.....

ഇത്തരത്തില്‍ നിരവധി പേരാണ് ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജില്‍ എല്ലാ ചിത്രങ്ങള്‍ക്കും താഴെ കമന്റിടുന്നത്. പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയത്തിനപ്പുറം സാമൂഹികമായും എതിര്‍ക്കപ്പെടുമ്പോള്‍ എംഎല്‍എ സ്വന്തം മണ്ഡലത്തില്‍ ബഹിഷ്‌കരണവും ഒറ്റപ്പെടലും നേരിടുകയാണ്.

മുസ്ലീം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്ന പിസി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പിസി ജോര്‍ജിനെതിരെ ബഹിഷ്‌കരണാഹ്വാനമാണ് നാലുപാടുനിന്നും ഉയരുന്നത്. പൂഞ്ഞാറുകാരും എംഎല്‍എയ്‌ക്കെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു. മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച എംഎല്‍എയെ ബഹിഷ്‌കരിക്കണമെന്ന് എസ്ഡിപിഐയും ആഹ്വാനം ചെയ്തിരുന്നു.

‘ആസിഫ് താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’, ഫേസ്ബുക്ക് പേജില്‍ പിന്മാറാന്‍ ആവശ്യപ്പെട്ട് സന്ദേശപ്രവാഹം
മരണശേഷം ഒരു പൂവും ദേഹത്തുവെക്കരുത്, മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും വേണ്ടെന്ന് സുഗത കുമാരി

എന്‍ഡിഎ ചേരിയില്‍ ചേര്‍ന്ന പി സി ജോര്‍ജിന് മണ്ഡലത്തിലും പുറത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയിലും അനഭിമതനായിരുന്നു. മുസ്ലീം വിരുദ്ധ പരാമര്‍ശം വലിയ രീതിയില്‍ തിരിച്ചടിച്ചതോടെ പിസി ജോര്‍ജും കുലുങ്ങിയിട്ടുണ്ട്. മാപ്പ് പറഞ്ഞ് എംഎല്‍എ പ്രസ്താവന ഇറക്കി.

തന്റെ ഫോണ്‍ സംഭാഷണത്തില്‍ പലപ്രാവശ്യമായി പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പി.സി പറയുന്നത്. പ്രസ്തുത സംഭാഷണത്തില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ തന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദു:ഖവും അമര്‍ഷവുമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുവെന്നു പി.സി ജോര്‍ജ് മാപ്പപേക്ഷയില്‍ പറയുന്നു. തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് വേദനിപ്പിക്കുന്നുവെന്നും പിസി പറയുന്നു.

എന്നിട്ടും പിസിയോടുള്ള സമീപനത്തില്‍ മാറ്റമാല്ലെന്നാണ് ഈരാറ്റുപേട്ടക്കാരുടേയും പൂഞ്ഞാറുകാരുടേയും നിലപാട്. നേരത്തെ മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടയില്‍ പി സി ജോര്‍ജിനെ കൂകി വിളിക്കുകയും ചെയ്തിരുന്നു നാട്ടുകാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in