സ്വപ്‌നയ്ക്ക് വേണ്ടി മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി. ജോര്‍ജിന്റെ സമ്മര്‍ദ്ദം; സരിതയുടെ മൊഴി

സ്വപ്‌നയ്ക്ക് വേണ്ടി മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി. ജോര്‍ജിന്റെ സമ്മര്‍ദ്ദം; സരിതയുടെ മൊഴി

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്ക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി. ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സരിത എസ്. നായര്‍. സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തിന് സരിത നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയും പി.സി. ജോര്‍ജ് സംസാരിച്ചു. എന്നാല്‍ സ്വപ്‌നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍ വെച്ച് അറിയാവുന്നതിനാല്‍ താന്‍ പിന്മാറിയെന്നും സരിത മൊഴി നല്‍കി.

സ്വപ്‌ന സുരേഷിന് നിയമസഹായം നല്‍കുന്നത് പിസി ജോര്‍ജ് ആണ്. ക്രൈം നന്ദകുമാറും സ്വപ്‌നയും പി.സി. ജോര്‍ജും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്. എസ്.പി. മധുസൂദനനാണ് മൊഴി രേഖപ്പെടുത്തിയത്. സ്വപ്‌നയ്‌ക്കെതിരായ കേസില്‍ സരിതയെ സാക്ഷിയാക്കി.

സ്വപ്‌ന സുരേഷിനെ ജയിലില്‍ വെച്ച് കണ്ടിരുന്നെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌നയ്ക്ക് വേണ്ടി സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ പറയണം സ്വപ്‌ന പറയുന്നതിനേക്കാള്‍ ആളുകള്‍ ഏറ്റെടുക്കും മറ്റൊരാള്‍ പറഞ്ഞാലെന്നുമാണ് പി.സി. പറഞ്ഞതെന്ന് സരിത പറഞ്ഞു.

അതേസമയം സരിതയെ കണ്ടിട്ടുന്നെല്ലാതെ ഒരു ബന്ധവുമില്ലെന്നും പി.സി. ജോര്‍ജിനെ വ്യക്തിപരമായി അറിയില്ലെന്നുമാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്.

The Cue
www.thecue.in