ചരിത്രവും വിനോദ സഞ്ചാരത്തില്‍ ഉള്‍പ്പെടണം, മലബാര്‍ കലാപ കേന്ദ്രങ്ങളെ ടൂറിസ്റ്റ് സര്‍ക്യൂട്ട് ആക്കുമെന്ന് മുഹമ്മദ് റിയാസ്

ചരിത്രവും വിനോദ സഞ്ചാരത്തില്‍ ഉള്‍പ്പെടണം, മലബാര്‍ കലാപ കേന്ദ്രങ്ങളെ ടൂറിസ്റ്റ് സര്‍ക്യൂട്ട് ആക്കുമെന്ന് മുഹമ്മദ് റിയാസ്

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെ ടൂറിസ്റ്റ് സര്‍ക്യൂട്ടായി ആവിഷ്‌കരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ സെമിനാറുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

'മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളവയാണ്. ഇവയുള്‍പ്പെടുന്ന ടൂറിസം സര്‍ക്യൂട്ടുമായി ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരെ ടൂറിസം വകുപ്പ് ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യും. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദ സഞ്ചാരത്തിന്റെ പരിധിയില്‍ വരണം,' മന്ത്രി പറഞ്ഞു.

മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്നത് വാഗണ്‍ ട്രാജഡിയല്ല, വാഗണ്‍ കൂട്ടക്കൊലയാണ്. ട്രാജഡിയെന്നാല്‍ ദുരന്തം എന്നാണ് അര്‍ത്ഥം. ദുരന്തം മനപൂര്‍വ്വം ഉണ്ടാകുന്നതല്ല. എന്നാല്‍ തീവണ്ടി ബോഗിയില്‍ മനുഷ്യരെ ശ്വാസം മുട്ടിച്ചുകൊന്നത് മനപൂര്‍വ്വമാണ്. അതിനാല്‍ കൂട്ടിക്കൊല എന്ന് തന്നെ പറയണമെന്നും മന്ത്രി പറഞ്ഞു.

ഈ കൂട്ടക്കൊലയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതില്‍ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരുണ്ട്. മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മലബാര്‍ കലാപം ഹിന്ദു വംശഹത്യയായിരുന്നെ ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ജിഹാദി ഘടകങ്ങളില്‍ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടല്‍ നടത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

നിരവധി ചരിത്രകാരന്മാര്‍ ഇടതുപക്ഷത്തിന്റ ഭാഗത്ത് നിന്ന് ചരിത്രം എഴുതുമ്പോള്‍, സവര്‍ക്കാറാണ് വംശഹത്യ ജനശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും യോഗി വാദിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in