യൂസഫലി ആദരണീയന്‍, പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; കെ എം ഷാജിയെ തള്ളി ലീഗ്

യൂസഫലി ആദരണീയന്‍, പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; കെ എം ഷാജിയെ തള്ളി ലീഗ്

വ്യവസായി യൂസഫലിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കെ.എം. ഷാജിയെ തള്ളി ലീഗ് നേതൃത്വം. യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും യൂസഫലി ആദരണീയനായ വ്യക്തിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

യൂസഫലിയെ കേരളത്തിലെ ഒരു ബിസിനസ് മാന്‍ മാത്രമായിട്ടല്ല കാണുന്നത്. ഇന്ത്യയ്ക്ക് ഏറെ വിദേശ നാണ്യം തരുന്ന ഒരു എക്‌സ്‌പോട്ടറാണ്. അദ്ദേഹത്തിന്റെ മാന്യത ഞങ്ങള്‍ അംഗീകരിക്കുന്നുണ്ട് എന്നും തങ്ങള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'രാഷ്ട്രീയമായി സംഘര്‍ഷഭരിതമായ സാഹചര്യം ആയതിനാലാണ് നേതാക്കള്‍ വിട്ട് നിന്നത്. ഇതെല്ലാം സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യം മാത്രമാണ്. യൂസഫ് അലി സാഹിബ് അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. യു.ഡി.എഫ് അതിന്റെ നയം നടപ്പാക്കും. ഞങ്ങളുടെ സംഘടന കെ.എം.സി.സി ഒക്കെ സജീവമായി പങ്കെടുത്തിരുന്നു. അവരെ ആരെയും വിലക്കിയിട്ടില്ല. യൂസഫലി ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആദരണീയനായ ഒരു വ്യക്തിത്വം ആണ്. അദ്ദേഹത്തെ കേരളത്തിലെ ഒരു ബിസിനസ് മാന്‍ മാത്രമായിട്ടല്ല കാണുന്നത്. ഇന്ത്യയ്ക്ക് ഏറെ വിദേശ നാണ്യം തരുന്ന ഒരു എക്‌സ്‌പോട്ടറാണ്. അദ്ദേഹത്തിന്റെ മാന്യത ഞങ്ങള്‍ അംഗീകരിക്കുന്നുണ്ട്,' സാദിഖലി തങ്ങള്‍ പറഞ്ഞു.

യൂസഫലി ഒരേസമയം ബിസിനസിനായി മോദിയേയും യോഗിയേയും തൃപ്തിപ്പെടുത്താന്‍ നടക്കുകയാണെന്നും ലീഗിനെ വിമര്‍ശിക്കാന്‍ വരേണ്ടെന്നുമാണ് കെ.എം ഷാജി പറഞ്ഞത്.

ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നതെന്നും കെ.എം ഷാജി പറഞ്ഞു. യൂസഫലിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.

'യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ നിങ്ങള്‍ക്ക് ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം. ചങ്ങായിയെ, നിങ്ങള്‍ക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കോ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും,' എന്നായിരുന്നു കെ എം ഷാജി പറഞ്ഞത്.

The Cue
www.thecue.in