കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുസ്ലിം ലീഗ്

കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുസ്ലിം ലീഗ്

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി,കെ കുഞ്ഞാലിക്കുട്ടി. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്. ഇത് അസാധാരണ നടപടിയാണ്. കമറുദ്ദീന്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗശേഷം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അദ്ദേഹത്തിനെതിരായ ആരോപണത്തില്‍ അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ല. രാവിലെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നു. വൈകുന്നേരം അറസ്റ്റ് ചെയ്യുന്നു. അതിനിടയ്ക്ക് അറസ്റ്റുണ്ടാകുമെന്ന് അന്വേഷണസംഘം പ്രഖ്യാപിക്കുന്നു. ഇത്തരത്തില്‍ അധികാര ദുര്‍വിനിയോഗമാണ് നടന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന അന്വേഷണങ്ങളെ ബാലന്‍സ് ചെയ്യാന്‍ പറ്റുമോയെന്ന് നോക്കുകയാണ്. കേസ് നിയമപരമായി നിലനില്‍ക്കില്ല. രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാനുള്ള നടപടിയായി മാത്രമേ ഇതിനെ കണക്കാക്കാനാകൂ. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കാനുള്ള താത്പര്യമല്ല സര്‍ക്കാരിന്റേത്. എന്നാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ നിക്ഷേപകരുടെയും പണം തിരിച്ചുനല്‍കണമെന്നാണഅ പാര്‍ട്ടി നേരത്തേ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോഴും നേതൃത്വം സ്വീകരിച്ച നിലപാട്. ഇന്ന് ചേര്‍ന്ന യോഗത്തിലും സമാന നിലപാടാണ് സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏത് ബിസിനസ് തകര്‍ന്നാലും അതില്‍ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചുനല്‍കാം എന്നാണ്. അതുതന്നെയാണ് ഇക്കാര്യത്തിലും പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ അതിനുള്ള സാവകാശം പോലും നല്‍കാതെയായിരുന്നു അറസ്റ്റ്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സിറ്റിങ് എംഎല്‍എമാരില്‍ പലരേയും അറസ്റ്റ് ചെയ്യേണ്ടി വരും. ഫാഷന്‍ ഗോള്‍ഡ് നഷ്ടത്തിലാണെന്ന വിവരം പാര്‍ട്ടിക്ക് അറിവില്ലായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചരിത്രം പരിശോധിച്ചാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. പണം തിരികെ നല്‍കാന്‍ കമറുദ്ദീന്‍ ബാധ്യസ്ഥനാണെന്നും ഉന്നതാധികാര സമിതി യോഗം വിലയിരുത്തി.

Muslim league Came in Support of MC Kamarudheen MLA

Related Stories

No stories found.
logo
The Cue
www.thecue.in