രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ വിജയിപ്പിച്ചത്, പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുതെന്ന് തരൂരിനോട് മുല്ലപ്പള്ളി

രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ വിജയിപ്പിച്ചത്, പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുതെന്ന് തരൂരിനോട് മുല്ലപ്പള്ളി

ശശി തരൂര്‍ എം.പിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്നാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ തരൂരിനെ വിജയിപ്പിച്ചത്. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അതേസമയം തരൂരിനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. തരൂരിന്റെ കാര്യത്തില്‍ കെപിസിസി നേതൃത്വം അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അത് ദേശീയ നേതൃത്വത്തിന് ബോധ്യമുള്ളതാണെന്നും വിഷയം തങ്ങളുടെ മുന്നില്‍ വരുമ്പോള്‍ നിലപാട് വ്യക്തമാക്കണമെന്നും തരൂര്‍ പറഞ്ഞു.

കെ-റെയിലിനെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പിടാതിരുന്ന തരൂരിന്റെ നിലപാടിനെതിരെ നേരത്തെയും മുല്ലപ്പള്ളി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷ എം.പിമാരും കെ-റെയിലിനെതിരായിട്ട് നിലപാട് എടുക്കുമ്പോള്‍ ഞാന്‍ ഇത് പഠിക്കട്ടെ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അത്, സര്‍ക്കാരിനെ സഹായിക്കാനായി അദ്ദേഹം നടത്തുന്ന ഗൂഢനീക്കമായിട്ടേ നോക്കി കാണാന്‍ സാധിക്കുകയുള്ളു. ഓരോരോ സന്ദര്‍ഭങ്ങളിലും പാര്‍ട്ടിയെ ഇതുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

തിരുവനന്തപുരത്തെ ലുലുമാള്‍ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയും തരൂര്‍ രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. കേരളത്തിന്റെ വികസനകാര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന തടസങ്ങളെയെല്ലാം മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു.

കെ-റെയിലിനെതിരായ വിഷയത്തില്‍ തരൂരിന്റെ വ്യത്യസ്ത നിലപാടില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in