ഷാജ് കിരണുമായി സംസാരിച്ചെന്ന ആരോപണം; എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി

ഷാജ് കിരണുമായി സംസാരിച്ചെന്ന ആരോപണം; എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി

Published on

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എം.ആര്‍ അജിത് കുമാറിനെ മാറ്റി. വിജിലന്‍സ് ഐ.ജി എച്ച്. വെങ്കിടേഷിന് താത്കാലിക ചുമതല നല്‍കി ഉത്തരവിറങ്ങി.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അജിത്കുമാറിനെ മാറ്റിയത്. പകരം നിയമനം നല്‍കിയിട്ടില്ല.

സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിലും വാര്‍ത്താസമ്മേളനത്തിലും വിജിലന്‍സ് ഡയറക്ടര്‍ എം. ആര്‍ അജിത്കുമാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്‌ന നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ സുഹൃത്ത് പി.എസ് സരിത്തിനെ ലൈഫ് മിഷന്‍ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഷാജ് കിരണിനെ എം.ആര്‍ അജിത് കുമാര്‍ വിളിച്ചിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേസമയം അജിത് കുമാര്‍ ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

ഷാജ് കിരണുമായി സംസാരിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഡി.ജി.പി അനില്‍കാന്തും അജിത് കുമാറിനോട് വിശദാംശങ്ങള്‍ തേടിയിരുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് വിജിലന്‍സിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന വിലയിരുത്തലുമുണ്ടായി.

logo
The Cue
www.thecue.in