

‘സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും’ വെള്ളിയാഴ്ച്ച നടന്ന പതിനാറാം നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഗവർണർ രാജേന്ദ്ര ആർലേക്കർ ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ കൃത്യം 114 വർഷം മുൻപ് കേരളത്തിലെ ഒരു സ്കൂളിൽ ആർത്തവ അവധി നൽകി വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ അവസരം ഒരുക്കിയിരുന്നു.
114 വർഷം മുൻപ്
1912 ജനുവരി 19ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് സ്കൂളിലെ ഹെഡ്മാസ്റ്റർ വി.പി. വിശ്വനാഥ അയ്യർ സ്കൂൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ഒരു അപേക്ഷ സമർപ്പിച്ചു. ആർത്തവ സമയത്ത് വാർഷിക പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥിനികൾക്ക് മറ്റൊരു ദിവസം അനുവദിക്കണം. അഞ്ച് ദിവസത്തിനുള്ളിൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആൽഫ്രഡ് ഫോർബ്സ് സീലി അനുവാദം നൽകിയ ഉത്തരവ് ഇറക്കി.ഇതിനെ കുറിച്ച് 1988ൽ കേരളം സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച പി.ഭാസ്കരനുണ്ണി എഴുതിയ ‘Kerala in the 19th century’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആർത്തവം എന്ന വിഷയം ചർച്ച ചെയ്യാൻ പോലും മടിക്കുന്ന ഒരു കാലത്ത് അങ്ങനെ ഒരു നയം സ്വീകരിച്ച അതെ കേരളത്തിലാണ് ഒരു നൂറ്റാണ്ടിനിപ്പുറം ഈ പുതിയ നയപ്രഖ്യാപനവും.
ആർത്തവ അവധി നയപ്രഖ്യാപനം
2026 നിയമസഭയിൽ യുഡിഎഫ് സർക്കാറിന്റെ ആദ്യ നയപ്രഖ്യാനം ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തി. അതിൽ വനിതാ അനുകൂല നയപ്രഖ്യാപനങ്ങളുടെ ഭാഗമായി ‘പ്രൊജക്റ്റ് മെൻസ്ട്രുവൾ ഡിഗ്നിറ്റി’ എന്ന പദ്ധതി പ്രഖ്യാപിച്ചു. സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസം മൂന്ന് ദിവസം ആർത്തവ അവധി, അവധി എടുക്കുന്ന വിദ്യാർത്ഥിനികൾക്ക് പഠനത്തിൽ പിന്നോക്കം പോകാതിരിക്കാൻ വാരാന്ത്യ ക്ലാസ്, 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ക്രഷ് സൗകര്യം നിർബന്ധം, സർകാർ-സ്വകാര്യ മേഖലകളിൽ ആറ് മാസം വരെ പ്രസവ അവധി തുടങ്ങിയവയാണ് ഈ പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്നത്.
ലോക ചരിത്രം
ആർത്തവ അവധി ആദ്യമായി ദേശീയ നയമാക്കിയത് 1922ൽ സോവിയറ്റ് റഷ്യയാണ്. എന്നാൽ തൊഴിലുടമകൾ ചെലവ് കുറയ്ക്കാൻ സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ നിയമിക്കാൻ തുടങ്ങിയപ്പോൾ ആ നയം അഞ്ച് വർഷത്തിനുള്ളിൽ പിൻവലിക്കേണ്ടി വന്നു.
1974ൽ ജപ്പാൻ ഇത് തൊഴിൽ നിയമത്തിൽ ഉൾപ്പെടുത്തി. ആ നിയമം ഇന്നും നിലവിലുണ്ട്. 1948ൽ ഇന്തോനേഷ്യ ഇത് പിന്തുടർന്ന് മാസം 2 ദിവസം അവധി നൽകി. ദക്ഷിണ കൊറിയ മാസം ഒരു ദിവസവും, തായ്‌വാൻ മൂന്ന് ദിവസം വരെയും നൽകുന്നു. ആഫ്രിക്കയിൽ സാംബിയ ഈ ആർത്തവ അവധിയെ "മദേഴ്‌സ് ഡേ" എന്ന് വിളിക്കുന്നു. യൂറോപ്പിൽ ആദ്യമായി 2023ൽ മാസം മൂന്ന് മുതൽ അഞ്ച് ദിവസം വരെ ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചത് സ്പെയിൻ ആണ്.
ഇന്ത്യയിലോ?
ഇന്ത്യയിൽ ഇന്നും ഒരു ദേശീയ ആർത്തവ അവധി നിയമം ഇല്ല. എന്നാൽ ചില സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മുൻകൈ എടുത്തിട്ടുണ്ട്. 1992 മുതൽ ബിഹാർ സർക്കാർ വനിതാ ജീവനക്കാർക്ക് മാസം രണ്ട് ദിവസം ശമ്പളത്തോടെ ആർത്തവ അവധി പ്രഖ്യാപിച്ചു. ഒഡിഷ സർക്കാർ ജീവനക്കാർക്ക് വർഷം 12 ദിവസം ആർത്തവ അവധി നൽകി. കർണാടക സർക്കാർ-സ്വകാര്യ മേഖലകളിൽ മാസം ഒരു ദിവസം ശമ്പളത്തോടെ ആർത്തവ അവധി പ്രഖ്യാപിച്ചു. ബിസിനസ് സംഘടനകൾ കോടതിയെ സമീപിച്ച കേസ് തുടരുന്നു.
2023ൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു.
എംപി ഹൈബി ഈഡൻ, ഡോ. കഡിയം കാവ്യാ എന്നിവർ ലോക് സഭയിൽ ദേശിയ ആർത്തവ അവധി ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം വരെ ശമ്പളത്തോടെ അവധി ആവശ്യപ്പെടുന്ന ഈ ബില്ലുകൾ ഇതുവരെ നിയമമായിട്ടില്ല.
കഥയിൽ നിന്നും നയത്തിലേക്ക്
വർഷങ്ങൾക്ക് മുൻപ് തൃപ്പൂണിത്തുറയിലെ ഒരു വിദ്യാലയത്തിൽ നിന്ന് തുടങ്ങിയ മാറ്റത്തിന്റെ തുടർച്ചയാണ് കേരളം ഇന്ന് ചർച്ച ചെയ്യുന്നത്. ആർത്തവത്തെ ഒരു അസുഖമായോ മാറ്റിനിർത്തപ്പെടേണ്ട ഒന്നായോ കാണാതെ, സ്ത്രീകളുടെ സ്വാഭാവികമായ ആരോഗ്യ അവകാശമായി അംഗീകരിക്കാൻ നമ്മുടെ സമൂഹം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. സോവിയറ്റ് റഷ്യയിൽ പരാജയപ്പെട്ടതും ജപ്പാനും സ്പെയിനും വിജയകരമായി നടപ്പാക്കിയതുമായ ഈ നയം കേരളത്തിൽ എത്രത്തോളം ഫലപ്രദമാകും എന്നത് വരുംദിവസങ്ങളിൽ നിർണായകമാകും. എങ്കിലും, ഒരു നൂറ്റാണ്ട് മുൻപ് വിശ്വനാഥ അയ്യർ കാട്ടിയ ആ വലിയ കരുതൽ, പുതിയ കാലത്തെ നിയമനിർമ്മാണങ്ങളിലൂടെ കേരളം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോവുകയാണ്. സ്ത്രീ സൗഹൃദപരമായ ഒരു നാളേക്ക് ഇതൊരു വലിയ തുടക്കമാണ്.