സ്മൃതി പരുത്തിക്കാട്

സ്മൃതി പരുത്തിക്കാട്

ദ്വയാര്‍ത്ഥ ചിത്രം ചെയ്തയാള്‍ ഉദ്ദേശിച്ചത് അതാകണമെന്നില്ലെന്ന് പൊലീസ് പറഞ്ഞു; പ്രതിയെ പിടിച്ചുകൊടുക്കേണ്ട അവസ്ഥയെന്ന്‌ സ്മൃതി

സൈബര്‍ ആക്രമണത്തിനെതിരെ നടത്തിയ നിയമപോരാട്ടം സമ്മാനിച്ചത് നിരാശയെന്ന് മീഡിയവണ്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്. സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞത് പരാതി നല്‍കിയതിന് ശേഷമാണെന്നും സ്മൃതി പറഞ്ഞു.

എന്റെ ചിത്രത്തിനൊപ്പം മറ്റൊരു ദ്വയാര്‍ത്ഥ ചിത്രവും ചേര്‍ത്തുവെച്ചു നടത്തിയ അതിക്രമത്തിനെതിരെ പരാതിപ്പെട്ടപ്പോള്‍, ദ്വയാര്‍ത്ഥ ചിത്രമായതിനാല്‍ ഇത് ചെയ്തയാള്‍ ഉദ്ദേശിച്ചത് അങ്ങനെ തന്നെ ആകണമെന്നില്ല എന്ന മറുപടിയാണ് പൊലീസില്‍ നിന്ന് ലഭിച്ചതെന്ന് സ്മൃതി പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാധ്യമം ദിനപത്രത്തില്‍ എഴുതിയ കുറിപ്പിലാണ്‌ സ്മൃതി പൊലീസില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നെഴുതിയത്.

നഗ്നചിത്രമാണെങ്കില്‍ മാത്രമേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞതായും സ്മൃതി വ്യക്തമാക്കി.

പൊലീസ് ഇതുവരെ പ്രതിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. പരാതി നല്‍കിയിട്ട് 20 ദിവസമായി. രണ്ട് തവണ അന്വേഷണത്തിനും മൊഴിയെടുക്കാനുമായി വന്നു. കുറ്റാരോപിതന്‍ എവിടെയാണ്? എന്തു ചെയ്യുന്നു? എന്നെല്ലാം പൊലീസ് ചോദിച്ചെന്നും സ്മൃതി.

നിലവില്‍ അയാളെ താന്‍ പിടിച്ചു കൊടുക്കണമെന്ന മട്ടിലാണ് പൊലീസ് സംസാരിച്ചത്. പലകാര്യങ്ങളെ കുറിച്ചും അന്വേഷണ സംഘത്തിന് വലിയ പിടിയില്ലെന്നാണ് ഞാന്‍ മനസിലാക്കിയ കാര്യം. ഇപ്പോള്‍ അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും വരുമ്പോള്‍ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in