ഒരു പുസ്തകത്തില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല സമര സേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ വില: എം.എ ബേബി

ഒരു പുസ്തകത്തില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല സമര സേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ വില: എം.എ ബേബി

Published on

മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ 387 രക്തസാക്ഷികളുടെ പേരുകള്‍ ഒഴിവാക്കാനുള്ള ഐ.സി.എച്ച്.ആര്‍ തീരുമാനത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തില്‍ രക്തസാക്ഷികളായ സ്വാതന്ത്ര്യസമര സേനാനികളെ ഒഴിവാക്കാനുള്ള നീക്കം ഐ.സി.എച്ച്.ആര്‍ ഉപേക്ഷിക്കണമെന്ന് എം.എ ബേബി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ പാഠപുസ്തകങ്ങളുടെയും ഐ.സി.എച്ച്.ആര്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുസ്തകങ്ങളുടെയും ചരിത്ര വീക്ഷണം തിരുത്തുന്ന അവസ്ഥ നിരന്തരം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ വില എന്നും എം.എ ബേബി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്‌സ് ഇന്‍ ഇന്ത്യാസ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‌സ് എന്ന പുസ്തകത്തില്‍ നിന്നാണ് മലബാര്‍ കലാപ പോരാളികളുടെ പേരുകള്‍ ഒഴിവാക്കാന്‍ ഐ.സി.എച്ച്.ആര്‍ തീരുമാനിച്ചത്.

എം.എ ബേബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മലബാര്‍ കലാപത്തില്‍ രക്തസാക്ഷികളായ സ്വാതന്ത്ര്യസമര സേനാനികളെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണം. ചരിത്രത്തെ വര്‍ഗീയതയുടെ കണ്ണാല്‍ കാണുന്നതാണ് ഈ നീക്കം. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ പാഠപുസ്തകങ്ങളുടെയും ഐ.സി.എച്ച്.ആര്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുസ്തകങ്ങളുടെയും ചരിത്രവീക്ഷണം തിരുത്താന്‍ നടപടികളുണ്ടായിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ വില. ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ എന്നുമുണ്ടാവും. ആര്‍.എസ്.എസ് സംഘടനകള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. എന്നും ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായിരുന്നു അവര്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രിതിബിംബമായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. അവര്‍, തയ്യാറാക്കുന്ന പുസ്തകത്തില്‍ മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ ഇല്ല എന്നത് ചരിത്രത്തില്‍ നിന്ന് ഈ ധീരദേശാഭിമാനികളെ മായ്ച്ചുകളയാന്‍ മതിയാവില്ല.

logo
The Cue
www.thecue.in