കെ-റെയില്‍ പിണറായി വിജയനാണ് കൊണ്ടുവന്നത് എങ്കില്‍ എതിര്‍ക്കും എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല; കെ.വി തോമസ്

കെ-റെയില്‍ പിണറായി വിജയനാണ് കൊണ്ടുവന്നത് എങ്കില്‍ എതിര്‍ക്കും എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല; കെ.വി തോമസ്
Published on

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കെ-റെയിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃപാഠവമുള്ള വ്യക്തിയാണെന്നും തനിക്ക് അത് അറിയാമെന്നും കെ.വി തോമസ്. വൈപ്പിന്‍ പദ്ധതി പൂര്‍ത്തീകരിച്ചത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ ഒന്നുകൊണ്ട് മാത്രമെന്നും കെ.വി തോമസ് പറഞ്ഞു.

''എന്നെക്കുറിച്ചൊരു ആരോപണമുള്ളത് ഞാന്‍ കെ-റെയിലിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ്. സപ്പോര്‍ട്ട് ചെയ്യേണ്ടേ? ഞാന്‍ എതിര്‍ക്കണോ? വികസനത്തിന്റെ കാര്യത്തില്‍ അത് സഖാവ് പിണറായി വിജയനാണോ, സ്റ്റാലിനാണോ എന്നത് നോക്കിയല്ല നിലപാട് എടുക്കേണ്ടത്. രാജ്യത്തിന് ഗുണകരമാണോ, സംസ്ഥാനത്തിന് ഗുണകരമാണോ എന്ന് നോക്കിയാണ്. ഗുണകരമാണെങ്കില്‍ ആ പ്രോജക്ടിനൊപ്പം നമ്മള്‍ ഒന്നിച്ച് നില്‍ക്കണം...

വികസനം വരുമ്പോള്‍ ഭൂമി എടുക്കേണ്ടി വരും. അത് വേദനയുള്ള കാര്യമാണ്. പക്ഷേ ഭൂമി എടുത്തിട്ടില്ലേ? തുമ്പ റോക്കറ്റ് സ്റ്റേഷന്‍ പള്ളിയും ശ്മാശനവും മാറ്റിയാണ് വന്നത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് വന്നതും അങ്ങനെ തന്നെ. ഞാന്‍ അന്ധമായി ഒരു പ്രോജക്ടിനെ സപ്പോര്‍ട്ട് ചെയ്യുന്നതല്ല.

കെ-റെയിലില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് പകരം പിണറായി വിജയനാണ് കൊണ്ടുവന്നതെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കും എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല,'' കെ.വി തോമസ് പറഞ്ഞു.

അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നത്. ഈ ചര്‍ച്ചയില്‍ പങ്കെടുത്തത് ശരിയായി എന്ന് നിങ്ങളെ കാണുമ്പോള്‍ എനിക്ക് തോന്നുന്നു. ഞാന്‍ വന്നത് കോണ്‍ഗ്രസിനും കരുത്തായെന്ന് ഇത് കാണുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്കും മനസിലാകുമെന്ന് കരുതുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in