വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
Published on: 

സംസ്ഥാന വിജിലൻസ് ഇനി ഹൈടെക്ക് നിലവാരത്തിലേക്ക് ഉയരുന്നു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ (VACB) നവീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'വിഎസിബി സ്യൂട്ട് 3.0'യുടെ ഉദ്ഘാടനം ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിച്ചു.

വിജിലൻസ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനുമുള്ള സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേസുകളുടെ വിവരങ്ങളും അന്വേഷണ പുരോഗതിയും ഇനിമുതൽ ഡിജിറ്റൽ ഡേറ്റയായി ലഭ്യമാകും. ഇതോടെ വിജിലൻസ് അന്വേഷണങ്ങളിൽ നിലവിലുള്ള കാലതാമസത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിർവഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേൽനോട്ടം എന്നിവയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകൾ. വിജിലൻസ് ബ്യൂറോയിലെ തന്നെ സാങ്കേതിക വിദഗ്ദ്ധരാണ് ഈ സംവിധാനം പൂർണ്ണമായും വികസിപ്പിച്ചെടുത്തത്.

കേസന്വേഷണ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്നത് അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സർക്കാരിനും വകുപ്പിനും സമയബന്ധിതമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. യൂണിറ്റ് മേധാവികൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അന്വേഷണം ഫലപ്രദമായി വിലയിരുത്താനുള്ള സൗകര്യങ്ങൾ ആപ്ലിക്കേഷനിലുണ്ട്. ഓരോ അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷണം പൂർത്തിയാക്കാൻ എടുക്കുന്ന ദിവസങ്ങളും, കേസുകൾ തീർപ്പാക്കാതെ കിടക്കുന്ന കാലയളവും ഇതിലൂടെ കൃത്യമായി മനസ്സിലാക്കാനും, അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമയബന്ധിതമായി നൽകാനും മുതിർന്ന ഉദ്യോഗസ്ഥർക്ക് സാധിക്കും.

ചടങ്ങിൽ വിഎസിബി സ്യൂട്ട് 3.0 ഉപയോഗത്തിനായുള്ള മാനുവലിന്റെ പ്രകാശനവും, പുതുതായി രൂപകൽപ്പന ചെയ്ത യൂണിഫോമിന്റെ വിതരണവും മന്ത്രി നിർവ്വഹിച്ചു. രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ നേടിയ വിജിലൻസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കുള്ള 'ബാഡ്ജ് ഓഫ് ഹോണർ' വിതരണവും അദ്ദേഹം നൽകി.

തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അധ്യക്ഷത വഹിച്ചു. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറും ഡി.ജി.പിയുമായ മനോജ് എബ്രഹാം സ്വാഗതം ആശംസിച്ചു. ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവും മുൻ ഡി.ജി.പിയുമായ എ. ഹേമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. വിജിലൻസ് ആസ്ഥാനത്തെ എസ്.പി എസ്.ആർ ജ്യോതിഷ് കുമാർ ആശംസകൾ അർപ്പിക്കുകയും, വിജിലൻസ് ഇന്റലിജൻസ് എസ്.പി ഉജ്ജ്വൽ കുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങിന് ശേഷം വിജിലൻസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

logo
The Cue
www.thecue.in