സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസുകാരനായി തുടരുമെന്നും പറയുന്നത് ഒന്നൊന്നര തമാശ : കെ.സി വേണുഗോപാല്‍

സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസുകാരനായി തുടരുമെന്നും പറയുന്നത് ഒന്നൊന്നര തമാശ : കെ.സി വേണുഗോപാല്‍

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഇറങ്ങുമെന്ന കെ.വി തോമസിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള പൂര്‍ണ്ണ അധികാരം സംസ്ഥാന ഘടകത്തിന് ഉണ്ട്. കെ.പി.സി.സി നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിച്ച് എ.ഐ.സി.സിയെ അറിയിച്ചാല്‍ മതി. സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കും, ഞാന്‍ കോണ്‍ഗ്രസുകാരനായി തുടരും എന്ന് പറയുന്നത് ഒന്നൊന്നര തമാശയല്ലേ എന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

കെ.വി തോമസ് വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ കെ.സി വേണുഗോപാല്‍ തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പറഞ്ഞു.

തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വാര്‍ത്താ സമ്മേളനത്തിലാണ് കെ.വി തോമസ് അറിയിച്ചത്. വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കുചേരുമെന്നും പറഞ്ഞിരുന്നു. അതേസമം താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കോണ്‍ഗ്രസിന് തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.