'ഓസ്‌കാര്‍ കിട്ടിയിട്ടാണോ വിജയ് ബാബുവിന് മാസ് എന്‍ട്രി'; മോഹന്‍ലാല്‍ മറുപടി പറയണമെന്ന് ഗണേഷ് കുമാര്‍

'ഓസ്‌കാര്‍ കിട്ടിയിട്ടാണോ വിജയ് ബാബുവിന് മാസ് എന്‍ട്രി'; മോഹന്‍ലാല്‍ മറുപടി പറയണമെന്ന് ഗണേഷ് കുമാര്‍

ബലാത്സംഗ കേസ് പ്രതി വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ എത്തിയ വീഡിയോ മാസ് എന്‍ട്രി എന്ന പേരില്‍ അമ്മയുടെ ഔദ്യോഗിക യൂടൂബ് ചാനലില്‍ പങ്കുവെച്ച നടപടിക്കെതിരെ കെ.ബി. ഗണേഷ് കുമാര്‍. ഇത് എതിര്‍ ശബ്ദം ഉയര്‍ത്തിയവരോടുള്ള വെല്ലുവിളിയാണ്. ഓസ്‌കാര്‍ കിട്ടിയിട്ടാണോ ഈ സ്വീകരണമെന്നും വിഷയത്തില്‍ അമ്മ പ്രസിഡന്റ് മറുപടി പറയണമെന്നും മോഹന്‍ലാലിന് അയച്ച തുറന്ന കത്തില്‍ ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

'അമ്മയുടെ ഔദ്യോഗിക യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി തിരിച്ചെത്തിയ ഇന്ത്യന്‍ താരത്തെ വരവേല്‍ക്കുന്നത് പോലെയും, ഓസ്‌കാര്‍ അവാര്‍ഡ് നേടി തിരിച്ചെത്തുന്ന മലയാളത്തിന്റെ അഭിമാന താരത്തെ വരവേല്‍ക്കുന്നത് പോലെയുമാണ് വിജയ് ബാബുവിനെ സ്വീകരിച്ച് ആനയിക്കുന്നത്. ആവേശം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയും ചേര്‍ക്കാന്‍ മറന്നിട്ടില്ല. എന്ത് മഹത് കര്‍മ്മം നിര്‍വ്വഹിച്ച് ജേതാവായി തിരിച്ചെത്തിയതിന്റെ പേരിലായിരുന്നു ഈ മാസ് എന്‍ട്രി', ഗണേഷ് കുമാര്‍ ചോദിച്ചു.

എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ വെല്ലുവിളിക്കുന്ന അഹങ്കാരമാണ് ഇങ്ങനെ ഒരു വീഡിയോ പ്രസിദ്ധീകരിക്കാന്‍ ഇടവേള ബാബുവിനെ പ്രേരിപ്പിച്ചത്. നീതിയോ നിയമമോ സമൂഹമോ വ്യക്തിയോ അതുമല്ലെങ്കില്‍ അതിജീവിതയോ എന്ത് പറഞ്ഞാലും അത് തനിക്ക് പുല്ലാണ് എന്നുള്ള വെല്ലുവിളിയാണ് ഇടവേള ബാബുവിന് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ ഇടവേള ബാബു യോഗ്യനാണോ എന്ന് വ്യക്തമാക്കണമെന്നും, ഇനിയെങ്കിലും പ്രസിഡന്റ് മൗനം വെടിഞ്ഞ് ഇതിനെങ്കിലും മറുപടി പറയണമെന്നും മോഹല്‍ലാലിനോട് ഗണേഷ് കുമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസമാണ് അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് നടന്നത്. ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് താരസംഘടനയ്ക്ക് എതിരെ ഉയര്‍ന്നത്. എന്നാല്‍ വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിച്ചിരുന്നു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in