
എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് എന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. തരൂര്‍ മത്സരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ എന്തിനാണ് അത്ഭുതപ്പെടുന്നത്. മത്സരിക്കാന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയല്ലേ തരൂര്‍ എന്നും സുധാകരന്‍ ചോദിച്ചു.
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ജനാധി പാര്‍ട്ടിക്കകത്ത് മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കെ. സുധാകരനും അവകാശമുണ്ട്. ശശി തരൂരിനും അവകാശമുണ്ട്. ശശി തരൂര്‍ മത്സരിക്കാന്‍ അര്‍ഹതയുള്ള ആളാണ്. അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കില്‍ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല,' കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നുമായിരുന്നു തരൂര്‍ പറഞ്ഞിരുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ മത്സരിച്ചേക്കുമെന്ന സൂചനകളുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് തരൂര്‍ പ്രതികരണം നടത്തിയത്.
അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ മത്സരിക്കുന്നതാവും നല്ലതെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ പരാമര്‍ശം.