കെ റെയില്‍ : കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍, സര്‍വേയ്ക്ക് ഇനി ജിപിഎസ് മതിയെന്ന് തീരുമാനം

കെ റെയില്‍ : കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍, സര്‍വേയ്ക്ക് ഇനി ജിപിഎസ് മതിയെന്ന് തീരുമാനം

കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍. കല്ലിടലിനെതിരെ സംസ്ഥാനത്ത് ആകെ നടന്ന പ്രതിഷേധങ്ങളുടെയും പ്രതിപക്ഷസമരങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ റവന്യു വകുപ്പ് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാനാണ് നിര്‍ദേശം.

പദ്ധതിയില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും സര്‍വേ രീതി മാത്രമാണ് മാറുന്നതെന്ന് കെ റെയില്‍ വ്യക്തമാക്കി. പഠനം നടത്താന്‍ ബാക്കിയുള്ളത് 340 കിലോമീറ്റര്‍ കൂടിയാണ്. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ മാര്‍ക്ക് ചെയ്യാമെന്ന് കേരള റെയില്‍വെ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം വച്ചെങ്കിലും റവന്യു ഉത്തരവില്‍ പറയുന്നത് ജിയോ ടാഗിംഗ് മാത്രമെന്നാണ്. കല്ലിടല്‍ സമയത്തുള്ള സമരങ്ങളും സംഘര്‍ഷങ്ങളും മറികടക്കാന്‍ പൊലീസ് സഹായം ലഭ്യമാകുന്നില്ലെന്നും ബദല്‍ മാര്‍ഗം വേണമെന്നും കെ റെയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിന്റെ ഈ പിന്മാറ്റം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ. റെയില്‍ വിഷയം വികസനമായി ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഇടത് നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതികരണം മനസിലാക്കിയപ്പോഴാണ് സര്‍ക്കാരിന്റെ പിന്മാറ്റമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ തെറ്റ് ചെയ്തെന്ന് സമ്മതിക്കുന്നുവെന്നും പാവപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ സര്‍ക്കാര്‍ എടുത്ത കേസുകല്‍ പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in