വാഹനമോടിച്ചിരുന്നത്‌ ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചു;  പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

വാഹനമോടിച്ചിരുന്നത്‌ ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചു; പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

മാധ്യമപ്രവര്‍ത്തകന്റെ വാഹനാപകടത്തിന് കാരണമായ കാറ് ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. രാത്രി വിളിച്ച് ശ്രീറാം വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയത്. രാത്രി 12.40ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനം ഓടിച്ചത് ശ്രീറാമാണ്. അമിത വേഗത്തിലാണ് ശ്രീറാം വാഹനമോടിച്ചതെന്നും വഫ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഡിസിപി ശ്രീറാമിനെ ചോദ്യം ചെയ്യും.

നേരത്തെ അപകടം നടന്ന സമയത്ത് താനല്ല സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നായിരുന്നു ശ്രീറാമിന്റെ മൊഴി. അപകടത്തിന്റെ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറും വാഹനമോടിച്ചിരുന്നത് പുരുഷനാണെന്നും അയാള്‍ മദ്യപിച്ചിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാവും. വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കാര്‍ ഓടിച്ച ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയെടുത്തേക്കും.

വാഹനമോടിച്ചിരുന്നത്‌ ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചു;  പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം
ഒമ്പത് മണിക്കൂര്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ രക്തം പരിശോധിക്കാതെ പൊലീസ്; സാധാരണ നടപടിക്രമങ്ങളും പാലിച്ചില്ല  

ശ്രീറാമിന്റെ രക്തസാംപിള്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായത് ഒമ്പത് മണിക്കൂറിന് ശേഷമാണെന്നത് നേരത്തെ വിവാദമായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന അപകടത്തിന് ശേഷം പൊലീസ് സാധാരണ നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ലെന്നും തെളിഞ്ഞു. പൊലീസ് കാര്യക്ഷമമായി ഇടപെട്ട് തുടങ്ങിയത് പോലും മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിന് ശേഷമാണെന്ന് വിമര്‍ശനമുണ്ട്.

കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്രീറാമിന് ആല്‍ക്കഹോളിന്റെ മണമുണ്ട് എന്ന് ഡോക്ടര്‍ കേസ് ഷീറ്റില്‍ എഴുതിയെങ്കിലും രക്തപരിശോധന നടത്തിയില്ല. ഗുരുതരപരുക്കില്ലെങ്കില്‍ ആളെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന നടപടിക്രമം പാലിക്കപ്പെട്ടില്ല. ശ്രീറാം രക്തസാംപിള്‍ നല്‍കുന്നതിനെ എതിര്‍ത്തെന്നും എതിര്‍ത്താല്‍ ചില നടപടിക്രമങ്ങള്‍ കൂടി ബാക്കിയുണ്ടെന്നുമാണ് പൊലീസ് വാദം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കിലും സര്‍വ്വേ ഡയറക്ടര്‍ സ്വന്തം ഇഷ്ടപ്രകാരം കിംസിലേക്ക് മാറി. ഈ സമയത്തും പൊലീസ് നോക്കി നിന്നു. വാഹനം ഓടിച്ചിരുന്നത് കൂടെയുണ്ടായിരുന്ന സുഹൃത്താണെന്ന് ശ്രീറാം പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്തിനെ രക്തപരിശോധനയ്ക്ക് വിധേയയാക്കാതെ വീട്ടില്‍ അയക്കുകയാണ് പൊലീസ് ചെയ്തത്. പിന്നീട് നാല് മണിക്കൂറിന് ശേഷം യുവതിയെ വിളിച്ചുവരുത്തുകയാണുണ്ടായത്.

വാഹനമോടിച്ചിരുന്നത്‌ ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചു;  പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം
‘അമിത വേഗത്തില്‍ വണ്ടി ഓടിച്ചത് പുരുഷന്‍, മദ്യപിച്ചിരുന്നു’; ശ്രീറാമിന്റെ വാദങ്ങള്‍ തള്ളി ദൃക്‌സാക്ഷികള്‍

കാറിലുണ്ടായിരുന്ന ശ്രീറാമിനും സുഹൃത്തിനുമെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന് എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നില്ല.

വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ ധാരണയായെന്നും സ്ഥിരീകരണത്തിനും ശേഷം പുറത്തുവിടുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യം കഴിച്ചതിന്റെ അളവനുസരിച്ചാണ് പരിശോധനയില്‍ തെളിയുക. 12 മണിക്കൂര്‍ വരെ മദ്യത്തിന്റെ അളവ് കണ്ടെത്താനായേക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ശ്രീറാമിനെ സഹായിക്കാന്‍ പൊലീസ് വരുത്തിയ വീഴ്ച്ചകള്‍ കേസ് ദുര്‍ബലപ്പെടുത്തുമെന്നും കേസില്‍ ഇനിയും കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ശക്തമായി പ്രധിഷേധിക്കുമെന്നും തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

വാഹനമോടിച്ചിരുന്നത്‌ ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചു;  പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം
ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്റ്റേഷനിലെത്തിച്ചത്;ഐഎഎസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞില്ലെന്നും മ്യൂസിയം എസ് ഐ; വീഡിയോ

മലപ്പൂര്‍ തിരൂര്‍ സ്വദേശിയാണ് അപകടത്തില്‍ മരിച്ച കെ എം ബഷീര്‍. സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. ജസീലയാണ് ഭാര്യ. ജന്ന, അസ്മി എന്നിവര്‍ മക്കള്‍. മുഹമ്മദ് ബഷീറിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാല വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

logo
The Cue
www.thecue.in