'വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ സമ്മാനം'; വിദ്വേഷ പ്രചരണവുമായി ഹിന്ദു മക്കള്‍ കക്ഷി

'വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ സമ്മാനം'; വിദ്വേഷ പ്രചരണവുമായി ഹിന്ദു മക്കള്‍ കക്ഷി

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. ഒരു ചവിട്ടിന് 1001 രൂപ പാരിതോഷികം നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര്‍ അയ്യയെ നടന്‍ അപമാനിച്ചെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആരോപണം.

വിജയ് സേതുപതി തേവര്‍ സമുദായത്തെയും നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്ന് അര്‍ജുന്‍ സമ്പത്ത് ആരോപിക്കുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നും ഹിന്ദു മക്കള്‍ കക്ഷി പറഞ്ഞു. തേവര്‍ അയ്യ വലിയ നേതാവ് അല്ല എന്നായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണമെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ നടന് നേരെയുണ്ടായ ആക്രമണത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള പോസ്റ്ററാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിരിക്കുന്നത്.

പാരിതോഷികം പ്രഖ്യാപിച്ചുവെന്നത് ശരിയാണെന്ന് അര്‍ജുന്‍ സമ്പത്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു. വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ വച്ച് ചവിട്ടാന്‍ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചുവെന്നാണ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്. മഹാഗാന്ധിയോട് പരിഹാസരൂപേണ സംസാരിച്ചതിനാണ് അയാള്‍ വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും അര്‍ജുന്‍ സമ്പത്ത് അവകാശപ്പെടുന്നുണ്ട്.

ദേശീയ അവാര്‍ഡ് ലഭിച്ചതിന് വിജയ് സേതുപതിയെ അഭിനന്ദിക്കാനാണ് മഹാഗാന്ധി ചെന്നത്. എന്നാല്‍ പരിഹാസരൂപേണ, ഇതൊരു രാജ്യമാണോ എന്നായിരുന്നു വിജയ് സേതുപതി ചോദിച്ചത്. തെക്കന്‍ ജില്ലകളില്‍ നിന്നാണല്ലോ താങ്കള്‍ എന്ന് പറഞ്ഞ് മഹാഗാന്ധി വിജയ് സേതുപതിയെ പാസുംപണ്‍ മുത്തുരാമലിംഗ തേവര്‍ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിച്ചു. എന്നാല്‍ വിജയ് സേതുപതി ഇത് നിരസിച്ചുവെന്നും, രാജ്യത്തെ തന്നെ അപമാനിച്ചുവെന്നുമാണ് അര്‍ജുന്‍ സമ്പത്ത് അവകാശപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in