യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്; വിവാദമായി അമല പോളിന്റെ പോസ്റ്റ്

യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ  നമ്മളാണ്; വിവാദമായി അമല പോളിന്റെ പോസ്റ്റ്
Published on

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി പൊലീസിനെയും ന്യായീകരിച്ച പോസ്റ്റ് ഷെയര്‍ ചെയ്ത് നടി അമല പോള്‍. യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണെന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

യോഗിക്കും യുപി പോലീസിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സംഘ് പരിവാര്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും യോഗിയെയും യു പി പോലീസിനെയും ന്യായീകരിച്ചും, ജാതികൊല കൂടിയാണെന്നതിനെ മറച്ചു വച്ചും ന്യായീകരണ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. അത്തരത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന പോസ്റ്റാണ് അമല പോള്‍ ഷെയര്‍ ചെയ്തത്.

അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കുമ്പോള്‍ പോസ്റ്റ് ഷെയര്‍ ചെയ്തത് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. കൊവിഡ് ബാധിച്ചാണ് പെണ്‍കുട്ടി മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവും കുടുംബം ഉയര്‍ത്തിയിട്ടുണ്ട.

എന്നാല്‍ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് താരം വിശദീകരിച്ചു. യോഗി ആദിത്യനാഥിനെയോ ജാതിവ്യവസ്ഥയെയോ ന്യായീകരിക്കുകയോ അല്ല താന്‍ ചെയ്തത് മാധ്യമങ്ങള്‍ അത്തരത്തില്‍ വ്യാഖ്യാനിച്ചതാണെന്നും അമല പറഞ്ഞു.

പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും അവളുടെ മൃതശരീരം അച്ഛനമ്മമ്മാരെ പോലും കാണാനനുവദിക്കാതെ സംസ്‌കരിച്ചതിന്റെയുമെല്ലാം കാരണം കണ്ടെത്താനും താരം ആവശ്യപ്പെട്ടു,

ദളിത് പെണ്‍കുട്ടിയെ സവര്‍ണ ജാതിയില്‍ പെട്ട നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ജാതിവ്യവസ്ഥയുടെ നീചമായ അവസ്ഥയാണെന്ന് പലരും വ്യക്തമാക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ പുറം ലോകത്തെ കാണാനനുവദിക്കാതിരുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും സ്ഥലത്ത് നിന്ന് വിലക്കിയ യുപി സര്‍ക്കാരിനെതിരെയും വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലായിരുന്നു അമലയുടെ പോസ്റ്റ്.

പെണ്‍കുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. പൊലീസ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തു. അഭിഭാഷകനെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേസ് സിബിഐക്ക് വിടണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in