ലീഗ് ആര്‍.എസ്.എസിന് പഠിക്കുന്നു; കോഴിക്കോട് കടപ്പുറത്ത് കണ്ടത് മരണവെപ്രാളമെന്ന് എ.എ റഹീം

ലീഗ് ആര്‍.എസ്.എസിന് പഠിക്കുന്നു; കോഴിക്കോട് കടപ്പുറത്ത് കണ്ടത് മരണവെപ്രാളമെന്ന് എ.എ റഹീം

മുസ്ലിംലീഗ് ആര്‍.എസ്.എസിന് പഠിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം. തുടര്‍ച്ചയായി അധികാരം ലഭിക്കാതായതോടെയുള്ള മരണവെപ്രാളമാണ് കോഴിക്കോട് കടപ്പുറത്ത് ഇന്നലെ കണ്ടതെന്നും എ.എ റഹീം ദ ക്യുവിനോട് പ്രതികരിച്ചു. ആര്‍.എസ്.എസിന്റെ മുദ്രാവാക്യം തന്നെയാണ് ലീഗ് വിളിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മുദ്രാവാക്യം കേട്ടാല്‍ വാടിപ്പോകുമെന്ന് ലീഗ് വിചാരിക്കേണ്ട. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ ലീഗ് നേതൃത്വം മാപ്പ് പറയണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു. ലീഗിന്റെത് തെറ്റായ ഭാഷയും രീതിയുമാണ്. ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയായെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയാണ് ലീഗ് ചെയ്തിരിക്കുന്നത്.

ലീഗ് ജമായത്ത് ഇസ്ലാമികവത്കരിക്കപ്പെടുകയാണ്. അന്തംവിട്ടാല്‍ എന്തും ചെയ്യും എന്ന അവസ്ഥയിലാണ് ലീഗ്. വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമന വിഷയത്തില്‍ ലീഗ് നടത്തിയത് ജമായത്ത് ഇസ്ലാമിയുടെ അജണ്ടയാണെന്നും എ.എ റഹീം ആരോപിച്ചു. യു.ഡി.എഫിനെ തന്നെ ജമായത്ത് ഇസ്ലാമിയുടെ പാളയത്തിലെത്തിക്കാന്‍ ലീഗ് വലിയ ശ്രമം നടത്തി. ജമായത്ത് ഇസ്ലാമി ലൈനില്‍ മുന്നോട്ട് പോകാനാണോ തീരുമാനം എന്ന് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കണം. ഇന്നലെ ലീഗ് നേതാക്കള്‍ സംസാരിച്ചത് തീവ്രവര്‍ഗ്ഗീയതാണ്. അടിത്തറ ഇളകിയെന്ന പേടിയാണ് ലീഗ് നേതാക്കളെ കൊണ്ട് ഇങ്ങനെ പ്രസംഗിക്കാന്‍ പ്രേരിപ്പിച്ചത്. തീവ്രവര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചിരുന്ന കെ.എം.ഷാജിയും പി.കെ ഫിറോസും നിലപാട് മാറ്റിയത് ജമായത്ത് ഇസ്ലാമിയുടെ സ്വാധീനം കൊണ്ടാണെന്നും എ.എ റഹീം പറഞ്ഞു.

ലീഗ് ആര്‍.എസ്.എസിന് പഠിക്കുന്നു; കോഴിക്കോട് കടപ്പുറത്ത് കണ്ടത് മരണവെപ്രാളമെന്ന് എ.എ റഹീം
ഇടത് സർക്കാർ മുസ്ലിം വിരുദ്ധമെന്ന് വരുത്താൻ ലീഗ് ശ്രമം; ഇടതു മുന്നണിയില്‍ എത്തുന്നത് വരെ ലീഗിന്റെ എതിര്‍പ്പെന്നും കെ.ടി ജലീല്‍

ലീഗിന്റെയും ജമായത്ത് ഇസ്ലാമിയുടെയും ഹിഡന്‍ അജണ്ട സമസ്ത പൊളിച്ച് കൊടുത്തു. അവരുടെ അജണ്ട തിരിച്ചറിഞ്ഞത് കൊണ്ടാണ് സമസ്ത നേരിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. അതിലെ ജാള്യത മറയ്ക്കാനാണ് ഇന്നലെ തെറിവിളി നടത്തിയത്. പരാജയപ്പെട്ടവരുടെ തെളിവിളിയാണ് കേരളം കേട്ടത്.

പി.എ മുഹമ്മദ് റിയാസ് മേല്‍ക്കൂര പൊളിച്ച് നിയമസഭയിലെത്തിയ ആളല്ല. 50% മുസ്ലിം മൈനോരിറ്റിയുള്ള മണ്ഡലമായ ബേപ്പൂരില്‍ നിന്നാണ് വിജയിച്ചത്. ഇന്നലെ പ്രസംഗിച്ചതിനെക്കാള്‍ ആപത്കരമായ കാര്യങ്ങളാണ് കോണ്‍ഗ്രസും ലീഗും മണ്ഡലത്തില്‍ പ്രചരിപ്പിച്ചത്. എന്നിട്ടും 28000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുഹമ്മദ് റിയാസ് വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ലീഡ് ചെയ്ത മണ്ഡലത്തിലാണ് വ്യക്തിഹത്യയും വിഷലിപ്തമായ വര്‍ഗ്ഗീയതയും അതിജീവിച്ച് മുഹമ്മദ് റിയാസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 2011ല്‍ മണ്ഡല പുനനിര്‍ണ്ണയത്തിന് ശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നേടുന്ന ഉയര്‍ന്ന ഭൂരിപക്ഷമാണ് പി.എ മുഹമ്മദ് റിയാസിന്റെത്. ലീഗ് ചിന്തിക്കുന്നത് പോലെ വര്‍ഗ്ഗീയമായും പുരോഗമന വിരുദ്ധവുമായല്ല ബേപ്പൂരിലെ മുസ്ലിങ്ങള്‍ ചിന്തിക്കുന്നതിന്റെ തെളിവാണിത്.

സമുദായത്തിന്റെ രക്ഷയ്ക്കായാണ് ലീഗിന്റെ വാദം അര്‍ത്ഥശൂന്യമാണ്. സമുദായത്തെ ഊറ്റി ലീഗ് വളരുകയാണ് ചെയ്തത്. സമുദായത്തെ വളര്‍ത്തുകയായിരുന്നില്ല. സ്വര്‍ഗ്ഗത്തിലേക്കുള്ള കോണിയാണെന്നാണ് ലീഗ് പറഞ്ഞു കൊണ്ടിരുന്നത്. ഐസ്‌ക്രീം പാര്‍ലറിലേക്കും പാലാരിവട്ടം പാലത്തിലേക്കുമുള്ള കോണിയാണെന്ന് ജനം തിരിച്ചറിഞ്ഞു. സമുദായത്തിന്റെ പിന്തുണ ലഭിക്കുന്നതിന് വേണ്ടി് സി.പി.എമ്മിനെ മുസ്ലിം വിരുദ്ധമായി ചിത്രീകരിച്ചത്.

ലീഗ് വിട്ടുപോകുന്നവര്‍ ഇസ്ലാമല്ലാതാകുമെന്നാണ് ഇന്നലെ ലീഗ് നേതാക്കള്‍ പ്രസംഗിച്ചത്. തങ്ങളുടെ അണികളും നേതാക്കളും പാര്‍ട്ടി വിട്ട് കൂട്ടത്തോടെ പോകുന്നുണ്ടെന്ന് ലീഗ് ആദ്യമായി പൊതുവേദിയില്‍ സമ്മതിച്ചിരിക്കുന്നു. ആളുകള്‍ കൊഴിഞ്ഞു പോയ ഇടങ്ങള്‍ കെ.എം ഷാജി എണ്ണിപ്പറഞ്ഞു.

കേരളം നവീകരിക്കപ്പെടുന്നത് ലീഗ് തിരിച്ചറിയുന്നില്ല. മതേതര വിവാഹം, സ്ത്രീ-പുരുഷ സമത്വം, ജന്‍ഡന്‍ ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളിലെല്ലാം പിന്‍തിരിപ്പന്‍ നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെതിരെയെല്ലാം നില്‍ക്കുന്ന ലീഗ് കേരളത്തില്‍ ഒറ്റപ്പെടും. ഇത് അവരുടെ രാഷ്ട്രീയ തകര്‍ച്ചയുടെ ആക്കം കൂട്ടും. കേരളത്തിലെ ഭൂരിപക്ഷം മുസ്ലിങ്ങളും വര്‍ഗ്ഗീയതയ്ക്ക് എതിരാണ്. വര്‍ഗ്ഗീയത സംസാരിക്കുമ്പോള്‍ മൈക്രോ മൈനോരിറ്റിയുടെ പിന്തുണ മാത്രമേ ലീഗിന് ലഭിക്കുകയുള്ളു.

മുസ്ലിംലീഗ് എന്താണെന്ന് കേരളത്തിലെ എല്ലാ മുസ്ലിങ്ങള്‍ക്ക് പോലും അറിയില്ല. കേരളത്തിലെ എത്ര ജില്ലകളില്‍ യൂണിറ്റ് ഉണ്ടെന്ന് ലീഗ് തന്നെ വെളിപ്പെടുത്തട്ടെ. മലബാറിലെ മുസ്ലിങ്ങള്‍ക്കിടയില്‍ പോലും അപ്രമാദിത്വം ഇല്ല. കോട്ടകള്‍ നഷ്ടപ്പെട്ടു. ലീഗിന്റെ കോട്ടകളായിരുന്ന പലയിടത്തും സി.പി.എം ചിഹ്നത്തില്‍ ജയിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിം ജനസംഖ്യയും ലീഗിന്റെ സ്വാധീനവും പരിശോധിക്കണം. മലബാറിലെ അപൂര്‍വ്വം ജില്ലകളില്‍ മാത്രമാണ് ലീഗിന് സ്വാധീനമുള്ളത്. അത് പോലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. മലബാറിന് പുറത്തുള്ള മറ്റ് ജില്ലകളില്‍ ഒരുകാലത്തും മുസ്ലിം സമുദായത്തിന്റെ ശബ്ദമായി മാറാനോ പിന്തുണ നേടാനും ലീഗ് കഴിഞ്ഞിട്ടില്ല. ലീഗല്ല അവരുടെ പാര്‍ട്ടി. വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ലീഗ്. അതില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തേടുകയാണ്. അത് കൂടുതല്‍ അപകടത്തിലാക്കുമെന്നും എ.എ റഹീം പറഞ്ഞു.

The Cue
www.thecue.in