ഷീല ദീക്ഷിത് അന്തരിച്ചു; കോണ്‍ഗ്രസിന്റെ പ്രിയപുത്രിയെ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി

ഷീല ദീക്ഷിത് അന്തരിച്ചു; കോണ്‍ഗ്രസിന്റെ പ്രിയപുത്രിയെ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് (81) അന്തരിച്ചു. ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഷീലയെ രാവിലെ 10.30ന് ഡല്‍ഹി സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷം തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്നു. കേരളാ ഗവര്‍ണറായും ഷീല ദീക്ഷിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദില്ലിയിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഷീല പിസിസി അദ്ധ്യക്ഷയായി പ്രവര്‍ത്തനം തുടരുകയായിരുന്നു.

ശ്രീമതി ഷീല ദീക്ഷിത്തിന്റെ വിയോഗത്തില്‍ ഖേദിക്കുന്നു. ജീവിതാന്ത്യം വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അവര്‍ മൂന്ന് വട്ടം ഡല്‍ഹി മുഖ്യമന്ത്രിയായി ഡല്‍ഹിയുടെ മുഖഛായ തന്നെ മാറ്റി. അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നു. ഈ ദു:ഖകരമായ സാഹചര്യത്തില്‍ അവര്‍ കരുത്തോടെയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.   

കോണ്‍ഗ്രസ്  

ഷീല ദീക്ഷിത്തിന്റെ മരണവാര്‍ത്ത കേട്ട് തകര്‍ന്നുപോയെന്ന് മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രിയപുത്രിയായിരുന്നു അവര്‍. താനുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന മൂന്നുവട്ടവും അവര്‍ നിസ്വാര്‍ത്ഥമായാണ് ഡല്‍ഹിയെ സേവിച്ചതെന്നും രാഹുല്‍ പറഞ്ഞു.

1938 മാര്‍ച്ച് 31ന് പഞ്ചാബിലെ കപൂര്‍ത്തലയിലാണ് ഷീലയുടെ ജനനം. ന്യൂഡല്‍ഹി കോണ്‍വെന്റ് ഓഫ് ജീസസ് ആന്റ് മേരി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള മിറാന്‍ഡ ഹൗസില്‍ നിന്ന് ചരിത്രപഠനത്തില്‍ എംഎ. 1970കളില്‍ 'യങ് വിമന്‍സ് അസോസിയേഷന്റെ' ചെയര്‍പേഴ്‌സണായിരുന്നു ഷീല. അക്കാലത്ത് ഡല്‍ഹിയിലെ വനിതകള്‍ക്ക് വേണ്ടി രണ്ട് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 1984ല്‍ യുപിയിലെ കനൗജില്‍ നിന്ന് മത്സരിച്ച് ജയിച്ച് പാര്‍ലമെന്റിലെത്തി. 1986-89 കാലഘട്ടത്തില്‍ കേന്ദ്രമന്ത്രിയായി. 1990ല്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിനെതിരെ സമരം നടത്തിയതിനേത്തുടര്‍ന്ന് ഷീല ദീക്ഷിത്തിനേയും മറ്റ് 82 പേരേയും യുപി സര്‍ക്കാര്‍ 23 ദിവസം ജയിലില്‍ അടച്ചു. 1998ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപിയോട് തോറ്റ ശേഷമാണ് മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്. 2013 ഡിസംബറില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി തരംഗമുണ്ടാകുന്നതുവരെ ഷീല ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു.

ഷീല ദീക്ഷിത് അന്തരിച്ചു; കോണ്‍ഗ്രസിന്റെ പ്രിയപുത്രിയെ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി
കാറ് ആലത്തൂരുകാര്‍ക്ക് വേണ്ടി; സ്വന്തമായി വാങ്ങാന്‍ പണമില്ല: രമ്യ ഹരിദാസ്   

Related Stories

No stories found.
logo
The Cue
www.thecue.in