സി.എസ്.ഐ സഭാ ആസ്ഥാനത്ത് ഇ.ഡി റെയ്ഡ്, ബിഷപ്പിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സി.എസ്.ഐ സഭാ ആസ്ഥാനത്ത് ഇ.ഡി റെയ്ഡ്, ബിഷപ്പിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ബിഷപ്പ് ആസ്ഥാനമായ പാളയത്തെ എല്‍.എം.എസ്, കാരക്കോണം മെഡിക്കല്‍ കോളേജ്, കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രാഹിമിന്റെ വീട്ടില്‍, സി.എസ്.ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടില്‍ എന്നിവിടങ്ങളിലാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.

കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശ നാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചു എന്നതടക്കമുള്ള കേസുകളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. നാല് കേന്ദ്രങ്ങളിലും പുലര്‍ച്ചെ നാല് മണിയോടെയാണ് പൊലീസ് എത്തിയത്.

സഭാ സെക്രട്ടറി പ്രവീണ്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പേ തിരുവനന്തപുരം വിട്ടു. ചെന്നൈയിലേക്കോ വിദേശത്തേക്കോ കടന്നിട്ടുണ്ടാകാമെന്നാണ് വിവരം.

ഇ.ഡി സംഘമെത്തുമ്പോള്‍ ബിഷപ്പ് ധര്‍മരാജ് റസാലം സഭാ ആസ്ഥാനത്തുണ്ടായിരുന്നു. സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു പരിശോധന.

സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിഷപ്പ് ഇന്ന് യു.കെയിലേക്ക് പോകാനിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം. കേസില്‍ ചോദ്യം ചെയ്യലിനായി ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളില്‍ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്.

നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ സഭാംഗമായ മോഹനന്‍ വിടി ഇ.ഡി അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് മറുടിയായാണ് തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഏറ്റെടുത്തതായി ഇ.ഡി കോടതിയെ അറിയിച്ചത്.

Related Stories

No stories found.
The Cue
www.thecue.in