കേരളത്തില്‍ നിന്ന് ഒരേ ഒരാളായി രമ്യ, മമതയുടെ 9 പെണ്ണുങ്ങളും; റെക്കോര്‍ഡായി ലോകസഭയില്‍ 78 വനിത എംപിമാര്‍

കേരളത്തില്‍ നിന്ന് ഒരേ ഒരാളായി രമ്യ, മമതയുടെ 9 പെണ്ണുങ്ങളും; റെക്കോര്‍ഡായി ലോകസഭയില്‍ 78 വനിത എംപിമാര്‍

17ാം ലോകസ്ഭയില്‍ 14% വനിത എംപിമാര്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയ വനതികളുടെ എണ്ണം റെക്കോര്‍ഡാണ്. 542 എംപിമാരില്‍ 78 വനിത എംപിമാര്‍. ഇന്ത്യയുടെ ജനസംഖ്യയുടെ 48% സ്ത്രീകളാണെന്നിരിക്കെ ഈ കണക്ക് അത്ര വലുതല്ലെങ്കിലും മാറ്റമുണ്ടാകുന്നതിന്റെ സൂചനയാണ്. അടുത്ത ദിവസങ്ങളിലായി ഇവര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനി അടക്കം 41 വനിത എംപിമാര്‍ ബിജെപിക്കുണ്ട്.

303 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് 41 വനിത എംപിമാര്‍, 22 സീറ്റുകള്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസിന് 9 വനിത എംപിമാര്‍. കേരളത്തില്‍ നിന്ന് ഒരേ ഒരു വനിത എംപിമായി ആലത്തൂരില്‍ നിന്നും രമ്യ ഹരിദാസ്. ഏറ്റവും കൂടുതല്‍ വനിത എംപിമാരെ അയച്ച സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും പശ്ചിമ ബംഗാളുമാണ്. 11 എംപിമാരെ വീതം, പശ്ചിമ ബംഗാളില്‍ മമതയുടെ 9 എംപിമാര്‍ക്ക് പുറമേ രണ്ട് ബിജെപി എംപിമാരും ലോക്‌സഭയിലെത്തിയിട്ടുണ്ട്. 80 സീറ്റുകളില്‍ നിന്നാണ് ഉത്തര്‍പ്രദേശില്‍ 11 വനിത എംപിമാരെങ്കില്‍ പശ്ചിമ ബംഗാളില്‍ 42 സീറ്റിലെ 11 പേരാണ് എന്ന വ്യത്യാസവുമുണ്ട്.

കഴിഞ്ഞ ലോകസഭയില്‍ 64 വനിത എംപിമാരാണ് ഉണ്ടായിരുന്നത്. 41 വനിത സിറ്റിങ് എംപിമാരാണ് വീണ്ടും മല്‍സരിച്ചത്, സോണിയ ഗാന്ധിയും ഹേമമാലിനിയും കിരണ്‍ ഖേറുമടക്കം 27 സിറ്റിങ് എംപിമാര്‍ സീറ്റ് നിലനിര്‍ത്തി 17ാം ലോക്‌സഭയിലുമെത്തി.

മലേഗാവ് സ്‌ഫോടന കേസ് പ്രതിയായ ബിജെപിയുടെ പ്രഗ്യാ സിങ് ഠാക്കൂറും ഈ ലോക്‌സഭയിലുണ്ട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് കനിമൊഴിയെത്തുമ്പോള്‍ എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമായ ആലത്തൂരില്‍ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ദളിത് വനിതാ എംപിയായി സഭയിലെത്തും. 1971ല്‍ അടൂരില്‍ നിന്നു ജയിച്ച സിപിഐ സ്ഥാനാര്‍ഥി ഭാര്‍ഗവി തങ്കപ്പനായിരുന്നു ആദ്യ വനിതാ ദളിത് എംപി.

നിലവിലെ എംപിയായിരുന്ന പികെ ബിജുവിനെ 158968 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രമ്യ ലോക്സഭയിലേക്കുള്ള ടിക്കറ്റെടുത്തത്. കേരളത്തില്‍ നിന്ന് ഇത്തവണ ജയിക്കുന്ന ഏക വനിതാ എംപിയും രമ്യയാണ്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ്.

ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് കീഴിലും സ്വതന്ത്രരായും 724 വനിതകളാണ് മല്‍സരിച്ചത്. 54 പേരെ മല്‍സരിപ്പിച്ച കോണ്‍ഗ്രസ് ആണ് മുന്നില്‍. പിന്നാലെ 53 വനിതകളെ മല്‍സരിപ്പിച്ച് ബിജെപിയും. ബിഎസ്പി 24 വനിത സ്ഥാനാര്‍ത്ഥികളെ ഇറക്കിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 23 പേരെയാണ് മല്‍സരിപ്പിച്ചത്. സിപിഎം 10 പേരേയും സിപിഐ നാല് പേരേയും മല്‍സരിപ്പിച്ചു.

16ാം ലോക്‌സഭയില്‍ 64 വനിതകളും 15ാം ലോക്‌സഭയില്‍ 52 വനിതളുമാണ് ഉണ്ടായിരുന്നത്. 14, 13 ലോക്‌സഭകളില്‍ 52 വനിത എംപിമാരും ഉണ്ടായിരുന്നു. സ്ത്രി പ്രാതിനിധ്യം 33% വേണമെന്ന ബില്‍ ഇപ്പോഴും പാര്‍ലമെന്റില്‍ പാസാകാതെയുണ്ട്.

കൂടുതല്‍ വനിത സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചത് ഉത്തര്‍പ്രദേശിലാണ് 104, തമിഴ്‌നാട്ടില്‍ 64 വനിതകളാണ് മല്‍സരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in