വയനാടിനെ ‘വര്‍ഗീയ’മാക്കുന്ന മോദിയും, യോഗിയും ബിജെപിയും കാണേണ്ട കണക്കുകള്‍ 

വയനാടിനെ ‘വര്‍ഗീയ’മാക്കുന്ന മോദിയും, യോഗിയും ബിജെപിയും കാണേണ്ട കണക്കുകള്‍ 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്ന് നേതൃത്വം പ്രഖ്യാപിച്ചത് മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ വയനാടിനെ മുസ്ലീം തീവ്രവാദകേന്ദ്രമായും വര്‍ഗ്ഗീയതയുടെ ഇടമായും ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഇതിന് തുടര്‍ച്ചയായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെതിരെ നടത്തിയ വൈറസ് പരാമര്‍ശം. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദമായ പരാമര്‍ശം. യോഗിയുടെ പരാമര്‍ശം ചട്ടലംഘനമെന്ന് കണ്ടെത്തി മൂന്ന് ദിവസം പ്രചരണ വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തി. നുണകള്‍ നിര്‍മ്മിച്ചും വര്‍ഗ്ഗീയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചും വയനാടിനും മുസ്ലീം ലീഗിനും നേരെയുള്ള അപവാദപ്രചരണം തുടരുകയാണ് ബിജെപി നേതൃത്വം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ റോഡ് ഷോയില്‍ മുസ്ലീം ലീഗ് കൊടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന നിലയിലാണ് പല ബിജെപി നേതാക്കളുടെയും വ്യാജപ്രചരണം. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും എറണാകുളം ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനവും വരെ ഈ വിദ്വേഷ പ്രചരണം ആവര്‍ത്തിക്കുയാണ്.

രാഹുലും പ്രിയങ്കയും വയനാട്ടില്‍ നടത്തിയ റോഡ് ഷോ 
രാഹുലും പ്രിയങ്കയും വയനാട്ടില്‍ നടത്തിയ റോഡ് ഷോ 

മഹാരാഷ്ട്രയിലെ വാര്‍ധയിലെ ിരഞ്ഞെടുപ്പ് വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആക്രമിക്കാന്‍ വയനാട്ടിലെ വോട്ടര്‍മാരുടെ മതം ചര്‍ച്ചയാക്കിയത്. ഹിന്ദുക്കളെ ഭയന്ന് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടിയെന്നായിരുന്നു മോദിയുടെ ആക്ഷേപം. ഹിന്ദു വോട്ടുകള്‍ എതിരാകുന്നുവെന്ന് കണ്ടാണ് ഒളിച്ചോട്ടമെന്നും മോദി പറഞ്ഞിരുന്നു. മറുപടിയായി കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി വയനാട് മണ്ഡലത്തിലെ 49.48 ശതമാനം വോട്ടര്‍മാര്‍ ഹിന്ദുക്കളും 28.65 ശതമാനം മാത്രമാണ് മുസ്ലിങ്ങളെന്നും ട്വീറ്റ് ചെയ്തു. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രതിരോധിച്ച് രംഗത്തെത്തി. അമ്പത്തിരണ്ട് ശതമാനം ഹിന്ദുക്കളാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും വാദിക്കുന്നത്.

അമേഠിയില്‍ പരാജയം ഭയന്നാണ് രാഹുല്‍ വയനാട് എന്ന സുരക്ഷിത മണ്ഡലത്തില്‍ കൂടെ മത്സരിക്കുന്നതെന്ന് നേരത്തെ തന്നെ ചര്‍ച്ചകളുണ്ടായിരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകളുടെ തുടക്കം മുതല്‍ ബിജെപിയും ഇതേ ആരോപണമാണ് ഉയര്‍ത്തിയത്. ബിജെപി വിരുദ്ധ ശക്തികളുടെ ഐക്യം ലക്ഷ്യമിടുന്ന ബിജെപി സഖ്യകക്ഷിക്ക്് വിട്ടുനല്‍കിയ, ത്രികോണ മത്സരസാധ്യത പോലുമില്ലാത്ത മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നതിലെ രാഷ്ട്രീയവൈരുദ്ധ്യത ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷവും നേതാക്കളും സ്ഥാനാര്‍ത്ഥിത്വത്തെ പ്രതിരോധിച്ചത്.

പരാജയഭീതിയെന്ന് ആരോപണമുന്നയിച്ചിടത്ത് നിന്ന് ഒരു പടി കടന്ന് രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവിനെ വര്‍ഗ്ഗീയമായി വ്യാഖ്യാനിച്ച് മുതലെടുക്കാന്‍ തന്നെയാണ് നീക്കമെന്ന് ബിജെപി-സംഘപരിവാര്‍ ക്യാമ്പുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ഹിന്ദുക്കളുടെ എതിര്‍പ്പിനെ ഭയന്ന് ന്യൂനപക്ഷമണ്ഡലത്തിലേക്ക് രാഹുല്‍ ഒളിച്ചോടുന്നുവെന്ന മോദിയുടെ പ്രസ്താവന ഉത്തരേന്ത്യയില്‍ കൃത്യമായി ധ്രുവീകരണം ലക്ഷ്യമിട്ടാണ്. ഉത്തരേന്ത്യയില്‍ മൃദുഹിന്ദുത്വവുമായി മുന്നേറുന്ന കോണ്‍ഗ്രസിനെതിരെയുള്ള കിട്ടാവുന്നതില്‍ മികച്ച രാഷ്ട്രീയ ആയുധമായായാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ഉപയോഗിക്കാനിരിക്കുന്നത്. രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേന്നാള്‍ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ തലക്കെട്ടെക്കായിരിക്കുന്നതും പ്രധാനമന്ത്രിയുടെ വാദത്തെ പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയമാണ്. 'മുസ്ലീം വര്‍ഗീയ കക്ഷിയുമായുള്ള സഖ്യം ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസിന് ഭയം,രാഹുലിന്റെ റാലിയില്‍ മുസ്ലീം ലീഗിന്റെ പതാക ഉപയോഗിക്കരുതെന്ന് നിര്‍ദേശം

എന്ന തലക്കെട്ടിലാണ് ഓര്‍ഗനൈസറിലെ റിപ്പോര്‍ട്ട്. വിഭന ആവശ്യം ഉയര്‍ത്തിയ പാക്കിസ്ഥാനില്‍ നിലവിലുള്ള മുസ്ലീം ലീഗുമായും, ബംഗ്ലാദേശി അവാമി ലീഗുമായും കേരളത്തിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെ ബന്ധിപ്പിച്ച് ഓര്‍ഗനൈസറില്‍ വന്ന റിപ്പോര്‍ട്ട് വരാനിരിക്കുന്ന ദിവസങ്ങളില്‍ ബിജെപി രാജ്യവ്യാപകമായി കോണ്‍ഗ്രസിനെതിരെ ഉയര്‍ത്താനിരിക്കുന്ന രാഷ്ട്രീയ അജണ്ടയുമാണ്.

Google

ലോകസഭ മണ്ഡലത്തിലെ മതവോട്ടുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഔദ്യോഗിക ഡാറ്റ ലഭ്യമല്ല. താലൂക്ക്, ജില്ലാ അടിസ്ഥാനത്തിലുള്ള സെന്‍സസ് ഡാറ്റയാണ് ലഭ്യമായിട്ടുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വയനാട് ലോകസഭ മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. 1325788 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങളിലുള്ളത്. ഏറനാട് മണ്ഡലം ഏറനാട് താലൂക്കിലും ഉള്‍പ്പെടുന്നു. കോഴിക്കോട് താലൂക്കിലാണ് തിരുവമ്പാടി മണ്ഡലം.

വയനാട് ലോകസഭ മണ്ഡലത്തിലെ 44.29 ശതമാനം വോട്ടര്‍മാര്‍ വയനാട് ജില്ലയിലുള്ളതും 43 ശതമാനം വോട്ടര്‍മാര്‍ നിലമ്പൂര്‍, ഏറനാട് താലൂക്കില്‍ നിന്നുള്ളവരുമാണ്. 12.50 ശതമാനം കോഴിക്കോട് താലൂക്കിലെ വോട്ടര്‍മാരുമാണ്. മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലുള്ളവരാണ് ലോകസഭാ മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരിലധികവും. 2011 സെന്‍സസ് പ്രകാരം നിലമ്പൂര്‍ താലൂക്കില്‍ 57.8 ശതമാനം മുസ്ലിംങ്ങളും 33.5 ഹിന്ദുക്കളും, 8.5 ക്രിസ്ത്യനികളുമുണ്ട്. വയനാട് ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലുമായി യഥാക്രമം ഹിന്ദുക്കള്‍ 48.5, മുസ്ലിംങ്ങള്‍ 28.7 ക്രിസ്ത്യനികള്‍ 21.3 എന്നിങ്ങനെയാണ്. നിലമ്പൂര്‍, ഏറനാട് താലൂക്കുകള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. വയനാട് ജില്ലയിലും കോഴിക്കോട് താലൂക്കിലും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളും ഉള്‍പ്പെടുന്നു.

എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ലോകസഭ മണ്ഡലത്തിലെ വോട്ടുകള്‍ ആര്‍ക്ക് അനുകൂലമെന്ന് നിശ്ചയിക്കാന്‍ കഴിയില്ല. ലോകസഭ മണ്ഡലത്തിന് കീഴിലെ നാല് നിയമസഭ മണ്ഡലങ്ങള്‍ ഇടതുപക്ഷവും മൂന്ന് മണ്ഡലങ്ങള്‍ യു.ഡി.എഫുമാണ് പ്രതിനിധീകരിക്കുന്നത്. മുസ്ലിം- ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിന്റെ പരമ്പരാഗത ബെല്‍റ്റായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദു വിഭാഗത്തിലെ ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവയായാണ് രാഷ്ട്രീയ പാര്‍ട്ടികളും കണക്ക് കൂട്ടാറുള്ളത്. എന്നാല്‍ ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളിലൊഴികെ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ മാറിമറയാറുണ്ടെന്നാണ് മുന്‍തിരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറനാടും വണ്ടൂരും മുസ്ലിം ലീഗിന്റെ ഉറച്ച കേഡര്‍ വോട്ടുകളുള്ള മണ്ഡലങ്ങളാണ്.

കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിപ്പോയ കെ.മുരളീധരന്‍ മത്സരിച്ച 2009ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാല്‍ 2014ല്‍ എം.ഐ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 ആയി ചുരുങ്ങി. ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളിലെ ലീഡാണ് ഷാനവാസിന്റെ വിജയം ഉറപ്പാക്കിയത്. ഏറനാട്ടില്‍ 18838 വോട്ടിന്റെയും വണ്ടൂരില്‍ 12276 വോട്ടിന്റെയും ലീഡ് ലഭിച്ചപ്പോള്‍ നിലമ്പൂരില്‍ 3266 ഉം തിരുവമ്പാടിയില്‍ 3266ഉം കല്‍പ്പറ്റയില്‍ 1880 വോട്ടുകളുടെയും ഭൂരിപക്ഷമാണ് ലഭിച്ചത്.

2016 നിയമസഭ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമായിരുന്നു. 2011ലും 2016ലും ഇരുമുന്നണികളും നേടിയ ഭൂരിപക്ഷം ഇങ്ങനെയാണ്

മണ്ഡലം 2011 -2016

മാനന്തവാടി യുഡിഎഫ്-12734 എല്‍ഡിഎഫ്-1307

കല്‍പ്പറ്റ യുഡിഎഫ്-18169 എല്‍ഡിഎഫ്-13083

സുല്‍ത്താന്‍ബത്തേരി യുഡിഎഫ്-7583 യുഡിഎഫ്-11198

തിരുവമ്പാടി യുഡിഎഫ-3833 എല്‍ഡിഎഫ്-3008

നിലമ്പൂര്‍ യുഡിഎഫ്-5598 എല്‍ഡിഎഫ്-11504

വണ്ടൂര്‍ യുഡിഎഫ്-28919 യുഡിഎഫ്-23846

ഏറനാട് യുഡിഎഫ്-11246 യുഡിഎഫ്-12893

രണ്ട് തിരഞ്ഞെടുപ്പുകളിലും വണ്ടൂരും ഏറനാട്ടും യു.ഡി.എഫിന് വലിയ പരിക്ക് പറ്റിയില്ലെന്നത് പ്രധാനമാണ്. കാലാവസ്ഥ മാറ്റവും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും പ്രളയാനന്തര വികസനവും ചര്‍ച്ചയാവേണ്ട മണ്ഡലമാണ് വയനാട്. രാഷ്ട്രീയ പ്രാധാന്യമുള്ള ഈ ചര്‍ച്ചകളെ മതധ്രുവീകരണം ലക്ഷ്യമിട്ടുള്ള വര്‍ഗീയ പ്രസ്താവനകളിലൂടെ വഴിതിരിച്ചുവിടുകയാണ് ബിജെപി.

Related Stories

No stories found.
logo
The Cue
www.thecue.in