ബിജെപിയിൽ ചേക്കേറുന്ന നേതാക്കൾ, ​സംസ്ഥാനം തൊടാത്ത ഭാരത് ജോഡോ; ​ഗുജറാത്തിൽ എന്തെടുക്കുകയാണ് കോൺ​ഗ്രസ്?

Igujarat election 2022
Igujarat election 2022Igujarat election 2022
Summary

ഗുജറാത്ത് ഇലക്ഷനിൽ എന്താണ് ഇന്ത്യൻ നാഷനൽ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രം?, ഭാരത് ജോഡോ യാത്രയുമായി രാഹുൽ ​ഗാന്ധി ​ഗുജറാത്ത് തൊടാതെ നീങ്ങുമ്പോൾ ഖാർ​ഗെ നയിക്കുന്ന കോൺ​ഗ്രസിന് മുന്നിലുള്ള കടമ്പകൾ എന്തൊക്കെ?

കോണ്‍ഗ്രസിന്റെ നായകമുഖം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തെലങ്കാന പിന്നിടുന്ന അതേ ടൈംലൈനിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ തീവ്രതയിലെത്തുന്നത്. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തിയ ശേഷം നേരിടുന്ന ആദ്യ പരീക്ഷണം കൂടിയാണ് ഹിമാചല്‍-ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍. ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെ സ്വന്തം പ്രകടനം മുഖ്യപ്രതിപക്ഷ പാര്‍ട്ടി എന്ന നിലക്കും ദേശീയ പാര്‍ട്ടി എന്ന നിലക്കും കോണ്‍ഗ്രസിന് നിര്‍ണായകമാണ്. 'നിശ്ശബ്ദ' പ്രചരണത്തിലൂടെ സംസ്ഥാനം പിടിക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. വോട്ടെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മിനിഞ്ഞാന്നും ഇന്നലേയുമായി രണ്ട് എംഎല്‍എമാരാണ് ബിജെപിക്കൊപ്പം പോയത്. ആദിവാസി നേതാവും പത്ത് തവണ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന മോഹന്‍സിംഹ് റത്ത്വയും മറ്റൊരു മുതിര്‍ന്ന നേതാവായ ഭഗവത് ഭാരഡുമാണ് അടുത്തടുത്ത ദിവസങ്ങളിലായി പാര്‍ട്ടി വിട്ടത്. ഇതിന് പുറമെ ത്രികോണ മത്സരപ്രതീതി സൃഷ്ടിച്ചുള്ള ആംആദ്മിയുടെ സാന്നിദ്ധ്യവും പരമ്പരാഗത വോട്ടുബാങ്കുകളിലേക്കുള്ള ബിജെപിയുടെ കടന്നുവരവും കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്.

2017ല്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകര്‍ന്നത് ഹര്‍ദ്ദിക്ക് പട്ടീല്‍-അല്‍പേഷ് ഠാകൂര്‍-ജിഗ്‌നേഷ് മേവാനി ത്രയമായിരുന്നു. എന്നാല്‍ ഇത്തവണ പട്ടീദാര്‍ സമുദായ നേതാവായ ഹര്‍ദ്ദിക്ക് പട്ടീലും ഒ.ബി.സി നേതാവായ അല്‍പേഷ് ഠാകൂറും ബിജെപിക്കൊപ്പമാണ്.
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

ഡബിള്‍ എഞ്ചിനുമായി ബി.ജെ.പി, ആപ്പ് വെക്കുന്ന കേജരിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തരമന്ത്രി അമിത്ഷായുടേയും തട്ടകമായ ഗുജറാത്തില്‍ 27 വര്‍ഷമായി ബിജെപി അധികാരത്തിലാണ്. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരങ്ങളെ മറികടന്ന് തങ്ങളുയര്‍ത്തുന്ന 'ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍' (സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാര്‍ട്ടികള്‍ തന്നെ ഭരിക്കുക) എന്ന ആശയത്തെ അരക്കിട്ടുറപ്പിക്കാന്‍ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. 'മോദി ഫാക്ടര്‍' തന്നെയാണ് ബിജെപിയുടെ പ്രധാന അനുകൂല ഘടകം. അതേ സമയം വോട്ടുബാങ്കുകളിലെ വിള്ളലടച്ച് പോരാട്ടം കനപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാനായാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. 1995ല്‍ അധികാരം നഷ്ടമായതിന് ശേഷം കോണ്‍ഗ്രസ് നടത്തിയ മെച്ചപ്പെട്ട പ്രകടനമായിരുന്നു കഴിഞ്ഞ തവണത്തേത് (2017). ഭരണവിരുദ്ധവികാരമുണ്ട് എന്നതൊഴിച്ചാല്‍ 2017 ലേത് പോലെ ഒരു അനുകൂല സാഹചര്യവും ഇന്ന് ഗുജറാത്തിലില്ല. 2017ല്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകര്‍ന്നത് ഹര്‍ദ്ദിക്ക് പട്ടീല്‍-അല്‍പേഷ് ഠാകൂര്‍-ജിഗ്‌നേഷ് മേവാനി ത്രയമായിരുന്നു. എന്നാല്‍ ഇത്തവണ പട്ടീദാര്‍ സമുദായ നേതാവായ ഹര്‍ദ്ദിക്ക് പട്ടീലും ഒ.ബി.സി നേതാവായ അല്‍പേഷ് ഠാകൂറും ബിജെപിക്കൊപ്പമാണ്. ഇരുവരുടേയും കളം മാറ്റവും പരമ്പരാഗത വോട്ടുബാങ്കുകളിലെ ചോര്‍ച്ചയും 2017ല്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാമ്പയിനറായി വന്ന രാഹുല്‍ ഗാന്ധി ഇത്തവണ പ്രചാരണത്തിന് ഇറങ്ങാത്തതും കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളാണ്.

ബിജെപിയെ റീപ്ലേസ് ചെയ്യുമെന്ന് പറഞ്ഞ് പ്രചരണം നടത്തുന്ന ആംആദ്മി ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് വോട്ടുകള്‍ കാര്‍ന്നുതിന്നത് പോലെ ഇവിടെയും കോണ്‍ഗ്രസ് വോട്ടുകളിലാണ് വിള്ളലുണ്ടാക്കുക എന്ന് മിക്ക സര്‍വ്വേകളും പ്രവചിക്കുന്നു.

ഖാര്‍ഗെയ്ക്കും പരീക്ഷണ ഭൂമി, പ്രതീക്ഷ ഭരണവിരുദ്ധ വികാരത്തില്‍

ഒരു കാലത്ത് ഗുജറാത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സ് 1995ന് ശേഷം തുടര്‍ച്ചയായി ആറു തവണ ബി.ജെ.പിയോട് പരാജയപ്പെട്ട് പ്രതിപക്ഷത്താണ്. രാജ്യത്ത് തന്നെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രം ഭരണത്തിലിരിക്കുന്ന വിധം തകരുകയും ചെയ്തു. പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണഭൂമിയായ ഗുജറാത്തില്‍ പ്രതാപത്തോടെയുള്ളൊരു തിരിച്ചുവരവ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. അദ്ധ്യക്ഷനായി ചുമതലയേറ്റ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേരിടുന്ന ആദ്യത്തെ പരീക്ഷണം കൂടിയാണ് ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍. 2017ല്‍ ഗുജറാത്തില്‍ ശക്തമായ പോരാട്ടം നടത്തിയ കോണ്‍ഗ്രസ് ഭരണത്തിലെത്തിയില്ലെങ്കിലും 77 സീറ്റുകള്‍ കരസ്ഥമാക്കിയിരുന്നു. 1995 ന് ശേഷം പാര്‍ട്ടി നടത്തിയ മികച്ച പ്രകടനം. 2000-ത്തിന് ശേഷം കോണ്‍ഗ്രസ് അവരുടെ പ്രകടനം തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയാണ്. ബി.ജെ.പിക്ക് സീറ്റുകള്‍ കുറയുന്നുമുണ്ട്. 2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 127 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് 51 ആയിരുന്നു ഉണ്ടായിരുന്നത്. 2007ല്‍ അത് 117 - 59 എന്നായി. 2012ല്‍ 115 - 61 എന്ന നിലയിലേക്ക് മെച്ചപ്പെടുത്തുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 - 77 എന്നാക്കി വ്യത്യാസം ഗണ്യമായി കുറക്കാനും കഴിഞ്ഞു. തോല്‍ക്കുമ്പോഴും 40 ശതമാനത്തോളം വോട്ട് വിഹിതം നേടാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ട്. കേണ്‍ഗ്രസിന്റെ പ്രതീക്ഷയും ഈ കണക്കുകളിലാണ്.

പുറത്ത് വന്ന സര്‍വ്വേകള്‍ ബി.ജെ.പിയുടെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് കാര്യമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് അടിവരയിടുന്നുണ്ട്. രൂക്ഷമായ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും ജനങ്ങള്‍ അസംതൃപ്തരാണ്. മോര്‍ബി പാലം തകര്‍ന്ന് വീണുണ്ടായ ദുരന്തം തെരഞ്ഞെടുപ്പില്‍ ഏത് വിധത്തില്‍ പ്രതിഫലിക്കുമെന്ന ആശങ്ക ബിജെപിക്കുണ്ട്. എന്നാല്‍ ഈ സാഹചര്യങ്ങളൊന്നും പ്രയോജനപ്പെടുത്തുന്ന പ്രവര്‍ത്തങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. നേരിട്ടും അല്ലാതെയും ഇരുപതോളം യോഗങ്ങളില്‍ നരേന്ദ്ര മോദി ഗുജറാത്തില്‍ പങ്കെടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ രാഹുല്‍ ഗാന്ധി സംസ്ഥാനത്തില്ല. നവംബര്‍ മൂന്നിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഗുജറാത്തിലെ വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും തെലങ്കാനയിലെ രുദ്രറാമിലൂടെ ഭാരത് ജോഡോ യാത്ര നടത്തുകയിരുന്നു. തെരഞ്ഞെടുപ്പിലെ അജണ്ട നിര്‍ണയിക്കുന്ന തരത്തില്‍ ശക്തമായ പ്രചരണം അരവിന്ദ് കെജരിവാളും ആംആദ്മിയും നടത്തുമ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലെന്ന പ്രതീതിയാണ് ഉണ്ടാകുന്നത്.

ജി​ഗ്നേഷ് മേവാനി കോൺ​ഗ്രസ് പ്രചരണപരിപാടിയിൽ
ജി​ഗ്നേഷ് മേവാനി കോൺ​ഗ്രസ് പ്രചരണപരിപാടിയിൽ ജി​ഗ്നേഷ് മേവാനി

ബഹളങ്ങളില്ലാത്തത് കൊണ്ട് കോണ്‍ഗ്രസ് മത്സരത്തിലില്ല എന്ന് അര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ അടിസ്ഥാന വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ട് അടിത്തട്ടില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആംആദ്മിയും ബി.ജെ.പിയും നടത്തുന്ന പ്രകോപനങ്ങളിലൊന്നും അവര്‍ വീഴുന്നുമില്ല. ഇതെല്ലാം ഗുണകരമാണ്

ദര്‍ശന്‍ ദേശായി, മുതിർന്ന മാധ്യമപ്രവർത്തകൻ, ​ഗുജറാത്ത്

'അടിത്തട്ടിലുണ്ട് കോണ്‍ഗ്രസ്, പ്രകോപനങ്ങളില്‍ വീഴുന്നില്ല'

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പരമ്പരാഗത വോട്ട് ബാങ്കുകളായ ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലിം വിഭാഗങ്ങളിലെ അടിയൊഴുക്ക് തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഗുജറാത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഡവലപ്പ്‌മെന്റ് ന്യൂസ് നെറ്റ്വര്‍ക്ക് സ്ഥാപകനുമായ ദര്‍ശന്‍ ദേശായി ദ ക്യുവിനോട് പറഞ്ഞു. ബഹളങ്ങളില്ലാത്തത് കൊണ്ട് കോണ്‍ഗ്രസ് മത്സരത്തിലില്ല എന്ന് അര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ അടിസ്ഥാന വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ട് അടിത്തട്ടില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആംആദ്മിയും ബി.ജെ.പിയും നടത്തുന്ന പ്രകോപനങ്ങളിലൊന്നും അവര്‍ വീഴുന്നുമില്ല. ഇതെല്ലാം ഗുണകരമാണ്.' ദര്‍ശന്‍ ദേശായി കൂട്ടിച്ചേര്‍ക്കുന്നു.

ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള 'നിശ്ശബ്ദ' പ്രചരണമാണ് തങ്ങള്‍ നടത്തുന്നതെന്നാണാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം. 'വീടുകള്‍ കയറിയിറങ്ങി ജനങ്ങളോട് നേരിട്ട് സംവദിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.' എന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് രോഹന്‍ ഗുപ്ത പറഞ്ഞത്. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിന്റെ ഈ 'നിശ്ശബ്ദ' പ്രചരണത്തെ സൂക്ഷിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അസദുദ്ദീന്‍ ഒവൈസി
അസദുദ്ദീന്‍ ഒവൈസി

മുസ്ലീം വോട്ട് പിളര്‍ത്താന്‍ ഒവൈസി

അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) ഗുജറാത്തില്‍ ഇത്തവണ കന്നിയങ്കത്തിന് അരങ്ങൊരുക്കുന്നുണ്ട്. ആകെയുള്ള 182 സീറ്റുകളില്‍ 40 ലും മത്സരിക്കുമെന്നാണ് ഒവൈസി പറയുന്നത്. 2021 ഫെബ്രുവരിയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം മത്സരിച്ച 40 സീറ്റുകളില്‍ 26 ലും വിജയിച്ചിരുന്നു. ഇതില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും പെടും. ഇത് കോണ്‍ഗ്രസിന് ആശങ്കക്ക് വക നല്‍കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഗുജറാത്തില്‍ ഇറങ്ങിയ ഒവൈസി ധ്രുവീകരണ നീക്കം മുന്നില്‍ കണ്ടുള്ള

പ്രസംഗങ്ങളാണ് നടത്തുന്നത്. 'നിങ്ങള്‍ക്ക് കരയാന്‍ കഴിയില്ല. നിങ്ങളുടെ കണ്ണീര് ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. കരഞ്ഞാല്‍ നാടകമായാണ് അവര്‍ കാണുക. നിങ്ങളുടെ വേദന കണ്ട് അവര്‍ ചിരിക്കും. നിങ്ങളുടെ വോട്ടിന് ഒരു വിലയുമില്ല. ഇത്രയും കാലം നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കി. എന്നിട്ട് അവരെപ്പോഴെങ്കിലും നിങ്ങള്‍ക്ക് അനുകൂലമായി ശബ്ദിച്ചിട്ടുണ്ടോ?' ഒവൈസിയുയെ പ്രസംഗം ഉദ്ധരിച്ച് കൊണ്ട് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്തു. എ.ഐ.എം.ഐ.എംന്റെ ഗുജറാത്ത് മുഖ്യന്‍ സാബിര്‍ കബ്ലിവാല മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആണ്. ഗുജറാത്തില്‍ മുസ്ലിം വിഭാഗം 9 ശതമാനമാണുള്ളത്. എക്കാലവും കോണ്‍ഗ്രസിനൊപ്പം നിന്ന ഈ വോട്ടുകള്‍ ഒവൈസിയുടെ പാര്‍ട്ടി അടര്‍ത്തി എടുത്താല്‍ കോണ്‍ഗ്രസിനത് വലിയ തിരിച്ചടിയാകും.

ജമല്‍പൂര്‍ ഖാദിയ, വേജല്‍പൂര്‍, കര്‍ജന്‍ വഗ്ര പോലുള്ള മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ ഒവൈസിപ്പാര്‍ട്ടി കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് 'ദ ക്വിന്റ'് റിപ്പോര്‍ട്ടര്‍ ഹിമാന്‍ഷി ദാഹിയ ദ ക്യു' വിനോട് പറഞ്ഞു. മുസ്ലിം വോട്ടുകള്‍ പിടിച്ച് നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ നിശ്ശബ്ദ പ്രചരണത്തിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. അവരത് കാര്യക്ഷമമായി നടത്തുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രചാരണം നിശ്ശബ്ദമാകുന്നത് ഒരു തരത്തില്‍ നല്ലതാണ്. എന്നാല്‍ ചിലപ്പോഴൊക്കെ അല്‍പം ബഹളമുണ്ടാക്കിയില്ലെങ്കില്‍ നിങ്ങള്‍ മത്സരത്തിനില്ലെന്ന് ജനം കരുതുമെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തക കൂടിയായ ഹിമാന്‍ഷി.

മുസ്ലിം വോട്ടുകള്‍ പിടിച്ച് നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ നിശ്ശബ്ദ പ്രചരണത്തിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. അവരത് കാര്യക്ഷമമായി നടത്തുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രചാരണം നിശ്ശബ്ദമാകുന്നത് ഒരു തരത്തില്‍ നല്ലതാണ്.

ഹിമാന്‍ഷി ദാഹിയ, ​ഗുജറാത്ത് ഇലക്ഷൻ റിപ്പോർട്ട് ചെയ്യുന്ന ദ ക്വിന്റ് പ്രതിനിധി

ആംആദ്മി ​ഗുജറാത്ത് പ്രചരണങ്ങളിലൊന്ന്
ആംആദ്മി ​ഗുജറാത്ത് പ്രചരണങ്ങളിലൊന്ന്

മോര്‍ബി പാലവും ബില്‍ക്കിസ് ബാനു കേസും വിഷയമാക്കി ചാര്‍ജ് ഷീറ്റ്

കാടിളക്കി പ്രചരണം നടത്തുന്ന ആംആദ്മിക്ക് ഗുജറാത്തില്‍ കാര്യമായ സംഘടനാ സംവിധാനമില്ല എന്നത് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്. പഞ്ചാബില്‍ ആംആദ്മി അധികാരം പിടിച്ചത് ഭഗവന്ദ് മന്‍ എന്ന ജനകീയ നേതാവിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു. അതുപോലൊരു ക്രൗഡ് പുള്ളര്‍ ആംആദ്മിക്ക് ഗുജറാത്തിലില്ല. എങ്കിലും അരവിന്ദ് കെജരിവാളിന്റെ വ്യക്തിപ്രഭാവവും 'ഫ്രീബീസ്' പ്രഖ്യാപനങ്ങളും വോട്ടര്‍മാരില്‍ ചലനമുണ്ടാക്കും. സൗജന്യ വൈദ്യുതി എന്ന പ്രഖ്യാപനം കര്‍ഷകരെ ആകര്‍ഷിക്കാന്‍ പോന്നതാണ്. എന്നിരുന്നാലും ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ നഗരപ്രദേശങ്ങളിലാകും ആംആദ്മി നേട്ടമുണ്ടാക്കുക. അത് ബി.ജെ.പി വോട്ടുകളില്‍ വിള്ളലുണ്ടാക്കും. അതേ സമയം കോണ്‍ഗ്രസിന് സ്വാധീനമുള്ള ഗ്രാമപ്രദേശങ്ങളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ആംആദ്മിക്ക് കഴിയാത്തത് കോണ്‍ഗ്രസിന് സംസ്ഥാനത്ത് അനുകൂലമായി ഭവിക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

ബഹളങ്ങളില്‍ നിന്ന് അകന്ന് നിന്ന കോണ്‍ഗ്രസ് കഴിഞ്ഞ ഞായാറാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. ഇതില്‍ ബിജെപിക്കെതിരെ 22 വിഷയങ്ങള്‍ അക്കമിട്ട് നിരത്തിയ 'ചാര്‍ജ്ജ് ഷീറ്റ്' പുറത്ത് വിട്ടു. സംസ്ഥാനത്ത് ചര്‍ച്ചയാകേണ്ട പ്രധാന വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ജനങ്ങളെ അതോര്‍മിപ്പിക്കാനാണ് ഇത്തരത്തിലൊരു 'ചാര്‍ജ്ജ് ഷീറ്റ്' പുറത്ത് വിടുന്നത് എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ജനവിരുദ്ധ സര്‍ക്കാറിനെ പുറത്താക്കി മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ പട്ടേലിന്റെയും അഭിമാനം തിരിച്ച് പിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചാര്‍ജ്ജ് ഷീറ്റില്‍ മോര്‍ബി പാലവും ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ വെറുതെ വിട്ടതും തൊഴിലില്ലായ്മയും വിലക്കയറ്റവും ദളിതര്‍ക്ക് നേരെയുള്ള അതിക്രമവും ഉദ്യോഗാര്‍ത്ഥികളില്‍ അമര്‍ഷമുണ്ടാക്കിയ മത്സരപരീക്ഷയുടെ പേപ്പര്‍ ചോര്‍ച്ചയും കടന്ന് വരുന്നണ്ട്. ഇത് സംസ്ഥാനത്ത് ഉടനീളം വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

മോദി ​ഗുജറാത്ത് പ്രചരണവേളയിൽ
മോദി ​ഗുജറാത്ത് പ്രചരണവേളയിൽ

ഗുജറാത്തിലെത്തിയില്ലെങ്കിലും ട്വിറ്ററിലൂടെ ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ പ്രതികരണത്തില്‍ ബി.ജെ.പിയുടെ ദുര്‍ഭരണം അവസാനിപ്പിച്ച് ഗുജറാത്തില്‍ മാറ്റത്തിന്റെ ഉത്സവം കൊണ്ടുവരാന്‍ ജനങ്ങളോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. 500 രൂപക്ക് പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കുമെന്നും യുവാക്കള്‍ക്ക് 10 ലക്ഷം തൊഴിലവസരം ഒരുക്കുമെന്നും കാര്‍ഷിക കടം എഴുതി തള്ളുമെന്ന വാഗ്ദാനവുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കോണ്‍ഗ്രസ് 43 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏഴ് സ്ത്രീകളുണ്ട്. ജാതി സമവാക്യങ്ങള്‍ കൃത്യമായി പാലിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് കച്ച മുറുക്കുന്നത്. പ്രാദേശിക നേതാക്കള്‍ മത്സരം നയിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് അത്ഭുതങ്ങള്‍ കാണിക്കുമോ എന്ന് അറിയാന്‍ ഡിസംബര്‍ എട്ട് വരെ കാക്കണം. അന്നാണ് ഫലപ്രഖ്യാപനം.

Related Stories

No stories found.
logo
The Cue
www.thecue.in