'കേന്ദ്രത്തിന്റെ ഒളിച്ചോട്ടം പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്ന്'; നിയമം പിന്‍വലിച്ചത് കര്‍ഷകതാല്‍പര്യം സംരക്ഷിക്കാനല്ലെന്ന് എളമരം കരീം

'കേന്ദ്രത്തിന്റെ ഒളിച്ചോട്ടം പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്ന്'; നിയമം പിന്‍വലിച്ചത് കര്‍ഷകതാല്‍പര്യം സംരക്ഷിക്കാനല്ലെന്ന് എളമരം കരീം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കര്‍ഷകസമരത്തിന്റെ വിജയമെന്ന് എളമരം കരീം എം.പി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഒളിച്ചോട്ടം. ഭീരുത്വത്തില്‍ നിന്നുണ്ടായ തീരുമാനമാണിത്, അല്ലാതെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ലെന്നും എളമരം കരീം പറഞ്ഞു.

നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഖാലിസ്ഥാന്‍ തീവ്രവാദികളാണ്, മാവോവാദികളാണ്, അര്‍ബന്‍ നക്‌സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിച്ച്, പൊലീസിനെ ഉപയോഗിച്ച് ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടയില്‍ ഒരു തവണ പോലും കര്‍ഷകസംഘടനാ പ്രതിനിധികളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളം, തമിഴ്നാട്, ബംഗാള്‍, അസം തിരഞ്ഞെടുപ്പികള്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിട്ടത്. കഴിഞ്ഞ പാര്‍ലമെന്റ്-അസംബ്ലി ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കടുത്ത തിരിച്ചടിയുണ്ടായി. വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് ഈ ഒളിച്ചോട്ടം. അല്ലാതെ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനല്ല. ബിജെപിയെ തോല്‍പിക്കാനായി സംയുക്ത കര്‍ഷകസമിതി മിഷന്‍ യുപി, മിഷന്‍ ഉത്തരാഖണ്ഡ് എന്നിങ്ങനെ രണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിന്മാറ്റത്തിന് ഗവണ്‍മെന്റ് നിര്‍ബന്ധിതമായതാണെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in