ആണ്‍-പെണ്‍ ഇരിപ്പിട സമത്വമെന്ന ഭാഗം ഒഴിവാക്കി; ജെന്‍ഡര്‍ ന്യൂട്രല്‍ പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ ലിംഗ നീതിയെന്ന് തിരുത്തല്‍

ആണ്‍-പെണ്‍ ഇരിപ്പിട സമത്വമെന്ന ഭാഗം ഒഴിവാക്കി; ജെന്‍ഡര്‍ ന്യൂട്രല്‍ പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ ലിംഗ നീതിയെന്ന് തിരുത്തല്‍

ജെന്‍ഡര്‍ ന്യൂട്രല്‍ പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. 'ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ' എന്ന തലക്കെട്ട് മാറ്റി പകരം 'ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്നാക്കി മാറ്റി. രേഖയിലെ ഇരിപ്പിട സമത്വമെന്ന ഭാഗവും ചര്‍ച്ച രേഖയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാഠ്യപദ്ധതിയുടെ സമീപന രേഖ തയ്യാറാക്കുന്നതിന് മുമ്പ് പൊതു സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വെക്കുന്ന കരട് രേഖയിലാണ് മാറ്റം. ഇതിന്റെ 16-ാമത്തെ തലക്കെട്ട് ആയിരുന്നു ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നത്.

പ്രധാനമായും എട്ട് പോയിന്റുകളായിരുന്നു ചര്‍ച്ചയ്ക്കുണ്ടായിരുന്നത്. ഇതിലെ ഒന്നാമത്തെ പോയിന്റ് ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ എത്തിക്കാനും ക്ലാസ് മുറികളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോഴും ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു ഒന്നാമത്തെ പോയിന്റ്. ഇതിലും വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 അനുസരിച്ച് ജാതി ലിംഗം വര്‍ണം വര്‍ഗം പ്രദേശം എന്നിവയുടെ പേരില്‍ വിവേചനം അനുവദിക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 14 എല്ലാ തരത്തിലുമുള്ള സമത്വവും വിഭാവനം ചെയ്യുന്നു. നീതിയിലധിഷ്ഠിതമായ സാമൂഹിക സൃഷ്ടി സാധ്യമാകണമെങ്കില്‍ എല്ലാ തരത്തിലുമുള്ള നീതി ഉറപ്പാക്കണം. ഇതില്‍ പ്രധാനമാണ് ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാണ് ഒന്നാമത്തെ പോയിന്റ് ആയി തിരുത്തിയിരിക്കുന്നത്.

കുട്ടികളെ ഒരുമിച്ചിരുത്തുന്നതിനെതിരെയാണ് പ്രധാനമായും മുസ്ലീം മത സംഘടനകള്‍ രംഗത്തെത്തിയത്. ജെന്‍ഡര്‍ പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് മുസ്ലിം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ തിരുത്തിയ നടപടി സ്വാഗതാര്‍ഹമാണെന്ന് സമസ്ത പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in