ശിവസേന എം.പി സഞ്ജയ് റാവത്തിന് ഇ.ഡി. നോട്ടീസ്, 'ആശംസകള്‍' എന്ന് ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍

ശിവസേന എം.പി സഞ്ജയ് റാവത്തിന് ഇ.ഡി. നോട്ടീസ്, 'ആശംസകള്‍' എന്ന് ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേന എം.പി സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഇ.ഡി. ആസ്ഥാനത്ത് എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇ.ഡി. നോട്ടീസിനോട് പ്രതികരിച്ച് സഞ്ജയ് റാവത്ത് രംഗത്തെത്തി. തന്നെ നിശബ്ദനാക്കാനുള്ള ഗൂഢാലോചനയാണിതെന്നാണ് റാവത്ത് പറഞ്ഞത്. എന്തൊക്കെ സംഭവിച്ചാലും വിമതരെ പാര്‍പ്പിച്ചിരിക്കുന്ന ഗുവാഹത്തിയിലേക്ക് പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റാവത്ത് പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇ.ഡിയുടെയും സി.ബി.ഐയുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും സമ്മര്‍ദ്ദമാണ് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കീഴില്‍ അരങ്ങറുന്ന ഇപ്പോഴത്തെ വിമത നാടകങ്ങള്‍ക്ക് കാരണമെന്നാണ് താക്കറെ ഉള്‍പ്പെടുന്ന ശിവസേനയുടെ ആരോപണം.

1034 കോടി രൂപയുടെ പാത്ര ചൗല്‍ സ്ഥലമിടപാട് ക്രമക്കേട് കേസിലാണ് റാവത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് റാവത്തിന്റെ സ്വത്ത് വകകള്‍ ഏപ്രിലില്‍ ഇ.ഡി. കണ്ടു കെട്ടിയിരുന്നു. ഇതുകൊണ്ടൊന്നും താന്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും തന്റെ സ്വത്ത് പിടിച്ചെടുക്കുകയോ തനിക്ക് നേരെ വെടിവെയ്ക്കുകയോ തന്നെ ജയിലിലേക്കയക്കുകയോ ചെയ്‌തോളൂ എന്നും റാവത്ത് പറഞ്ഞിരുന്നു.

അതേസമയം ഇ.ഡിയുടെ നോട്ടീസ് ലഭിച്ച സഞ്ജയ് റാവത്തിനെ പരിഹസിച്ച് ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ രംഗത്തെത്തിയിരുന്നു.

ഇഡി നോട്ടീസ് അയച്ചതില്‍ സഞ്ജയ് റാവത്തിന് ആശംസകള്‍ എന്നാണ് ശ്രീകാന്ത് ഷിന്‍ഡെയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ ജനങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും നല്ല മറുപടി നല്‍കുമെന്നും ഷിന്‍ഡെ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in