ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ; വനിതാ ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ; വനിതാ ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

മന്ത്രവാദ ചികിത്സയ്ക്ക് എത്തിയ ഉസ്താദ് യുവ വനിതാ ഡോക്ടറുടെ 45 പവന്‍ സ്വര്‍ണവുമായി മുങ്ങിയതായി പരാതി. ഡോക്ടറുടെയും കുടുംബത്തിന്റെയും 'ഐശ്വര്യത്തിന്' എന്ന പേരിലയിരുന്നു മന്ത്രവാദം നടത്തിയത്. കോഴിക്കോട് ഫറോക്ക് സ്വദേശിനിയുടെ പരാതിയില്‍ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ രണ്ട് സഹായികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

പരാതിക്കാരി നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. തട്ടിപ്പ് നടത്തിയവരുടെ പൂര്‍ണവിവരങ്ങള്‍ ഡോക്ടര്‍ക്ക് അറിയില്ലായിരുന്നു. ഉസ്താദും സഹായികളും ഒളിവില്‍ പോയതായി സൂചനയുണ്ടെന്നും, ഇവര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

ക്ലിനിക്കില്‍ സ്ഥിരമായി ചികിത്സയ്ക്ക് വന്നിരുന്നയാളാണ് 'മന്ത്രവാദ ചികിത്സ'യ്ക്കായി ഡോക്ടറെ പ്രേരിപ്പിച്ചത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും, സമ്പദ്‌സമൃദ്ധിക്കും സമാധാനത്തിനും വേണ്ടി മന്ത്രവാദം നടത്താന്‍ ഉസ്താദിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ആദ്യമൊക്കെ വിശ്വാസമില്ലാതിരുന്ന ഡോക്ടര്‍ പരീക്ഷണമെന്ന നിലയ്ക്കാണ് മന്ത്രവാദത്തിന് സമ്മതിച്ചതെന്ന് പറയുന്നു. എന്നാല്‍ ചികിത്സയ്ക്ക് സ്വര്‍ണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പിന്മാറി.

പിന്നീട് സ്വര്‍ണം കൈമാറേണ്ടെന്ന് പറഞ്ഞ ഉസ്താദ് കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ ഓരോ പൊതിയില്‍ സ്വര്‍ണാഭരണങ്ങള്‍ ചികിത്സാ കേന്ദ്രത്തിലെ അലമാരയില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വര്‍ണത്തിന് ഊതല്‍ നടത്തുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് തിരിച്ചെടുക്കാമെന്ന വാക്കിന്മേല്‍ 45 പവന്‍ സ്വര്‍ണമായിരുന്നു അലമാരയില്‍ വെച്ചത്.

പറഞ്ഞ സമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് ഉസ്താദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in