ശരിക്കും ഉത്തരപ്പേപ്പര്‍ കിട്ടിയോ?; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ കണ്ടെത്തിയ കടലാസുകള്‍ ഏത്?  

ശരിക്കും ഉത്തരപ്പേപ്പര്‍ കിട്ടിയോ?; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ കണ്ടെത്തിയ കടലാസുകള്‍ ഏത്?  

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും കേരള സര്‍വ്വകലാശാല ഉത്തരക്കടലാസ് കിട്ടിയെന്ന വാര്‍ത്ത വ്യാജമാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. 'ഉത്തരമില്ലാത്ത ക്രമക്കേട്' എന്ന തലക്കെട്ടോടെ ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയും ഒപ്പം കൊടുത്ത ചിത്രവുമാണ് ഉത്തരക്കടലാസ് കിട്ടിയില്ലെന്ന വ്യാജപ്രചരണത്തിന് കാരണമായത്. ചിത്രം നല്‍കിയപ്പോള്‍ മാതൃഭൂമി പത്രത്തിന് പറ്റിയ ഒരു പിശക് ഒരു വിഭാഗം ന്യായീകരണത്തിനും വെള്ളപൂശാനുമുള്ള ആയുധമാക്കി. 'യൂണിവേഴ്‌സിറ്റി യൂണിയന്‍ ഓഫിസീല്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകള്‍' എന്ന അടിക്കുറിപ്പോടെ മാതൃഭൂമി നല്‍കിയത് ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ എന്‍ട്രി ഫോം ആയിരുന്നു. വാര്‍ത്താചിത്രം മാറിപ്പോയതില്‍ വിശദീകരണവുമായി മാതൃഭൂമി രംഗത്ത് വന്നിട്ടും യഥാര്‍ത്ഥ ഉത്തരക്കടലാസുകളുടെ ചിത്രം മറ്റ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടും വാര്‍ത്ത വ്യാജമാണെന്ന് വരുത്താനുള്ള ശ്രമം തുടരുകയാണ്.

എസ്എഫ്‌ഐ നേതാക്കള്‍ 'ഇടിമുറി'യായി ഉപയോഗിച്ചെന്ന് ആരോപണമുള്ള യൂണിയന്‍ ഓഫീസ് കോളേജ് ജീവനക്കാര്‍ ഒഴിപ്പിക്കുന്നതിന് ഇടയിലാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ധ്യാപകന്റെ സീലും കണ്ടെത്തി. ഡോ. എസ് സുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബോട്ടണി എന്നാണ് സീലില്‍ രേഖപ്പെടുത്തിയിരുന്നത്. എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് മൂന്നാം വര്‍ഷ പരീക്ഷ എന്ന് എഴുതിയ ഉത്തരക്കടലാസ് ഉള്‍പ്പെടുന്ന ശേഖരം കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസും പുറത്തുവിടുകയുണ്ടായി.

ബിരുദവിദ്യാര്‍ത്ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശരിക്കും ഉത്തരപ്പേപ്പര്‍ കിട്ടിയോ?; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ കണ്ടെത്തിയ കടലാസുകള്‍ ഏത്?  
‘ക്ലബ്ബിന് സംഭാവന വാങ്ങിയത് സിപിഎം കൈക്കൂലിയാക്കി’; ക്വാറിസമരക്കാര്‍ക്കെതിരെ വ്യാജവീഡിയോപ്രചരണമെന്ന് പരപ്പ നിവാസികള്‍ 

യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാ നടത്തിപ്പില്‍ കാലങ്ങളായി ക്രമക്കേട് നടക്കുന്നുണ്ടെന്നും അധ്യാപകര്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും മുന്‍ പ്രിന്‍സിപ്പാള്‍ മോളി മേഴ്‌സിലിന്‍ വെളിപ്പെടുത്തി. ജയിലില്‍ നിന്ന് പരീക്ഷയെഴുതാന്‍ വന്ന എസ്എഫ്‌ഐ നേതാവിന് ഉത്തരമെഴുതിയ ആന്‍സര്‍ ഷീറ്റ് കൈമാറുന്നത് നേരിട്ട് കണ്ടു. സര്‍വ്വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ല. ഒരിക്കല്‍ പരീക്ഷയ്ക്കിടെ എസ്എഫ്‌ഐ നേതാവ് പുസ്തകം തുറന്ന് ഉത്തരം എഴുതിക്കൊണ്ടിരുന്നത് തടയാനായില്ലെന്നും 2013-14 കാലഘട്ടത്തില്‍ പ്രിന്‍സിപ്പാളായിരുന്ന മോളി മേഴ്‌സിലിന്‍ പറഞ്ഞു.

logo
The Cue
www.thecue.in