‘ക്ലബ്ബിന് സംഭാവന വാങ്ങിയത് സിപിഎം കൈക്കൂലിയാക്കി’; ക്വാറിസമരക്കാര്‍ക്കെതിരെ വ്യാജവീഡിയോപ്രചരണമെന്ന് പരപ്പ നിവാസികള്‍ 
Photo courtesy : CNET TV

‘ക്ലബ്ബിന് സംഭാവന വാങ്ങിയത് സിപിഎം കൈക്കൂലിയാക്കി’; ക്വാറിസമരക്കാര്‍ക്കെതിരെ വ്യാജവീഡിയോപ്രചരണമെന്ന് പരപ്പ നിവാസികള്‍ 

കാസര്‍കോട് പരപ്പ മുണ്ടത്തടം ക്വാറിക്കെതിരെയുള്ള സമരത്തെ ദുര്‍ബലപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതായി സമരസമിതി. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന സമരത്തിന് ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായം എത്തിച്ചിരുന്നവരെ വിലക്കിയതായും നേതാക്കള്‍ക്കെതിരെ കള്ളപ്രചരണം നടത്തി സമരസമിതിയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും സാധുജന പരിഷത്ത് ആരോപിക്കുന്നു. 46 കുടുംബങ്ങളാണ് സമരത്തില്‍ ഉള്ളത്.യുഡിഎഫിന്റെ നേതൃത്വത്തില്‍ പുതിയ ജനകീയ സമരസമിതി രൂപീകരിച്ചിട്ടുണ്ട്. ഇതൊടെ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികള്‍ ആ സമരസമിതിക്കൊപ്പമായി.

സമരത്തെ എല്ലാ രീതിയിലും ഒതുക്കാന്‍ ശ്രമിക്കുന്നുണ്ട്. യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ സമരസമിതി രൂപീകരിച്ചത് സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും ഒന്നിച്ച് ആ സമിതിക്ക് ഒപ്പം നില്‍ക്കുകയാണ്. സമുദായ സംഘടനയുടെ നേതാവ് സമരം നിര്‍ത്താന്‍ ആ സമുദായത്തിലുള്ള അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അനീഷ് പയ്യന്നൂര്‍, സാധുജന പരിഷത്ത് 

ക്വാറിക്കും പുതുതായി തുടങ്ങുന്ന ക്രഷര്‍ യൂണിറ്റിനുമെതിരെ പ്രദേശവാസികളായ ആദിവാസകളും സാധുജന പരിഷത്തുമാണ് സമരം നടത്തുന്നത്. സമരം ശക്തമായ ഘട്ടത്തില്‍ ജില്ലാ കളക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ക്വാറിയുടെ പ്രവര്‍ത്തനം മഴക്കാലം കഴിയുന്നത് വരെ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. സ്‌കൂള്‍ സമയത്ത് ക്വാറിയില്‍ നിന്നുള്ള കരിങ്കല്ലുള്‍പ്പെടെ വാഹനങ്ങളില്‍ കൊണ്ടു പോകരുതെന്നും നിര്‍ദേശിച്ചിരുന്നു. യോഗത്തിന്റെ മിനിറ്റ്‌സില്‍ ഇവ രേഖപ്പെടുത്തിയില്ലെന്നാണ് സമരസമിതി ആരോപിക്കുന്നത്.

ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നത്. സ്‌കൂള്‍ സമയത്ത് കരിങ്കല്ല് കൊണ്ടുപോകരുതെന്ന നിര്‍ദേശം മാത്രം പാലിക്കുന്നുള്ളുവെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധ വിജയന്‍ പറയുന്നു. യോഗത്തിലെ തീരുമാനങ്ങള്‍ മിനിറ്റിസില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോഴും പാറ പൊട്ടിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം കളക്ട്രറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

സിപിഎം അംഗം കൂടിയായ സമരസമിതി നേതാവ് രാധ വിജയന്‍ ക്വാറി ഉടമ സി നാരായണന്റെ വീട്ടിലെത്തി പണം കൈപ്പറ്റുന്നതായി ആരോപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. 'സമരപന്തലിലെ വനിത ഉടമയുടെ വീട്ടിലെത്തി പണം വാങ്ങുന്ന സിസിടിവി ദൃശ്യം പുറത്ത്' എന്ന അടിക്കുറിപ്പോടെ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചത് സമരക്കാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് സമരസമിതി ചൂണ്ടിക്കാണിക്കുന്നത്. 2017ല്‍ നവജീവന്‍ എന്ന ക്ലബിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പതിനായിരം രൂപ സംഭാവന വാങ്ങുന്നതിന്റെ ദൃശ്യമാണിതെന്നാണ് രാധാവിജയനും ക്ലബ് ഭാരവാഹികളും പറയുന്നത്.

ഇന്ന് വരെ ആരോടും പത്ത് രൂപ വാങ്ങാന്‍ പോയിട്ടില്ല. നല്ല പോലെ അധ്വാനിച്ചാണ് ജീവിക്കുന്നത്. സമരത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ക്ലബിന്റെ പരിപാടിയുടെ സ്‌പോണസറായിരുന്നു ക്വാറി ഉടമ. സമ്മാനങ്ങളും അവര്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. അതിന്റെ നോട്ടീസും രസീതും കൈവശമുണ്ട്. ക്ലബ് വൈസ് പ്രസിഡന്റിന്റെ കൂടെയാണ് പോയത്. 

രാധ വിജയന്‍  

ക്ലബിന് പണം നല്‍കിയ രസീത് 
ക്ലബിന് പണം നല്‍കിയ രസീത് 

ആറ് വര്‍ഷം മുമ്പ് തുടങ്ങിയ ക്വാറിക്കെതിരെ സമരം ചെയ്യുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണെന്ന് ഉടമയും സമരക്കാര്‍ക്ക് പിന്നില്‍ തീവ്രവാദ ശക്തികളുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. സമത്തിനെതിരെ പ്രചരിക്കുന്ന വീഡിയോയില്‍ സിപിഎം പ്രാദേശിക നേതാക്കളും പഞ്ചായത്ത് ഭരണസമിതിയുമാണ് ഇക്കാര്യം ഉന്നയിക്കുന്നത്. പാര്‍ട്ടി അംഗം കൂടിയായ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ള സമരസമിതി നേതാക്കള്‍ പണം വാങ്ങുന്നതിന് വേണ്ടിയാണ് സമരം നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു.

ഇതിനിടെ അഭിഭാഷകന്റെ നേതൃത്വത്തില്‍ സമരം ഒത്തുതീര്‍ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ള പ്രശ്‌നം ക്വാറി ഉടമ പരിഹരിക്കുമെന്നും വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുമെന്നുമാണ് വാഗ്ദാനം. പിന്‍മാറാന്‍ സാമ്പത്തിക വാഗ്ദാനമുണ്ടെന്നും സമരസമിതി നേതാക്കള്‍ പറയുന്നു.

താല്‍കാലികമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇവിടെയുള്ള മനുഷ്യര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നഷ്ടം അവര്‍ക്കല്ല. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശമാണിത്. ഈ കുടുംബങ്ങളെ വഞ്ചിച്ച് പണം വാങ്ങി പോകാനല്ല സമരം തുടങ്ങിയത്.

അനീഷ് പയ്യന്നൂര്‍

കഴിഞ്ഞ മാസം സിപിഎം പ്രാദേശിക നേതൃത്വം സമരപന്തലിലെത്തി പിന്തുണ അറിയിച്ചിരുന്നുവെന്ന് സമരസമിതി അവകാശപ്പെടുന്നു. സമരക്കാര്‍ തീവ്രവാദികളാണ് ആരോപണമുന്നയിച്ച പഞ്ചായത്ത് ഭരണസമിതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചുവെന്നും അറിയിച്ചങ്കെിലും പിന്നീട് പ്രാദേശിക നേതൃത്വവും പിന്തുണച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.

2013ലാണ് ക്വാറിക്ക് ലൈസന്‍സ് നല്‍കിയത്. വര്‍ഷം തോറും പുതുക്കുമ്പോള്‍ പ്രദേശവാസികള്‍ പരാതി അറിയിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ക്രഷര്‍ യൂണിറ്റ് തുടങ്ങാനുള്ള അപേക്ഷ സമര്‍പ്പിച്ചപ്പോളാണ് സമരം തുടങ്ങിയത്. ആ പ്രദേശത്തുള്ളവരല്ല സമരത്തിലുള്ളതെന്നാണ് ഭരണസമിതിയുടെ ആരോപണം. ബാഹ്യശക്തികള്‍ സമരത്തിന് പിന്തുണ നല്‍കുന്നതില്‍ ആശങ്കയുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിനോട് ആവശ്യപ്പെടുമെന്നായിരുന്നു ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം. ഇതിനായി ജില്ലാഭരണകൂടം കത്തെയച്ചെങ്കിലും പഠനത്തിനാവശ്യമായ വിദഗ്ധരില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in