'ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട, രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താകും ?'; ധര്‍മജന്‍ ബോള്‍ഗാട്ടി

'ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട, രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താകും ?'; ധര്‍മജന്‍ ബോള്‍ഗാട്ടി

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. രാഹുല്‍ ഗാന്ധിയെ പോലുള്ള ദേശീയ നേതാവ് നമ്മുടെ നാട്ടില്‍ വന്ന് മത്സരിച്ചത് നമുക്ക് വലിയ അഭിമാനം തോന്നേണ്ട കാര്യമാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഓഫിസ് അടിച്ചു തകര്‍ത്തത് മോശപ്പെട്ട പ്രവര്‍ത്തിയാണെന്ന് ധര്‍മജന്‍ 24 ന്യൂസിനോട് പറഞ്ഞു.

'ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയിടമാണ് ഓരോ പൊതുപ്രവര്‍ത്തകന്റെ ഓഫിസും. രാഹുല്‍ ഗാന്ധിയെ പോലുള്ള ദേശീയ നേതാവ് നമ്മുടെ നാട്ടില്‍ വന്ന് മത്സരിച്ചത് നമുക്ക് വലിയ അഭിമാനം തോന്നേണ്ട കാര്യമാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഓഫിസ് അടിച്ചു തകര്‍ത്തത് മോശപ്പെട്ട പ്രവര്‍ത്തിയാണ്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമൊക്കെയാണ്. അങ്ങനൊരു നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും ?', ധര്‍മജന്‍ പറഞ്ഞു.

പരിസ്ഥിതി ലോല പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാാജി, എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്.

അക്രമത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്ത് കെ.ആറിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. അവിഷിത്ത് തന്റെ സ്റ്റാഫ് അംഗമല്ലെന്നും ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായെന്നും മന്ത്രി വ്യക്തമാക്കി.

കേസില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി . കേസില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in