പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹങ്ങളെ ചൊല്ലി വിവാദം; വിമര്‍ശനം ശക്തം

പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹങ്ങളെ ചൊല്ലി വിവാദം; വിമര്‍ശനം ശക്തം

Published on

പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭം വിവാദത്തില്‍. സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന വിധത്തിലാണ് അശോകസ്തംഭത്തിന്റെ രൂപകല്‍പ്പന. ഇതാണ് വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളത്. എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത സിംഹങ്ങള്‍ക്ക് നരഭോജികളുടെ രൂപമാണുള്ളതെന്ന് ആര്‍.ജെ.ഡി വിമര്‍ശിച്ചു. ഇതിനെതിരെ ആര്‍.ജെ.ഡി ട്വീറ്റ്‌ചെയ്തു.

പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് വഴി ഭരണഘടന ലംഘനമാണ് നടത്തിയതെന്ന് സി.പി.ഐ.എം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയും ഇറക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ട്വിറ്ററില്‍ പഴയ അശോക സ്തംഭത്തിന്റെയും പുതിയതിന്റെയും ചിത്രം പങ്കുവെച്ചിരുന്നു. പ്രശാന്ത് ഭൂഷണും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി.

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ ഇറക്കിയ പ്രസ്താവന

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണ്. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേര്‍തിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നത്. എക്‌സിക്യൂട്ടീവിന്റെ തലവനാണ് പ്രധാനമന്ത്രി.

നിയമങ്ങള്‍ നിര്‍മ്മിക്കുക, എക്‌സിക്യൂട്ടീവിനെ പരിശോധനാവിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് പ്രവര്‍ത്തിക്കാന്‍ അതിന്റേതായ സ്വതന്ത്ര രീതിയുണ്ട്. ഈ മൂന്ന് വിഭാഗങ്ങള്‍ക്ക് ഭരണഘടന വേര്‍തിരിച്ചു നല്‍കിയ അധികാരങ്ങളെ ഇകഴ്ത്തുകയാണ് എക്‌സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തത്. മാത്രമല്ല ചടങ്ങില്‍ പ്രധാനമന്ത്രി പൂജ നടത്തുകയും ചെയ്തു.

എല്ലാ ഇന്ത്യാക്കാര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാവാത്ത അവകാശമാണ്. അതേസമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന അസനിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുമെന്നും ഉയര്‍ത്തിപിടിക്കുമെന്നും അധികാരമേല്‍ക്കുമ്പോള്‍ എടുത്ത സത്യപ്രതിജ്ഞ കര്‍ക്കശമായി പാലിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാകണം.

logo
The Cue
www.thecue.in