കെ വി തോമസിനെ പദവികളില്‍ നിന്ന് നീക്കാന്‍ ശുപാര്‍ശ; പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് തോമസ്

കെ വി തോമസിനെ പദവികളില്‍ നിന്ന് നീക്കാന്‍ ശുപാര്‍ശ; പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് തോമസ്

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ പാര്‍ട്ടിയില്‍ നടപടിക്ക് ശുപാര്‍ശ. കെ.വി. തോമസിനെ പദവികളില്‍ നിന്ന് നീക്കാനും താക്കീത് നല്‍കാനുമാണ് അച്ചടക്ക സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നിലവില്‍ എ.ഐ.സി.സിയിലും രാഷ്ട്രീയകാര്യ സമിതിയിലും അംഗമാണ് കെ.വി. തോമസ്.

കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശുപാര്‍ശ സോണിയ ഗാന്ധിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം നടപടി പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

എന്നാല്‍ നേതൃത്വം എന്ത് തീരുമാനമാണ് എടുക്കുന്നത് എന്ന് കാത്തിരിക്കുകയാണ് താന്‍ എന്നാണ് കെ വി തോമസ് പറഞ്ഞത്. താന്‍ എല്ലാ കാലത്തും കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

'അച്ചടക്ക സമിതി കൂടി, അവര്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തു. അവരുടെ ശുപാര്‍ശ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ മുന്നിലാണ്. പ്രസിഡന്റാണ് തീരുമാനം എടുക്കുന്നത്. ഞാന്‍ അതിനിടയില്‍ എന്നെകൂടി കേള്‍ക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാം. പലരും പലതും പറയുന്നുണ്ട്, അതിനൊന്നും മറുപടി പറയാന്‍ ഇപ്പോള്‍ പറ്റില്ലല്ലോ. നടപടിയെന്താണെന്ന് വരട്ടെ, ഞാന്‍ എല്ലാ കാലവും കോണ്‍ഗ്രസ് കാരനായിരിക്കും. അത് മാറ്റാന്‍ പറ്റില്ലല്ലോ. നിലപാടുകളില്‍ ഉറച്ചു നില്‍ക്കും. യാതൊരു വ്യത്യാസവുമില്ല. എനിക്ക് ഒറ്റ വാക്കേ ഉള്ളു,' കെ.വി. തോമസ് മാധ്യമങ്ങളോട് മറുപടി പറഞ്ഞു.

സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയ സെമിനാറില്‍ കെ.വി. തോമസ് പങ്കെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്നായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കെ.വി. തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചത്. എ.കെ. ആന്റണി അധ്യക്ഷനായ അഞ്ച് അംഗ സമിതിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in