'സംസ്ഥാനത്തെ പഴിച്ചതുകൊണ്ട് തീരുന്നതല്ല ജനങ്ങളുടെ ദുരിതം'; ഇന്ധനവിലയില്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

'സംസ്ഥാനത്തെ പഴിച്ചതുകൊണ്ട് തീരുന്നതല്ല ജനങ്ങളുടെ ദുരിതം'; ഇന്ധനവിലയില്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാത്തതിനാലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളെ അകാരണമായി പഴിച്ചതുകൊണ്ട് തീരുന്നതല്ല ജനങ്ങളുടെ ഇന്ധനവില ദുരിതം. ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും നികുതി വര്‍ധിപ്പിക്കാത്ത കേരളത്തെ പരാമര്‍ശിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.

ഇന്ധനവിലയില്‍ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിന്റെ സ്ഥിതി അറിയാവുന്ന ഭരണാധികാരിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നേരത്തെ ധനമന്ത്രി കെ.എന്‍ ബാലഗോപാലും എതിര്‍പ്പറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാത്തതിനാലാണ് പെട്രോള്‍, ഡീസല്‍ വില കുറയാത്തതെന്ന പ്രധാനമന്ത്രിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരു തവണ കുറച്ചു. കേന്ദ്ര സെസും ഡിസ്ചാര്‍ജും ലക്കും ലഗാനുമില്ലാതെ കൂടിയതാണ് ഇന്ധനവില ഉയരാന്‍ കാരണം. ഇത് നിര്‍ത്തിയാല്‍ ഇന്ധന വില കുറയും. അല്ലാതെ ചില സംസ്ഥാനങ്ങളെ മാത്രം കുറ്റപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ ശ്രമം അങ്ങേയറ്റം ഖേദകരമാണെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഇന്ധന നികുതിയില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതം വെയ്ക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ധനവിലയുടെ ഗണ്യമായ ഭാഗം സെസും സര്‍ചാര്‍ജുമാണ്. ഇത് മൂന്നു രൂപയില്‍നിന്ന് 31 രൂപയാക്കി. ഇതില്‍ ഒരു രൂപപോലും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ല.

സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്ന നികുതിയുടെ 1.92 ശതമാനമാണ് കേരളത്തിന് അനുവദിക്കുന്നത്. 3.5 ശതമാനമുണ്ടായിരുന്നത് വെട്ടിക്കുറയ്ക്കുകയായിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരവും ജൂണ്‍ 30നു നിലയ്ക്കും. ഇത്തരത്തില്‍ വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന സംസ്ഥാനത്തെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രധാനമന്ത്രി നോക്കുന്നതെന്നാണ് കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്. ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ചില സംസ്ഥാനം ഇന്ധന നികുതി കുറച്ചെന്ന് അവകാശപ്പെടുന്നു. ഇവര്‍ക്ക് കേന്ദ്ര നികുതിയിലെ ഉയര്‍ന്ന വിഹിതം ലഭിക്കുന്നത് ചര്‍ച്ചയാകുന്നില്ലെന്നും ബാലഗോപാല്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ എക്‌സൈസ് തീരുവ കുറയ്ക്കാത്തത് കൊണ്ട് സാധാരണക്കാരന് വലിയ ദുരിതമാണെന്നാണ് മോദി പ്രറഞ്ഞത്. മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

തമിഴ്‌നാട്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നവംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇപ്പോള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in