നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, അതോ മത സംഘടനയോ?, ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, അതോ മത സംഘടനയോ?, ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
Published on

വഖഫ് ബോര്‍ഡ് നിയമനത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് തന്നെയാണ് തീരുമാനം എടുത്തത് എന്നും ചര്‍ച്ച കഴിയും വരെ പി.എസ്.സി നിയമനം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയില്‍ വഖഫ് പി.എസ്.സിയ്ക്ക് വിടുന്നത് ചര്‍ച്ചയ്ക്ക് വെച്ചപ്പോള്‍ എതിര്‍ക്കാത്തവരാണ് ഇപ്പോള്‍ വികാരം ഇളക്കിവിട്ട് പ്രശ്‌നമുണ്ടാക്കുന്നത്. മുസ്ലിമിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ ബില്‍ ചര്‍ച്ച ചെയ്യുന്ന നില വന്നു. അതില്‍ ലീഗ് എം.എല്‍.എമാരും പങ്കെടുത്തിരുന്നു. ഇത് ഇങ്ങനെ പാസായി പി.എസ്.സി നിയമനം വരുമ്പോള്‍ ഇപ്പോള്‍ അവിടെ നിലവില്‍ ജോലി എടുക്കുന്നവരുണ്ട് അവര്‍ക്ക് സംരക്ഷണം കൊടുക്കണം ലീഗ് നേതാക്കന്‍മാര്‍ അന്ന് പറഞ്ഞ അഭിപ്രായം. ഇപ്പോള്‍ ഉള്ളവര്‍ക്ക് സംരക്ഷണം കൊടുത്തുകൊണ്ട് പി.എസ്.സി നിയമനം ആകാമെന്നല്ലേ ലീഗ് പറഞ്ഞതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ ബില്‍ ചര്‍ച്ച ചെയ്യുന്ന നില വന്നു. അതില്‍ ലീഗ് എം.എല്‍.എമാരും പങ്കെടുത്തിരുന്നു. ഇത് ഇങ്ങനെ പാസായി പി.എസ്.സി നിയമനം വരുമ്പോള്‍ ഇപ്പോള്‍ അവിടെ നിലവില്‍ ജോലി എടുക്കുന്നവരുണ്ട് അവര്‍ക്ക് സംരക്ഷണം കൊടുക്കണം ലീഗ് നേതാക്കന്‍മാര്‍ അന്ന് പറഞ്ഞ അഭിപ്രായം.

എല്ലാ ജനാധിപത്യപ്രക്രിയയും പൂര്‍ത്തീകരിച്ചു. അതിന് ശേഷമാണ് ഇതൊരു വികാരപരമായ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുന്നത്.

മുസ്‌ലിം ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു, ലീഗിന് എന്താണോ ചെയ്യാന്‍ ഉള്ളത് അതു ചെയ്തു കാണിക്ക്, ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ല. നിങ്ങള്‍ ഇത്തരം വിതണ്ട വാദവുമായി മുന്നോട്ടുവന്നെന്നു പറഞ്ഞ് ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ നിന്ന് മാറുമെന്ന് ആരും കരുതണ്ട.

നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ആണോ അല്ല, ഒരു മത സംഘടനയാണോ? അത് നിങ്ങള്‍ ആദ്യം തീരുമാനിക്കണം. നാട്ടിലെ മുസ്ലീമിന്റെ ശാക്തീകരണമെടുത്ത് പരിശോധിച്ചാല്‍ എവിടെയാ മുസ്ലിമെന്ന് ലീഗിന് മനസിലായിട്ടുണ്ടോ? നിങ്ങള്‍ മുസ്ലീമിന്റെ ആകെ അട്ടിപ്പേറവകാശം പേറികൊണ്ട് നടക്കുകയാണോ?

വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചത് വഖഫ് ബോര്‍ഡ് ആണ്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ആ ചര്‍ച്ചയില്‍ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഉള്ള ആളുകളുടെ ജോലി സംരക്ഷിക്കണം എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. ജിഫ്രി തങ്ങളോടും കാന്തപുരത്തോടും ചര്‍ച്ച നടത്തി. അവര്‍ക്ക് കാര്യം മനസ്സിലായി. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയും ഇല്ല. ഇപ്പോള്‍ എന്തായാലും നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല. എല്ലാവരുമായും കൂടെയാലോചിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട്‌പോകൂ.

ഞങ്ങളുടെ കൂടെയും മുസ്‌ലിം വിഭാഗക്കാര്‍ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എല്‍.ഡി.എഫിന് ഉണ്ടായ വളര്‍ച്ച നോക്കൂ, ആ വോട്ടിങ് പാറ്റേണ്‍ നോക്കിയാല്‍ മനസിലാകില്ലേ...?

Related Stories

No stories found.
logo
The Cue
www.thecue.in