എന്നെ പിന്തുണച്ചവര്‍ക്കും സിനിമയില്‍ അവസരമില്ലാതായി; പലരുടെയും നിലപാട് മാറ്റം വിഷമിപ്പിച്ചുവെന്ന് ഭാവന

എന്നെ പിന്തുണച്ചവര്‍ക്കും സിനിമയില്‍ അവസരമില്ലാതായി;  
പലരുടെയും നിലപാട് മാറ്റം വിഷമിപ്പിച്ചുവെന്ന് ഭാവന

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പലരും കൂടെ നിന്നെങ്കിലും പിന്നീട് നിലപാട് മാറ്റിയപ്പോള്‍ പ്രയാസം തോന്നിയെന്ന് ഭാവന. ദ ന്യൂസ്മിനുറ്റ് എഡിറ്റര്‍ ധന്യ രാജേന്ദ്രന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. വുമണ്‍ ഇന്‍ സിനിമാ കളക്ടവീവ് കൂടെ നിന്നുവെന്നും അതുകൊണ്ട് അവരില്‍ പലര്‍ക്കും ഇപ്പോള്‍ സിനിമയില്‍ അവസരമില്ല എന്നുള്ളത് വേദനിപ്പിക്കുന്നതാണെന്നും ഭാവന പറഞ്ഞു. സ്ത്രീ സൗഹൃദങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും പരാതി നല്‍കാന്‍ സഹായിച്ചതില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിനോട് നന്ദിയുണ്ടെന്നും ഭാവന.

ഭാവനയുടെ വാക്കുകള്‍

'ആ സംഭവത്തിന് ശേഷം മലയാള ഫിലിം ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഒത്ത് ചേര്‍ന്ന് കൊച്ചിയില്‍ ഒരു പരിപാടി സംഘടിപ്പിച്ച് എനിക്ക് പിന്തുണ നല്‍കിയപ്പോള്‍ സത്യത്തില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു. പക്ഷേ പിന്നീട് ആളുകള്‍ നിലപാട് മാറ്റി. സത്യം പറയുമെന്ന് പറഞ്ഞവര്‍ പോലും പിന്നോട്ട് പോയി.

അതൊക്കെ വ്യക്തിപരമായ താത്പര്യമാണ്. ആര്‍ക്ക് മേലെയും ഞാന്‍ വിരല്‍ ചൂണ്ടുന്നില്ല. എല്ലാ ദിവസവും ആരൊക്കെ എന്നെ പിന്തുണക്കും ആരൊക്കെ പിന്തുണക്കില്ല എന്നാലോചിച്ച് എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റില്ലല്ലോ. മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത് എനിക്ക് എളുപ്പമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ എനിക്കതിന് സാധിക്കും

എന്റെ സ്ത്രീസൗഹൃദങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എനിക്കൊപ്പം തന്നെ നിന്നു. എന്നെ പിന്തുണച്ചത് കൊണ്ട് ഈ സ്ത്രീകള്‍ക്കും സിനിമയില്‍ അവസരം നഷ്ടമായി എന്നത് വേദനാജനകമാണ്.

ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ്പ ബാലന്‍, ഷഫ്‌ന എന്നിവരോടെല്ലാം ഞാന്‍ മിക്കവാറും ദിവസവും സംസാരിക്കും.

രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റി രഞ്ജു രഞ്ജിമാര്‍, ജീന, ഭാഗ്യലക്ഷ്മി, എന്നിവരെല്ലാം എനിക്ക് വലിയ സ്‌നേഹവും പിന്തുണയും തന്നു.

അഞ്ജലി മേനോനും ദീദി ദാമോദരനുമൊക്കെ എന്റെ ബലമാണ്. സഹപ്രവര്‍ത്തകരായ മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിത നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായ്, കനി കുസൃതി എന്നിവരെല്ലാം എനിക്കൊപ്പം നിന്നവരാണ്.

പിടി തോമസിനോടും എനിക്ക് വളരെ നന്ദിയുണ്ട്. അദ്ദേഹമാണ് പരാതി കൊടുക്കാന്‍ എന്നെ സഹായിച്ചത്.

നിരവധി പേര്‍ മലയാള സിനിമയിലേക്ക് എന്നെ തിരിച്ച് വിളിച്ചിരുന്നു. പൃഥ്വിരാജ്, സംവിധായകന്‍ ജിനു എബ്രഹാം, ഷാജി കൈലാസ് എന്നിവര്‍ എന്നെ സമീപിച്ചിരുന്നു. നടന്‍ ബാബുരാജ് ബംഗളുരുവില്‍ വന്ന് എന്നെ കണ്ട് ഇതില്‍ നിന്നെല്ലാം പുറത്ത് കടന്ന് മുന്നോട്ട് വരണമെന്ന് പറഞ്ഞിരുന്നു.

എനിക്ക് വേണ്ടി ബംഗളുരുവിലേക്ക് ഷൂട്ടിംഗ് മാറ്റാം എന്ന് പോലും അനൂപ് മേനോന്‍ പറഞ്ഞു. നടന്‍ നന്ദു, സംവിധായകന്‍ ഭദ്രന്‍, ഹരിഹരന്‍ എന്നിവരെല്ലാം കൂടെ നിന്നു. ജയസൂര്യ എന്റെ പിറന്നാള്‍ ദിവസം കേക്കുമായി വീട്ടില്‍ വന്ന് എന്നെ കുറേ ഇന്‍സ്പയര്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in