
ഒരു കുന്നംകുളത്തില്‍ മാത്രം ഒതുങ്ങില്ല പൊലീസ് മര്‍ദ്ദനത്തിന്റെ കഥകള്‍ എന്ന് വ്യക്തമാകുകയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍. കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചിയിലെ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും പൊലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നു. പൊലീസ് നല്‍കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ വിവരാവകാശ യുദ്ധത്തിലൂടെ ലഭിച്ച വീഡിയോയാണ് ഇതും. കൊല്ലം കണ്ണനല്ലൂര്‍ സിഐ അകാരണമായി ഉപദ്രവിച്ചുവെന്ന് ഫേസ്ബുക്കിലൂടെ പറഞ്ഞത് സിപിഎം ലോക്കല്‍ സെക്രട്ടറി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു കേസിന്റെ മധ്യസ്ഥത സംസാരിക്കാന്‍ എത്തിയപ്പോള്‍ സിഐ ഉപദ്രവിച്ചുവെന്ന് സജീവ് എന്ന ലോക്കല്‍ സെക്രട്ടറി വെളിപ്പെടുത്തുന്നു.
അതിന് ശേഷം പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ ജയകൃഷ്ണന്‍ തണ്ണിത്തോട് 2012ല്‍ തനിക്ക് നേരിട്ട പൊലീസ് മര്‍ദ്ദനത്തിന്റെ കഥ ഫേസ്ബുക്കില്‍ കുറിച്ചു. ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ പത്ത് പേജില്‍ അധികം വരുമെന്ന് അദ്ദേഹം പറയുന്നു. മധു ബാബുവെന്ന ആ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്നത്തെ പത്തനംതിട്ട എസ്പി ഹരിശങ്കര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ല. അതിന് കാരണവും അറിയില്ല.
അതായത് ഏത് മുന്നണി ഭരിച്ചാലും പൊലീസിന് ഒറ്റ സ്വഭാവമേയുള്ളു. അത് പലപ്പോഴും പുറത്തെടുക്കുകയും ചെയ്യും. കൂത്തുപറമ്പ് സംഭവത്തില്‍ പ്രതിഷേധിച്ച താനടക്കമുള്ളവരെ പൊലീസ് മര്‍ദ്ദിച്ചതിനെക്കുറിച്ച് മന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കതിനക്കുറ്റിയില്‍ തുണി ചുറ്റി ഇടിച്ച് വാരിയെല്ല് ഒടിച്ചതിനെക്കുറിച്ച്. പൊലീസ് എപ്പോഴും ഒരു ഭരണകൂട ഉപകരണമാണെന്ന് മന്ത്രി സമ്മതിക്കുന്നുണ്ട്. അത് അറിയാവുന്ന ഭരണകൂടത്തിന് പൊലീസിന്റെ സ്വഭാവം മാറ്റാന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.
പൊലീസിനെ എന്തുകൊണ്ട് പ്രൊഫഷണലാക്കാന്‍ കഴിയുന്നില്ല എന്നത്. അതോ കുന്നംകുളം സംഭവത്തില്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതുപോലെ താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് സേനയുടെ മനോവീര്യത്തിന്റെ ജാമ്യമെടുക്കാനാണോ ഉദ്ദേശിക്കുന്നതെന്നതും വ്യക്തമാക്കേണ്ടതുണ്ട്.