പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ്; തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് ധാരണ

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ്; തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് ധാരണ

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പുതിയ പാര്‍ട്ടിയുടെ പേരും അടയാളവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി. വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും, ബിജെപിയുമായി സീറ്റ് ധാരണയുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റിലും മത്സരിക്കുമെന്നും അമരീന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ പുതിയ പാര്‍ട്ടിയിലെത്തിച്ചേരുമെന്ന് അമരീന്ദര്‍ വ്യക്തമാക്കി. സഖ്യ രൂപീകരണം സംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി നാളെ ചര്‍ച്ച നടത്തുമെന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം. നവജ്യോത് സിങ് സിദ്ദു ഏത് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചാലും അവിടെ തന്റെ പാര്‍ട്ടി മല്‍സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തിയിരുന്നു. പഞ്ചാബില്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ അമരീന്ദര്‍ ഉപാധിയും മുന്നോട്ട് വെച്ചിരുന്നു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു വാഗ്ദാനം. നവംബറോടെ കര്‍ഷക സമരത്തിന് പരിഹാരമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് അമരീന്ദറിന്റെ അടുത്ത വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ, ഹൈക്കമാന്‍ഡുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in