അഭിനന്ദിക്കേണ്ടത് സിനിമ കാണുന്ന ആള്‍ക്കൂട്ടത്തെ, ഒരു സിനിമയിലും അഭിനയിച്ച് തൃപ്തി വന്നിട്ടില്ല: ഫഹദ് ഫാസില്‍ അഭിമുഖം

അഭിനന്ദിക്കേണ്ടത് സിനിമ കാണുന്ന ആള്‍ക്കൂട്ടത്തെ, ഒരു സിനിമയിലും അഭിനയിച്ച് തൃപ്തി വന്നിട്ടില്ല: ഫഹദ് ഫാസില്‍ അഭിമുഖം
photo vishnu thandassery
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമാറ്റോഗ്രാഫറിനെ ഫോര്‍ട്ട് കൊച്ചിയില്‍ കൊണ്ടുപോയി, ഒരു വര്‍ഷത്തോളം വിടാതെ പിടിച്ചുനിര്‍ത്തിയത് കൊണ്ടാണ് രാജീവേട്ടന്‍ ആ പടം ചെയ്തത്. എന്റെ കരിയറിലെ എല്ലാ സിനിമകളും സംഭവിക്കുകയായിരുന്നു. 
Q

നമ്മളീ സംസാരിക്കുന്ന സമയത്ത് ദശാബ്ദത്തിന്റെ മലയാള സിനിമ എന്നൊന്ന് കൂടി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എനിക്കതിന്റെ ഒരു മുഖചിത്രം പോലെ തോന്നിയിട്ടുണ്ട് ഫഹദിനെ. ഫഹദിന്റെ പത്ത് വര്‍ഷം മലയാള സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വര്‍ഷം കൂടിയാണ്. അങ്ങനെ ചിന്തിച്ച് നോക്കിയിട്ടുണ്ടോ?

A

ഞാനെപ്പോഴും ആലോചിക്കാറുണ്ട്. ഇവിടെ ജനിച്ചത് കൊണ്ടാണ് എനിക്ക് ഇങ്ങനത്തെ സിനിമ ചെയ്യാന്‍ സാധിച്ചത്. ഞാന്‍ മലയാളത്തിന്റെ ഭാഗമായത് കൊണ്ടാണ്. ചാപ്പാ കുരിശായാലും, ഡയമണ്ട് നെക്ലേസായാലും, തൊണ്ടിമുതലായാലും മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടില്ല. എല്ലാ പടങ്ങളുടെയും റൈറ്റ്സ് പോയിട്ടുണ്ട്. ചില സിനിമകള്‍ റീമേക് ചെയ്യപ്പെട്ടെങ്കിലും ആ ഭാഷകളില്‍ സ്വീകരിക്കപ്പെടാതെ പോവുകയും ചെയ്തിട്ടുണ്ട്. ഇവിടെ, മലയാളത്തില്‍ സിനിമ ചെയ്യാന്‍ പറ്റിയതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഇവിടെ മാത്രം സിനിമ ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നോക്കുകയാണെങ്കില്‍ മലയാള സിനിമ മാത്രമല്ല കാഴ്ചക്കാരും മാറിയിട്ടുണ്ട്. ഇന്നാണ് ചാപ്പാക്കുരിശ് ചെയ്യുന്നതെങ്കില്‍ കുറച്ചുകൂടി വലിയ ബജറ്റിലുള്ള സിനിമയാകുമായിരുന്നു അത്. ആളുകള്‍ ഒരു പുതിയ ദൃശ്യാനുഭവത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും തോന്നിയിട്ടുണ്ട്. ആ ടൈമിലാണ് ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ ഒക്കെ വന്നത്. ഇന്ത്യ ചര്‍ച്ച ചെയ്യുന്ന ഒരു പടമെങ്കിലും പിന്നെ മലയാളത്തില്‍ ഉണ്ടായി തുടങ്ങി. 2010 തൊട്ട് ഇത് കാണാം. അതിന് ഏറ്റവുമധികം അഭിനന്ദിക്കേണ്ടത് സിനിമ കാണുന്ന ആള്‍ക്കൂട്ടത്തെയാണ്. ഇവിടെ മാത്രമുണ്ടായ മാറ്റമല്ല. ആഗോള തലത്തില്‍ തന്നെ മാറ്റമുണ്ടായിട്ടുണ്ട്. അതെല്ലാം ഒരു ഘടകമാണെന്ന് തോന്നി.

Q

കഴിഞ്ഞ ദശാബ്ദത്തിലെ മലയാള സിനിമ ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെയെല്ലാം മുന്‍നിരയില്‍ ഫഹദുണ്ട്. സംവിധായകര്‍ക്ക് ഏത് പരീക്ഷണസിനിമയിലും ധൈര്യത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അഭിനേതാവ് എന്ന നിലയില്‍ ഫഹദുണ്ടായിരുന്നു. അന്നയും റസൂലും, ചാപ്പാക്കുരിശുമൊക്കെ അങ്ങനെ കൂടി സംഭവിച്ചതാണ്. ആ രീതിയല്‍ പത്ത് വര്‍ഷത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ

A

ഞാനങ്ങനെ ആലോചിച്ചിട്ടില്ല. എന്റെ സിനിമകള്‍ എല്ലാവരും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാന്‍ കമേഴ്സ്യല്‍ സിനിമകളാണ് ചെയ്തത്. കമേഴ്സ്യലി സിനിമകള്‍ വിജയിക്കണമെന്നൊരു ആഗ്രഹമാണ് എനിക്കുണ്ടായിരുന്നത്. ഒരു സിനിമ കൊണ്ട് എനിക്ക് അടുത്ത സിനിമ ചെയ്യാനുള്ള സ്പേസ് ഉണ്ടാവുക എന്നത് മാത്രമാണ് എന്റെ ആഗ്രഹം. നത്തോലി കമേഴ്സ്യലി ജയിച്ച പടമല്ല. എന്നാല്‍ അതിന് അകത്ത് കമേഴ്സ്യല്‍ സിനിമയുടെ എല്ലാ ഘടകങ്ങളും ഉണ്ട്. പുതിയൊരു നരേറ്റീവ് പരീക്ഷിക്കുകയായിരുന്നു. ഏത് സിനിമ ചര്‍ച്ച ചെയ്യുമ്പോഴും അത് കുറേക്കൂടി ജനകീയമാക്കുന്നതിനെ പറ്റി കൂടി ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. ശ്യാം സാറുമായി ആര്‍ട്ടിസ്റ്റില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത്, ഞാന്‍ പലപ്പോഴും അഭിപ്രായങ്ങളുമായി ശ്യാം സാറിന്റെയടുത്ത് പോയിരുന്നു. നമ്മള്‍ രണ്ടാളും ഒരേ സിനിമ തന്നെയാണോ ഈ ആലോചിക്കുന്നത് എന്നായിരുന്നു ഒരിക്കല്‍ അദ്ദേഹത്തിന്റെ ചോദ്യം. ആള്‍ക്കൂട്ടത്തിന് വേണ്ടി സിനിമ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. അത് എങ്ങനെയൊക്കെയാവും എന്തൊക്കെയാവും എന്നൊക്കെ കണ്ടറിയണം.

Q

മഹേഷിന് ശേഷം മുന്‍പ് ഫഹദ് അഭിനയിച്ച സിനിമകള്‍, പരാജയപ്പെട്ട സിനിമകള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടിരുന്നില്ലേ. തൊണ്ടിമുതലിന്റെ സമയത്ത് ഫഹദ് കണ്ണുകൊണ്ട് അഭിനയിക്കുന്നുവെന്ന് പറയാന്‍ വേണ്ടി അതിന് മുമ്പുള്ള സിനിമകളിലെ പ്രകടനം കൂടി വിലയിരുത്തുന്നു. അവയില്‍ പല സിനിമകളും തിയേറ്ററിലായിരുന്ന സമയത്ത് ഈ വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.

A

അങ്ങനെ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടോ?, എനിക്കറിയില്ല. എനിക്കിതൊക്കെ സര്‍പ്രൈസ് ആണ്. ഞാനിത്രയൊന്നും ആലോചിക്കാറില്ല. ഒരു സിനിമയ്ക്ക് ഉറപ്പ് കൊടുക്കാന്‍ പോലും ഞാന്‍ ഇത്രയും ആലോചിക്കാറില്ല. ഡയമണ്ട് നെക്ലേസും 22 ഫീമെയ്ല്‍ കോട്ടയവും ഒന്നിന് പുറകെ ഒന്നായി ഷൂട്ട് ചെയ്ത പടങ്ങളാണ്. എനിക്കീ രണ്ട് സിനിമകളും രണ്ട് അനുഭവങ്ങളായിരുന്നു. എന്നാല്‍ എന്റെ അഭിനയത്തില്‍ ഈ രണ്ട് സിനിമകളിലും ആവര്‍ത്തനം വരാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഒരു ഷോട്ട് റിവ്യു വരുമ്പോഴും ഞാന്‍ സംവിധായകനോട് ഇങ്ങനെ ഞാനഭിനയിച്ച് മുന്‍പ് കണ്ടിട്ടുണ്ടോയെന്ന് ചോദിക്കും. ആള്‍ക്കാര്‍ക്ക് ഇതൊരു പുതിയ അനുഭവമായി തോന്നാന്‍ മനപ്പൂര്‍വ്വമായി തന്നെ ഞാന്‍ ശ്രമിക്കാറുണ്ട്. അത് മാത്രമാണ് ഫിലിം മേക്കിങ് പ്രൊസസില്‍ എന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏക എഫര്‍ട്ട്. ഞാനിതെല്ലാം നേരിട്ട് കണ്ടുവെന്നല്ലാതെ അതില്‍ക്കൂടുതല്‍ ഒന്നുമില്ല. നോക്കൂ, അന്നയും റസൂലും ഒരുപക്ഷെ ഞാനില്ലായിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമാറ്റോഗ്രാഫറിനെ ഫോര്‍ട്ട് കൊച്ചിയില്‍ കൊണ്ടുപോയി, ഒരു വര്‍ഷത്തോളം വിടാതെ പിടിച്ചുനിര്‍ത്തിയത് കൊണ്ടാണ് രാജീവേട്ടന്‍ ആ പടം ചെയ്തത്. എന്റെ കരിയറിലെ എല്ലാ സിനിമകളും സംഭവിക്കുകയായിരുന്നു. മഹേഷായാലും, തൊണ്ടിമുതലായാലും ഞാനവിടെ ഉണ്ടായിരുന്നുവെന്നേ ഉള്ളൂ. കുമ്പളങ്ങിയില്‍ സജിയുടെയും അനിയന്മാരുടെയും കാര്യമാണ് ആദ്യമേ ഷൂട്ട് ചെയ്യാന്‍ പോയത്. സജിയായി സൗബിനെ ആദ്യമേ തീരുമാനിച്ചതാണ്. അനിയന്മാരെ തീരുമാനിച്ചിരുന്നില്ല. നസ്രിയ, ദിലീഷ്, ശ്യാം എന്നിവര്‍ നിര്‍മ്മാതാക്കളാണ്. ഒരു പോയിന്റില്‍ ശ്യാം എന്നെ വിളിച്ചിട്ട് പറഞ്ഞു, ഒരു ബാര്‍ബറുടെ റോളുണ്ട്, ചിലപ്പോള്‍ ഞാനത് ചെയ്യേണ്ടി വരും എന്ന്. അതുകഴിഞ്ഞ് പിന്നെ ഷൂട്ട് തുടങ്ങുന്നതിന് ഒരു പത്ത് ദിവസം മുന്‍പാണ് എന്നോട് പറഞ്ഞത്. കൃത്യസമയത്ത് കൃത്യമായ സ്ഥലത്ത് ഞാനുണ്ടായിരുന്നു എന്നല്ലാതെ മറ്റൊന്നും ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ കണ്‍വിന്‍സ് ചെയ്യിക്കാന്‍ പറ്റുന്നത് എന്നെയായിരിക്കും. ട്രാന്‍സിന്റെയൊക്കെ ഇടയിലായിരുന്നത് കൊണ്ട് കുമ്പളങ്ങി ചെയ്യാന്‍ പറ്റുമോയെന്നൊക്കെ എനിക്ക് ഭയങ്കര സംശയമായിരുന്നു.

Q

ഷമ്മിയുടെ കാരക്ടര്‍ ചെയ്യണമെന്ന് തീരുമാനിച്ചത് എന്തൊക്കെ ആലോചനകള്‍ക്കൊപ്പമാണ്?

A

ഞാന്‍ ബോര്‍ഡിങ് സ്‌കൂളിലാണ് പഠിച്ചത്. അതുകൊണ്ട് തന്നെ മിക്ക അവധിക്കും ഞാന്‍ ഫ്രണ്ട്സിന്റെ വീടുകളില്‍ പോകും, അവര്‍ ഞങ്ങളുടെ വീടുകളില്‍ വരും. ചെറുപ്പത്തിലൊക്കെ നമ്മള്‍ കാണുന്ന ഒരു അങ്കിളിന്റെ ഇമേജുണ്ട്. ഷര്‍ട്ടിടാതെ അടുക്കളയില്‍ കൂടിയൊക്കെ നടക്കുന്ന, അത് ഭയങ്കര ഡിസ്റ്റര്‍ബിങ് ഇമേജായിട്ട് അന്ന് തോന്നിയിട്ടുള്ളതാണ്. നമുക്ക് ഏഴെട്ട് വയസുള്ളപ്പോള്‍ അത് എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എവിടെയൊക്കെയോ എനിക്കറിയാവുന്ന, എന്നുവെച്ചാല്‍... അയാളുടെ വീട്ടില്‍ ആര് താമസിച്ചാലും എത്തിനോക്കും എന്ന് പറയുന്നൊരാളെ. ഒരിക്കലും ഷമ്മി എനിക്ക് തീര്‍ത്തും അപരിചിതനായി തോന്നിയില്ല. ഇങ്ങനെയൊരാളുണ്ട് എന്ന് തന്നെ തോന്നി. അങ്ങനെയൊരാളെ അറിയില്ല എന്നേ ഉണ്ടായിരുന്നുള്ളൂ. അതൊക്കെയാവാം കാരണം.

Q

കുമ്പളങ്ങി റിലീസ് ചെയ്ത ശേഷം സജിയെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. ഓണ്‍ലൈന്‍ റിലീസ് ഒക്കെ വന്നപ്പോള്‍ സജി മാറി ഷമ്മി ഹീറോ എന്നതിലേക്ക് വരുന്നു. ഫഹദ് ചെയ്തതും കാരണമാകാം. എന്നാലും ഷമ്മി എന്ന കഥാപാത്രം സെലിബ്രേറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് മനസിലാക്കിയിട്ടുണ്ടോ?

A

എനിക്ക് ഇങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം. സജിയുടെ അനിയന്മാരുടെ കഥയാണ് കുമ്പളങ്ങി. അതില്‍ ഗംഭീരമായിട്ട് എനിക്ക് തോന്നിയിട്ടുള്ളത് സൗബിനും ഭാസിയുമാണ്. എന്നുവെച്ച് ഷെയ്ന്‍ മോശമെന്നല്ല. പക്ഷെ സൗബിന്റെയും ഭാസിയുടെയും വളര്‍ച്ച നേരിട്ട് കണ്ടിട്ടുള്ളതാണ്. അന്നയും റസൂലും ഷൂട്ടിങ് നടക്കുന്ന സമയത്ത് എന്നോട് കഥ പറയാന്‍ വന്നയാളാണ് സൗബിന്‍. അന്ന് റസൂലിന്റെ ഫ്രണ്ട്സിനെ കാസ്റ്റ് ചെയ്യണം. ഞാനും സൗബിനും ബൈക്കില്‍ പോകുന്നത് അന്ന് രാജീവേട്ടന്‍ കണ്ടു. ആ കക്ഷി അഭിനയിക്കുമോയെന്ന് രാജീവേട്ടന്‍ എന്നോട് ചോദിച്ചു. ആ അഭിനയിക്കും എന്ന് ഞാന്‍ പറഞ്ഞു. സൗബിനോട് ഞാനിത് പറയുന്നത് ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ്. ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ് ഇവരുടെ വളര്‍ച്ച. ഭാസി, ഞാന്‍ ചാപ്പാ കുരിശ് ചെയ്ത് തുടങ്ങുമ്പോഴാണ് സിനിമകള്‍ ചെയ്ത് തുടങ്ങുന്നത്. കുമ്പളങ്ങിയിലെ ഷമ്മി, സജിയെയും അനിയന്മാരെയും ഒരുമിപ്പിക്കാന്‍ കാരണമായി വരുന്ന ഒരു വില്ലനാണ്. ഷൂട്ട് ചെയ്യുമ്പോഴാണ് അതിന്റെ ഫണ്‍ ഫാക്ടര്‍ വന്നത്.

കഥ ചര്‍ച്ച ചെയ്യുമ്പോള്‍ മീശ താലോലിക്കുന്നയാള്‍ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കണ്ണാടി നോക്കിയിട്ട് ദി കംപ്ലീറ്റ് മാന്‍ എന്നൊക്കെ പറയുന്നത് ഷൂട്ടിന്റെ സമയത്ത് ഉണ്ടായതാണ്. അത് മനപ്പൂര്‍വമായി ചെയ്തതാണ്. ശ്യാമാണ് കഥാപാത്രത്തെ കുറച്ച് ഫണ്ണി ആക്കണം എന്ന് പറഞ്ഞത്. ഭയം മാത്രമായാല്‍ അത് കാണുന്നവര്‍ക്കിടയില്‍ വര്‍ക്ക് ചെയ്യണം എന്നില്ലെന്ന് തോന്നി. പിന്നീട് ഷമ്മി ആഘോഷിക്കപ്പെട്ടിട്ടുണ്ട്. നമ്മള് പണ്ട് ജോസ് പ്രകാശ് മുതലയ്ക്ക് ഭക്ഷണം ഒക്കെ കൊടുക്കുന്നത് കണ്ടിട്ടില്ലേ. ആ ഒരു ലെവലിലാണ് ഷമ്മിയും പിന്നെ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്.

Q

ഷമ്മിക്ക് ആരാധകരുണ്ടാവുന്നുണ്ട് എന്ന് കരുതുന്നുണ്ടോ?

A

ഷമ്മിക്ക് ആരാധകരുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു ആക്ടര്‍ ഒരു കഥാപാത്രത്തെ ചെയ്ത രീതിയില്‍ ആരാധനയുണ്ടാവാം. പിന്നെ ഭയങ്കര വൃത്തികേടല്ലേ. ചേച്ചിയും അനിയത്തിയും സംസാരിച്ച് കൊണ്ടിരിക്കുന്ന മുറിക്കകത്തേക്ക് ചെന്നിട്ട് എന്നെപ്പറ്റിയാണോ എന്നൊക്കെ ചോദിക്കുന്നത്. അങ്ങനെയൊരാളെ ആളുകള്‍ ആരാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. രഹസ്യമായിട്ട് പോലും ആരാധിക്കുമെന്ന് തോന്നുന്നില്ല. മലയാളികള്‍ കളിയാക്കുന്ന ലെവലില്‍ മാത്രമാണ് അത് കാണുന്നതെന്നാണ് ഞാന്‍ കരുതുന്നത്.

Q

ഫഹദ് ആ കാരക്ടറില്‍ ഒരു മിനിമലിസം കൊണ്ടുവന്നതിനെക്കുറിച്ച് ഉണ്ണിമായ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. കുമ്പളങ്ങിയില്‍ ചേച്ചിയും അനിയത്തിയും സംസാരിച്ച് കൊണ്ടിരിക്കുന്ന മുറിക്കകത്തേക്ക് വരാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നെയത് വാതില്‍പ്പടിയില്‍ കഴുത്തുനീട്ടി നില്‍ക്കുന്ന രീതിയില്‍ ചെയ്യാമെന്ന് ഫഹദ് പറഞ്ഞതിനെക്കുറിച്ച്?

A

അതെയതെ.. അതെനിക്കോര്‍മ്മയുണ്ട്. ആദ്യം ഷമ്മി അടുക്കളയില്‍ കയറിവന്ന് അവിടെ നിന്ന് എന്തോ പാത്രങ്ങളൊക്കെ എടുത്തിട്ട്, അങ്ങനെയൊക്കെയായിരുന്നു. അപ്പോള്‍ ഞാന്‍ മധുവിനോട് പറഞ്ഞു, ഇവര്‍ കുറച്ചുകൂടി സംസാരിച്ചിട്ട് ഇയാള്‍ സംസാരിച്ച് തുടങ്ങട്ടെ, അല്ലെങ്കില്‍ അവര്‍ സംസാരിക്കുന്നത് ഇയാള് കാണട്ടെയെന്ന്. അങ്ങനെ ആ പോയിന്റിലാണ് അത് വന്നത്. അതൊക്കെ ആ സ്പേസില്‍ നമുക്ക് തോന്നിയതാണ്. ലിറ്ററലി നമ്മള്‍ നോക്കുകയാണെങ്കില്‍ ആ രണ്ട് പെണ്‍കുട്ടികളെ കോര്‍ണര്‍ ചെയ്തിട്ടാണ് ഷമ്മി നില്‍ക്കുന്നത്. അവര്‍ക്ക് ഇറങ്ങിയോടാന്‍ ഒരു വഴിയുമില്ല. ഇയാളെ ക്രോസ് ചെയ്ത് പോകാനേ പറ്റൂള്ളൂ. അപ്പുറത്ത് മറ്റൊരു വാതിലുണ്ടായിരുന്നെങ്കില്‍ അതങ്ങനെ സംഭവിക്കണമെന്നില്ല.

Q

ആക്ടര്‍ എന്ന നിലയില്‍ നമുക്ക് അറപ്പോ, അകല്‍ച്ചയോ തോന്നുന്ന മനുഷ്യരെയടക്കം കഥാപാത്രങ്ങളായി അഭിനയിക്കേണ്ടി വരും. അയാള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് വിശ്വസിച്ചും ആ കഥാപാത്രത്തിന്റെ യുക്തിയിലേക്ക് പ്രവേശിച്ചുമാണല്ലോ കൂടുതല്‍ ദിവസം അഭിനയിക്കുന്നത്. അത്തരമൊരു യാത്ര, അത് പെര്‍ഫോം ചെയ്യുമ്പോള്‍ ശരിക്കും ആസ്വദിക്കാന്‍ സാധിക്കാറുണ്ടോ?

A

ഇപ്പോള്‍ മനീഷാണെങ്കിലും എല്ലാ സിനിമകള്‍ക്കും റിവ്യു എഴുതാറുണ്ടല്ലോ. എന്നാലും ചില സിനിമകള്‍ക്ക് റിവ്യു എഴുതുമ്പോള്‍ ഒരു ഹൈ കിട്ടാറില്ലേ. എനിക്ക് കഥാപാത്രത്തെ ജഡ്ജ് ചെയ്യാന്‍ പറ്റുന്നത് ആ ഹൈയിലാണ്. ഞാന്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നത് സംവിധായകന്‍ തീരുമാനിക്കേണ്ടതാണ്. അതെനിക്ക് തീരുമാനിക്കാനാവില്ല. പക്ഷെ ഇതിനകത്തൊരു ഹൈയുണ്ട്. അതല്ലാതെ ഒരു ആക്ടറും പോയിട്ട് ഇത് ഒന്നുകൂടി ചെയ്യാമെന്ന് ചോദിക്കില്ല. കല്യാണത്തിന് മുന്‍പ് അധികവും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞാന്‍ താമസിച്ചിരുന്നത്. അന്ന് കൂടുതല്‍ സമയവും കഥാപാത്രത്തെ കുറിച്ച് തന്നെ സംസാരിക്കുക, കിടന്നുറങ്ങുക എഴുന്നേറ്റിട്ട് വീണ്ടും അതേക്കുറിച്ച് തന്നെ സംസാരിക്കുക എന്ന രീതിയായിരുന്നു. കല്യാണത്തിന് ശേഷം അതല്ല. ഈയടുത്ത് ഞങ്ങള്‍ ഇടുക്കിയില്‍ പോയപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന റിസോര്‍ട്ട് ചെറുതോണിയിലേക്കാണ് ഫേസ് ചെയ്യുന്നത്. ചുമ്മാതിരുന്ന സമയത്ത്, മഹേഷ് ഭാവനയുടെ വീട് ഇവിടെങ്ങാണ്ട് ആണെന്ന് ഞാന്‍ നസ്രിയയോട് പറഞ്ഞു. ഞങ്ങള്‍ കുറേ നേരം അങ്ങോട്ട് നോക്കിയിരുന്നു. എനിക്ക് തോന്നുന്നത്, അത്രയൊക്കെയേ ഉണ്ടായിട്ടുള്ളൂ എന്നാണ്.

മുന്‍പൊരു സിനിമക്കും ഞാന്‍ ഭാരം കുറച്ചിട്ടില്ല. മാലിക്കിലേത് ഒരു നഗരത്തിന്റെ വളര്‍ച്ചയോ, ഗ്രാമത്തിന്റെ വളര്‍ച്ചയോ ഒക്കെ നേരിട്ട് കാണുന്ന ഒരാളുടെ കഥയാണ്.
Q

കഥാപാത്രത്തെ ഏറ്റെടുക്കുന്ന സമയത്ത് അത് ഫഹദിന് ചെയ്യാനാകുമെന്ന നിലയില്‍ ഉള്‍ക്കൊള്ളുന്നത് എങ്ങനെയാണ്?

A

ട്രാന്‍സിന്റെ കാര്യത്തില്‍ പരാജയപ്പെട്ട ഒരു മോട്ടിവേഷണല്‍ സ്പീക്കറാണ് വിജു പ്രസാദ്. യൂട്യൂബിലൊക്കെ സേര്‍ച്ച് ചെയ്താല്‍ ആ രംഗത്ത് ജയിച്ച മോട്ടിവേഷണല്‍ സ്പീക്കര്‍മാരെ മാത്രമേ കാണാനാവൂ. അതുപോലെ കഥാപാത്രമാകാന്‍ ഒരാളെ കണ്ടെത്തി മീറ്റ് ചെയ്യാനൊന്നും സാധിക്കില്ല. വെസ്റ്റിലൊക്കെയുള്ള ആക്ടേര്‍സ് എടുക്കുന്ന എഫര്‍ട്ട് നമുക്കൊന്നും പോസിബിള്‍ അല്ല. ഞാനും നസ്രിയയും ജോക്കര്‍ തിയേറ്ററിലിരുന്നാണ് കണ്ടത്. സിനിമ കഴിഞ്ഞിട്ട് ഞാന്‍ നസ്രിയയോട് തിരിഞ്ഞിരുന്നിട്ട് ചോദിച്ചത്, ഇനി ഇയാള്‍ ഏത് സിനിമ ചെയ്യും എന്നാണ്. അയാളൊരു ബ്രില്യന്റ് ആക്ടറാണ്. വളരെ അനായാസം അയാളതില്‍ നിന്ന് പുറത്തുകടക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അവരൊക്കെ എടുക്കുന്ന എഫര്‍ട്ട് വച്ച് നോക്കുമ്പോ നമ്മളതിനെ വളരെ പെരിഫറലായിട്ടാണ് കാണുന്നത്. ഞാനിത് നിരീക്ഷിച്ച് ചെയ്യാനാണ് ശ്രമിക്കുന്നത്. അല്ലാതെ മനസ് കൊണ്ട് കഥാപാത്രത്തെ ഉള്‍ക്കൊള്ളാനല്ല. ഹാങ് ഓവറൊന്നും ഉണ്ടായിട്ടില്ല. കഥാപാത്രമായി മാറി അഭിനയിക്കുന്ന രീതിയില്‍ വിജയിച്ച ഒരുപാട് അഭിനേതാക്കളുണ്ട്. എന്നെ സംബന്ധിച്ച് പെര്‍ഫോം ചെയ്യുകയാണെന്ന ബോധത്തോടെ പെര്‍ഫോം ചെയ്യുക എന്നതാണ് ഇഷ്ടം. എപ്പോഴും ഒരു നിയന്ത്രണത്തിനകത്ത് നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.

Q

ട്രാന്‍സിന് ശേഷം മാലിക് വരുന്നു. അതിലെ സുലൈമാന്‍ എന്ന കഥാപാത്രത്തിന്റെ പ്രായം 57 നും 60 നും ഇടയ്ക്കാണ്. സ്വന്തം ശരീരഭാഷ, പ്രായം അതിനെയൊക്കെ പൂര്‍ണ്ണമായി മാറ്റിവയ്ക്കാവുന്ന ഒരു റോള്‍ ചെയ്യുക, അതെങ്ങിനെയാണ്?

A

എന്റെ പ്രായം വിട്ടൊരു കഥാപാത്രവും ഇതുവരെ ചെയ്തിട്ടില്ല. മാലിക് ഒരാളുടെ 25 മുതല്‍ 64 വയസ് വരെയുള്ള കഥയാണ് പറയുന്നത്. ഇത്രയും കാലഘട്ടത്തില്‍ ഒരാളുടെ ജീവിതത്തിലുണ്ടായിരുന്ന കഥ പറയണം. സാധാരണ ഒരുപാട് മേക്കപ്പ് ഒക്കെ വേണമെങ്കില്‍ ഞാന്‍ സിനിമ വിട്ടുകളയാറുണ്ട്. പക്ഷെ മാലിക്കിന്റെ കഥ എനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. എനിക്കത് ചെയ്യണം. പിന്നെ പ്രായം തോന്നിപ്പിക്കാന്‍ വേണ്ടി കുറേയധികം മേക്കപ്പ് ടെസ്റ്റുകള്‍ മഹേഷ് നാരായണന്‍ ചെയ്ത് തുടങ്ങി. അതൊന്നും കണ്‍വിന്‍സ്ഡായില്ല. അങ്ങനെ ഞാനെന്റെ മുത്തശ്ശന്റെ ഫോട്ടോ രഞ്ജിത്ത് അമ്പാടിയെ കാണിച്ചു. എനിക്ക് ഏഴെട്ട് വയസുള്ളപ്പോള്‍ മരിച്ചുപോയതാണ് പുള്ളി. അത് രഞ്ജിത്ത് നോക്കിയിട്ട് പെട്ടെന്നൊരു സാധനം എനിക്ക് സെറ്റ് ചെയ്ത് തന്നു. അതില്‍ തൃപ്തനാണോയെന്ന് മഹേഷ് ചോദിച്ചു. കോസ്റ്റ്യൂം ഇട്ട് നോക്കിയിട്ട് പറയാമെന്ന് ഞാന്‍ പറഞ്ഞു. രണ്ട് മൂന്ന് ദിവസം അതൊക്ക ഇട്ട് കണ്ണാടിയിലൊക്കെ നോക്കി. ആ കോസ്റ്റ്യൂമില്‍ ഒരു ഫോട്ടോയെടുത്ത് ഞാനെന്റെ മദറിന് അയച്ചുകൊടുത്തു. മുത്തശ്ശന്റെ നല്ല ഛായ ഉണ്ടെന്ന് മദര്‍ പറഞ്ഞു. അതോടെ ഞാനും കോണ്‍ഫിഡന്റായി. പക്ഷെ അതിനേക്കാള്‍ ചലഞ്ചിങ് ആയിരുന്നു ചെറുപ്പം അഭിനയിക്കുക എന്നത്. തൂക്കം കുറയ്ക്കേണ്ടതുണ്ട്. മുന്‍പൊരു സിനിമക്കും ഞാന്‍ ഭാരം കുറച്ചിട്ടില്ല. മാലിക്കിലേത് ഒരു നഗരത്തിന്റെ വളര്‍ച്ചയോ, ഗ്രാമത്തിന്റെ വളര്‍ച്ചയോ ഒക്കെ നേരിട്ട് കാണുന്ന ഒരാളുടെ കഥയാണ്.

Q

കഥാപാത്രത്തെ കുറിച്ച് കേട്ടത് കൊണ്ട് മാത്രം ഫഹദ് ഒരു സിനിമയുടെയും ഭാഗമായിട്ടില്ല. സിനിമയുടെ ടോട്ടാലിറ്റിയില്‍ കാരക്ടറിന്റെ പോര്‍ഫോമന്‍സ് കൂടി നോക്കിയിട്ടാണ് സിനിമ സെലക്ട് ചെയ്യുന്നത്. മാലികിന്റെ കാര്യത്തില്‍ കാരക്ടര്‍ എക്സൈറ്റ് ചെയ്യിച്ചിട്ടുണ്ടോ?

A

ഇല്ല. കഥയാണ് ആകര്‍ഷിച്ചത്. കാരക്ടറിനെക്കാള്‍ എന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടുള്ളതാണ് കഥ. ഞാനെപ്പോഴും ചോദിക്കുന്നത് എങ്ങനെയാണ് ഈ കഥ പറയാന്‍ പോകുന്നതെന്നാണ്. സിനിമയുടെ നരേറ്റീവിനെ കുറിച്ചാണ്. അവിടെയാണ് എന്റെ സിനിമയെ കുറിച്ചുള്ള ഉത്തരവും കിടക്കുന്നത്. ഒരു സിനിമയിലും കഥാപാത്രം മാ്ത്രമായി ഒരിക്കലും എന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ല. തൊണ്ടിമുതല്‍ ചെയ്യുന്ന സമയത്ത് എനിക്ക് ഇഷ്ടമുള്ള കഥാപാത്രം എനിക്ക് എടുക്കാമായിരുന്നു. മിക്ക സിനിമകളും ആ പോയിന്റില്‍, അതായത് സിനിമയെ കുറിച്ചുള്ള ബേസിക് ചര്‍ച്ചയുടെ സമയത്താണ് വരുന്നത്. കാരക്ടറിനെ മറന്നാലും സിനിമയെ മറക്കരുതെന്നാണ് ഞാനാഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. എന്നെ സംബന്ധിച്ച് സിനിമയുടെ നരേറ്റീവ് തന്നെയാണ് ഏറ്റവും പ്രധാനം.

Q

അഭിനയിക്കുമ്പോള്‍ നമ്മള്‍ ആ സാഹചര്യത്തിലേക്ക് എത്തപ്പെട്ടാല്‍ എങ്ങനെ എന്ന നിലയില്‍ ഒരു സബ്സ്റ്റിറ്റിയൂഷന്‍ പോലെ കഥാപാത്രത്തിലേക്ക് പ്രവേശിക്കുകയാണോ?

A

ഡാനിയേല്‍ ഡെ ലൂയിസിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യം കാണാത്ത കുറേ ഡീറ്റെയ്ലിങ് രണ്ടാമത്തെ കാഴ്ചയില്‍ കാണും. അത് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല. എന്റെ ഫാദറൊക്കെ എപ്പോഴും പറയുന്ന കാര്യം, സിനിമ ആദ്യ കാഴ്ചയില്‍ ഉള്ളത് പോലെയായിരിക്കരുത് രണ്ടാമത്തെ കാഴ്ചയിലെന്നാണ്. അങ്ങനെയാക്കാന്‍ മനപ്പൂര്‍വമായി തന്നെ എല്ലാവരും ഇപ്പോള്‍ ശ്രമിക്കാറുണ്ട്. എനിക്കും അതാണ് ഇഷ്ടം. തൊണ്ടിമുതല്‍ രണ്ടോ മൂന്നോ തവണ കണ്ട ആള്‍ക്കാര് പിന്നെ എന്നോട് വന്ന് ചോദിച്ചത്, ‘അപ്പോള്‍ നിങ്ങള്‍ മാല വായിലിട്ടായിരുന്നു അല്ലേ?’ എന്നാണ്. പടം കണ്ടോണ്ടിരിക്കുമ്പോള്‍ ഏതോ പോയിന്റില്‍ ഇയാള്‍ മാല എടുത്തില്ലേ എന്ന് എന്നൊക്കെ പലര്‍ക്കും തോന്നിയിട്ടുണ്ട്. അത് നരേറ്റീവിനെ സഹായിക്കുന്ന ട്രിക്കായിട്ടാണ് തോന്നിയിട്ടുള്ളത്.

Q

കഥാപാത്രമാവുക എന്നതിനേക്കാള്‍ സിനിമയില്‍ മേക്കിങ് എന്ന പ്രൊസസിനെ തന്നെയാണോ പ്രാഥമികമായി ഫഹദ് ആസ്വദിക്കുന്നത്?

A

നമ്മളൊരു സീനോ ഇമേജോ എന്തെങ്കിലും ഉള്‍ക്കൊള്ളില്ലേ. അത് റീപ്രൊഡ്യൂസ് ചെയ്യാനാവും നമ്മള്‍ ഏറ്റവുമധികം ശ്രമിക്കുക. അതുകൂടി കഴിഞ്ഞാണ് ഇതേക്കുറിച്ച് മറ്റുള്ളവര്‍ എന്താണ് ചിന്തിക്കുക എന്നാലോചിക്കുന്നത്. നമ്മള്‍ ഉള്‍ക്കൊണ്ടത് തന്നെയല്ലേ പെര്‍ഫോം ചെയ്തത്, നമ്മള്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെയല്ലേ ഷൂട്ട് ചെയ്തത് തുടങ്ങിയ ചിന്തകള്‍ വന്നുകൊണ്ടേയിരിക്കും. പടം റിലീസായാലും അത് ചിലപ്പോള്‍ വന്നുകൊണ്ടേയിരിക്കും. എനിക്കൊരു സിനിമയും ചെയ്ത് പൂര്‍ത്തിയായിട്ടില്ല എന്ന ഫീലാണ്. ഇന്ന് ഞാന്‍ ട്രാന്‍സ് കാണാന്‍ പോകുന്നുണ്ട്. ചിലപ്പോള്‍ അത് കണ്ട് കഴിഞ്ഞ് ആ സീന്‍ ഇങ്ങനെ ഷൂട്ട് ചെയ്താലോ എന്ന് ഞാന്‍ ചോദിക്കും. ഞാന്‍ പിന്നെ ഒന്നൊന്നര വര്‍ഷം ഒക്കെ കഴിഞ്ഞ് ആ സിനിമ കാണാന്‍ ശ്രമിക്കും. അതുവരെ എനിക്കെന്റെ തെറ്റുകള്‍ മാത്രമേ കാണാന്‍ സാധിക്കൂ. അത് ഭയങ്കര വേദനിപ്പിക്കുന്നതുമാണ് ചില സമയത്ത്. നമുക്കത് കറക്ടായി ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് തോന്നും. ആ ചിന്ത തന്നെ കുറേ നാള് കാണും. ഒരുപാട് നാള് കഴിഞ്ഞേ പിന്നയത് തിരിച്ച് വരൂ. ഞാന്‍ അമലിനോട് എപ്പോഴും ചോദിക്കുന്ന നമുക്ക് ഇയ്യോബിന്റെ പുസ്തകം ഒന്നുകൂടി ഷൂട്ട് ചെയ്യാം എന്നാണ്. ഒന്നുമില്ലെങ്കിലും അലോഷിക്ക് വേണ്ടി ഷൂട്ട് ചെയ്യാമെന്ന് പറയും. ചിലപ്പോള്‍ ഷൂട്ട് ചെയ്തേക്കും. അവസാനിക്കാത്ത പ്രൊസസാണ് എനിക്ക് സിനിമ.

Q

തുടക്കം മുതല്‍ ചെയ്ത സിനിമകളിലേക്ക് ഇങ്ങനെ വലിയൊരു ഇടവേളയില്‍ യാത്ര ചെയ്യാറുണ്ടോ?

A

എനിക്കിപ്പോ ഷമ്മിയെ ഒക്കെ കാണുമ്പോള്‍ ഞാന്‍ ഭയങ്കരമായിട്ട്, ഓവര്‍ ഡു ചെയ്തപോലെ തോന്നും. ചെറിയ ചെറിയ സ്ഥലത്തൊക്കെ അങ്ങനെ തോന്നും. മറ്റൊരാള്‍ക്ക് അത് റീഡ് ചെയ്യാന്‍ പറ്റില്ല. ഞാന്‍ മധുവുമായിട്ടോ, ദിലീഷായിട്ടോ സംസാരിച്ചാല്‍ അവര്‍ക്ക് പോലും അറിയാന്‍ പറ്റുന്ന കാര്യമല്ല ഇത്. അഞ്ച് സെക്കന്റില്‍ വരുന്ന എന്റെയൊരു റിയാക്ഷനില്‍ ഒന്ന് തെറ്റായിപ്പോയി, അത് പോയി തിരുത്താന്‍ പറ്റുമോയെന്നാണ് നോക്കുന്നത്. തൊണ്ടിമുതലില്‍, ആദ്യം ഷൂട്ട് ചെയ്ത് എടുത്തിട്ട് ഒഴിവാക്കിയ ഒരു സീക്വന്‍സുണ്ടായിരുന്നു. പ്രസാദുമായി പൊലീസ് തൊണ്ടിമുതല്‍ എടുക്കാന്‍ പോകുന്ന സീക്വന്‍സാണ്. പറയുന്നത് ബസ് സ്റ്റോപ്പിന് മുകളില്‍ മാല ഇട്ടിട്ടുണ്ടെന്നാണ്. പൊലീസ് ജീപ്പില്‍ എന്നെ കൊണ്ടുവരും. അലന്‍സിയര്‍ ജീപ്പില്‍ നിന്നിറങ്ങും. എന്നെ ജീപ്പില്‍ നിന്നിറക്കും. അലന്‍സിയര്‍ കീശയില്‍ നിന്ന് ഒരു മാലയെടുത്ത് ബസ് സ്റ്റോപ്പിന് മുകളിലേക്ക് എറിയും. ഞാന്‍ ജീപ്പിന്റെ മുകളില്‍ കേറി ബസ് സ്റ്റോപ്പിന്റെ മുകളില്‍ നിന്ന് മാലയെടുത്ത് ഇയാളുടെ കൈയ്യില്‍ കൊണ്ടുവന്ന് കൊടുക്കും. എന്നിട്ട് അലന്‍സിയറിന്റെ കഥാപാത്രത്തോട് വൈഫിന്റേതാണോയെന്ന് ചോദിക്കുന്ന സീനാണ്. അലന്‍സിയര്‍ എന്റെ മുഖത്ത് നോക്കി നടന്ന് ജീപ്പില്‍ കയറും. ഇത് ഷൂട്ട് ചെയ്ത് കഴിഞ്ഞ് അന്ന് രാത്രി ഞാന്‍ ശ്യാമിനോട് പറഞ്ഞു, മച്ചാനെ എന്റെ ഭാഗത്ത് നിന്ന് ഭയങ്കര മിസ്റ്റേക് പറ്റിയിട്ടുണ്ടെന്ന്. ഒന്നുകൂടി ചെയ്യണം എന്ന് പറഞ്ഞു. പിറ്റേ ദിവസം പാക്കപ്പോ മറ്റോ ആണ്. അപ്പോള്‍ ഒരു കാരണവശാലും അത് റീഷൂട്ട് ചെയ്യാനാവില്ല. എന്താണ് കാര്യം എന്ന് ശ്യാം ചോദിച്ചു. ഈ മാലയെടുത്ത് അലന്‍സിയറിനെ നോക്കിയിട്ട് പിന്നെ വായിലേക്കിടണം എന്ന് ഞാന്‍ പറഞ്ഞു . അങ്ങനെ ചെയ്തിരുന്നെങ്കില്‍ സിനിമ വേറെ നരേറ്റീവിലേക്കായിരിക്കും പോവുക. ശ്യാം ഭയങ്കര സര്‍പ്രൈസ്ഡായി. പിന്നെ ഒരു മാസം കൂടി കഴിഞ്ഞിട്ട് ദിലീഷ് എന്റെയടുത്ത് പറഞ്ഞു, ആ സീക്വന്‍സ് സിനിമയില്‍ ഇല്ലെന്ന്. അതിലൊരു കാര്യം കൂടി വരാനുണ്ടായിരുന്നു അതുകൊണ്ടാണ് ഒഴിവാക്കിയതെന്ന്.

തൊണ്ടിമുതലിനും ഭയങ്കരമായൊരു ബാക് സ്റ്റോറി ഉണ്ടായിരുന്നു. അത് പുറത്തെവിടെയെങ്കിലും, നോര്‍ത്തിലെവിടെയെങ്കിലും ഷൂട്ട് ചെയ്യാമെന്ന് കരുതിയതാണ്. കാസര്‍കോട് ഷൂട്ട് തീര്‍ത്ത് നമ്മളിവിടെ വന്നപ്പോഴത്തേക്കും ഒരു പേടി, കഥ ഭയങ്കരമായിട്ട് കള്ളന്റെ സൈഡിലേക്ക് ഷിഫ്റ്റ് ചെയ്യുമോയെന്ന്. ഇപ്പോഴും കള്ളനെ പറ്റി ഒന്നും അറിയില്ല നമുക്ക്. ദിലീഷ് പറഞ്ഞത് ഭയങ്കര കറക്ടായിരുന്നു. തൊണ്ടിമുതല്‍ ചെയ്യുമ്പോള്‍ എന്നോടെപ്പോഴും ദിലീഷ് പറയുന്നൊരു കാര്യം പിടികൊടുക്കരുത്, പിടികൊടുക്കരുത് എന്നായിരുന്നു. ഒരു ഷോട്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞ് വന്ന്, എനിക്ക് തോന്നുന്നു ലോക്കപ്പിലിട്ട് ചോദ്യം ചെയ്യുന്ന സമയത്തെ സീന്‍ കഴിഞ്ഞിട്ട്. എന്നോട് പറഞ്ഞു അത് ഭയങ്കരമായിട്ട് മനസിലാവുന്നുണ്ടെന്ന്. എനിക്ക് തോന്നുന്നു, ജയിലിനകത്തിട്ട് ചോദ്യം ചെയ്യുന്ന സീക്വന്‍സായിരുന്നുവെന്ന്. മറ്റുള്ളവരുടെ ക്രാഫ്റ്റില്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നാറുണ്ട്.

നസ്രിയ എന്റെ പടങ്ങള്‍ കണ്ടിട്ട് ചിലപ്പോള്‍ ഭയങ്കര റൂഡായിട്ട് ചില കാര്യങ്ങള്‍ പറയും. അപ്പോള്‍ ഞാന്‍ അവളോട് പറയും. ഞാനൊരു ബബിളാണ്. ഒരാള്‍ ആഞ്ഞൊന്ന് കുത്തിയാല്‍ ഞാന്‍ പൊട്ടും. അത് കണ്ടിട്ട് ഡീല്‍ ചെയ്യണം എന്ന് പറയും. പടം കണ്ടയുടനെ പറയാതെ വീട്ടിലെത്തി ഡിന്നറൊക്കെ കഴിച്ചിട്ട് പറയണം എന്ന്. എനിക്ക് ഒരു വാലിഡ് ഡിഗ്രിയൊന്നും ഇല്ല, ഇപ്പോ എനിക്ക് വേറൊരു ജോലി ചെയ്യണം എന്ന് കരുതിയാല്‍ തന്നെ ചെയ്യാനാവില്ല. ഇതിനോടുള്ള ആഗ്രഹം കൊണ്ടാണ് ഞാനിവിടെ നിക്കുന്നത്. ഒരു നടനാവണം എന്ന ആഗ്രഹം കൊണ്ടാണ് ഞാനിവിടെ എത്തിനില്‍ക്കുന്നത്. ജന്മനാ ടാലന്റുള്ള ഒരാളായി എന്നെ എനിക്കൊരിക്കലും തോന്നിയിട്ടില്ല. അതിന് അതിന്റേതായ ഗുണങ്ങളും പ്രശ്നങ്ങളും ഉണ്ട്.

Q

തൃപ്തി എന്നതിനോട് നിരന്തരം ഫൈറ്റ് ചെയ്യുകയാണല്ലേ, ഒരു സിനിമയും ചെയ്ത് തീര്‍ത്തുവെന്ന് തോന്നിയിട്ടില്ലേ?

A

ഇല്ല, അങ്ങനെയൊരു തോന്നലേ ഉണ്ടായിട്ടില്ല. ഒരു സിനിമയും എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇത്രേ ഉണ്ടായിരുന്നുള്ളൂ ചെയ്യാന്‍ എന്ന് തോന്നിയിട്ടില്ല. മഹേഷ് കഴിഞ്ഞിട്ട് അഞ്ച് വര്‍ഷത്തോളമായി. ഇടുക്കിയില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം തോന്നിയത് അതാണ്. സിനിമയ്ക്ക് അപ്പുറത്തേക്കും കാരക്ടറിന് ജീവനുള്ളതുകൊണ്ട് കൂടിയാകാം.

കവര്‍ ചിത്രം: വിഷ്ണു തണ്ടാശേരി

AD
No stories found.
The Cue
www.thecue.in