കുഞ്ചാക്കോ ബോബന്‍ അഭിമുഖം: അഞ്ചാം പാതിര ട്രാഫിക് പോലെ എക്സൈറ്റ് ചെയ്യിച്ച സിനിമ, ഇനിയങ്ങോട്ട് മാറ്റങ്ങള്‍ക്കൊപ്പം 

കുഞ്ചാക്കോ ബോബന്‍ അഭിമുഖം: അഞ്ചാം പാതിര ട്രാഫിക് പോലെ എക്സൈറ്റ് ചെയ്യിച്ച സിനിമ, ഇനിയങ്ങോട്ട് മാറ്റങ്ങള്‍ക്കൊപ്പം 

Summary

അവാര്‍ഡ് ഫങ്ഷനോക്കെ പോകുമ്പോള്‍, എനിക്ക് കിട്ടിയിട്ടുള്ളത് ബെസ്റ്റ് വില്ലന്‍ എന്ന അവാര്‍ഡ് ആയിരിക്കും. സീനിയേഴ്‌സിലും ട്രാഫിക്കിലുമെല്ലാം അത്തരം നെഗറ്റീവ് കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ആ അവാര്‍ഡിന് എന്നെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നത് ‘ദി ബെസ്റ്റ് വില്ലന്‍ അവാര്‍ഡ് ഗോസ് ടു ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോബോബന്‍ ‘ എന്നായിരിക്കും

Q

അള്ളുരാമേന്ദ്രന്‍, വൈറസ് ഇപ്പോള്‍ അഞ്ചാം പാതിര. കഴിഞ്ഞതൊരു സംതൃപ്തിയുള്ള വര്‍ഷമായിട്ടാണോ കാണുന്നത്?

A

അങ്ങനെ ചോദിച്ചാല്‍ അതെ. കാരണം, സിനിമയിലാണെങ്കിലും സ്വകാര്യ ജീവിതത്തിലാണെങ്കിലും ഒരുപാട് സന്തോഷങ്ങള്‍ നല്‍കിയിട്ടുള്ള കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അള്ളുരാമേന്ദ്രന്‍ എന്ന സിനിമയാണ് ആദ്യം റിലീസ് ആയത്. ആ സിനിമയിലെ ‘രാമേന്ദ്രന്‍’, പിന്നീട് ഇറങ്ങിയ വൈറസ് എന്ന ചിത്രത്തിലെ ഡോക്ടര്‍ ‘സുരേഷ് രാജന്‍’, ഈ രണ്ടു കഥാപാത്രങ്ങളുടെയും വ്യത്യസ്തയും കഥകളുടെ വ്യത്യസ്ത സാഹചര്യങ്ങളും അതേ രീതിയില്‍ തന്നെ ആളുകള്‍ സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ആദ്യമായിട്ടാണ് എന്റെ സിനിമാ കരിയറില്‍ മാസ്സ് ഡയലോഗ് ഉള്ള ഒരു ടീസര്‍ വരുന്നതും അത് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. അതുപോലെതന്നെ അള്ളുരാമേന്ദ്രന്‍ ആയിട്ടോ ആ സിനിമ ആയിട്ടോ യാതൊരൂ ബന്ധവുമില്ലാത്ത വൈറസിലെ ഡോക്ടര്‍ സുരേഷ് രാജന്റെ ഒരു ഡയലോഗും ഇതേരീതിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഇത് രണ്ടും എന്റെ ഇത്രയും കാലത്തെ ജീവിതത്തില്‍ ഉണ്ടായ രണ്ട് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. ഈ രണ്ടു ചിത്രങ്ങളിലും കുഞ്ചാക്കോബോബനെന്ന നടനെയാണ് ആളുകള്‍ അംഗീകരിച്ചത്. അതിനൊരുപാട് നന്ദി, പ്രേക്ഷകരോടും ആ കഥാപാത്രങ്ങള്‍ തന്ന സംവിധായകരോടും ആ ടീമിനിടും.

Q

കരിയറില്‍ ഇരുപത്തിമൂന്നാമത്തെ വര്‍ഷമാണ്. അനിയത്തിപ്രാവിലെ ‘സുധിയും മിനിയും’, നിറത്തിലെ ‘എബിയും സോനയും’ ഒക്കെ ആ ഒരു കാലത്തിന്റെ തന്നെ ‘റൊമാന്റിക് ഹീറോ’ എന്ന പദവി നല്‍കിയിട്ടുണ്ട്. ഇപ്പോഴും ചാക്കോച്ചനെ പരിചയപ്പെടുത്താന്‍ ചോക്ലേറ്റ് ഹീറോ, റൊമാന്റിക് ഹീറോ എന്ന പ്രയോഗങ്ങള്‍ പലരും ഉപയോഗിക്കാറുണ്ട്. ?

A

എനിക്ക് തമാശയായി തോന്നിയിട്ടുള്ള ഒരു കാര്യമാണ്, അവാര്‍ഡ് ഫങ്ഷനോക്കെ പോകുമ്പോള്‍, എനിക്ക് കിട്ടിയിട്ടുള്ളത് ബെസ്റ്റ് വില്ലന്‍ എന്ന അവാര്‍ഡ് ആയിരിക്കും. സീനിയേഴ്‌സിലും ട്രാഫിക്കിലുമെല്ലാം അത്തരം നെഗറ്റീവ് കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ആ അവാര്‍ഡിന് എന്നെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നത് ‘ദി ബെസ്റ്റ് വില്ലന്‍ അവാര്‍ഡ് ഗോസ് ടു ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോബോബന്‍ ‘ എന്നായിരിക്കും. ആ ‘ടാഗ് ‘ എന്തായാലും ലൈഫ് ലോങ്ങ് ഉള്ളത് തന്നെയാണ്. ആ സിനിമകളും അതിലെ കഥാപാത്രങ്ങളും അത്രയും സ്വാധീനം ഒരു ജനറേഷന് ഉണ്ടാക്കിയിട്ടുണ്ട്. അതേ സമയം ആ ടാഗില്‍ നിന്നുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യുക, അത് ഫലിപ്പിച്ചെടുക്കുക എന്നുള്ളത് ഒരു ചലഞ്ച് തന്നെയാണ്. അത് ഞാന്‍ ഏറ്റെടുക്കുന്നു. ചിലപ്പോള്‍ ഒരു പരിധിവരെ ആളുകള്‍ വിചാരിച്ചുകാണും ഞാന്‍ എന്റെ കംഫര്‍ട് സോണില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് ചെയ്യുന്നതെന്ന്. ഇനിയങ്ങോട്ട് അതില്‍ വളരെ പ്രകടമായ മാറ്റങ്ങള്‍ എന്തായാലും ഉണ്ടാകും. അതിനുവേണ്ടിയുള്ള ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.

Q

ഇത്തരത്തില്‍ ദീര്‍ഘകാലം ഒരു റൊമാന്റിക് ഹീറോ ആയി നില്‍ക്കാന്‍ സാധിക്കുന്നു എന്നുള്ളത് ഒരുപക്ഷെ ചാക്കോച്ചന് മാത്രം ലഭിച്ച ഒരു അവസരം ആയിരിക്കും, അതിനുശേഷം എത്രയോ താരങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ അവര്‍ക്കൊന്നും കിട്ടാത്ത ഒരു ഭാഗ്യം. ഇപ്പോഴും ആളുകള്‍ക്ക് അന്നുള്ളതുപോലെതന്നെ ചാക്കോച്ചനോട് പ്രണയം തോന്നുന്നു. അതെല്ലാം ആസ്വദിക്കാനും അനുഭവിക്കാനും പറ്റിയിട്ടില്ലേ?

A

തീര്‍ച്ചയായും. മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അന്ന് സോഷ്യല്‍ മീഡിയ ഇത്ര വിപുലമായിരുന്നില്ല. നമുക്ക് അവസരങ്ങള്‍ കുറവായിരുന്നു. സാദ്ധ്യതകള്‍ ഇല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ഒരുപാട് സാധ്യതകള്‍ ഉണ്ട്. പല ഭാഷകളിലുള്ള സിനിമകള്‍ കാണാം. പണ്ട് ഒരു വര്‍ഷം ഇരുപതില്‍ കൂടുതല്‍ സിനിമകള്‍ നൂറ് ദിവസം തീയറ്ററുകളില്‍ ഓടുന്നുണ്ടാകും. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. വൈഡ് റിലീസ് ഒക്കെയാണ്. ഇരുപത്തിയഞ്ച് ദിവസത്തിന് മുകളില്‍ ഓടിയാല്‍ തന്നെ ചിത്രം ഹിറ്റ് എന്നാണ് പറയുക. അതുപോലെ താരാരാധനയുടെ കാര്യത്തിലും പ്രണയത്തിന്റെ കാര്യത്തിലുമൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിവിന്‍, ദുല്‍ഖര്‍, ടോവിനോ, ഷെയ്ന്‍ ഇവര്‍ക്കെല്ലാം ആ ഒരു റൊമാന്റിക് ടാഗ് ഉണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷെ അതൊക്കെ ഞാന്‍ അനുഭവിച്ച അത്രയും ദീര്‍ഘ കാലം അവര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയില്ലെന്ന് വരും. അവരുടെ രൂപം അവര്‍തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ പരീക്ഷിക്കുന്നു. പക്ഷെ ഞാന്‍ ആ സമയത്ത് അങ്ങനെ ആയിരുന്നില്ല. എനിക്കതിന് സാധിച്ചില്ല എന്നുള്ളതാണ് ചിലപ്പോള്‍ ഒരു പ്ലസും ഒരു മൈനസും. പക്ഷെ ഇപ്പോഴത്തെ ജനറേഷന്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ വിചാരിച്ചത്, കുറച്ചൂടി കഴിയെട്ടെ, സമയമുണ്ടല്ലോ, പ്രായമുണ്ടല്ലോ എന്നെല്ലാമായിരുന്നു. ഇപ്പോള്‍ സമയവും സാഹചര്യവും എല്ലാം ഒത്തുവരുന്നുണ്ട്. സിനിമകള്‍ മാറുന്നു. കാഴ്ചപ്പാടുകള്‍ മാറുന്നു. ആളുകളുടെ മുന്‍വിധികള്‍ മാറുന്നു. ഇന്റര്‍നാഷണല്‍ സിനിമകള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു. ചെറിയ മുതല്‍മുടക്കിലാണെങ്കിലും അതിനോട് കിടപിടിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ മലയാള സിനിമ നിര്‍ബന്ധിതരാകുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആളുകള്‍ നല്ല മെനക്കെട്ട് പണിയെടുക്കുന്നുണ്ട്. പണ്ടത്തെപ്പോലെ ഒരു ബിസിനസ്സ് ആംഗിളില്‍ മാത്രം സിനിമ എടുക്കാന്‍ പോകാതെ ക്വാളിറ്റി ഉള്ള കഥകളും കഥാസാഹചര്യങ്ങളും കഥാപാത്രങ്ങളും വ്യത്യസ്തങ്ങളായ ഐഡിയകളുമായിട്ടൊക്കെ പുതിയ ആളുകളും പഴയ ആളുകളും വരുന്നുണ്ട്. അത് വളരെയധികം പ്രോത്സാഹിപ്പിക്കേണ്ടതും ആസ്വദിക്കേണ്ടതുമായിട്ടുള്ള കാര്യമാണ്.

Q

പഴയതില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടോ?

A

ആഗ്രഹിക്കുന്നുണ്ട് അങ്ങനെയുളള മാറ്റങ്ങള്‍. നമ്മള്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്യുകയാണെങ്കില്‍ ലോകം നമ്മുടെ കൂടെ നില്‍ക്കും എന്ന് പറയുന്നത് പോലെ, ഇപ്പോള്‍ വരുന്ന പ്രൊജക്ട്സും അതുപോലെ ചലഞ്ചിങ് ആയിട്ടുള്ളവയാണ്. കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന സംവിധായകര്‍, അല്ലെങ്കില്‍ ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രങ്ങള്‍, ഇതുവരെ ചെയ്യാതിരുന്ന കഥാപാത്രങ്ങള്‍, ഇതെല്ലാമായി സംവിധായകരും പ്രൊഡ്യൂസേഴ്സും വരുമ്പോള്‍ അതെനിക്ക് ഭയങ്കര ആവേശമാണ് തരുന്നത്. ഞാന്‍ തിരഞ്ഞെടുക്കുന്നു എന്നതിലുപരി അത്തരത്തിലുള്ള ആവശ്യങ്ങളുമായി ആളുകള്‍ എന്നെ സമീപിക്കുന്നു എന്നുള്ളത് ഒരു നടന്‍ എന്ന നിലയ്ക്ക് എനിക്ക് വല്ലാത്ത ആശ്വാസം തരുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ ചെയ്ത സിനിമകളാണെങ്കില്‍ തന്നെ അള്ളുരാമേന്ദ്രന്‍, വൈറസ്, ഇതൊക്കെ കഴിഞ്ഞിട്ടാണ് അഞ്ചാം പാതിര ചെയ്യുന്നത്. അതും കഴിഞ്ഞ് ജിസ് ജോയിയോടൊപ്പം സിനിമ ചെയ്തു. ഇനി ചെയ്യാന്‍ പോകുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രമാണ്. പിന്നെ ജോണ്‍ പോളിന്റെ സിനിമയുണ്ട്. ഇതിലെ കഥാപാത്രങ്ങളും കഥാസാഹര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. അതൊരു ഭാഗ്യമാണ്. ഞാനെന്റെ കംഫര്‍ട് സോണില്‍ നിന്ന് മാറിയുള്ള ചിത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോള്‍ തന്നെ അതിനുള്ള സാഹചര്യങ്ങളുമായിട്ട് ‘ഇവനെ കംഫര്‍ട് സോണില്‍ നിര്‍ത്തിയതുമതി’, എന്നുള്ള രീതിയില്‍ ചിന്തിക്കുന്ന തിരക്കഥാകൃത്തുകളും സംവിധായകരും വരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുളള കാര്യമാണ്.

കുഞ്ചാക്കോ ബോബന്‍ അഭിമുഖം: അഞ്ചാം പാതിര ട്രാഫിക് പോലെ എക്സൈറ്റ് ചെയ്യിച്ച സിനിമ, ഇനിയങ്ങോട്ട് മാറ്റങ്ങള്‍ക്കൊപ്പം 
ക്രാഫ്റ്റിന് കയ്യടിപ്പിക്കുന്ന ‘അഞ്ചാം പാതിര’ 
Q

മലയാളത്തില്‍ ക്രൈം ഡ്രാമകള്‍ താരതമ്യേന കുറവാണ്. അഞ്ചാം പാതിരയിലെ ‘ഡോക്ടര്‍ അന്‍വര്‍ ഹുസൈന്‍’ ഒരു ക്രിമിനോളജിസ്റ്റാണ്. ക്രിമിനോളജിസ്റ്റ് എന്ന് പറയുമ്പോള്‍ മലയാളികള്‍ക്ക് അങ്ങനൊരു കഥാപാത്രവുമായി ഒരു മുന്‍ പരിചയം ഇല്ല. വളരെ പാവത്താനും നിഷ്‌കളങ്കനുമായിട്ടുള്ള കഥാപാത്രങ്ങളാണ് കൂടുതല്‍ സിനിമകളിലും ചാക്കോച്ചന്‍ ചെയ്തിട്ടുള്ളത്. ഒരു കഥാപാത്രം എന്ന നിലയില്‍ ഏതെങ്കിലും തരത്തിലുള്ള മേക്കോവര്‍ വേണ്ടിവന്ന ചിത്രം കൂടി ആയിരുന്നോ ഇത്?

A

ഇതില്‍ അന്‍വര്‍ ഹുസൈന്‍ ഒരു സൈക്കോളജിസ്റ്റ് ആണ്. ക്രിമിനല്‍ സൈക്കോളജിയില്‍ ഒരു പഠനം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി പലതരം കുറ്റവാളികളെയും മനോരോഗത്തിന് അടിമപ്പെട്ടവരെയും കണ്ട് സംസാരിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്യുന്നുണ്ട്. സൈക്കോളജിസ്റ്റ് ആണെങ്കില്‍കൂടി കുറ്റാന്വേഷണത്തില്‍ നല്ല താത്പര്യമുള്ള വ്യക്തിയാണ് അന്‍വര്‍. അതുകൊണ്ട് സുഹൃത്തായ ഒരു പോലീസുകാരന്റെ സഹായത്തോടുകൂടി അയാളൊരു കുറ്റാന്വേഷണ സംഘത്തിനൊപ്പം ചേരുകയാണ്. പിന്നീട് പ്രശ്നങ്ങളുടെ ഒരു പരമ്പര തന്നെ അവരെത്തേടി എത്തുകയും അയാളതില്‍ പെട്ടുപോവുകയുമാണ്.

നായകന്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റായിട്ടാണ് വരുന്നതെങ്കില്‍ സാധാരണ രീതിയില്‍, ആദ്യ സീനില്‍ തന്നെ നായകന്‍ വരുന്നു, കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നു, കുറ്റവാളിയെ കണ്ടുപിടിക്കുന്നു, അയാളൊരു ബുദ്ധിരാക്ഷസനാണ് എന്നുളള രീതിയില്‍ കഥ പറഞ്ഞുപോകുന്നു. അങ്ങനെ ഒരു രീതിയില്‍ നമുക്കിതിനെ വേണമെങ്കില്‍ കൊണ്ടുവരാം. പക്ഷെ ഈ സിനിമയില്‍ അങ്ങനെയൊന്നുമില്ല. അയാള്‍ക്ക് അയാളുടേതായ പരിമിതികള്‍ ഉണ്ട്. അയാള്‍ ആദ്യമായിട്ടാണ് ഒരു കുറ്റാന്വേഷണ സംഘത്തിന്റെ ഭാഗമാകുന്നത്. അതിന്റെ അങ്കലാപ്പും അമ്പരപ്പുമെല്ലാം അയാള്‍ക്കുണ്ട്. അയാളൊരു ബുദ്ധിരാക്ഷസനോ ഷെര്‍ലക് ഹോംസോ ഒന്നുമല്ല. ഈ പരിമിധികളിലൊക്കെ നിന്നുകൊണ്ടാണ് അയാള്‍ മുന്നോട്ട് പോകുന്നത്. പ്രേക്ഷകന്റെ ഒരു പ്രതിനിധി എന്ന നിലയിലാണ് അന്‍വര്‍ ഹുസൈനെ കാണിക്കുന്നത്. ആ നിലയില്‍ തന്നെയാണ് അന്‍വര്‍ ഹുസൈന്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതും.

Q

ക്രൈം ഡ്രാമകളിലൊക്കെ താത്പര്യമുള്ള ഒരു വ്യക്തിയായിരുന്നു മിഥുന്‍ എന്ന് തോന്നുന്നു. എങ്കിലും ഇതിനുമുമ്പ് മിഥുന്‍ ചെയ്തിട്ടുള്ള ചിത്രങ്ങളെല്ലാം വിനോദത്തിന് മാത്രം പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ‘നോ ബ്രെയ്ന്‍ മൂവീസ്’ ആയിരുന്നു. അതില്‍ നിന്ന് മാറി ഇത്തരമൊരു കഥയുമായി മിഥുന്‍ വന്നപ്പോള്‍ ചാക്കോച്ചന്‍ അത് ചെയ്യാന്‍ തയ്യാറാവുകയാണ്. എങ്ങനെയാണ് ഈ സിനിമയില്‍ അത്തരമൊരു തീരുമാനമെടുത്തത്. ?

A

ആഷിക് ഉസ്മാനാണ് പ്രൊഡക്ഷന്‍. ആഷിക് ഒരു ദിവസം എന്നെ വിളിച്ചുപറഞ്ഞു, മിഥുന്‍ മാനുവലിന് ഒരു കഥ പറയണം. അപ്പോള്‍ ഞാന്‍ പറഞ്ഞു, കേള്‍ക്കാം. മാസ്, ഹ്യൂമര്‍ അങ്ങനെ ആയിരിക്കുമെന്ന് വിചാരിച്ചു. അപ്പോള്‍ ആഷിക് പറഞ്ഞു, ഇതൊരു ക്രൈം ത്രില്ലറാണ്. ഞാനോര്‍ത്തപ്പോള്‍ മിഥുന്‍ മാനുവലും ക്രൈം ത്രില്ലറും തമ്മില്‍ വല്ലാത്തൊരു ചേര്‍ച്ചക്കുറവ്. എന്തായാലും കഥ കേള്‍ക്കാമെന്ന് കരുതി. മിഥുനോട് വരാന്‍ പറഞ്ഞു. മിഥുന്‍ വന്ന് കഥ പറയാന്‍ തുടങ്ങി. പൊതുവെ മലയാളികള്‍ നമുക്കെല്ലാവര്‍ക്കുമൊരു ധാരണയുണ്ട്, നമ്മളെല്ലാം വലിയ ബുദ്ധിരാക്ഷസന്മാരാണെന്ന്. ആട് പോലുളള തമാശ പടങ്ങളും ആന്മരിയ പോലുള്ള ഫീല്‍ ഗുഡ് ചിത്രങ്ങളും എടുത്ത മിഥുന്‍ മാനുവല്‍. അങ്ങനൊരാള്‍ ഒരു ക്രൈം ത്രില്ലര്‍ കൊണ്ടുവന്നാല്‍ എത്രത്തോളമുണ്ടാകും. അത്തരത്തിലൊരു മുന്‍വിധിയോടെ കഥ കേള്‍ക്കാന്‍ തുടങ്ങി. ശരിക്ക് പറഞ്ഞാല്‍ മിഥുന്റെ കഥ കേട്ട് ഞാന്‍ ഞെട്ടി. ഞാന്‍ വിചാരിച്ചിരുന്ന ഭാഗത്തേക്ക ഒന്നുമല്ല കഥ പോയത്. കഥയുടെ ഒരുപാട് ഇടങ്ങളില്‍ അമ്പരപ്പിക്കുകയും എക്‌സൈറ്റ് ചെയ്യിക്കുകയും ചെയ്യുന്ന നിമിഷങ്ങളുണ്ടായി. ഒടുവില്‍ ആ കഥ എന്നില്‍ വര്‍ക്കൗട്ടായി. അത് കഴിഞ്ഞ് ഞാനാദ്യം മിഥുനോട് ചോദിച്ചത്, ‘സത്യം പറ, ഇതേത് ഭാഷയിലെ ഏത് സിനിമയില്‍ നിന്ന് എടുത്തതാണ്?’എന്നാണ്.(ചിരിക്കുന്നു). മിഥുനെപ്പോലെതന്നെ ഞാനും വായനയിലൊക്കെ ക്രൈം ത്രില്ലേഴ്സിന്റെയും ഫിക്ഷന്റെയുമൊക്കെ ആളാണ്. അതുകൊണ്ടുതന്നെ എനിക്ക് വളരെ എക്‌സൈറ്റ്‌മെന്റായി. മിഥുനിലും അതേ പോലൊരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. ഞാന്‍ ഓക്കെ പറഞ്ഞു.

അതിന് ശേഷമാണ് ആഷിക് എന്നോട് അടുത്ത ആകാംഷ ഉണ്ടാക്കുന്ന കാര്യം പറയുന്നത്. ഇതിന്റെ ടീം. ക്യാമറ ഷൈജു ഖാലിദാണ്. മ്യുസിക് സുഷിന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, ഫൈറ്റ്സ് സുപ്രീം സുന്ദര്‍. ഷൈജുവിന്റെ ആദ്യത്തെ പടം ട്രാഫിക് ആണ്. അതിനുശേഷം ഒരു ഫുള്‍ ലെങ്ത് സിനിമയില്‍ ഷൈജുവിനൊപ്പം ഞാന്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്നത് അഞ്ചാം പാതിരയിലാണ്. വൈറസിലുണ്ടായിരുന്ന ടെക്നിക്കല്‍ ടീമും കുറേ അഭിനേതാക്കളും ഈ ചിത്രത്തിലും ഉണ്ടായിരുന്നു. അവരോടൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നുള്ളത് നല്ലൊരു അനുഭവം ആയിരുന്നു.
കുഞ്ചാക്കോ ബോബന്‍ അഭിമുഖം: അഞ്ചാം പാതിര ട്രാഫിക് പോലെ എക്സൈറ്റ് ചെയ്യിച്ച സിനിമ, ഇനിയങ്ങോട്ട് മാറ്റങ്ങള്‍ക്കൊപ്പം 
റോഷന്‍ മാത്യു അഭിമുഖം: ആ സ്‌ക്രിപ്റ്റില്ലേ ഇനി അത് വായിക്കേണ്ടെന്ന് പറഞ്ഞു, അത്രയും സ്വാതന്ത്ര്യം സിനിമയില്‍ കിട്ടുന്നത് ആദ്യം 
Q

ടേക്ക് ഓഫ് അഞ്ചാം പാതിരാ പോലുള്ള ചിത്രങ്ങള്‍ ഒരു മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് ചിത്രങ്ങളല്ല. പ്രേക്ഷകര്‍ വളരെ ശ്രദ്ധയോടെ ഇരുന്ന് കാണേണ്ട സിനിമകളാണ്. അഭിനയിക്കുന്ന സമയത്ത്, കഥാപാത്രത്തിന്റെ മൂഡ് അനുസരിച്ചുള്ള വ്യത്യാസങ്ങള്‍ തോന്നിയിട്ടുണ്ടോ?

A

അറിഞ്ഞോ അറിയാതെയോ അത് സംഭവിക്കുന്നുണ്ട്. ജിസ് ജോയുടെ പടം ചെയ്യുമ്പോഴാണ് എനിക്കാ വ്യത്യാസം മനസിലാകുന്നത്. അഞ്ചാം പാതിര ചെയ്യുമ്പോള്‍ സെറ്റില്‍ കളിയും ചിരിയും തമാശയും ഒന്നുമില്ല. എന്നാല്‍ മിഥുന്‍ നല്ല തമാശ പറയുന്ന ആളാണ്, എല്ലാവരും നല്ല ഫ്രണ്ട്സും ഒക്കെയാണ്. എങ്കിലും ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിലൊക്കെ അങ്ങനെ വലിയ തമാശകളൊന്നും തന്നെ ഇല്ലായിരുന്നു. ജിസിന്റെ ലൊക്കേഷനില്‍ നേരെ തിരിച്ചായി. അഞ്ചാം പാതിരയില്‍ അഭിനയിക്കുമ്പോള്‍ എല്ലാവരും ആ പടത്തിന്റെ മൂഡിലായിരുന്നു. ലൈറ്റിംങും അത്തരത്തിലൊരു മൂഡ് ക്രിയേറ്റ് ചെയ്തിരുന്നു. സെറ്റും, അത്തരത്തിലൊരു ആംബിയന്‍സും എല്ലാം എല്ലാവരുടെയും ആക്റ്റിംഗില്‍ സഹായിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഷൈജു ഖാലിദ് എന്ന ക്യാമറാമാന്റെ ഇതുവരെ കാണാത്ത ചില പരിപാടികളൊക്കെ നമുക്കിതില്‍ കാണാം.

Q

ട്രാഫിക് മുതല്‍ അഞ്ചാം പാതിര വരെ ഷൈജുവിന്റെ ഒരു യാത്ര എങ്ങനെ നോക്കിക്കാണുന്നു?

A

നമ്മളെപ്പോഴും വളരെ അഭിമാനത്തോടെ കണ്ടിരുന്ന ഒരു വളര്‍ച്ചയാണ് ഷൈജുവിന്റേത്. നമ്മുടെ കൂടെയാണ് തുടങ്ങിയത് എന്നുപറയുമ്പോള്‍ ഒരു സന്തോഷമുണ്ട്. ട്രാഫിക്കിന് ശേഷം ഒരു മുഴുനീള ചിത്രത്തില്‍ വര്‍ക്കുചെയ്യാന്‍ പറ്റിയില്ല എന്നുള്ള സങ്കടവുമുണ്ടായിരുന്നു. അതിപ്പോള്‍ അഞ്ചാം പാതിയില്‍ മൊത്തമായും മാറിക്കിട്ടി. പിന്നെ ഈ കഥ കേട്ട് ഇതിനോട് ഇഷ്ടം തോന്നിയിട്ടാണ് ഇവരെല്ലാം ഈ സിനിമയുടെ ഭാഗമായിരിക്കുന്നത്.

Q

‘ഹൃദയത്തില്‍ സൂക്ഷിക്കാം’ എന്ന രാജേഷ് പിള്ളയുടെ ആദ്യ സിനിമയില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍, അത് വന്‍ പരാജയമായിരുന്നു. പിന്നീട് ട്രാഫിക് എന്ന സിനിമയുമായി വന്നപ്പോള്‍ രാജേഷിനൊപ്പം സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു?

A

മിഥുന്റെ കാര്യത്തിലും ഇത് ബാധകമായിരുന്നു. മിഥുന്‍ എന്ന സംവിധായകന്റെ മുന്‍കാല ചിത്രങ്ങള്‍ പരിഗണിച്ചല്ല ഞാന്‍ അഞ്ചാം പാതിര ചെയ്തത്. ആ സ്‌ക്രിപ്റ്റും കഥയും ഇഷ്ടപ്പെട്ടിട്ടാണ്. ട്രാഫിക്കിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. തൊട്ടുമുമ്പ് രാജേഷ് പിള്ള ചെയ്ത ഒരു വിജയമാകാതെ പോയ സിനിമ, അതിലും ഞാന്‍ തന്നെ ആയിരുന്നു നായകന്‍. പക്ഷെ പിന്നീട് രാജേഷ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ കയ്യിലെ സ്‌ക്രിപ്റ്റാണ് എന്നില്‍ വിശ്വാസം ഉണ്ടാക്കിയത്. കൂടാതെ ബോബി-സഞ്ജയ് എന്ന സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സിലും ഉള്ള വിശ്വാസം. ട്രാഫിക്കില്‍ ബാക്കി എല്ലാം പുതിയ ആളുകളാണ്. രാജേഷ് പിള്ള ഒന്ന് മാറി ചിന്തിച്ചിട്ട്, എല്ലാം പഠിച്ചിട്ടാണ് പിന്നീട് വന്നത്. മിഥുന്‍ ഇതിന് മുന്‍പ് ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ഇത്തവണ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഴോണറില്‍ ഉള്ള ചിത്രവുമായാണ് വന്നത്. അതുകൊണ്ടുതന്നെ ആ വിഷയത്തെ ശരിക്ക് പഠിച്ചിട്ടുതന്നെയാണ് മിഥുനും വന്നത്. ആ രീതിയില്‍ അഞ്ചാം പാതിരയും ട്രാഫിക് പോലെ എന്നെ എക്സൈറ്റ് ചെയ്യിച്ച സിനിമയാണ്.

Q

ഫാസില്‍ മലയാളത്തിലേയ്ക്ക് അനിയത്തിപ്രാവിലൂടെ ഒരു പുതിയ നായകനെ അവതരിപ്പിക്കുകയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം വലിയൊരു താരനിരക്ക് ഇടയിലേക്കാണ് ചാക്കോച്ചന്‍ വന്നത്. ഒരു യുവനടന്‍ വന്ന് വലിയൊരു വിപ്ലവമുണ്ടാക്കുന്നു. എന്തുകൊണ്ടായിരിക്കും ഫാസില്‍ ആ കഥാപാത്രമായിട്ട് ചാക്കോച്ചനെ തിരഞ്ഞെടുത്തിട്ടുണ്ടാവുക?

A

അത് ആ സിനിമയുടെ തിരക്കഥയിലുള്ള വിശ്വാസം തന്നെയായിരിക്കും. ആര് ചെയ്താലും അത് ഓക്കെ ആകും. എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാണ്. ഞാനല്ല വേറാര് ചെയ്തിരുന്നെങ്കിലും സുധി അയാളിലൂടെ നിലനിന്നുപോയേനെ. പാച്ചിക്കയുടെ ഭാര്യ റോസി ആന്റിയാണ് എന്നെ സജസ്റ്റ് ചെയ്യുന്നത്. എനിക്ക് തീരെ താല്പര്യമില്ലായിരുന്നു. പിന്നീട് ഓഡിഷന് പോകുന്നില്ല എന്നൊക്കെ പറഞ്ഞാണ് ഞാനിരുന്നത്. എന്റെ ഒരു കൂട്ടുകാരനാണ് വന്നുപറയുന്നത്, നീ അഹങ്കാരിയാണ്. നിനക്കിത്രയും വലിയൊരു അവസരം കിട്ടിയിട്ട് പോകാതിരിക്കുന്നു. എത്രയോ പേര് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അവന്‍ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ടുമാത്രം ചുമ്മാ പോയെന്നെ ഉള്ളു. ഓഡിഷന്‍ നടത്തി. നല്ല ബോറായിട്ടാണ് ഞാന്‍ ചെയ്തത്. അന്ന് ഞാനുറപ്പിച്ചു എനിക്ക് കിട്ടില്ല എന്ന്. അപ്പോഴും ഞാന്‍ ഹാപ്പിയാണ്. എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. പക്ഷെ പാച്ചിക്ക വന്നുപറഞ്ഞു ഓക്കെയാണ്. നമുക്ക് തുടങ്ങാം. അങ്ങനെയാണ് അതിലേക്ക് പോകുന്നത്.

Q

കരിയറിന്റെ തുടക്കത്തില്‍ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം ആണ് കൂടുതലും സിനിമ ചെയ്യുന്നത്. അന്ന് അവരെല്ലാം തിരഞ്ഞെടുത്തിട്ടുള്ളത് അന്ന് ഏറ്റവും പോപ്പുലറായ ഒരു പ്രണയനായകനെ ആണ്. ഈ റൊമാന്റിക് ഹീറോ/ താരം എന്ന് പറയുന്നത് അന്ന് ഏതെങ്കിലും വിധത്തില്‍ ഒരു ഭാരമാവുകയോ, ബാധ്യതയാവുകയോ മാനേജ് ചെയ്യാന്‍ പറ്റാതെ വരികയോ ഉണ്ടായിട്ടുണ്ടോ?

A

സത്യത്തില്‍ ഞാനതിനെപ്പറ്റി ഒട്ടും ബോധവാനായിരുന്നില്ല. താരം എന്നുള്ളത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല. ഞാനെപ്പോഴും ഒരു സാധാരണക്കാരനായിട്ടുതന്നെ എന്റെ നിലപാടുകളില്‍ നിന്നിട്ടേ ഉള്ളു. പഴയ സുഹൃത്തുക്കള്‍ തന്നെ അന്നും ഉണ്ടായിരുന്നു. അനിയത്തിപ്രാവ് എന്ന സിനിമ വളരെ പരിചയസമ്പത്തുള്ള ഫാസില്‍ എന്ന സംവിധായകനൊപ്പം ചെയ്തിട്ട് രണ്ടാമത്തെ സിനിമ നക്ഷത്രത്താരാട്ട് ഒരു പുതുമുഖ സംവിധായകനായ ശങ്കര്‍ വാളത്തുങ്കലിനൊപ്പമാണ് ചെയ്തത്. അതുപോലെതന്നെ കമല്‍ സാറിനൊപ്പമൊക്കെ വര്‍ക്ക് ചെയ്യുമ്പോഴും പ്രിയം ചെയ്തത് സനല്‍ എന്ന പുതിയ സംവിധായകനൊപ്പമായിരുന്നു. പുതിയ ആളുകള്‍ക്കൊപ്പം ആ സമയവും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ ചിത്രങ്ങളെല്ലാം വിജയിച്ചിട്ടുമുണ്ട്. എങ്കിലും താരം എന്നുള്ള രീതിയില്‍ ഞാനൊരിക്കലും എന്നെ പരിഗണിച്ചിട്ടില്ല, അല്ലെങ്കില്‍ ഞാനത് മനസിലാക്കിയിട്ടില്ല. അതായിരിക്കും ചിലപ്പൊ അതിന്റെ ശരിയായ പ്രയോഗം. ആസ്വദിച്ചിട്ടുണ്ട് എല്ലാം. പ്രണയ ലേഖനങ്ങളും കത്തുകളും ഫോണ്‍ കോളുകളും എല്ലാം.

Q

രണ്ട് കാലഘട്ടം തന്നെയാണല്ലോ, ഇപ്പോഴത്തെ പുതുതലമുറ താരങ്ങള്‍ക്കുപോലും കിട്ടാത്ത അനുഭവങ്ങളാണ് ചാക്കോച്ചന് ഉണ്ടാവുക ?

A

‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമ ചെയ്തതിനുശേഷം കുറച്ചുകൂടെ എന്റെ പ്രായത്തിലുളള ആളുകളുടെ പ്രണയലേഖനങ്ങളൊക്കെ കിട്ടിത്തുടങ്ങിയിരുന്നു. അതിലൊക്കെ പക്ഷെ പ്രണയമെന്നതിലുപരി ഒരു സ്നേഹത്തിന്റെ സ്വഭാവമാണുള്ളത്. അത് വേറൊരു അനുഭവമായിരുന്നു. ഞാന്‍ പ്രിയയോട് പറഞ്ഞു, ദൈവമേ, ഞാന്‍ മിക്കവാറും വഴിതെറ്റിപ്പോകൂമോ(ചിരിക്കുന്നു). പക്ഷെ ഒരു താരം എന്നുള്ളത് ഒരിക്കലും എനിക്കൊരു ബാധ്യതയായി തോന്നിയിട്ടില്ല. ഒരു നടന്‍ എന്നുള്ളത് വ്യകതിപരമായിട്ടെന്നെ ഒരു തരത്തിലും ബാധിച്ചിട്ടുമില്ല.

Q

നമ്മള്‍ സേഫ് സോണിന്റെ കാര്യം പറഞ്ഞു. വിജയം ആവര്‍ത്തിക്കട്ടെ എന്നുള്ള ഒരു ആഗ്രഹം കൂടിയാണോ ഒരേ തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാരണം? അനിയത്തിപ്രാവുണ്ടാക്കുന്ന വലിയൊരു വിജയം, അതിനുശേഷം നക്ഷത്രത്താരാട്ടും വിജയമാകുന്നു. ആ സ്വഭാവമുളള ചിത്രങ്ങളില്‍ ഒരു പ്രണയനായകന് കിട്ടുന്ന സ്വീകാര്യതയും ആരാധനയും, അത് തല്‍ക്കാലം നഷ്ടപ്പെടുത്തേണ്ട എന്നുള്ള തീരുമാനം തന്നെയായിരുന്നോ?

A

ആയിരിക്കാം. രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന്, ആ രീതിയിലുള്ള സിനിമകള്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ വിജയിക്കുന്നുണ്ട്. രണ്ട്, ആ സമയത്ത് ആര്‍ക്കും വേറൊരു ഓപ്ഷന്‍ ഇല്ല. പിന്നെ ഉണ്ടായിരുന്നത് ദിലീപാണ്. പക്ഷെ ദിലീപ് കുറച്ചുകൂടി തമാശാ രീതിയിലുളള ചിത്രങ്ങളാണ് ചെയ്തിരുന്നത്. കാമ്പസ് റൊമാന്റിക് വേഷങ്ങള്‍ ചെയ്യാന്‍ വേറെയാരും ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കാം അതുപോലുളള വേഷങ്ങള്‍ കൂടുതലായി എനിക്ക് ചെയ്യാന്‍ പറ്റിയത്. ഒരുപരിധിവരെ ആ ഇമേജിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് എനിക്ക് സിനിമകള്‍ ചെയ്യേണ്ടിവന്നു. ഒരു പരിധികഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് അത് ബോറടിച്ചുതുടങ്ങി. അപ്പോഴാണ് ഒരു ചെറിയ ഇടവേളയെടുത്തത്. തിരിച്ചുവന്നപ്പോള്‍ സപ്പോര്‍ട്ടിങ് റോളുകളും, സ്ത്രീ പ്രാധാന്യമുളള സിനിമകളും, മള്‍ട്ടിസ്റ്റാര്‍ സിനിമകളും ഒക്കെ ചെയ്തത്. പഴയ ഇമേജില്‍ നിന്ന് മാറി നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നതുകൊണ്ടാണ് അങ്ങനെയുളള ചിത്രങ്ങള്‍ പിന്നീടുണ്ടായത്. ട്രാഫിക് സംഭവിച്ചത് അങ്ങനെയാണ്, ഹൗ ഓള്‍ഡ് ആര്‍ യു, ടേക്ക് ഓഫ് എല്ലാം ഉണ്ടാകുന്നതങ്ങനെയാണ്. മലയാളത്തിലെ ഏറ്റവും ജനുവിന്‍ സ്പൂഫ് ഫിലിമായ ചിറകൊടിഞ്ഞ കിനാവുകള്‍ ഉണ്ടായതും അങ്ങനെയാണ്. സിനിമയുടെ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നല്ല സിനിമകളുടെ ഭാഗമായിട്ട് ഞാന്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്.

Summary

അങ്ങനെ ഒരു റോള്‍ വന്നു. പക്ഷേ ഫസ്റ്റ് സീന്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ആരാണെന്ന് ഓര്‍ക്കുന്നില്ല, ഒരാള്‍ വന്ന് ഒരു കഥ പറഞ്ഞു, ഒരു ഇരുട്ട് മുറി, അവിടെ ഒരു ബള്‍ബ് മിന്നിക്കത്തുന്നുണ്ട്, ടാപ്പില്‍ നിന്ന് വെള്ളം ഇറ്റു വീഴുന്ന ശബ്ദം കേള്‍ക്കാം. താഴെ രക്തം തളം കെട്ടിക്കിടക്കുന്നു, ആ രക്തം ഒരു മേശയുടെ കാലിലൂടെ താഴേയ്ക്ക് ഊര്‍ന്നിറങ്ങുന്നുണ്ട്

Q

മലയാളത്തിലെ ആദ്യത്തെ സ്പൂഫ് എന്ന് പറയുമ്പോള്‍ അതില്‍ ചാക്കോച്ചനുണ്ട്. 2011 ല്‍ ട്രാഫിക് ഒരു മാറ്റം കൊണ്ടുവരുമ്പോള്‍ അവിടെയുണ്ട്. ടേക്ക് ഓഫിലേക്ക് വരുമ്പോള്‍ അവിടെയും. വൈറസ് ഒരു പക്കാ മെഡിക്കല്‍ ത്രില്ലര്‍ എന്ന നിലക്ക് അവിടെയും ആക്ടറാണ്. അങ്ങനെ ആലോചിക്കുമ്പോള്‍ നമ്മുടെ സിനിമ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറുമ്പോള്‍, സിനിമയുടെ മേക്കിങ്, കാഴ്ചപ്പാടിലെ വ്യത്യാസം, സോഷ്യല്‍ മീഡിയയുടെ വരവ്, എല്ലാം ഒരു യുവനടനായി വന്ന് അനുഭവിച്ചറിയാന്‍ പറ്റിയിട്ടുള്ള വ്യക്തിയാണ് ചാക്കോച്ചന്‍. ആ ഒരു മാറ്റത്തെ എങ്ങനെയൊക്കെ വിലയിരുത്താനാകും?

A

ക്രമേണ ഉണ്ടായ മാറ്റമാണെങ്കില്‍ക്കൂടി പെട്ടെന്ന് സംഭവിച്ച ഒന്നായാണ് എന്റെ അനുഭവം. ഡിജിറ്റലിലേക്ക് വന്ന മാറ്റമാണെങ്കിലും അഭിനയത്തില്‍ വന്ന വ്യത്യാസങ്ങളായാലും തിരഞ്ഞെടുക്കുന്ന പ്രമേയം ആയാലും കുറേ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ട്രാഫിക്കില്‍ നിന്നോ സോള്‍ട് ആന്റ് പെപ്പറില്‍ നിന്നോ തുടങ്ങുകയാണെങ്കില്‍ എട്ടോ പത്തോ വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പക്ഷെ അതിനിടയില്‍ സിനിമ കാര്യമായിട്ട് മാറിയിട്ടുണ്ട്. ടെക്നിക്കലിയും ഐഡിയോളജിക്കല്‍ ആയും. നടന്മാര്‍ ഒന്നുകൂടി സ്വാഭാവികമായി അഭിനയിക്കാന്‍ തുടങ്ങി. ബിഹേവ് ചെയ്താല്‍ മതി, അഭിനയം വേണ്ട എന്നുള്ള അഭിപ്രായങ്ങള്‍ വന്നു. ടെക്നിക്കലി മറ്റു ഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ നമ്മള്‍ വളര്‍ന്നു. നാഷണല്‍ ആന്റ് ഇന്റര്‍നാഷണല്‍ ലെവലില്‍ നമ്മള്‍ അംഗീകരിക്കപ്പെടുന്നു. അതെല്ലാം നമുക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. തീര്‍ച്ചയായും ഇതിനിടയില്‍ മാറ്റിവെക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അതല്ലാതെ നോക്കുകയാണെങ്കില്‍ ഒരുപാട് കഴിവുളള സംവിധായകരും ടെക്നീഷ്യന്‍സും അഭിനേതാക്കളും നമുക്കുണ്ട്. പിന്നെ എനിക്ക് തോന്നുന്നു, പണ്ട് നമ്മളൊരു സിനിമയ്ക്ക് ഡേറ്റ് കൊടുക്കുമ്പോള്‍ ഷൂട്ട് കഴിയാന്‍ 25 ദിവസം മതി. പിന്നെ ഡബ്ബിങ്ങിന് രണ്ടു ദിവസം. ഇപ്പോള്‍ അങ്ങനെയല്ല. കഥ കേള്‍ക്കുന്നതുമുതല്‍ നമ്മളാ സിനിമയുടെ ഭാഗമാണ്. അവരുടെ കൂടെ പല ചര്‍ച്ചകള്‍ക്കും ഇരിക്കേണ്ടിവരും പലരോടും സംസാരിക്കേണ്ടിവരും യാത്രകള്‍ ചെയ്യേണ്ടിവരും. ഷൂട്ടിന്റെ സമയത്താമെങ്കില്‍ ഏറ്റവും കുറഞ്ഞത് 40-45 ദിവസം ഒരു മെയ്ന്‍ ആക്ടര്‍ ആ സിനിമയ്ക്ക് വേണ്ടി ചിലവഴിക്കേണ്ടിവരും. എഡിറ്റിങ് സമയത്ത് നമ്മളവരോടൊപ്പമുണ്ടാകും. ഡബ്ബിങ് ഒരു ദിവസം കൊണ്ട് തീര്‍ക്കുന്ന പണിയല്ല. എല്ലാം സാവധാനത്തില്‍ സൂഷ്മതയോടെയാണ് ചെയ്യുക. റിലീസിന് മുന്‍പാണെങ്കില്‍ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പോകുന്നു. പടം ഹിറ്റാവുകയാണെങ്കില്‍ വീണ്ടും തീയറ്ററുകളിലേയ്ക്ക് പോകുന്നു. മൂന്നോ നാലോ മാസം നമ്മളാ സിനിമയുടെ കൂടെ നില്‍ക്കേണ്ടിവരുന്നു. ആ രീതിയിലേയ്ക്കും സിനിമ മാറിയിട്ടുണ്ട്. പണ്ട് ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. ഇപ്പോള്‍ ഇതൊരു ആവശ്യമായിമാറിയിരിക്കുന്നു. പണ്ട് ഫിലിമായതുകൊണ്ട് ഒരു ഷോട്ടെടുക്കുമ്പോള്‍ ഒറ്റ ടേക്കില്‍തന്നെ മിക്കതും ഓക്കെ പറയും. ഇപ്പോള്‍ അങ്ങനെയല്ല, മള്‍ട്ടി ക്യാം സെറ്റപ്പുണ്ട്. എത്ര ടേക്ക് വേണമെങ്കിലും പോകാം. വൈറസില്‍ രണ്ടും മൂന്നൂം പേജുകളിലുള്ള ഡയലോഗുകള്‍ എന്നെ വെള്ളം കുടിപ്പിച്ചു. നാല് ആങ്കിള്‍, ആറ് ആങ്കിളിലൊക്കെ നമുക്ക് ചെയ്യണ്ടിവരും. ആവര്‍ത്തിച്ച് ഡയലോഗുകള്‍ പറയേണ്ടിവരും. ഫിലിമാണെങ്കില്‍ ഈ ബുദ്ധിമുട്ടൊന്നുമില്ല. അങ്ങനെയുളള കുറേ വ്യത്യാസങ്ങളും സിനിമയില്‍ സംഭവിച്ചിട്ടുണ്ട്.

Q

ഇനിയും ചോക്ളേറ്റ് ഹീറോ എന്ന ടാഗ് ലൈനിലേക്ക്, അത്തരം കഥകളുമായി ആളുകള്‍ വരാറുണ്ടോ?

A

ഇപ്പോഴും വരുന്നുണ്ട്. കേള്‍ക്കുമ്പോള്‍തന്നെ ഞാന്‍ പറയും, ഇതെനിക്ക് പറ്റില്ല, മാനസികമായി ഇത്തരം കഥാപാത്രങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന്.

Q

സിനിമയ്ക്കകത്തും പുറത്തും ഒരുപാട് നല്ല സൗഹൃദങ്ങളും ബന്ധങ്ങളും ചാക്കോച്ചന് ഉണ്ടെന്ന് തോന്നുന്നു. ചാക്കോച്ചനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ക്ക് ദുല്‍ഖറും നിവിനുമൊക്കെ ഉള്‍പ്പെടുന്ന താരങ്ങളുടെ മറുപടികളില്‍ വ്യക്തിപരമായ ഒരു സൗഹൃദം കാണാം. സിനിമക്ക് പുറത്തേക്കും അത്തരത്തിലുള്ള ഒരു സോഷ്യല്‍ ലൈഫ് ഉണ്ടോ?

A

ഇവരെല്ലാരുമായി എനിക്ക് നല്ല സൗഹൃദമാണ്. ‘സെവന്‍സ്’സിനിമയില്‍ തുടങ്ങിയ ബന്ധമാണ് നിവിനുമായുളളത്. അന്ന് നിവിനൊരു സ്റ്റാര്‍ ആയിട്ടില്ല. അന്ന് ഞങ്ങള്‍ക്കൊപ്പം ആസിഫും അജുവും ഉണ്ടായിരുന്നു. അവിടെ ഞാനായിരുന്നു അവരുടെ സീനിയര്‍. അവരുടെ കൂടെ അവരിലൊരാളായാണ് അഭിനയിച്ചത്. പിന്നീട് ‘സീനിയേഴ്സ്’ എന്ന സിനിമയില്‍ മനോജേട്ടന്‍, ജയറാമേട്ടന്‍, ബിജു. ഇവരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഞാനാണവിടെ ജൂനിയര്‍. ലാലേട്ടനും മമ്മൂക്കയുമൊത്ത് ഏറ്റവുമാദ്യം ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചു. അതുകൂടാതെ എന്റെ ഫാദര്‍ വഴിയുള്ള കുടുംബപരമായ സൗഹൃദങ്ങളും ഇരുവരുമായുണ്ട്. മമ്മൂക്കയും ദുല്‍ഖറുമായി കുറച്ചുകൂടെ അടുപ്പമുണ്ട്. ഞങ്ങളുടെ സിനിമക്കുപുറത്തുള്ള സൗഹൃദവും വളരെ സ്ട്രോങ്ങാണ്. പിന്നെ രാജുവും ഇന്ദ്രനും ജയനുമെല്ലാം എന്റെ ഒപ്പമുള്ളവരാണ്. ഒരുമിച്ചു സിനിമ ചെയ്യുമ്പോഴും അല്ലാത്തപ്പോഴും. സൗഹൃദവും സൗഹൃദപരമായ മത്സരവുമെല്ലാം അതിലുണ്ട്. ജയനൊക്കെ എന്നോട് ചിലപ്പോള്‍ ചോദിക്കും, ഡാ ഞാന്‍ എന്റെ അഭിനയത്തില്‍ എന്ത് മാറ്റമാണ് വരുത്തേണ്ടത്? ഞാന്‍ പറയും,നീ എന്നോടാണോ ചോദിക്കുന്നത്, ഞാന്‍ നിന്റടുത്ത് ചോദിച്ചുപഠിക്കാനിരിക്കുകയായിരുന്നു.

എനിക്കുശേഷം വന്നവരാണെങ്കില്‍കൂടി അവരില്‍ നിന്നും ഞാനൊരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരമൊരു താരനിര ഇല്ലായിരുന്നുവെങ്കില്‍ വൈറസ് പോലൊരു സിനിമ ചിലപ്പോള്‍ സംഭവിക്കില്ലായിരുന്നു. ഉയരെയും അതുപോലെതന്നെ. നല്ല സിനിമയ്ക്ക് വേണ്ടി നല്ല കഥാപാത്രങ്ങള്‍ കിട്ടുവാണെങ്കില്‍ എല്ലാവരും ഒന്നിച്ച് ചേരും. അത് അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. ഓരോരുത്തരുടെയും ചിത്രങ്ങളിറങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ പരസ്പരം പിന്തുണ നല്‍കാറുണ്ട്. എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാറുമുണ്ട്. അത് പരസ്പര സൗഹൃദത്തിന്റെ ലക്ഷണമാണ്. അല്ലാതെ ഒരാളുടെ ചിത്രം മോശമാക്കിയിട്ട് മറ്റൊരാള്‍ വിജയിക്കുന്നതില്‍ കാര്യമില്ല. ‘അയാളുടെ ചിത്രം നന്നായി ഓടട്ടെ, നമ്മുടെ കുറച്ചൂടി നന്നാക്കിയാല്‍ മതി’ എന്നുള്ള രീതിയില്‍ ചിന്തിക്കുന്ന ഒരു ജനറേഷനാണ് ഇപ്പോഴുള്ളത് എന്നെനിക്ക് തോന്നിയിട്ടുണ്ട്.  
കുഞ്ചാക്കോ ബോബന്‍ അഭിമുഖം: അഞ്ചാം പാതിര ട്രാഫിക് പോലെ എക്സൈറ്റ് ചെയ്യിച്ച സിനിമ, ഇനിയങ്ങോട്ട് മാറ്റങ്ങള്‍ക്കൊപ്പം 
‘ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതെല്ലാം ത്രില്ലറുകളാണ്’; കരിയറിലെ രണ്ടാം ഘട്ടത്തെക്കുറിച്ച് മിഥുന്‍ മാനുവല്‍ തോമസ്
Q

ചില ക്യാരക്ടര്‍ റോളുകളിലൂടെയായിരുന്നു ചാക്കോച്ചന്റെ രണ്ടാം വരവ്. സെക്കന്റ് ഇന്നിംഗ്സ് ശരിക്കും ഒരു തീരുമാനത്തോടുകൂടിയുള്ള വരവായിരുന്നോ?

A

ഉറപ്പായിട്ടും. മാറ്റങ്ങള്‍ വേണമെന്നുള്ളത് നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുപോകുമെന്നുള്ളത് ഉറപ്പായിരുന്നു. ഹ്യൂമര്‍, നെഗറ്റിവ് കഥാപാത്രങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് പലരും ചോദിച്ചിട്ടുണ്ട്. അന്ന് ചെയ്യാന്‍ പറ്റാതെപോയ പല കഥാപാത്രങ്ങളും എല്‍സമ്മയിലെ പാലുണ്ണിയിലൂടെയും ട്രാഫിക്കിലെ ഏബലിലൂടെയുമൊക്കെ എനിക്ക് ചെയ്യാന്‍ സാധിച്ചു. റോമന്‍സ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രങ്ങളിലൊക്കെ ഹ്യൂമറിന്റെ അംശം ഭയങ്കരമായിട്ടുണ്ട്. ഞാന്‍ പറയുന്ന തമാശകള്‍ക്കൊക്കെ ആളുകള്‍ ചിരിച്ചിട്ടുണ്ട്. പിന്നെ അത്യാവശ്യം ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള ട്വിസ്റ്റുകളും കാര്യങ്ങളുമുളള ട്രാഫിക്, സീനിയേഴ്സ്, വേട്ട പോലുളള സിനിമകളും സംഭവിക്കുന്നുണ്ട്. കുഞ്ചാക്കോബോബന്‍ ഇതിനുമുന്‍പ് ചെയ്തിട്ടില്ലാത്ത ചലഞ്ചിങ് ആയിട്ടുളള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ സാധിച്ചു. അത് മനഃപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ ഭാഗമായിട്ടുളളത് തന്നെയാണ്.

Q

സാജന്‍ ജോസഫ് രണ്ടുതവണ ചെയ്യുവാണ്. വ്യക്തിപരമായി ഭയങ്കര ഇമോഷണലായാണ് ലോഹി സാറിനൊപ്പം ആ കഥാപാത്രം ചെയ്തതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

A

തീര്‍ച്ചയായും. കുറേയൊക്കെ എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുളള ഏടുകളും അതിലുണ്ടായിരുന്നു. വളരെ ബുദ്ധിപരമായിട്ടാണ് ലോഹിയേട്ടന്‍ അത് സിനിമയില്‍ ചേര്‍ത്തിട്ടുള്ളത്. ലോഹിയേട്ടന്റെ കഥ ഒരു വണ്‍ലൈനില്‍ പറഞ്ഞാല്‍ നമുക്ക് മനസിലാകില്ല. അദ്ദേഹം കഥ എഴുതിക്കഴിഞ്ഞ് ലൊക്കേഷനില്‍ വന്ന് നമ്മളത് അഭിനയിച്ചുതുടങ്ങുമ്പോഴാണ് അതിന്റെ ഇമ്പാക്ട് എത്രത്തോളം ഉണ്ടെന്നത് നമുക്ക് മനസിലാവുകയുള്ളു. ജീവിതഗന്ധിയായിട്ടുള്ള കഥയും കഥാപാത്രങ്ങളുമെല്ലാം ആ സമയത്ത് ഉണ്ടായി. ആ വാക്കുകള്‍ക്കൊരു ജീവനുണ്ട്. അതായിരിക്കും ചിലപ്പോള്‍ സാജന്‍ ജോസഫ് ആലുക്ക എന്റെ മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു കഥാപാത്രമായിമാറാന്‍ കാരണം.

Q

ഒരു മുഴുനീള വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്ന ആളാണോ ചാക്കോച്ചന്‍? അങ്ങനെ തോന്നിപ്പിച്ച ഏതെങ്കിലും കഥാപാത്രങ്ങളുണ്ടോ? അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ?

A

അങ്ങനെ ഒരു റോള്‍ വന്നു. പക്ഷേ ഫസ്റ്റ് സീന്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ആരാണെന്ന് ഓര്‍ക്കുന്നില്ല, ഒരാള്‍ വന്ന് ഒരു കഥ പറഞ്ഞു, ഒരു ഇരുട്ട് മുറി, അവിടെ ഒരു ബള്‍ബ് മിന്നിക്കത്തുന്നുണ്ട്, ടാപ്പില്‍ നിന്ന് വെള്ളം ഇറ്റു വീഴുന്ന ശബ്ദം കേള്‍ക്കാം. താഴെ രക്തം തളം കെട്ടിക്കിടക്കുന്നു, ആ രക്തം ഒരു മേശയുടെ കാലിലൂടെ താഴേയ്ക്ക് ഊര്‍ന്നിറങ്ങുന്നുണ്ട്. ക്യാമറ ടില്‍റ്റ് അപ്പ് ചെയ്യുമ്പോള്‍ മേശപ്പുറത്തും കുറച്ച് രക്തം തളംകെട്ടിക്കിടക്കുന്നുണ്ട്. അവിടെ ഒരു പ്ലേറ്റില്‍ കുറച്ച് രക്തവും മാംസവും ഇരിപ്പുണ്ട്. ഒരാള്‍ അത് കുത്തിയിരുന്നു കഴിക്കുന്നു. അത് ഞാനാണ്. അതേ ചേട്ടനൊരു നരഭോജിയാണ്, ഞാന്‍ പറഞ്ഞു, ശരി മോനേ, വേണ്ട. താത്പര്യമില്ല.

അങ്ങനെയൊക്കെ ‘ഔട്ട് ഓഫ് ദ ബോക്‌സ്’ ചിന്തിച്ചു വന്ന ആളുകളൊക്കെയുണ്ട്. പക്ഷേ അത് കേട്ട് ഞാന്‍ പേടിച്ചു പോയിട്ടുണ്ട്.പേരിനൊരു വില്ലന്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ചലഞ്ചിങ് റോള് വരുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in