റോഷന്‍ മാത്യു അഭിമുഖം: ആ സ്‌ക്രിപ്റ്റില്ലേ ഇനി അത് വായിക്കേണ്ടെന്ന് പറഞ്ഞു, അത്രയും സ്വാതന്ത്ര്യം സിനിമയില്‍ കിട്ടുന്നത് ആദ്യം 

റോഷന്‍ മാത്യു അഭിമുഖം: ആ സ്‌ക്രിപ്റ്റില്ലേ ഇനി അത് വായിക്കേണ്ടെന്ന് പറഞ്ഞു, അത്രയും സ്വാതന്ത്ര്യം സിനിമയില്‍ കിട്ടുന്നത് ആദ്യം 
Albert Thomas
Q

നാടക പശ്ചാത്തലത്തിൽ നിന്നാണ് റോഷൻ വരുന്നത്. സമീപകാലത്ത് മലയാളത്തിൽ ഒരു നാടകം സംവിധാനം ചെയ്തു. നാടകമാണോ, അല്ല സിനിമ തന്നെ ലക്ഷ്യമാക്കിയാണോ
ഫീൽഡിലേക്ക് വന്നത്

A


വളരെ കുറച്ച് തീരുമാനങ്ങൾ മാത്രമേ ഞാൻ ലൈഫിൽ എടുത്തിട്ടുള്ളൂ. വേറെന്തിനേക്കാളും നാടകം ചെയ്യാൻ താത്പര്യം തോന്നിയ കാലത്ത്, എന്നാൽ ഇനി അത് മാത്രം ചെയ്യാമെന്ന് തീരുമാനം എടുത്തിരുന്നു. എനിക്കിഷ്ടം അഭിനയിക്കുക എന്നത് മാത്രമായിരുന്നു. അതിനുള്ള അവസരം നാടകങ്ങളായിരുന്നു. ഷോർട്ട് ഫിലിമിനെക്കാളും എക്സൈറ്റ്മെന്റ് തോന്നിയത് നാടകങ്ങളോടാണ്. സിനിമയോട് താത്പര്യമുള്ള  കുടുംബമായിരുന്നുവെങ്കിലും സിനിമയുമായി
ബന്ധമില്ലാത്ത കുടുംബമായിരുന്നു. അച്ഛൻ മമ്മൂട്ടി ഫാനാണ്. ചെറുപ്പം മുതലേ എല്ലാ സിനിമകളും ഒന്നൊഴിയാതെ കണ്ടിരുന്നു. കുടുംബമായി തന്നെ തിയേറ്ററിൽ പോയി എല്ലാ ആഴ്ചയിലും റിലീസാകുന്ന സിനിമകൾ കാണാറുണ്ട്. സിനിമകൾ കാണുമ്പോൾ ഇത് നമ്മൾക്ക് എത്തിപ്പിടിക്കാനാവുന്ന മേഖലയല്ലെന്ന തോന്നലും ഉള്ളിൽ ശക്തമായിരുന്നു. അതുകൊണ്ട് സിനിമ എന്നൊരു ലക്ഷ്യമേ മനസിലുണ്ടായിരുന്നില്ല.

Q

നാടകം പഠിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്

A

ഞാൻ സ്കൂളിലായിരുന്ന സമയത്ത് എന്റെ ചേച്ചി നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അവർ ചെയ്യുന്ന കോമഡി കഥാപാത്രങ്ങൾക്ക് ആളുകൾ കൈയ്യടിക്കുന്നത് കാണുമ്പോൾ ഈ പരിപാടി കൊള്ളാമെന്ന് തോന്നിയിരുന്നു. നന്നായി പഠിക്കുമായിരുന്നവെന്നല്ലാതെ, സ്കൂളിൽ പോപ്പുലറായ വിദ്യാർത്ഥിയായിരുന്നില്ല. ചേച്ചി നാടകങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ ഒരു താത്പര്യം തോന്നി. ചേച്ചി സ്കൂളിൽ നിന്ന് മാറിയപ്പോൾ ക്ലാസിലെ ചെറിയ നാടകങ്ങളിലും വാർഷിക ദിനത്തിലെ പരിപാടിയിലും ഞാൻ പങ്കെടുത്തു തുടങ്ങി. അതിന് ശേഷം അതത്ര സീരിയസായി എടുത്തിരുന്നില്ല. ഡിഗ്രി പഠനത്തിനിടയിൽ ഒരു പ്രൊഫഷണൽ നാടക ഗ്രൂപ്പിന്റെ ഓഡീഷന് പോയി. പിന്നെയങ്ങനെ നാടകം ചെയ്ത് തുടങ്ങി. അത് പഠിക്കാൻ തീരുമാനിച്ചതിന് പിന്നിൽ രണ്ട് കാര്യങ്ങളാണ്. പത്താം ക്ലാസിന് ശേഷം പഠിച്ച ഒരു വിഷയത്തിലും സന്തോഷം കിട്ടിയിരുന്നില്ല. പരീക്ഷ പാസാകാൻ മാത്രമായിരുന്നു പഠിച്ചത്. താത്പര്യമുള്ള ഒരു സാധനം പഠിച്ചാൽ നല്ല രസമാകുമല്ലോയെന്ന തോന്നലുണ്ടായി. രണ്ടാമത്തെ കാര്യം, ഇനി നാടകം മാത്രം ചെയ്ത് ജീവിക്കാമെന്ന തീരുമാനം എടുത്തിരുന്നു. ഇതൊരു കരിയറായി എടുക്കാൻ പറ്റുമോയെന്ന അറിയാൻ വേണ്ടി കൂടിയാണ് ഒരു വർഷത്തെ കോഴ്സ് ചെയ്തത്.

Q

നാടകം ചെയ്ത് തുടങ്ങിയത് എവിടെ വച്ചാണ്

A

എംസിസിയിൽ പഠിക്കുന്ന സമയത്ത് ചെന്നൈയിലെ ഒരു നാടക ഗ്രൂപ്പ് കോളേജിൽ വന്നു. ഫസ്റ്റ് ഇയർ വിദ്യാർത്ഥിയായിരുന്നു ഞാനന്ന്. ആ നാടക ഗ്രൂപ്പിന്റെ സംവിധായകൻ എംസിസിയിലെ പൂർവ്വവിദ്യാർഥിയായിരുന്നു. ആ ഓഡീഷനിൽ പങ്കെടുത്ത് കുറച്ച് ഡയലോഗ് ഒക്കെയുള്ള ഒരു കഥാപാത്രം കിട്ടി. പഠിക്കുന്ന വിഷയത്തിൽ എനിക്ക് വലിയ സന്തോഷമൊന്നും കിട്ടിയിരുന്നില്ലെങ്കിലും കോളേജ് ലൈഫ് ആസ്വാദ്യകരമായത് ഈ തിയേറ്റർ ഗ്രൂപ്പുമായുള്ള ബന്ധം കൊണ്ടാണ്. പിന്നെ നാടകം വിട്ടില്ല. ചെന്നൈയിലെ ഒട്ടുമിക്ക നാടക ഗ്രൂപ്പുകളുടെയും കൂടെ വർക്ക് ചെയ്തു. കുറച്ചുകൂടി നാടകങ്ങൾ ചെയ്യണമെന്ന് തോന്നിയപ്പോഴും, അതേക്കുറിച്ച് പഠിക്കണമെന്ന് തോന്നിയപ്പോഴുമാണ് മുംബൈയിലേക്ക് മാറിയത്.

മൂത്തോനിലെ കഥാപാത്രം എനിക്ക് ഭയങ്കര ലിബറേറ്റിംഗ് ആയി തോന്നി. അമീറിന്റെ സീന്‍സിലധികവും അക്ബറുമായിട്ടുള്ളതായിരുന്നു. ഞാന്‍ പറയുന്നത് അക്ബറിന് മാത്രം മനസിലായാല്‍ മതിയല്ലോ. ഇതൊരു കുഴപ്പമാകുമല്ലോ, സൗണ്ടില്ലാത്തകഥാപാത്രമാകുമല്ലോയെന്നുള്ള തോന്നല്‍ പതുക്കെ മാറി.
Q

മുംബൈയിലേക്ക് പോയത് തുടര്‍ന്നുള്ള കാലം നാടകത്തില്‍ നില്‍ക്കാമെന്ന തീരുമാനത്തിലാണോ

A

കോഴ്‌സ് ചെയ്യാന്‍ പോയത് ആ തീരുമാനത്തിലാണ്. കോഴ്‌സ് തീരാറായപ്പോഴത്തേക്ക് അത് നടക്കില്ലെന്ന് മനസിലായി. പഠിപ്പിക്കുന്നവര്‍ തന്നെ നാടകം ചെയ്യുന്നവരാണ്. എങ്കിലും അവര്‍ പരസ്യ ചിത്രങ്ങളിലും സിനിമയിലും അഭിനയിക്കുന്നവരുമായിരുന്നു. കാമറ അടിസ്ഥാനപ്പെടുത്തിയ എന്തെങ്കിലും ഇല്ലാതെ ജീവിക്കാനാവില്ലെന്ന് മനസിലായി. പിന്നെ പണമുണ്ടാക്കാനുള്ള വഴിയെന്നത് കോര്‍പ്പറേറ്റ് വര്‍ക്ഷോപ്പുകളാണ്. അത് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള ‘ഫണ്‍’ എലമെന്റ് മാറും. അവര്‍ക്ക് വേണ്ടി എന്തോ ചെയ്യുന്ന ഒരു ഫീലാണ്. അതോടെയാണ് നാടകത്തിനൊപ്പം മ്യൂസിക്കല്‍ വീഡിയോ, ഷോര്‍ട്ട് ഫിലിംസ് ചെയ്യുക,സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുക എന്ന തീരുമാനത്തിലേക്ക് എത്തിയത്.

Q

ആദ്യ ചിത്രം പുതിയ നിയമത്തില്‍ റേപ്പിസ്റ്റായാണല്ലോ അതും യാദൃശ്ചികമായി സംഭവിച്ചതാണോ, അങ്ങനെയൊരു എന്‍ട്രിയില്‍ സംതൃപ്തി തോന്നിയോ?

A

ചുറ്റുമുള്ള കുറച്ചാളുകള്‍ ആത്മാര്‍ത്ഥമായി സഹായിക്കാന്‍ നോക്കിയത് കൊണ്ട് കിട്ടിയ വേഷമാണ്. എന്നുവെച്ചാല്‍ അവര്‍ വെറുതെ എടുത്ത് സിനിമയിലേക്കിട്ടുവെന്നല്ല. പക്ഷെ ആ എന്‍ട്രിയില്‍ ഞാന്‍ വളരെയധികംസാറ്റിസ്‌ഫൈഡാണ്. എന്റെ അച്ഛന്‍ ഒരു ഭയങ്കര മമ്മൂട്ടി ഫാനാണ്. ഞങ്ങള്‍ക്ക് ഫാമിലി ആയി തന്നെ അദ്ദേഹത്തോട് ഭയങ്കര ഇഷ്ടമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ വേഷം കിട്ടുകയെന്നത് തന്നെ ഒരു ബിഗ് ഡീലായിരുന്നു എനിക്ക്. സിനിമയില്‍ കരിയര്‍ ഉണ്ടാക്കണമെന്ന ഒരു തീരുമാനമൊന്നും അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു വില്ലന്‍ കഥാപാത്രം എന്റെ ഭാവി ഇല്ലാതാക്കുമെന്നൊന്നും ചിന്തിച്ചിരുന്നില്ല.

റോഷന്‍ മാത്യു അഭിമുഖം: ആ സ്‌ക്രിപ്റ്റില്ലേ ഇനി അത് വായിക്കേണ്ടെന്ന് പറഞ്ഞു, അത്രയും സ്വാതന്ത്ര്യം സിനിമയില്‍ കിട്ടുന്നത് ആദ്യം 
സേഫ് സോണ്‍ ആക്ടര്‍ എന്ന വിളി സുഖകരമല്ല, കണ്‍വിന്‍സിംഗുമല്ല, നിവിന്‍ പോളി അഭിമുഖം
Q

ആനന്ദം ആണോ ഒരു ബ്രേക് ത്രൂ ആയത്?

A

ശരിക്കും ആനന്ദം ഒരു ഷിഫ്റ്റായിരുന്നു. അത് കഴിഞ്ഞപ്പോഴാണ് എനിക്ക് അഭിനയിക്കാനുള്ള കോളുകള്‍ വന്ന് തുടങ്ങിയത്. അതിന് മുമ്പ് ഞാനാണ് അവസരം തേടി നടന്നത്. എന്നെ തേടി അവസരങ്ങള്‍ വന്ന, ആ ചേഞ്ച് തുടങ്ങുന്നിടത്ത് നിന്നാണ് ഒരു അഭിനേതാവിന്റെ ജീവിതം തുടങ്ങുന്നത്.

Q

മൂത്തോന്‍ സിനിമയില്‍ അമീര്‍ എന്ന കഥാപാത്രത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ കാരണം എന്തായിരുന്നുവെന്നാണ് കരുതുന്നത്?

A

എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. രണ്ട് സെക്കന്റിനുള്ളില്‍ നടന്ന സെലക്ഷനാണത്. ഒന്നു രണ്ടാഴ്ചത്തെ പ്ലാനിംഗിന് ശേഷം ഞാന്‍ ഗീതുവിനെ കാണാന്‍ അവരുടെ വീട്ടിലെത്തുന്നു. ബെല്ലടിച്ചു ഗീതു വന്ന് ഡോര്‍ തുറന്നു. ജസ്റ്റ് ഒരു ഹായ് പറഞ്ഞ് അകത്തേക്ക് ഇരുന്നു. ഒരഞ്ച് മിനിറ്റിനുള്ളില്‍ ഗീതു ചോദിക്കുന്നു, മൂത്തോനില്‍ ഒരു ക്യാരക്ടര്‍ ഉണ്ട്, ചെയ്യാന്‍ താത്പര്യം ഉണ്ടാകുമോയെന്ന്. ഉണ്ടെങ്കില്‍ പോയി ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണാം എന്ന് പറയുന്നു. എന്റെ മനസില്‍ മൂത്തോന്റെ ഷൂട്ട് കഴിഞ്ഞുവെന്നായിരുന്നു. ഏ, മൂത്തോന്റെ ഷൂട്ട് കഴിഞ്ഞില്ലേയെന്ന് ഞാനാലോചിക്കുന്ന സമയത്തേക്ക് ഗീതു കാസ്റ്റ് ചെയ്ത് കഴിഞ്ഞു. കണ്ടപ്പോള്‍ ഇയാള്‍ ശരിയാകുമെന്ന് തോന്നി, അതുകൊണ്ടാണ് അമീറിന്റെ കഥാപാത്രമായി തീരുമാനിച്ചതെന്നാണ് എന്നോട് പിന്നീട് പറഞ്ഞത്. അല്ലാതെ എന്റെ വര്‍ക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ടോഒന്നുമല്ല.

Q

മൂത്തോനിലെ അമീര്‍ മിണ്ടാന്‍ കഴിയാത്ത ആളാണ്. അമീറിലൂടെയാണ് ഗേ ഐഡന്റിറ്റി വെളിവാകുന്നത്. ഇതില്‍ അഭിനയിക്കുമ്പോ മുമ്പ് അഭിനയിച്ച കഥാപാത്രങ്ങളുടെ ആനുകൂല്യവുമില്ല. എന്നിട്ടും ഇത്ര കണ്‍വിന്‍സിങ് ആയി ചെയ്യാന്‍ കഴിഞ്ഞത് എങ്ങനെയാണ്?

A

എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത് ആക്ടറിന് നിയന്ത്രണങ്ങള്‍ നല്‍കുമ്പോള്‍ അതിനകത്ത് നിന്ന് കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ച് ശ്രമിച്ച്, അപ്പോഴേക്കും പ്രൊജക്ട് കഴിഞ്ഞ് പോകും എന്നാണ്. അത് ഒരു ഭയങ്കര പരാജയത്തിലേക്ക് ചിലപ്പോള്‍ പോയേക്കാം. പക്ഷെ ഇത് വര്‍ക്കാവുകയാണെങ്കില്‍ എന്നെ എവിടെയും കൊണ്ടിട്ട് നോക്കൂ എനിക്കത് ചെയ്യാനാകുമെന്ന കോണ്‍ഫിഡന്‍സ് വരും. മൂത്തോനിലെ കഥാപാത്രം എനിക്ക് ഭയങ്കര ലിബറേറ്റിംഗ് ആയി തോന്നി. അമീറിന്റെ സീന്‍സിലധികവും അക്ബറുമായിട്ടുള്ളതായിരുന്നു. ഞാന്‍ പറയുന്നത് അക്ബറിന് മാത്രം മനസിലായാല്‍ മതിയല്ലോ. ഇതൊരു കുഴപ്പമാകുമല്ലോ, സൗണ്ടില്ലാത്തകഥാപാത്രമാകുമല്ലോയെന്നുള്ള തോന്നല്‍ പതുക്കെ മാറി.

Q

ഗേ റൊമാന്‍സിന്റെ രാഷ്ട്രീയം ഉള്‍ക്കൊണ്ടായിരുന്നോ അഭിനയിച്ചത്?

A

മൂത്തോനില്‍ ഉണ്ടായിരുന്ന ഒരു കാര്യം, ആരും കാടുകയറി ചിന്തിച്ചിട്ടില്ല എന്നതാണ്. അമീറും അക്ബറും തമ്മിലുള്ള പ്രണയമുണ്ട്. അത് കമ്യൂണിക്കേറ്റ് ചെയ്യണം. അതിന് വേണ്ട കാര്യങ്ങള്‍ മാത്രം ചിന്തിച്ചാല്‍ മതി. ഈ പ്രണയത്തിന് വേണ്ടി പഠനം നടത്തിയിരുന്നു. അല്ലാതെ പൊളിറ്റിക്കല്‍ പശ്ചാത്തലത്തിലുള്ള ചര്‍ച്ചകളൊന്നും ആവശ്യമായി വന്നിട്ടില്ല. അത്രയധികം ചര്‍ച്ച നടക്കുന്ന ഒരു വിഷയമാണത്. അപ്പോള്‍ ഓരോരുത്തരും സ്വന്തമായിത്തന്നെ ഈ വിഷയത്തില്‍ അറിവ് നേടിയിരുന്നു. അതെല്ലാം ഒരു സൈഡിലേക്ക് മാറ്റിവെച്ചിട്ട് സിനിമയിലേക്ക് എത്തുകയായിരുന്നു. ആദ്യം മുതല്‍ തന്നെ അവര്‍ തമ്മിലുള്ള പ്രണയമാണ് പറയുന്നത്. അല്ലാതെ ഒരു ഹോമോസെക്ഷ്വല്‍ ലവ് സ്റ്റോറി എന്ന ഫില്‍റ്റര്‍ ഇട്ടല്ല നമ്മള്‍ അത് കാണിച്ചത്. ഒരു പ്രണയകഥ കാണിക്കുന്നു, പ്രണയിക്കുന്ന രണ്ട് പേരും പുരുഷന്മാരാണ് എന്ന് മാത്രമേയുള്ളൂ.അമീറും അക്ബറും തമ്മിലുള്ളത് നാച്ചുറല്‍ ലവ് ആണ്. ഹെട്രോസെക്ഷ്വല്‍ ആയിട്ടുള്ളവര്‍ക്കാണ് അത് അസ്വാഭാവികമായി തോന്നുന്നത്. രണ്ടു പേര്‍ക്ക് തമ്മില്‍ പ്രണയം തോന്നിയിട്ട് അത് പ്രകടിപ്പിക്കാന്‍ കഴിയാതെ വരുന്നിടത്തോളം കഠിനാമായ മറ്റൊരവസ്ഥയില്ല. എനിക്കിഷ്ടമുള്ളത് പറയാന്‍ പാടില്ലെന്നും കഴിക്കാന്‍ പാടില്ലെന്നുമൊക്കെ പറയുന്നതിലേക്കാള്‍ തീവ്രമാണ് എനിക്കിഷ്ടമുള്ള ഒരാളെ പ്രണയിക്കുന്നത് തെറ്റാണെന്ന് ആരൊക്കെയോ കൂടി പറയുന്നത്.

Q

എല്‍ജിബിടിക്യുവിന്റെ സാമൂഹ്യ സ്വീകാര്യതയില്‍ മൂത്തോന്‍ വരുത്തിയ മാറ്റമെന്താണ്?

A

ഞങ്ങള്‍ സിനിമയിലെ പ്രണയം എന്നതല്ലാതെ അതില്‍ക്കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല. സിനിമ പുറത്തിറങ്ങിയപ്പോള്‍ കിട്ടിയ പ്രതികരണം, പ്രത്യേകിച്ചും എല്‍ജിബിടിക്യു സമൂഹത്തില്‍ നിന്നും ഞാന്‍പ്രതീക്ഷിച്ചിരുന്നില്ല. ഞാനത് പ്രതീക്ഷിക്കേണ്ടതായിരുന്നു. നമ്മള്‍ സിനിമയെപ്പറ്റിയും അതിനുള്ളിലെ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ പ്രണയത്തെക്കുറിച്ചും മാത്രമാണ് ചിന്തിച്ചിട്ടുള്ളത്. അതിന്റെരാഷ്ട്രീയവശങ്ങള്‍ ആലോചിച്ച് മാറ്റിവെച്ച് മറന്നു.

സിനിമ സ്‌ക്രീന്‍ ചെയ്ത ഫെസ്റ്റിവലുകളില്‍ ഇതൊരു പുതുമയുള്ള വിഷയമല്ല. പക്ഷെ ഇതൊരു മാറ്റം ഉണ്ടാക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഈ സിനിമ എവിടെയൊക്കെയോ ഇരുന്നു കാണുന്ന ആരെങ്കിലുമൊക്കെ അമീറിന്റെയും അക്ബറിന്റെയും പ്രണയത്തെക്കുറിച്ച് ഓര്‍ക്കുന്നുണ്ടാകും. അവരുതമ്മിലുള്ള ഇന്റിമസിയെക്കുറിച്ച് ആലോചിക്കുന്നുണ്ടാവാം. അവരുടെ പ്രണയം വര്‍ക്കൌട്ട് ആവാത്തതില്‍ വിഷമം തോന്നിയെങ്കില്‍ അതിന്റെ അര്‍ഥം അവരുടെ പ്രണയത്തില്‍ അവര്‍ക്ക് വിശ്വാസം തോന്നിയെന്നാണ്. അങ്ങനെ സംഭവിച്ചെങ്കില്‍ അവരുടെ ചുറ്റുമുള്ളരണ്ട് ആണുങ്ങളുടെയോ പെണ്ണുങ്ങളുടെയോ പ്രണയം കാണുമ്പോള്‍ അതില്‍ തടസ്സങ്ങളുണ്ടാക്കേണ്ട കാര്യമില്ല എന്ന് ആരെങ്കിലുമൊക്കെ ചിന്തിക്കുന്നുണ്ടാകാം.

റോഷന്‍ മാത്യു അഭിമുഖം: ആ സ്‌ക്രിപ്റ്റില്ലേ ഇനി അത് വായിക്കേണ്ടെന്ന് പറഞ്ഞു, അത്രയും സ്വാതന്ത്ര്യം സിനിമയില്‍ കിട്ടുന്നത് ആദ്യം 
എന്റെ ഡയറക്ടറെ ഞാന്‍ ഒറ്റിയിട്ടില്ല, വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവന്നതിനെക്കുറിച്ച് ഷെയിന്‍ നിഗം
Q

അനുരാഗ് കശ്യപാണ് മൂത്തോനിലെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയത്. ഈ ഭാഗത്തൊന്നും റോഷന്‍ അഭിനയിച്ചിട്ടുമില്ല. പക്ഷെ മൂത്തോന്‍ കണ്ടശേഷം അനുരാഗ് റോഷനെ അടുത്ത ചിത്രത്തിലെ ലീഡ് റോളിലേക്ക് കാസ്റ്റ് ചെയ്യുകയാണുണ്ടായത്. അതും മൂത്തോന്‍ റിലീസ് ആകുന്നതിനും മുമ്പെ?

A

2018 ഓഗസ്റ്റിലോ സെപ്റ്റംബറിലോ വെറുതെ വീട്ടിലിരിക്കുമ്പോ ഗീതു മെസ്സേജ് അയച്ചു. ലക്ഷദ്വീപിലെ സീനുകളുടെ ഫൈനല്‍ എഡിറ്റിങ് കഴിഞ്ഞ് അനുരാഗ് കണ്ടപ്പോ എന്റെ അഭിനയം ഇഷ്ടമായെന്ന്. അതുകേട്ട്ഞാന്‍ വളരെ എക്‌സൈറ്റഡായി. അടുത്ത മെസേജ് അനുരാഗിന് എന്നോട് സംസാരിക്കണം എന്നായിരുന്നു. ഓക്കെ പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ പുള്ളി ഫോണ്‍ വിളിച്ചു. അഭിനയം നന്നായി, ഇതൊരു ബ്രേക്ക് ത്രൂ പെര്‍ഫോമന്‍സ് ആണ് എന്നൊക്കെ പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷമായി. നിങ്ങളെവിടുന്നാണെന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ നാടകങ്ങളുമായി ബോംബെയില്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞു. ഹോ..! എന്നിട്ട്ഞാനെങ്ങനെ നിന്നെ അറിയാതെ പോയെന്നായി... അദ്ദേഹം എങ്ങനെ എന്നെ അറിയാനാണ്.. എന്തായാലും അഭിനയം ഒരുപാടിഷ്ടമായി, നമുക്കൊന്നിച്ച് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ ഒരു സ്‌ക്രിപ്റ്റ് അയച്ചുതരാമെന്ന് പറഞ്ഞ് സ്‌ക്രിപ്റ്റ് അയച്ചുതന്നു. ഞാനത് ഒറ്റയിരുപ്പില്‍ വായിച്ചു. ഓക്കെ പറയാന്‍ തിരിച്ചു വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. അപ്പോള്‍ ഞാന്‍ മെയില്‍ അയച്ചിട്ടു. ഇതൊന്നും ആരോടും പറഞ്ഞതുമില്ല. ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നായിരുന്നു മനസ്സില്‍. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അനുരാഗ് സാറിന്റെ മെസേജ് വന്നു. അടുത്തകൊല്ലം ജൂണ്‍-ജൂലായ് മാസംമാര്‍ നമുക്ക് പടം ചെയ്യാമെന്ന് പറഞ്ഞു.ബോംബെയില്‍ എത്തുമ്പോള്‍ പറയണം, മീറ്റ് ചെയ്യാമെന്ന് സാറ് പറഞ്ഞു. തൊട്ടപ്പന്‍ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞുടനെ ഞാന്‍ അങ്ങോട്ട് പോയി. മീറ്റിങ് കഴിഞ്ഞിട്ടും ഞാന്‍ ഇത് നടക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. ഗീതു പറഞ്ഞ് നിവിനേട്ടനും ബാക്കിയുള്ളവരുമൊക്കെ അറിഞ്ഞ് അഭിന്ദനങ്ങള്‍ പറയാന്‍ തുടങ്ങി. ആകെ രാജീവേട്ടന്‍ മാത്രമാണ് പറഞ്ഞത്, നീ ഇതൊന്നും കേട്ട് വിശ്വസിക്കേണ്ട. മന്‍മര്‍സിയായില്‍ ഇതുപോലെ ഒരാളെ കാസ്റ്റ് ചെയ്തിട്ട് അവസാന നിമിഷം മാറ്റിയിട്ടുണ്ടെന്ന്. അപ്പോള്‍ ഞാന്‍ എല്ലാരോടും പറഞ്ഞു ആ.. ഇതാണ് ഞാന്‍ ആരോടും പറയാത്തതെന്ന്.

Q

പിന്നെങ്ങനെയാണ് റോഷന് സിനിമ നടക്കുമെന്ന് ഉറപ്പായത്?

A

മാര്‍ച്ച് ആയപ്പോള്‍ വീണ്ടും അനുരാഗ് സാറിന്റെ കാള്‍ വന്നു. പറഞ്ഞതുപോലെ നമ്മള്‍ ജൂണ്‍ ജൂലൈ മാസം സിനിമ തുടങ്ങുവാണെന്ന് പറഞ്ഞു. അപ്പോഴാണ് ഇത് നടക്കും എന്നൊരു ചിന്തയൊക്കെ ശക്തമായി തോന്നിയത്. അസിസ്റ്റന്റ് ഡയറക്ടര്‍ വിളിക്കും, ബാക്കി കാര്യങ്ങള്‍ പറഞ്ഞു തരുമെന്ന് പറഞ്ഞു. അവര് വിളിച്ചു, ബോംബെയ്ക്കുള്ള ടിക്കറ്റ് എടുക്കുന്ന കാര്യമൊക്കെ ചര്‍ച്ച ചെയ്തു. ജൂണ്‍ 8ന് ഷൂട്ടിങ്ങും തുടങ്ങി. ഇത്രയൊക്കെ നെഗറ്റീവ് ആയി ആലോചിച്ചിരുന്നെങ്കിലും ജൂണ്‍ ജൂലൈ ഞാന്‍ ഫ്രീയാക്കി വെച്ചിരുന്നു. ജൂലൈ അവസാനത്തോടെ സിനിമയുടെ ഷൂട്ടിങ്ങും കഴിഞ്ഞു.

Q

അനുരാഗുമൊത്തുള്ള എക്‌സ്പീരിയന്‍സ് എങ്ങനായിരുന്നു?

A

ഇതുവരെയുണ്ടായിരുന്ന അനുഭവമല്ലായിരുന്നു അവിടുന്നുണ്ടായത്. ഇങ്ങനെയും സിനിമ ചെയ്യാമെന്നൊക്കെ തോന്നി. അത്രയും സ്വാതന്ത്ര്യം ഒരു സിനിമയില്‍ നിന്ന് എനിക്ക് കിട്ടുന്നത് ആദ്യമായിട്ടാണ്. ഓരോന്നും ഷൂട്ട് ചെയ്യുമ്പോള്‍ ഇമ്പ്രൊവൈസേഷന്‍ സാധ്യമാണ്. ഓരോ ടേക്കുകളും വ്യത്യസ്തമാണ്. പുള്ളിയുടെ ഷൂട്ടിങ് രീതികള്‍ കണ്ടിട്ട് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരോട് ചോദിച്ചു, ഇതെങ്ങനെ ഫൈനലി ഒരു സിനിമയിലേക്ക് എത്തുന്നതെന്ന്. അപ്പോ അവര് പറഞ്ഞു, അതറിയില്ലേ, പുള്ളിയുടെ പടങ്ങളെല്ലാം അങ്ങനെയാണ്. ഷൂട്ട് ചെയ്യാനാണ് നല്ല രസം, സിനിമ കാണാന്‍ അതിന്റെ പകുതി രസമൊക്കെയേ കാണു എന്ന്.

നമുക്ക് ഒന്നും ആലോചിച്ച് ടെന്‍ഷന്‍ ആവണ്ട കാര്യമില്ല. പുള്ളി പറയുന്നത് കേട്ട് അങ്ങ് ചെയ്തു പോയാല്‍ മതി. ആദ്യത്തെ മൂന്നു ദിവസം എനിക്കെന്തോ ഒരു തൃപ്തിയില്ലായ്മ തോന്നി. എനിക്കും സംതൃപ്തിയില്ല, പുള്ളിയും സംതൃപ്തനല്ല എന്നൊരു തോന്നല്‍. അങ്ങനെ ഒരു ദിവസം ഡിന്നറിന്റെ സമയത്ത് സാറ് വന്ന് ഹാപ്പിയല്ലേ എന്ന് ചോദിച്ചു. ഞാന്‍ ഹാപ്പിയാണ്, സാറ് ഹാപ്പിയല്ലെ, ഞാന്‍ എന്തെങ്കിലും മാറ്റി ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു. ആ... സ്‌ക്രിപ്റ്റില്ലേ, ഇനിയത് വായിക്കണ്ടാ. സിനിലേക്ക് ഞാന്‍ വിളിക്കുമ്പോള്‍ വന്ന് പറയുന്നത് കേട്ട് ചെയ്യാന്‍ തോന്നുന്നത് ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അധികം ആരോടും പറയാതിരുന്നതും നന്നായി. നമ്മളെന്തോ വലിയ സാധനമാണ് ചെയ്യാന്‍ പോകുന്നതെന്ന് തോന്നിയാലും പ്രശ്‌നമാണ്. നന്നായിട്ട് അഭിനയിക്കാനൊക്കെ നോക്കും. അപ്പോഴാണ് ഏറ്റവും ബോര്‍ അഭിനയം വരുന്നത്. ആ ഐഡിയ ഒക്കെ മനസ്സീന്നു കളയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Q

അനുരാഗ് കശ്യപിനൊപ്പം സിനിമ ചെയ്തതിന് ശേഷം ഇനി വരാനിരിക്കുന്ന സിനിമകളെക്കുറിച്ച്, മാറ്റങ്ങളെക്കുറിച്ച് എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ?

A

അങ്ങനെ തീരുമാനങ്ങളൊന്നും ഭയങ്കരമായിട്ട് മാറിയിട്ടില്ല. അനുരാഗിനൊപ്പമുള്ള സിനിമയ്ക്ക് ശേഷം കപ്പേളയാണ് ചെയ്തത്. ബോംബയ്ക്ക് പോകുന്നതിന് മുമ്പ് സ്‌ക്രിപ്റ്റ് കേട്ടതാണ്. അപ്പോള്‍ ചെയ്യാമെന്ന്തോന്നിയതാണ്. നേരെ തിരിച്ചുവന്നിട്ട് ആ തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആകെയുണ്ടായ മാറ്റം നമ്മള്‍ ഭയങ്കരമായിട്ട് ബഹുമാനിക്കുന്ന ആള്‍ക്കാര്‍, ഉദാഹരണത്തിന്, അനുരാഗ് കശ്യപ്. രാജീവ് രവി, ദിലീഷ് പോത്തന്‍. അങ്ങനെയുള്ളവര്‍ എപ്പോഴെങ്കിലും നമ്മളോട് ചെയ്‌തൊരു സാധനം നന്നായി, നമുക്കൊരുമിച്ച് വര്‍ക്ക് ചെയ്യാം എന്ന് പറയുമ്പോള്‍ സന്തോഷത്തിനോടൊപ്പം എന്തൊക്കെയോ എവിടൊക്കെയോ ശരിയായി വരുന്നുണ്ടെന്നൊരുന തോന്നല്‍ ഉണ്ടാക്കും. എനിക്ക് വേറൊന്നുമില്ലാതായിപ്പോകുമോ, എന്നാലിത് ചെയ്‌തേക്കാം എന്നോര്‍ത്ത് ചിലപ്പോള്‍ ചില സാധനങ്ങള്‍ കണ്‍സിഡര്‍ ചെയ്യും. ആലോചിച്ചാലോചിച്ച് ചിലപ്പോള്‍ വേണ്ടെന്ന് വെയ്ക്കുമായിരിക്കും. അങ്ങനെ വേണ്ടെന്നു വെയ്ക്കുന്നത് ഇപ്പോള്‍ കുറച്ച് എളുപ്പമായിട്ടുണ്ടെന്ന് പറയാം.

Q

മൂത്തോനും അനുരാഗ് കശ്യപിന്റെ സിനിമയും റോഷന് കുറച്ചു കൂടി മൂല്യം ഉണ്ടാക്കിയില്ലെ. ഇനി ഈ നടനെ ഇനി ഇത്ര പ്രാധാന്യമുള്ള റോളുകളിലേക്കാണ് പരിഗണിക്കേണ്ടതെന്ന് കരുതുന്ന ഫിലിം മേക്കേഴ്‌സ് റോഷനിലേക്ക് വരാന്‍ ഈ സിനിമകള്‍ കാരണമായിട്ടില്ലേ.

A

അത് സംഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കാത്തിരിക്കാനുള്ള ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ഞാന്‍ കുറച്ചുകൂടി ക്ഷമിച്ച് കാത്തിരുന്നാല്‍ ഈ പറഞ്ഞതുപോലെ സംഭവിക്കാം എന്നൊരു ചിന്ത ആദ്യമായി തോന്നിയിട്ടുണ്ട്. ഇതുവരെ ഒരു പ്രോജക്ട് തീരുമ്പോഴേക്കും അടുത്തത് വന്നില്ലെങ്കില്‍ ഉണ്ടാകുന്ന ടെന്‍ഷനിലും കുറവ് വന്നിട്ടുണ്ട്. ടെന്‍ഷന്‍ ഇല്ലാതെ ഒന്ന് രണ്ട് മാസം കാത്തിരിക്കാന്‍ ആത്മവിശ്വാസം തോന്നുന്നത് എന്റെ സ്ഥാനത്ത് നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റിന് വലിയ കാര്യമാണ്.

?? അനുരാഗ് കശ്യപ് പടത്തിന് മുമ്പ് നായകകഥാപാത്രങ്ങള്‍ റോഷനെ തേടി വരാന്‍ പോകുന്നുവെന്നത് സീരിയസായി തോന്നിയിരുന്നോ

കേട്ട കഥകളില്‍ക്കൂടുതലും നായകകഥാപാത്രങ്ങളാണ് എന്നെ തേടി വന്നിട്ടുള്ളത്. അതില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളത് മറ്റ് റോളുകളാണ് എന്നേയുള്ളു. ലീഡ് എന്നുള്ളതിനപ്പുറത്തേയ്ക്ക് ക്യാരക്ടറിന് ഒന്നും പറയാനില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്തിട്ട് കാര്യമില്ല. കൂടെയിലെ ക്രിഷ്, തൊട്ടപ്പനിലെ ഇസ്മു, മൂത്തോനിലെ അമീര്‍, ഇവര്‍ക്കൊക്കെ ഒരു ക്യാരക്ടറുണ്ട്. അതാണ് നമ്മളെ ആകര്‍ഷിക്കുന്നത്. പിന്നെ കഥ, കഥ പറയുന്ന ആള് ആരാണ്, അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ തോന്നുന്നുണ്ടോ എന്നതൊക്കെ ഘടകങ്ങളാണ്. ഇതൊക്കെ നോക്കുന്നതുകൊണ്ടാണ് എടുക്കുന്ന പടങ്ങളില്‍ സഹനടന്‍ അല്ലെങ്കില്‍ ക്യാരക്ടര്‍റോളുകളില്‍ പെര്‍ഫോം ചെയ്യുന്നത്.

Q

നായക കഥാപാത്രം എന്നതിലുപരി അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്ന തീരുമാനത്തില്‍ എത്താന്‍ നാടകത്തിലുള്ള അനുഭവങ്ങള്‍ സഹായിക്കുന്നുണ്ടോ?

A

ഉണ്ടാവാം, പക്ഷെ അത് ബോധപൂര്‍വ്വമല്ല. നാടകത്തില്‍ ക്യാരക്ടറുകള്‍ ഇല്ലാത്ത റോളുകളില്ല. നാടകങ്ങള്‍ അങ്ങനെ എഴുതാറില്ല. ഒരു അഭിനേതാവിന് വേണ്ടി നാടകങ്ങള്‍ എഴുതാറില്ല. എന്നാല്‍ സിനിമയില്‍ അങ്ങനെയുണ്ട്. അഭിനേതാക്കള്‍ ക്യാരക്ടര്‍ ആവുകയല്ലേ വേണ്ടത്.

റോഷന്‍ മാത്യു അഭിമുഖം: ആ സ്‌ക്രിപ്റ്റില്ലേ ഇനി അത് വായിക്കേണ്ടെന്ന് പറഞ്ഞു, അത്രയും സ്വാതന്ത്ര്യം സിനിമയില്‍ കിട്ടുന്നത് ആദ്യം 
എന്റെ ഡയറക്ടറെ ഞാന്‍ ഒറ്റിയിട്ടില്ല, വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവന്നതിനെക്കുറിച്ച് ഷെയിന്‍ നിഗം
Q

ഒരു പുതുമുഖ സംവിധായകന്‍ കഥ പറയുമ്പോള്‍, കഥ കേള്‍ക്കുമ്പോള്‍ തന്നെ സിനിമ ചെയ്യാനുള്ള അദ്ദേഹത്തിന്റെ പ്രാപ്തി മനസ്സിലാക്കാനും തീരുമാനമെടുക്കാനും നാടകം സംവിധാനം ചെയ്തതും മറ്റും സഹായിക്കാറുണ്ടോ?

A

ഒരു കഥ കേള്‍ക്കുമ്പോഴേക്കും മനസ്സില്‍ വരുന്നത് നീ അതിനെ ഇമാജിന്‍ ചെയ്യണ്ട. പുള്ളി ഇമാജിന്‍ ചെയ്തത് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടോ എന്നൊക്കെയാണ്. അവര് ഫോക്കസ് ചെയ്യുന്നതില്‍ നിന്ന് എങ്ങനെ ചെയ്‌തെടുക്കാം എന്നൊക്കെ നോക്കും. 90 ശതമാനവും പുതിയ സംവിധായകരാണ് സമീപിക്കുന്നത്. അവരോട് എന്ത് ചോദിക്കാനാണ്. അവര് ഏത് പടത്തിലാണ് അസിസ്റ്റ് ചെയ്തത് എന്നറിഞ്ഞിട്ട്എന്ത് ചെയ്യാനാണ്. അവര് സംവിധാനം ചെയ്ത പരസ്യം കണ്ടിട്ടും കാര്യമില്ല. ഒരു ഇരുട്ടത്ത് തപ്പലാണ് ശരിക്കും പരിപാടി.

Q

ഉണ്ണി ആര്‍ എഴുതി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പെണ്ണും ചെറുക്കനുമാണ് ഇനി വരാനിരിക്കുന്നത്. എന്താണ് അതേക്കുറിച്ച് പറയാനുള്ളത്

A

ഭയങ്കര എക്‌സൈറ്റിങ് ആയിട്ടുള്ള കഥയാണ്. ഒത്തിരിപ്പേര്‍ വായിച്ചിട്ടുള്ള കഥയാണ്. ആഷിഖ് സാര്‍ ആ ചെറുകഥ തന്നെയാണ് അയച്ചുതന്നത്. അത് വായിച്ചപ്പോള്‍ പെട്ടെന്ന് തന്നെ ചെയ്യണമെന്ന് തോന്നി. പെട്ടെന്ന് തന്നെ അതിന്റെ ഷൂട്ടിങ്ങും കഴിഞ്ഞുപോയി. നെടുമുടി വേണുച്ചേട്ടനും കവിയൂര്‍ പൊന്നമ്മ ചേച്ചിയും ബെന്നി പി നായരമ്പലവും അഭിനയിച്ചിട്ടുണ്ട്.

Q

അനുരാഗ് കശ്യപിന്റെ പടത്തിന് ശേഷം സ്വാഭാവികമായും മലയാള സിനിമയ്ക്ക് പുറത്തുനിന്നും ഓഫറുകള്‍ വരാന്‍ സാധ്യതകളുണ്ട്. മലയാളത്തില്‍ തന്നെ ചെയ്യണം, ഇവിടെ എസ്റ്റാബ്ലിഷ് ചെയ്യപ്പെടണം എന്നിങ്ങനയൊക്കെ തീരുമാനങ്ങളുണ്ടോ

A

ഇല്ല. അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല. മലയാളത്തില്‍ ഏറെ പ്രിയപ്പെട്ട അഞ്ചോ പത്തോ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്നുണ്ട്. അത് ഒരിക്കലും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എനിക്ക് ഭയങ്കര സങ്കടം തോന്നുന്ന ഒരു ഗ്രൂപ്പ് ഉണ്ട്. അതല്ലാതെ എവിടെ വേണേലും വര്‍ക്ക് ചെയ്യാം. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും മറ്റ് ഭാഷകളിലും ചെയ്യും.

Related Stories

The Cue
www.thecue.in