മോഹന്‍ലാല്‍ എന്ന ഒളിനോട്ടക്കാരന്‍

മോഹന്‍ലാല്‍ എന്ന ഒളിനോട്ടക്കാരന്‍

ശിക്കാര്‍ സിനിമ കനല്‍ എന്ന പേരില്‍ സെവന്‍ ആര്‍ട്‌സ് നിര്‍മ്മിക്കാനിരുന്ന കാലം. തിരുവനന്തപുരം ടെന്നീസ് ക്ലബ് ആയിരുന്നു എഴുത്തിടങ്ങളില്‍ ഒന്ന്. സെവന്‍ ആര്‍ട്‌സിന്റെ രണ്ടാംവരവ് അറിയിച്ച ഗംഭീര പൂജയ്ക്കു ശേഷം അനിവാര്യമായ ചില സംഘര്‍ഷങ്ങളില്‍ പെട്ട് സിനിമ വഴിമുടങ്ങി തുടങ്ങിയ അശാന്തമായ നാളുകളായിരുന്നു, അത്.

പതിവായി വിജിതമ്പിയും ,സെവന്‍ ആര്‍ട്‌സ് വിജയകുമാറും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ക്ലബില്‍ എത്തും. ചൂടന്‍ ചര്‍ച്ചകള്‍ക്കു ശേഷം മടങ്ങും. ഞാന്‍ പേന അടച്ച് അതിഭീകര കണ്‍ഫ്യൂഷനില്‍ പെട്ട് പൊന്നു തമ്പുരാന്റെ രാജവീഥി നോക്കി അങ്ങനെ ഇരിക്കും. രാത്രി ചിലപ്പോ ലാലേട്ടന്‍ വിളിക്കും. എവിടെയെത്തി ബലരാമന്‍ എന്നറിയാന്‍. എന്നിലെ കണ്‍ഫ്യൂഷന്‍ പരിപൂര്‍ണ്ണമായി മറച്ചുവെച്ച് ഞാന്‍ വാചാലനാവാന്‍ ശ്രമിക്കും. ഒരു ദിവസം വൈകി ലാലേട്ടന്‍ സുഹൃത്ത് അശോക് കുമാറും ഒന്നിച്ച് ക്ലബിലെത്തി. വിജിതമ്പിയും വിജയകുമാറും നേരത്തേ തന്നെ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് രാത്രി വൈകുവോളം കഥകള്‍ പറഞ്ഞ് അത്താഴം കഴിച്ചു പിരിഞ്ഞു. ഷൂട്ടിംഗ് ഡേറ്റ് തീരുമാനിച്ച സിനിമ അനിശ്ചിതത്ത്വത്തിലേക്കു നീങ്ങാനുള്ള സാധ്യത കൂടിവരുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ നിഴല്‍ വീഴ്ത്തുമ്പോഴും ലാലേട്ടന്‍ ഭക്ഷണം കഴിക്കുന്നതു നോക്കി ഞാനിരുന്നു. പ്ലേറ്റിലെ പന്നിയും പോത്തും മോഹന്‍ലാലിന്റെ പ്രണയസ്പര്‍ശമേറ്റ് കൊഞ്ചി കുറുകുംപോലെ തോന്നി.

എപ്പോഴും എന്നെ അത്ഭുതപ്പെടുത്തു ഒരു കാഴ്ചയാണത്. എങ്ങനെയാണ് ഒരാള്‍ക്ക് ഇത്ര ആസ്വദിച്ച് ഊണു കഴിക്കാനാവുത്. മോഹന്‍ലാലിന്റെ തീന്‍മേശയില്‍ ഗീതാഗോവിന്ദം സുജാത മഹാപാത്രയുടെ ചുവടുകളായി ,മുദ്രകളായി മിന്നിത്തെളിയുപോലെ തോന്നി. വെറുതെയല്ല ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത് 'ലാല്‍ ഉണ്ണുമ്പോള്‍ അങ്ങനെ തന്നെ ഉണ്ണാന്‍ തോന്നും നമുക്ക്' എന്ന്.

രാത്രി ഉറങ്ങി തുടങ്ങുമ്പോള്‍ ഫോണടിച്ചു. ലാലേട്ടനാണ്. 'മോനെ നാളെ എന്താ പരിപാടി?'

പ്രത്യേകിച്ചൊന്നുമില്ല ലാലേട്ടാ.

നമുക്ക് രാവിലെ ഒന്ന് എറണാകുളം വരെ പോയാലോ...

പിന്നെന്താ പോകാം.

ഓക്കെ..അപ്പോ ഒരു ആറുമണിക്ക് റെഡിയായിരുന്നോ..

ലാലേട്ടന്‍ ഫോണ്‍ വെച്ചു.

നന്നായി ...ആ വഴി ഒന്നു വീട്ടിിലും പോകാം..

ഞാന്‍ അപ്പോ തന്നെ ബാഗ് പായ്ക്കു ചെയ്തു വച്ചു.

രാവിലെ എണീക്കുമ്പോള്‍ മുതല്‍ വയറ്റില്‍ ഒരു ചെറിയ പ്രശ്‌നം

രാത്രിയിലത്തെ പന്നിയിറച്ചി അത്ര പിടിച്ചില്ലാന്നു തോന്നുന്നു.

പന്നിയിറച്ചിയോട് പൊതുവേ എനിക്കു താല്‍പര്യം കുറവാണ്..

പക്ഷേ ഇന്നലെ കളിവേറെയാണല്ലോ...

നേരെ മുന്നില്‍ നട്ടുവം മോഹന്‍ലാല്‍..!

അയ്യേ ഇങ്ങനാണോ കഴിക്കുന്നത്..നോക്കൂ..ദാ ഇങ്ങനെ ഇങ്ങനെ...

ഒന്നിനോടൊന്നു ചേര്‍ന്ന് മുദ്രകള്‍ വിരിഞ്ഞു.. ഏകതാലി, അടതാലി, ആദിതാളം...

നട്ടുവനൊപ്പം ചുവടുവയ്ക്കാന്‍ ശ്രമിച്ച് പണികിട്ടിയതാവാനാണു സാധ്യത...

ഒരിക്കല്‍ കൂടി ടോയ്‌ലറ്റില്‍ പോയി ബാഗുമെടുത്ത് റെഡിയായി നിന്നു.

കൃത്യം ആറുമണിക്ക് ലാലേട്ടന്റെ ബെന്‍സ് എത്തി.

ഡ്രൈവിംഗ് സീറ്റില്‍ അനിലുണ്ട്.

പിന്‍സീറ്റിലിരുന്ന ലാലേട്ടന്‍ കൈയെത്തി ഡോറു തുറന്നു തന്നു. ഞാന്‍ കയറി..

വണ്ടി മുമ്പോട്ട് എടുക്കുമ്പോള്‍ ലാലേട്ടന്‍ വാച്ച് നോക്കി പിന്നെ എന്നെ നോക്കി ഗൂഢമായി ഒന്നു ചിരിച്ചു.

കൃത്യസമയത്ത് റെഡിയായതിന് ഉള്ള സമ്മാനം.!

ഇനി നമ്മള്‍ അഞ്ചോ പത്തോ മിനിട്ട് വൈകിയാലും ഇതേ നോട്ടവും ഇതേ ചിരിയും

തെന്നയാവും സംഭവിക്കുക..

പക്ഷേ രണ്ടും രണ്ടാണല്ലോ..അതു നമുക്കല്ലേ അറിയൂ..

സമയകൃത്യതയുടെ കാര്യത്തില്‍ മെട്രോമാന്‍ ശ്രീധരന്‍സാറിനൊപ്പം നില്‍ക്കും ലാലേട്ടന്‍..

അതുമായി ബന്ധപ്പെട്ട കഥകള്‍ എത്രവേണമെങ്കിലും അടുപ്പമുള്ളവര്‍ക്ക്

പറയാനുണ്ടാവും...

കവടിയാര്‍ റോഡിലെത്തിയപ്പോ ലാലേട്ടന്‍ പറഞ്ഞു

നമുക്ക് ചിത്രാജ്ഞലിയില്‍ ഒന്നു കയറണം ഒരു ചെറിയ ഡബിംഗ്, പത്തുമിനിട്ട്

കൊഴപ്പമില്ലല്ലോ..

എന്തു കൊഴപ്പം ..!

വണ്ടി ചിത്രാജ്ഞലിയില്‍ എത്തി. ലാലേട്ടന്‍ ഡബ്ബിംഗ് സ്റ്റുഡിയോയിലേക്കു കയറി

വാ അകത്തിരിക്കാം..

വേണ്ട ലാലേട്ടാ..ഞാന്‍ ഇവിടിരിക്കാം..

ഡബ്ബിംഗ് തിയേറ്ററിന്റെ ഡോറടഞ്ഞു..

വയറ് ഇപ്പോഴും ശാന്തമായിട്ടില്ല...

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി ഒരു കട്ടന്‍ ചായയില്‍ നിര്‍ത്താം എന്നു തീരുമാനിച്ച്

പുറം വരാന്തയിലെ കസേരയില്‍ ചാരി ഇരുന്നു.

ലാലേട്ടന്‍ തേവരയിലെ വീട് അന്നു വാങ്ങിയിട്ടില്ല.

അഡ്വാന്‍സ് കൊടുത്തു നിര്‍ത്തിയ വീട് ആദ്യമായി കാണാനുള്ള യാത്രയാണ്.

വെറുതെ ലാലേട്ടനെ കുറിച്ചു തന്നെ ആലോചിച്ചു.

ചന്ദ്രോത്സവത്തിന്റെ സെറ്റില്‍വെച്ചാണ് ശിക്കാറിന്റെ തിരക്കഥ ലാലേട്ടന്‍ കേള്‍ക്കുന്നത്..

മൂന്നോ നാലോ ദിവസമെടുത്ത് ഷൂട്ടിംഗിന്റെ ഇടവേളകളിലും രാത്രി മുറിയിലും ഒക്കെയായി...

ആ സമയത്ത് ലാലേട്ടന്റെ തോളിനു ചെറിയ വേദനയുണ്ട്..

ഒരു വൈകുന്നേരം തടവാനായി വൈദ്യരും സംഘവും എത്തി..

എണ്ണ മുറിയില്‍ തന്നെ തിളപ്പിച്ചെടുത്തുവേണം തടവാന്‍..

അതിനുള്ള ഒരുക്കങ്ങള്‍ മുറിയില്‍ നടക്കുമ്പോള്‍ ലാലേട്ടന്‍ ...അയ്യയ്യോ..ഇവിടെ വേണ്ട...

ഇവിടെവച്ചു ചെയ്താല്‍ മുറിയിലാകെ സ്‌മെല്ല് നിക്കില്ലേ...

വേറേ ആള്‍ക്കാര്‍ക്ക് ഇവിടെ താമസിക്കേണ്ടതല്ലേ...?

ഹോട്ടല്‍ മാനേജര്‍..അതു കുഴപ്പമില്ല സാര്‍..സാറല്ലേ...

ഞങ്ങള് റൂം ക്ലീന്‍ ചെയ്‌തോളാം...

എന്ന്് ആകുന്നതു പറഞ്ഞെങ്കിലും ലാലേട്ടനത് സമ്മതിച്ചില്ല...

ആരായാലെന്താ മണം മണമല്ലേ..

ഒടുവില്‍ റൂഫ്‌ടോപ്പില്‍ സ്റ്റൗ വെച്ച് മരുന്നു തയ്യാറാക്കി തടവി തീര്‍ത്തു..

താന്‍ കാരണം മറ്റൊരാള്‍ക്കും ബുദ്ധിമുട്ടുണ്ടാവരുത് എന്ന ശാഠ്യം..

അത് ഇത്രയും നിഷ്‌കര്‍ഷയോടു കൂടി മറ്റൊരാളിലും ഞാന്‍ കണ്ടിട്ടില്ല..

പോകും വഴി ചിത്രാജ്ഞലിയില്‍ ഒന്നിറങ്ങണം, കൊഴപ്പം ഇല്ലല്ലോ...

''ഈ കൊഴപ്പം ഇല്ലല്ലോ ''എന്ന ചോദ്യം മോഹന്‍ലാലിനോടൊപ്പം എപ്പോഴുമുണ്ട്..

ഒപ്പമുള്ളവര്‍ കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ മോഹന്‍ലാലും കംഫര്‍ട്ടബിള്‍ അല്ല..

ഒരിക്കല്‍ മാത്രമേ ലാലേട്ടന്‍ എന്നോട് ദേഷ്യപ്പെട്ടതായി എനിക്ക് ഓര്‍മ്മയുള്ളൂ..

എന്റെ ഒരു സുഹൃത്തിന്റെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ ഭാര്യയ്ക്ക് ഒരു

സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിനു വേണ്ടി മോഹന്‍ലാലിന്റെ ഇന്റര്‍വ്യൂ വേണം .

തൊടുപുഴയില്‍ ലാലേട്ടന്‍ ഉള്ളപ്പോ വിളിച്ചുപറഞ്ഞ് അവര്‍ക്കായി ഒരു സമയം

തരപ്പെടുത്തി.

ലൊക്കേഷനിലെത്തുമ്പോള്‍ ബന്ധപ്പെടാനായി കോസ്റ്റ്യൂമര്‍ മുരളിയേട്ടന്റെ നമ്പറും കൊടുത്തു..

അവര്‍ വളരെ നേരത്തേ ലൊക്കേഷനില്‍ എത്തി.

പൊരിവെയിലത്ത് ഷൂട്ടിംഗ് നടക്കുന്നു.

ചുറ്റിനും വന്‍ ജനക്കൂട്ടം.

നിര്‍ദ്ദേശം അനുസരിച്ച് അവര്‍ മുരളിച്ചേട്ടന്റെ നമ്പറില്‍ വിളിക്കുന്നുണ്ട്..

പക്ഷേ ഫോണ്‍ സൈലന്റ് മോഡില്‍ ആയതുകാരണം മുരളിച്ചേട്ടന്‍ അത് അറിയുന്നില്ല....

അവര്‍ മാറി ഒരിടത്തു നിന്നു. ഷൂട്ടിംഗ് തുടര്‍ന്നു കൊണ്ടേയിരുന്നു.

മൂന്നുമണിക്ക് ബ്രേക്ക് ടൈമില്‍ ഫോണ്‍ നോക്കിയ മുരളിച്ചേട്ടന്‍ ഒമ്പതുമണി മുതലുള്ള

മിസ്ഡ് കോളുകള്‍ കണ്ടു...

അവരുമായി സംസാരിച്ചു ..,വിവരം ലാലേട്ടനെ അറിയിച്ചു..

വീട്ടില്‍ ഉച്ചയുറക്കത്തിലായിരുന്ന എനിക്ക് ലാലേട്ടന്റെ കോള്‍..

ലാലേട്ടന്‍ ആകെ ദേഷ്യത്തിലാണ്..

അവര് കാലത്ത് ഒമ്പതുമണിക്ക് എത്തിയതാണ്.

മുരളിയെ കിട്ടിയില്ലെങ്കില്‍ സുരേഷ് എെന്ന വിളിച്ച് വിവരം പറയണ്ടേ...

ഒമ്പതു മണി മുതല്‍ ഈ സമയം വരെ അവര്‍ എന്നെ കാത്തല്ലേ അവിടെ നില്‍ക്കുന്നത്..

മറിച്ചെന്തെങ്കിലും പറയാനാവും മുമ്പ് ലാലേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു.. !

കൊഴപ്പമൊന്നും ഇല്ലല്ലോ തോളില്‍ പതിയെ തൊട്ട് ലാലേട്ടന്‍...

ചിത്രാജ്ഞലിയില്‍ നിന്നും പുറപ്പെട്ട്് അരമണിക്കൂര്‍ കഴിഞ്ഞു..

വയറ് ആകെ പ്രശ്‌നമായി തുടങ്ങി...

എപ്പോ വേണമെങ്കിലും Kinetosis സംഭവിക്കാം എന്ന അവസ്ഥ..(ഛര്‍ദ്ദി ,അയിനാണ് !

ലേഖനത്തില്‍ ഇനിയും നാലഞ്ചിടത്ത് ഇതേവാക്ക് ആവര്‍ത്തിക്കേണ്ടിവരും..

അതുകൊണ്ട് ഒരു ഭംഗിക്ക് Kinetosis എന്ന് തന്നെ എഴുതാം...)

ഞായറാഴ്ച ദിവസമാണ്..

എന്നിട്ടും റോഡില്‍ അത്യാവശ്യം നല്ല തിരക്ക്..

വണ്ടി ഒന്ന് ഒതുക്കി കാര്യം കഴിച്ച് തിരിച്ചു കയറാം എന്നു വെച്ചാല്‍

ഇത് വെറും വണ്ടിയല്ലല്ലോ...

ഉള്ളിലിരിക്കുത് മോഹന്‍ലാല്‍ അല്ലേ...!

ആരെങ്കിലും ഒരുത്തന്‍ ഒന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ തീര്‍ന്നു..!

അവിടം ജനസമുദ്രമാകാന്‍ നിമിഷങ്ങള്‍ മതി..!

Kinetosisന്റെ വിമ്മിഷ്ടത്തേക്കാള്‍ ഈയൊരു ചിന്തയാണ് എന്നെ കൂടുതല്‍

വിയര്‍പ്പിച്ചത്..

ഒന്നിനേയും പേടിയില്ലാത്ത മോഹന്‍ലാലിന് ആകെക്കൂടി പേടിയുള്ളത്

ആള്‍ക്കൂട്ടത്തെയാണു താനും.!

എന്താ മോനേ പ്രശ്‌നമുണ്ടോ...?

എന്റെ പ്രശ്‌നം എന്നെക്കാള്‍ വേഗത്തില്‍ ലാലേട്ടന്‍ തിരിച്ചറിഞ്ഞു...

അനിലേ ഗ്ലാസ്സ് ഒന്നു താഴ്ത്ത്...

അനില്‍ ഗ്ലാസ്സ് താഴ്ത്തിയതും ആദ്യത്തെ Kinetosis സംഭവിച്ചു.. !

പത്തടി മുമ്പോട്ട പോയതും രണ്ടാമത്തെ Kinetosis..!

പിന്നെ എണ്ണാന്‍ പറ്റാത്തപോലെ Kinetosis...!(കണ്ടോ ..വാക്ക് ഒന്നു മാറ്റിപിടിച്ചത്

എത്ര നന്നായി)

ലാലേട്ടന്‍ എന്റെ പുറം തടവി തരുന്നു..

ഈശ്വരാ എന്തൊരു ഗതികേടാണിത്...!

ലോകത്ത് ഒരാള്‍ക്കും ഇതുപോലൊരു സാഹചര്യത്തില്‍ Kinetosis വരല്ലേ...

ഒരു കൈകൊണ്ട് പുറം തടവി മറുകൈകൊണ്ട് ലാലേട്ടന്‍ അമേരക്കയിലുള്ള ഡോക്ടര്‍ ജ്യോതിദേവിനെ വിളിച്ചു..വിവരം പറഞ്ഞു..

വണ്ടി ഒരു കവലയിലെത്തിയതും ലാലേട്ടന്‍ 'അനിലേ മെഡിക്കല്‍ സ്റ്റോറിന്റെ മുന്നില്‍ ഒന്നു നിര്‍ത്ത്.. Kinetosisന്റെ അവസാന സ്റ്റേജിലെത്തിയ ഞാന്‍ തളര്‍ച്ചയോടെ

വേണ്ട ലാലേട്ടാ..ഇനി കൊഴപ്പമില്ല എന്നു പറയുന്നുണ്ട്..

പക്ഷേ അതിനോടകം ലാലേട്ടന്‍ അനിലിനെ മരുന്നു വാങ്ങാന്‍ പറഞ്ഞുവിട്ടു കഴിഞ്ഞു.

ഫോണില്‍ ഡോക്ടര്‍ ജ്യോതിദേവിന്റെ ഫോട്ടോ കാട്ടി ലാലേട്ടന്‍

നമ്മുടെ കേശവദേവിന്റെ മകനാണ്..മിടുക്കനാ..

ഞാന്‍ ചിരിച്ചു ...ഉള്ളിലെവിടെയോ ഇനിയൊരു Kinetosis രൂപം കൊള്ളുുണ്ട്..

അതു തിരിച്ചറിഞ്ഞ ലാലേട്ടന്‍ ഓടയില്‍ നിന്ന് വായിച്ചിട്ടില്ലേ..എന്താ എഴുത്ത് അല്ലേ...?

എന്റെ ശ്രദ്ധ മാറ്റാന്‍ എന്ന വണ്ണം ലാലേട്ടന്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, ഫോണിലെ

കൗതുകം നിറഞ്ഞ ചില അപൂര്‍വ്വചിത്രങ്ങള്‍ കാട്ടിത്തരുന്നുണ്ട് ..

പെട്ടെന്നു തന്നെ അനില്‍ വന്നു

ലാലേട്ടന്‍ ടാബ്‌ലറ്റ് എടുത്തു തന്നു..ഫ്‌ളാസ്‌കില്‍ നിന്നും വെള്ളവും..

വണ്ടി ഓടിത്തുടങ്ങി.

ഞാന്‍ കണ്ണുകളടച്ച് ഒന്നുറങ്ങാനുള്ള ശ്രമത്തിലാണ്..

ലാലേട്ടന്‍ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്..

ദാ വീണ്ടും വരുന്നു.. Kinetosis..

പക്ഷേ ഒന്നും സംഭവിച്ചില്ല കാറ്റുമാത്രം..!

ലാലേട്ടന്‍ പെട്ടെന്ന് ഒരു പ്ലാസ്റ്റിക് കവര്‍ എടുത്തു തന്നിട്ട് പറഞ്ഞു

ഇനി ഗ്ലാസ്സു താഴ്ത്തണ്ട, ഇതു പിടിച്ചാമതി..

ലാലേട്ടന്‍ തന്ന പ്ലാസ്റ്റിക് കവറുംപിടിച്ച് ഞാന്‍ ചാരി ഇരുന്നു...

എപ്പഴോ ഉറങ്ങി.

ഉണരുമ്പോള്‍ കാറ് ചേര്‍ത്തല കഴിഞ്ഞു..

ലാലേട്ടന്‍ അനിലിനോട് അനിലേ നേരേ താജ് . അതുകഴിഞ്ഞു തേവരയ്ക്കു പോകാം...

അനിലു തലയാട്ടി, എന്നെ നോക്കി ഒന്നു ചിരിച്ചു..

Kinetosis അതിന്റെ വഴിക്കുപോയി..

ക്ഷീണമുണ്ടെന്നതൊഴിച്ചാല്‍ ഞാന്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തി.

ലാലേട്ടന്‍ ഫോണില്‍ ആര്‍ക്കോ മെസേജ് അയച്ചുകൊണ്ട് എന്നോട്....

ഇപ്പോ നല്ല ചൂടുകഞ്ഞിയും രസവും കിട്ടണം ..അല്ലേ..?

ഹോ ..സത്യം !

ഞാന്‍ അറിയാതെ പറഞ്ഞുപോയി..

ലാലേട്ടന്‍ ചിരിയോടെ എന്നെ ഒന്നു നോക്കി.

കാറ് ടാജ് ഹോട്ടലിനു മുന്നിലെത്തി.

കാറുകണ്ടതും ഹോട്ടല്‍ ഒന്നാകെ ഉണര്‍ന്നു...

റിസപ്ഷനില്‍ നിന്നും കീ വാങ്ങി ലിഫ്റ്റില്‍ മുകളിലേക്ക്.

അഞ്ചാം നിലയിലെത്തി ലിഫ്റ്റ് ഓപ്പണ്‍ ആയി. ഞങ്ങള്‍ പുറത്തിറങ്ങിയതും

തൊട്ടപ്പുറത്തെ സര്‍വ്വീസ് ലിഫ്റ്റും ഓപ്പണ്‍ ആയി..

ട്രോളിയില്‍ ഒന്നു രണ്ടു തളികകളുമായി ഒരു ചുള്ളന്‍ പയ്യന്‍..

അവനെ നോക്കി മോഹന്‍ലാല്‍ ആശ്ചര്യത്തോടെ ഒന്നു ചിരിച്ചു.

മുറിതുറന്ന് ഭവ്യതയോടെ ട്രോളി മുറിയില്‍ വെച്ച് റൂംബോയ് മടങ്ങി.

ലാലേട്ടന്‍ എന്നെ നോക്കി ഒന്നു ചിരിച്ച് ഒരു മാന്ത്രികനെപ്പോലെ തളികയുടെ

മൂടിമാറ്റി ...ചൂടു കഞ്ഞി ,ചൂടു രസം..!!

തേവരയിലെ വീടു കണ്ടു മടങ്ങുമ്പോള്‍ രാത്രിയായി ഹോട്ടലിനു താഴെയെത്തുമ്പോള്‍

ലാലേട്ടന്‍ പറഞ്ഞു ഇന്നിനി യാത്ര ചെയ്യണ്ട..ഇവിടെ റൂം പറഞ്ഞിട്ടുണ്ട്..

രാവിലെ പോകാം വീട്ടിലേക്ക്..

മുറിയിലെത്തി. ലാലേട്ടന്റെ മുറിയുടെ തൊട്ടടുത്തമുറിയാണ്. താക്കോല്‍ നീട്ടി.

ഒപ്പം പുറത്തേക്കു വന്ന് ലാലേട്ടന്‍ പറഞ്ഞു

നമ്മുടെ സിനിമ പ്രശ്‌നമായി അല്ലേ...?

ഞാന്‍ ഞെട്ടലോടെ ലാലേട്ടനെ നോക്കി.

സാരമില്ല അങ്ങനെയൊക്കെയാണു സിനിമ...

ആശ്വസിപ്പിക്കാനെപോലെ പുറത്തൊു തട്ടി ചിരിച്ച് ലാലേട്ടന്‍ മടങ്ങി...

ടാജിലെ ആഡംബര മുറിയില്‍ കായല്‍നോക്കി ഞാന്‍ നിന്നു...

ഉറക്കത്തില്‍, ശൂന്യതയില്‍ നിന്നും ചൂടു കഞ്ഞിയും രസവും സൃഷ്ടിക്കുന്ന

മാന്ത്രികനെ സ്വപ്നം കണ്ടു..

പിറ്റേന്നു പുലര്‍ച്ചെ യാത്ര പറഞ്ഞ് ഞാനിറങ്ങി..

താഴെ റിസപ്ഷനിലെത്തുമ്പോല്‍ ലാലേട്ടന്റെ ഫോണ്‍

എന്തായി..നമ്മുടെ പെയിന്റിംഗിന്റെ കാര്യം..? സിനിമ തള്ളിയതുകൊണ്ട് ഇപ്പോള്‍

സമയം ഉണ്ടല്ലോ..

നാളെത്തന്നെ ഒരു ബജറ്റ് തയ്യാറാക്കി ജിഎമ്മിനെ ഏല്‍പ്പിക്ക് .

ഞാന്‍ വിളിച്ചു പറഞ്ഞോളാം...

പിന്നെ ബജറ്റിടുമ്പോ ശ്രദ്ധിക്കണം..

അവര്‍ നന്നായി ബാര്‍ഗെയിന്‍ ചെയ്യും...അതു കണ്ട് ക്വാട്ട്് ചെയ്യണം...

ഞാന്‍ ഓക്കെ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു..

ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ തിരുവിതാംകൂറിന്റെ ചരിത്രം

രേഖപ്പെടുത്തുന്ന പെയിന്റിംഗ് പരമ്പര ചെയ്യുന്ന കാര്യം നേരത്തേ ചര്‍ച്ച ചെയ്തിരുന്നു..

അതിന്റെ കാര്യമാണ് ലാലേട്ടന്‍ ഓര്‍മ്മപ്പെടുത്തിയത്..

കോട്ടയത്തേക്കുള്ള തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുകയായിരുന്നു

എങ്ങനെയാണ് ഈ മനുഷ്യന്‍ നമ്മളെ കണ്ടത്തുന്നത്..

ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം അറിയാന്‍ കഴിയുന്ന എന്ത് മാന്ത്രികതയാണു

അയാള്‍ക്കുള്ളത്..

എനിക്കറിയാന്‍ കഴിഞ്ഞത് ഒന്നു മാത്രമാണ്

മോഹന്‍ലാല്‍ ഒന്നാന്തരം ഒരു ഒളിനോട്ടക്കാരനാണ്.

നിങ്ങളുടെ പ്രതിഭയിലേക്ക്,നിങ്ങളുടെ പ്രതിസന്ധിയിലേക്ക് അയാളുടെ ഒരു കണ്ണ്

എപ്പോഴുമുണ്ടാവും..

ഒരിക്കല്‍ ലാലേട്ടന്‍ വീട്ടില്‍ വന്നു,അത്താഴം കഴിച്ചു മടങ്ങി...

അതും ഒളിനോട്ടത്തിലൂടെ മനസ്സുവായിച്ചുള്ള വരവ്..

ലാലേട്ടന്‍ പറഞ്ഞത ുതന്നെെയാണു സത്യം. എന്റെ സൗഹൃദങ്ങളൊന്നും എന്നെ തേടി വന്നതല്ല

ഞാന്‍ പോയി കൊണ്ടുവന്നിട്ടുള്ളതാണ്..

നല്ല മനസ്സുകളെ തേടി ചെല്ലണം എന്നു കരുതുന്ന ആളാണു ഞാന്‍.

അതേ... മോഹന്‍ലാലുമായുള്ള സൗഹൃദം നമുക്ക് സൃഷ്ടിച്ചെടുക്കാനാവില്ല..

ഒളിനോട്ടത്തിലൂടെ അത് അദ്ദേഹം തന്നെ കണ്ടെത്തും..

Related Stories

No stories found.
logo
The Cue
www.thecue.in