കണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ; കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ

 കണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ; കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ

വോട്ടെടുപ്പിന് പിന്നാലെ കണ്ണൂർ കടവത്തൂരിൽ സിപിഎം - മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ മുസ്ലീം ലീഗ് പ്രവർത്തകൻ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തിലാണ് മൻസൂറിന് വെട്ടേറ്റത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

മൻസൂറിന്റെ കൊലയിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട് . ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളിൽ മുസ്ലീം ലീഗ് പ്രവർത്തകർ ആളുകളെ ഓപ്പണ് ചെയ്യിക്കാൻ എത്തിച്ചതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. പിന്നാലെ  കടവത്തൂർ ഭാഗത്തെ ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

കൊലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിൻ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റാണ്. പോളിംഗിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു. വൈകിട്ട് പോളിംഗ് കഴിഞ്ഞ് മുഹ്സിൻ വീട്ടിലേക്ക് പോകുന്നതിനിടെ ഒളിച്ചിരുന്ന അക്രമിസംഘം ബോംബ് എറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ ആക്രമണത്തിനിടെ മുഹ്സിൻ്റെ സഹോദരനായ മൻസൂറിനും വെട്ടേൽക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

അക്രമിസംഘത്തിലുണ്ടായിരുന്ന ഷിനോസ് എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. കൊലപ്പെട്ട മൻസൂറിൻ്റെ അയൽവാസി കൂടിയാണ് ഇയാൾ. സംഘർഷത്തിൽ ഇരുപതോളം പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. സിപിഎമ്മിനും മുസ്ലീംലീഗിനും വലിയ സ്വാധീനമുള്ള സ്ഥലമാണ് പാനൂർ മേഖല. ഇന്നലെ ഉച്ച മുതൽ തന്നെ ബൂത്ത് പിടുത്തവും ഓപ്പണ് വോട്ടും അടക്കം പല വിഷയങ്ങളെചൊല്ലി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. മൻസൂറിന്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ കണ്ണൂരിൽ നിന്നുള്ള അന്വേഷണ സംഘം ഒൻപത് മണിയോടെ കോഴിക്കോട്ട് എത്തും എന്നാണ് വിവരം. കോഴിക്കോട് മെഡി.കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in