എന്റെ തലക്കു മുകളില്‍ ഭൂതക്കണ്ണാടി വെച്ച് വട്ടമിട്ടുപറന്ന് അരിപ്പ വെച്ച് അരിച്ചു നോക്കിയില്ലേ? എന്നിട്ട് എന്തായി?: മന്ത്രി കെ ടി ജലീല്‍

എന്റെ തലക്കു മുകളില്‍ ഭൂതക്കണ്ണാടി വെച്ച് വട്ടമിട്ടുപറന്ന് അരിപ്പ വെച്ച് അരിച്ചു നോക്കിയില്ലേ? എന്നിട്ട് എന്തായി?: മന്ത്രി കെ ടി ജലീല്‍
Summary

തെരഞ്ഞെടുപ്പിലെ ഇടത് വിജയം, മുസ്ലിംലീഗിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം, വെല്‍ഫെയര്‍ പാര്‍ട്ടി-യു.ഡി.എഫ് സഖ്യം,സ്വര്‍ണക്കടത്ത് കേസ് എന്നിവയില്‍ മന്ത്രി കെ.ടി.ജലീല്‍ സംസാരിക്കുന്നു.

Q

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുവിജയം, അജണ്ട നിശ്ചയിച്ച മാധ്യമങ്ങളുടെ മേലുള്ള വിജയമായി വിലയിരുത്തപ്പെടുന്നുണ്ടല്ലോ? 180 ദിവസത്തോളം പ്രധാന വാര്‍ത്തയും ചര്‍ച്ചയും സ്വര്‍ണക്കടത്തായിരുന്നു. വ്യക്തി എന്ന നിലയിലും സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മന്ത്രിയെന്ന നിലയിലും തെരഞ്ഞെടുപ്പ് വിജയത്തെ എങ്ങനെയാണ് കാണുന്നത്?

A

മാധ്യമങ്ങള്‍ എന്ത് പറയുന്നുവെന്ന് നോക്കിയല്ല ജനങ്ങള്‍ തീരുമാനമെടുക്കുന്നത്. മാധ്യമങ്ങള്‍ പറയുന്നത് അനുസരിച്ച് ജനങ്ങള്‍ വോട്ടിംഗ് പാറ്റേണ്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇടതുപക്ഷത്തിന്റെ പൊടി പോലും കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. ഓരോ അപവാദവാര്‍ത്ത പുറത്ത് വരുമ്പോഴും യാഥാര്‍ത്ഥ്യം എന്താണെന്ന് ജനങ്ങള്‍ ചികയുന്നുണ്ട്. ആ അന്വേഷണത്തില്‍ പതിരില്ലെന്ന് ബോധ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വോട്ടിംഗ് രീതി നിശ്ചയിക്കപ്പെടുന്നത്. ഒരുപാട് മാധ്യമങ്ങള്‍ ഒരുമിച്ച് നുണക്കഥകള്‍ പ്രചരിപ്പിച്ചാലും, അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ക്കായി മാധ്യമസിണ്ടിക്കേറ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാലും ഒരുസര്‍ക്കാരിനെയോ പാര്‍ട്ടിയേയോ മുന്നണിയേയോ ഇല്ലാതാക്കാന്‍ ആകുമെന്ന പരമ്പരാഗത മാധ്യമ ധാര്‍ഷ്ഠ്യമാണ് ഈ തെരഞ്ഞെടുപ്പില്‍ പൊളിഞ്ഞ് പാളീസായിരിക്കുന്നത്. കാരണം യാഥാര്‍ത്ഥ്യത്തെ പുറത്ത് കൊണ്ടു വരുന്നതില്‍ സോഷ്യല്‍മീഡിയ വലിയ പങ്കാണ് വഹിക്കുന്നത്. സോഷ്യല്‍മീഡിയയുടെ വ്യാപനം കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ കച്ചവട താല്‍പര്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്നതാണ് വസ്തുത. മാധ്യമസിണ്ടിക്കേറ്റ് എന്ന് പറയാവുന്ന തരത്തില്‍ എല്ലാവരും ഒരുമിച്ച് ഒരേവാര്‍ത്തകള്‍ ഒരേഭാഷയില്‍, വരികള്‍ പോലും വ്യത്യാസമില്ലാതെ നല്‍കിയിട്ടും യാതൊരു പോറലും ഇടതുപക്ഷത്തിന് ഏല്‍പ്പിക്കാന്‍ കഴിയാത്തത് അതിന്റെ പ്രതിഫലനമാണ്. മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Q

പാലക്കാട് നഗരസഭയില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും സത്യപ്രതിജ്ഞയ്ക്കിടെയും ബി.ജെ.പി ജയ് ശ്രീറാം മുഴക്കി. സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ആന്‍ കൊണ്ടുപോയി എന്നതാണ് ഇതിനെ പ്രതിരോധിക്കുന്നതിനായി ബി.ജെ.പിയും സംഘപരിവാറും ഉപയോഗിക്കുന്നത്. അതില്‍ ആരോപണവിധേയനായ മന്ത്രി എന്ന നിലയില്‍ ഇതിനോടുള്ള പ്രതികരണം എന്താണ്

A

അങ്ങനല്ല. ഖുര്‍ആന്‍ സര്‍ക്കാരിന്റെ വാഹനത്തില്‍ കയറ്റാന്‍ പറ്റാത്ത പുസ്തകമാണെന്ന് ബി.ജെ.പി കരുതുന്നുണ്ടോ?. അങ്ങനെയെങ്കില്‍ ബി.ജെ.പി അക്കാര്യം വ്യക്തമാക്കണം. പത്ത് പൈസ പോലും സര്‍ക്കാരിന് ചിലവില്ലാതെ, പോകുന്ന തോണിക്ക് ഒരുന്ത് എന്ന് പറയുന്നത് പോലെയാണ് ഖുര്‍ആന്‍ കോപ്പികള്‍ സര്‍ക്കാരിന്റെ വാഹനത്തില്‍ കൊണ്ടുപോയത്. ടെക്സ്റ്റ് ബുക്കുകള്‍ മലബാര്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍, സര്‍ക്കാരിന് യാതൊരു അഡീഷണല്‍ ചിലവും വരാതെയാണ് ഖുര്‍ആന്‍ കെട്ടുകള്‍ കൊണ്ടുപോയത്. ഇന്ത്യയെ പോലെ ബഹുസ്വരമായൊരു സമൂഹത്തില്‍ അത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. നിരോധിത ഗ്രന്ഥമല്ല ഖുര്‍ആന്‍. സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റാന്‍ പാടില്ലാത്ത, പുസ്തകമാണതെന്നും എനിക്കഭിപ്രായമില്ല. ഒരു പൈസ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അധികമായി ഇതിനായി ചെലവഴിച്ചിട്ടില്ല. അതുണ്ടായിരുന്നെങ്കില്‍ പ്രസ്തുത പ്രവൃത്തി തെറ്റാകുമായിരുന്നു. പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, ജഡ്ജിമാര്‍ എന്നിവരൊക്കെ തന്നെ അവരവരുടെ ഔദ്യോഗിക വാഹനങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചാണ് മതപരമായ ചടങ്ങുകള്‍ക്കും ആരാധനാകാര്യങ്ങള്‍ക്കും പോകുന്നത്. വിവിധ ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും ഗുരുധ്വാരകളിലും മസ്ജിദുകളിലും അധികാരപദവികളില്‍ ഇരിക്കുന്നവര്‍ പോകുന്നത് സര്‍ക്കാര്‍ വാഹനങ്ങളിലാണ്. ആരാധന എന്നത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ഇത് തെറ്റാണെന്ന് ഇന്ന് വരെ ആരും വിലയിരുത്തിയിട്ടില്ല. നമ്മുടെ നാട്ടില്‍ കാലങ്ങളായി നടന്നുവരുന്ന കാര്യങ്ങളാണവ. അതിന്റെ ഭാഗമായിട്ട് മാത്രമേ ഖുര്‍ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതിനെ കാണേണ്ടതുള്ളു.

Q

മുസ്ലിംലീഗ് സാമുദായിക സ്വത്വത്തിലേക്ക് ഉള്‍വലിഞ്ഞുവെന്ന് താങ്കള്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യം മാത്രമാണോ ഇത്തരമൊരു വിമര്‍ശനത്തിന് അടിസ്ഥാനം?

A

അങ്ങനെയല്ല. ലീഗ് നേതൃത്വത്തിന്റെ ദൗര്‍ബല്യമാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. മുസ്ലിംലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അല്ലാതെ സാമുദായിക മൂവ്‌മെന്റല്ല. പരാജയപ്പെടുന്നിടത്ത് ലീഗ് സാമുദായികമതസ്വത്വം കൂടുതല്‍ പ്രക്ഷേപിച്ച് കാണിക്കാന്‍ ശ്രമിക്കാറുണ്ട്. രാഷ്ട്രീയ മേലങ്കിയും സാമൂദായികമത മേലങ്കിയും ലീഗിനുണ്ട്. തോല്‍ക്കുന്നിടത്ത് എപ്പോഴും വൈകാരികമായി മുസ്ലിങ്ങളെ സംഘടിപ്പിക്കാന്‍ മതസാമുദായിക മേലങ്കിയാണ് ലീഗ് എടുത്തണിയുക. മറ്റുസമയങ്ങളില്‍ തരാതരം പോലെ രാഷ്ട്രീയ മേലങ്കിലും ധരിക്കും. മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ മേലങ്കിയാണ് ലീഗ് സ്വീകരിച്ചത്. മറ്റ് സംഘടനകളെ മുന്നില്‍ നിര്‍ത്തി ലീഗ് ഈ വിഷയത്തില്‍ പിന്നിലേക്ക് വലിഞ്ഞു. കാരണം രാഷ്ട്രീയമായി തങ്ങള്‍ക്കത് ദോഷം ചെയ്യുമെന്ന് അവര്‍ക്ക് ബോധ്യമായി.

ഹാഗിയ സോഫിയ വിഷയത്തില്‍ മുസ്ലിങ്ങളെ ഒന്നിപ്പിക്കാന്‍ വേണ്ടി മതസാമുദായിക മേലങ്കിയാണ് ലീഗ് എടുത്തണിഞ്ഞത്. തുര്‍ക്കിയില്‍ നടന്ന വിഷയമാണത്. ബാബറി മസ്ജിദിന് തുല്യമായ ഒരു വൈകാരിക പ്രശ്‌നം. ഇന്ത്യയില്‍ ബാബറി മസ്ജിദിന് വേണ്ടി മുസ്ലിങ്ങള്‍ ഫൈറ്റ് ചെയ്യുന്ന സന്ദര്‍ഭത്തിലാണ് സമാന സ്വഭാവമുള്ള ആരാധനാലയം തുര്‍ക്കിയിലെ ഭൂരിപക്ഷ വിഭാഗത്തിന് ഭരണകൂടം വിട്ടുനല്‍കിയതിനെ മുസ്ലിംലീഗ് അനുകൂലിച്ചത്. ലീഗിന്റെ ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയില്‍ എഴുതിയ ലേഖനം അതിന്റെ തെളിവാണ്. സാമുദായിക പരിവേഷം അവര്‍ എടുക്കുന്നത് രാഷ്ട്രീയ നേതൃത്വം ദുര്‍ബലപ്പെടുമ്പോഴാണ്. ലീഗ് ചത്ത കുതിരയാണെന്ന് പണ്ഡിറ്റ് ജവഹര്‍ലാര്‍ നെഹ്‌റു ഒരിക്കല്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളെയാണ് നെഹ്‌റു ചത്ത കുതിരയെന്ന് വിളിച്ചാക്ഷേപിച്ചതെന്ന് അന്നാരും ദുര്‍വ്യാഖ്യാനം ചെയ്തിട്ടില്ല. അതിന് സി.എച്ച്. രാഷ്ട്രീയമായി മറുപടി കൊടുക്കയാണ് ചെയ്തത്. അന്ന് സി.എച്ച്. പറഞ്ഞത്; പണ്ഡിറ്റ്ജി ലീഗ് ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നാണ്.

Q

തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയത് യു.ഡി.എഫിന് നേട്ടമായെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി അവകാശപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ ഈ സഖ്യമുണ്ടാക്കുന്ന സോഷ്യല്‍ ഇംപാക്ട് എന്തായിരിക്കും?

A

അത് പ്രതികൂലമായ ഇംപാക്ടായിരിക്കും ഉണ്ടാക്കുക. കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും വെല്‍ഫെയര്‍ പാര്‍ട്ടി എന്നത് പുതിയ സംവിധാനമാണ്. ജമായത്ത് ഇസ്ലാമിയുടെ പൊളിറ്റിക്കല്‍ ഓര്‍ഗണാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടി മതരാഷ്ട്ര വാദമുയര്‍ത്തുന്ന സംഘടയുടെ പൊളിറ്റിക്കല്‍ വിങ്ങാകാന്‍ പാടില്ല. നമ്മുടെ രാജ്യത്തിന്റെ മതേതരമായ സ്വഭാവത്തിന് വിരുദ്ധമായിട്ടുള്ള കാര്യമാണത്. എല്ലാ മനുഷ്യര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികള്‍. ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നതെന്നാണല്ലോ പറയപ്പെടുന്നത്. മുസ്ലിംലീഗ് മുസ്ലിമുകള്‍ക്ക് വേണ്ടിയും. വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക സ്‌റ്റേറ്റ് എന്ന സങ്കല്‍പ്പത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്. ഇതിനായി ജനാധിപത്യത്തെ ചവിട്ടുപടിയാക്കാന്‍ കഴിയുമോയെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആലോചിക്കുന്നത്. അതിനു സഹായകമായ നിലപാട് സ്വീകരിക്കുക എന്നാല്‍ ആത്യന്തികമായി മതരാഷ്ട്രവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നാണ് അര്‍ത്ഥം. ബി.ജെ.പി ഭൂരിപക്ഷ മതരാഷ്ട്ര വാദത്തെ മുന്നോട്ട് വെയ്ക്കുമ്പോള്‍ അതിന് ബദലായി വെല്‍ഫെയര്‍ പാര്‍ട്ടി വെയ്ക്കുന്നത് മതേതര ഭരണ വ്യവസ്ഥിതിയല്ല, മറിച്ച് ഇസ്ലാമികരാഷ്ട്ര ബദലാണ്. ഭൂരിപക്ഷ മതരാഷ്ട്രവാദത്തെ ന്യൂനപക്ഷ മതരാഷ്ട്ര വാദം കൊണ്ട് പ്രതിരോധിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് അപകടകരമാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ന്യൂനപക്ഷ വര്‍ഗ്ഗീയത കൊണ്ട് നേരിടാമെന്ന ചിലരുടെ നിരര്‍ത്ഥകമായ വാദത്തിന് സമാനമാണ് ഭൂരിപക്ഷ മതരാഷ്ട്ര വാദത്തെ ന്യൂനപക്ഷ മതരാഷ്ട്ര വാദം കൊണ്ട് നേരിടാന്‍ കഴിയുമെന്ന അഭിപ്രായം.

Q

മുസ്ലിം മതവിഭാഗത്തിലെ ഭൂരിഭാഗവും തീവ്ര നിലപാടുകളിലേക്ക് പോകാതിരിക്കുന്നത് മുസ്ലിം ലീഗുള്ളത് കൊണ്ടെന്നാണല്ലോ രാഷ്ട്രീയ നിരീക്ഷണങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടി മുസ്ലിംലീഗിനെ ഹൈജാക്ക് ചെയ്യുമെന്ന ആശങ്ക താങ്കള്‍ക്കുണ്ടോ?

A

ജമായത്ത് ഇസ്ലാമി എന്ന സംഘടന 1946 മുതല്‍ ഇന്ത്യയിലുണ്ട്. മുസ്ലിം ലീഗിന്റെ മഹാന്‍മാരായ നേതാക്കള്‍, ഉദാഹരണത്തിന് ഇസ്‌മൈല്‍ സാഹിബ്, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സി.എച്ച്. മുഹമ്മദ് കോയ സാഹിബ് എന്നിവരുടെയൊന്നും കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തോട് ലീഗ് യോജിച്ച് നിന്നിട്ടില്ല. ശക്തമായി വിയോജിച്ച് ആശയ പ്രചാരണം നടത്തുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ ലീഗ് നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളോട് യോജിക്കുന്നത് അവര്‍ക്ക് തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് വലിയ ഭയാശങ്ക ഉള്ളത് കൊണ്ടാണ്. എവിടെ നിന്നെങ്കിലും ഒരുകച്ചി തുരുമ്പ് കിട്ടുമോ എന്നാണ് ലീഗ് നോക്കുന്നത്. അത് ബി.ജെ.പിയായാലും ന്യൂനപക്ഷ മതരാഷ്ട്രവാദക്കാരായാലും കുഴപ്പമില്ല എന്ന നിലയിലേക്ക് ലീഗ് രാഷ്ട്രീയം മാറിയിട്ടുണ്ട്. ഇത് ലീഗിനെ ആത്യന്തികമായി ദുര്‍ബലപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

Q

ബി.ജെ.പിയോടും സംഘപരിവാറിനോടും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അടുക്കുന്നുവെന്ന നിരീക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്. ഹാഗിയ സോഫിയ പോലുള്ള വിഷയങ്ങളിലെ മുസ്ലിം ലീഗിന്റെ നിലപാടും വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യവും അതിന് കാരണമാകുന്നുണ്ടോ

A

സംഘപരിവാറിന് അനുകൂലമായി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ചിന്തിക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. യു.ഡി.എഫ് വിരുദ്ധമായി അവര്‍ ചിന്തിക്കുന്നുണ്ട് എന്നുള്ളത് ശരിയാണ്. പല വിഷയങ്ങളിലും ലീഗിന്റെ നിലപാട് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് എതിരാണെന്ന പൊതുധാരണ ഉണ്ടായിട്ടുണ്ട്. അത് കേവല ധാരണയല്ല ശരിയായ വസ്തുതയാണെന്നാണ് ഹാഗിയ സോഫിയ വിഷയത്തില്‍ ലീഗ് സ്വീകരിച്ചിട്ടുള്ള നിലപാട് വ്യക്തമാക്കുന്നത്. അല്ലാതെ ബി.ജെ.പിക്കും ആര്‍.എസ്.എസിനും അനുകൂലമായി െ്രെകസ്തവ സഭകള്‍ക്ക് ചിന്തിക്കാനാവില്ല. നാളത്തെ കറിയാകാനുള്ള കോഴികളെപ്പോലെ ആരും ഇന്ന് ബി.ജെ.പിയുടെ കൂടെ പോകില്ലെന്നാണ് എന്റെ വിശ്വാസം.

Q

കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നുവെന്നും യു.ഡി.എഫിന്റെ നിയന്ത്രണം ലീഗിനാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും ഇടയാക്കിയല്ലോ. മുഖ്യമന്ത്രി ഇതിലൂടെ ലക്ഷ്യമിടുന്നത് ഭൂരിപക്ഷ വോട്ടുകളാണെന്നും ആര്‍.എസ്.എസിനെ ഇത്ര ശക്തമായി വിമര്‍ശിക്കാറില്ലെന്നും ലീഗ് നേതാക്കള്‍ തന്നെ പറയുന്നു.

A

ഇതിനെ പൊളിറ്റിക്കലായാണ് കാണേണ്ടത്. ലീഗിനുള്ളതെല്ലാം വെള്ളിത്തളികയിലാക്കി പാണക്കാട് കൊണ്ടുവന്ന് തരുമെന്നായിരുന്നു ഇക്കാലമത്രയും ലീഗ് നേതാക്കള്‍ പ്രസംഗിച്ച് നടന്നത്. അതിനെ മതപരമായല്ല ആരും കണ്ടത്. ലീഗിന്റെ പൊളിറ്റിക്കല്‍ കരുത്താണ് ഇതിലൂടെ പ്രൊജക്ട് ചെയ്യപ്പെട്ടത്. ആ അര്‍ത്ഥത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. യു.ഡി.എഫിലെ ഒന്നാം കക്ഷിയെ രണ്ടാം കക്ഷിയെ നിയന്ത്രിക്കുന്നതിലെ രാഷ്ട്രീയ വൈരുദ്ധ്യമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അതിനെ വേറൊരു അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നത് ലീഗിന്റെ പാപ്പരത്തമാണ്. ഗുഡ് സര്‍ട്ടിഫിക്കറ്റായിട്ടല്ലേ പ്രസ്തുത പ്രസ്താവനയെ ലീഗ് കാണേണ്ടത്. അല്ലാതെ ഭയപ്പാടോടെയാണോ? കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതില്‍ ലീഗിന് വലിയ പങ്കുണ്ടായിട്ടില്ലെ? ലീഗിന്റെ അഭിപ്രായം അറിയാനായി നരസിംഹറാവു പ്രത്യേക ദൂതനെ പാണക്കാട്ടേക്ക് അയച്ചത് സുവിദിതമാണ്. എന്തിനാണ് കോണ്‍ഗ്രസിന്റെ ലീഡര്‍ഷിപ്പ് മാറുന്നതില്‍ അന്ന് ലീഗിനോട് കോണ്‍ഗ്രസ് അഭിപ്രായം ചോദിച്ചത്? ഇപ്പോള്‍ രമേശ് ചെന്നിത്തല നേതാവായാല്‍ ശരിയാവില്ലെന്നാണ് ലീഗ് പറയുന്നത്. മറ്റൊരാളെ നിര്‍ദേശിക്കുകയും ചെയ്യുന്നു. യു.ഡി.എഫിലെ പ്രധാന പാര്‍ട്ടി എന്ന നിലയിലാണ് ലീഗ് അത് ചെയ്യുന്നത്. ആ നിലയ്ക്കല്ലേ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ലീഗ് കാണേണ്ടിയിരുന്നത്? ഇകഴ്ത്താനല്ല, യു.ഡി.എഫിലെ ലീഗിന്റെ ശക്തിയെ കാണിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കേരള കോണ്‍ഗ്രസോ ആര്‍.എസ്.പിയോ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നുവെന്ന് പറയുമ്പോള്‍ ഉണ്ടാകാത്ത ഒരു വികാരം ലീഗ് കോണ്‍ഗ്രസ്സിനെ നയന്ത്രിക്കുന്നു എന്ന് പറയുമ്പോള്‍ മാത്രം ലീഗിനും കോണ്‍ഗ്രസ്സിനുമുണ്ടാകുന്നത് എന്തുകൊണ്ടാണ്? യു.ഡി.എഫിലെ രണ്ടാം കക്ഷി ഒന്നാം കക്ഷിയെ നിയന്ത്രിക്കുന്നതിലെരാഷ്ട്രീയ നൈതികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന മറ്റേതെങ്കിലും രൂപത്തില്‍ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് അവരുടെ കണ്ണിന്റെയും മനോഗതത്തിന്റെയും കുഴപ്പമെന്നല്ലാതെ മറ്റെന്തുപറയാന്‍.

Q

ഈ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട മന്ത്രി താങ്കളാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സിമി ബന്ധം ഇപ്പോഴും ആരോപിക്കുന്നു. ലീഗ് പ്രവര്‍ത്തകരും ഇതെല്ലാം ഏറ്റെടുക്കാറുണ്ട്. ഇത്തരത്തില്‍ നിരന്തരമായി ആക്രമിക്കപ്പെടുന്നതിനെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്

A

ഇതിനൊക്കെ നമ്മുടെ നാട്ടില്‍ അന്വേഷണ ഏജന്‍സികളുണ്ടല്ലോ. എല്ലാ കാര്യങ്ങളും അന്വേഷിച്ചല്ലോ. എന്റെ തലക്കു മുകളില്‍ ഭൂതക്കണ്ണാടി വെച്ച് വട്ടമിട്ടുപറന്ന് അരിപ്പ വെച്ച് അരിച്ചു നോക്കിയില്ലേ? എന്നിട്ട് എന്തായി? ഇ.ഡിയെ വിട്ട് എന്റെ സാമ്പത്തിക വശങ്ങളെല്ലാം അന്വേഷിച്ചല്ലോ. എന്നിട്ടെന്താ സംഭവിച്ചത്? ഇക്കാലമത്രയുമുള്ള അകൗണ്ടുകളും സാമ്പത്തിക സ്രോതസ്സുകളും പരിശോധിച്ചല്ലോ? 19 കൊല്ലം മുമ്പ് ഞാന്‍ വാങ്ങിയ പത്തൊമ്പതര സെന്റ് സ്ഥലവും, അതില്‍ 2200 സ്‌ക്വയര്‍ ഫീറ്റുള്ള സാധാരണ ഒരു വീടുമല്ലാതെ മറ്റൊന്നും എനിക്കോ ഭാര്യക്കോ മക്കള്‍ക്കോ ഇല്ലന്നല്ലേ അന്വേഷണ സംഘം കണ്ടെത്തിയത്. ഞാന്‍ എം.എല്‍.എയായ ശേഷം കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഒരുതരി മണ്ണ് ഞാന്‍ വാങ്ങിയിട്ടില്ല. ഒരു ബിസിനസ് ഞാന്‍ തുടങ്ങിയിട്ടില്ല. ഒരു കച്ചവടത്തിലും ഞാന്‍ പങ്കാളിയായിട്ടില്ല. എം.എല്‍.എ ആകുന്നതിന് മുമ്പ്12 വര്‍ഷം ഞാനൊരു കോളേജ് അധ്യാപകനായിരുന്നു. ഭാര്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പളാണ്. ഞങ്ങളുടെ രണ്ടാളുടെയും ഈ ഭൂമുഖത്തുള്ള ആകെയുള്ള സമ്പാദ്യം ഞങ്ങളുടെ ശമ്പളത്തിലെ തുച്ഛമായ ശേഷിപ്പുമാത്രമാണ്.

എന്റെ വീട്ടില്‍ ഒരുതരി സ്വര്‍ണമില്ല. ഭാര്യയും രണ്ട് പെങ്കുട്ടികളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളുള്ള വീടാണെന്റേത്. എന്റെ ഭാര്യയുടെ കാതിലെ പറ്റ് പോലും ചെമ്പിന്റേതാണ്. മകളുടെ വിവാഹത്തിന് വെറും ആറായിരം രൂപയുടെ മുത്ത് മാലകളായിരുന്നു അവള്‍ക്ക് ആഭരണമായി നല്‍കിയത്. അത് ധരിച്ചാണ് പുതുപെണ്ണായി ഇറങ്ങിയത്. സാധാരണ മുസ്ലിം കുടുംബങ്ങളില്‍ സ്വര്‍ണാഭരണമാണ് വിവാഹമൂല്യമായിട്ട് നല്‍കാറ്. എന്റെ മരുമകന്‍ മകള്‍ക്ക് നല്‍കിയത് വിശുദ്ധ ഖുര്‍ആന്റെ കോപ്പിയാണ്. അത്രമാത്രം സ്വര്‍ണം വേണ്ടെന്നുവെച്ച കുടുംബമാണ് ഞങ്ങളുടേത്. മഞ്ഞ ലോഹമില്ലാതെ ഈ ഭൂമുഖത്ത് ജീവിക്കാന്‍ പറ്റുമോ എന്ന് ജീവിതത്തില്‍ പരീക്ഷിക്കുകയായിരുന്നു. അതില്‍ ഇതുവരെയും വിജയിക്കാനായി. ഇനിയുമതിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെയുള്ള ഒരു കുടുംബനാഥനെക്കുറിച്ചാണ് ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയവനെന്ന് യു.ഡി.എഫും ബി.ജെ.പിയും മാധ്യമങ്ങളും ആക്ഷേപിച്ചത്. ഇക്കാലത്തിനിടയില്‍ പുറത്ത് നിന്ന് എടുത്തുപറയത്തക്ക ഒരു സംഖ്യ പോലും എന്റെ അകൗണ്ടിലേക്കോ ഭാര്യയുടെ എക്കൗണ്ടിലേക്കോ വന്നിട്ടില്ല. നികുതി അടക്കാത്ത ഒരു രൂപ പോലും എന്റെ കയ്യിലില്ല. ഉണ്ടെങ്കില്‍ കണ്ടുകെട്ടട്ടെ. എനിക്കൊരു ഭയവുമില്ല. 27 വര്‍ഷത്തിനിടെ എന്റെ അകൗണ്ടിലുള്ള പണം നാലേകാല്‍ ലക്ഷം രൂപ മാത്രമാണ്. ഇതുകൊണ്ടാണ് മാധ്യമങ്ങള്‍ വേട്ടയാടിയിട്ടും പഞ്ചപുച്ഛമടക്കി അവര്‍ക്കുമുന്നില്‍ നില്‍ക്കുകയോ അവരുടെ ദാക്ഷണ്യത്തിനായി യാചിക്കുകയോ ചെയ്യാതെ സധൈര്യം മുന്നോട്ടുപോയത്. ലോകത്തിലെ എല്ലാ മാധ്യമങ്ങളും ഒരുമിച്ച് എതിര്‍ത്താലും സത്യം മറുഭാഗത്താണെങ്കില്‍ ആ സത്യത്തിനായിരിക്കും അന്തിമ വിജയമെന്ന് തെളിയിക്കുന്നതാണ് ഞാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍.

Q

മുഖ്യമന്ത്രി പിണറായി വിജയനും താങ്കളില്‍ ആ വിശ്വാസം ഉണ്ടായിരുന്നല്ലോ?

A

ഒരാള്‍ക്ക് അയാളെ വിശ്വാസമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിക്ക് എന്നെ അറിയാം. മകളുടെ വിവാഹ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഓരോരുത്തരുടെയും വീടുകളില്‍ പോയി നോക്കിയാല്‍ അറിയാല്ലോ അവര്‍ ഏതു തരക്കാരാണെന്ന്. നമുക്ക് നമ്മളില്‍ വിശ്വാസമുണ്ടെങ്കില്‍ ലോകത്താരെയും ഭയപ്പെടേണ്ടതില്ല. ആരുടെ മുന്നിലും തലകുനിക്കേണ്ടതുമില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ച പാഠം അതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in