ഞാന്‍ സിമിയില്‍ നിന്നും ലഷ്‌കര്‍ ഇ തൊയിബയിലേക്കല്ലല്ലോ പോയത്: കെ ടി ജലീല്‍

ഞാന്‍ സിമിയില്‍ നിന്നും ലഷ്‌കര്‍ ഇ തൊയിബയിലേക്കല്ലല്ലോ പോയത്: കെ ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിന് ശേഷം ദ ഫെഡറല്‍ അസോസിയേറ്റ് എഡിറ്റര്‍ കെ കെ ഷാഹിന നടത്തിയ ഇന്റര്‍വ്യു

Q

താങ്കളെ ഇ ഡി ചോദ്യം ചെയ്തിരുന്നോ?

A

ചെയ്തിരുന്നു

Q

എപ്പോഴായിരുന്നു ചോദ്യം ചെയ്യല്‍. ചട്ടപ്രകാരം നോട്ടീസ് തന്നാണോ വിളിപ്പിച്ചത്?

A

അതേ. എല്ലാം ചട്ടപ്രകാരം തന്നെയാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട്നിരവധി പേരെ അവര്‍ കാണുന്നുണ്ട്.

Q

ഇന്നലെ എത്ര മണിക്കാണ് അവരെ കണ്ടത്?

A

രാവിലെ ഏകദേശം 9 മണിയോടെ

Q

എത്രനേരം നീണ്ടു?

A

ഏതാണ്ട് ഒന്നര വരെ

Q

അക്കാര്യം താങ്കള്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചുവച്ചു എന്ന് പറയുന്നുണ്ടല്ലോ?

A

അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമെന്താണ്? ഇഡി അവരുടെ ജോലി ചെയ്യുന്നു,അവര്‍ മാധ്യമങ്ങളോട് അത് പറയുന്നില്ലല്ലോ!

Q

താങ്കളെ ചോദ്യം ചെയ്തതായി ദില്ലിയിലെ ഇഡി ഓഫീസില്‍ നിന്നും കണ്‍ഫേം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്

A

അതെ, അതു പക്ഷെ ഞാനവരെ കണ്ടതിനു ശേഷമല്ലേ?

Q

അക്കാര്യം മറച്ചുവച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ആക്ഷേപം

A

(ചിരി) അങ്ങനെയന്നുമില്ല..ഞാന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.അത്രയേ ഉള്ളൂ

Q

ഇപ്പോഴെന്താണ് തോന്നുന്നത്?

A

എനിക്ക് വലിയ ഒരു ഭാരം ഇറക്കി വച്ചതുപോലെ തോന്നുന്നു.

Q

എന്തായിരുന്നു അവരുടെ അന്വേഷണത്തിന്റെ ഫോക്കസ് ?

A

അവര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചോദിച്ചു. ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി തന്നെ മറുപടിയും പറഞ്ഞു .വളരെ സൗഹാര്ദപരമായനാണ്അവര്‍ ഇടപെട്ടത്.

Q

റംസാന്‍ കിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ചോദിച്ചത് ? സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചുവോ ?

A

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ എന്നോട് ചോദിച്ചില്ല .കോണ്‍സുലേറ്റ് വഴി ഖുര്‍ ആനും പെരുന്നാള്‍ കിറ്റും കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ചോദിച്ചുള്ളൂ

Q

ഈ വിഷയത്തില്‍ ധാരാളം ആക്ഷേപങ്ങള്‍ നിങ്ങള്‍ക്കെതിരെ ഉയര്‍ന്നല്ലോ ? ആ സാഹചര്യത്തില്‍ ചോദിക്കുകയാണ് . എന്താണ് നിങ്ങള്‍ ഇ ഡി ക്ക് മുന്‍പാകെ നല്‍കിയ വിശദീകരണം ? അത് തന്നെയാണോ ജനങ്ങളോടും പറയാനുള്ളത് .

A

തീര്‍ച്ചയായും . എനിക്ക് ഒരു കാര്യവും മറച്ചു വെക്കാനില്ല . ആളുകള്‍ക്ക് ഖുര്‍ ആനിന്റെ കോപ്പികള്‍ സമ്മാനമായി കൊടുക്കുന്നത്അവരുടെ ഒരു രീതിയാണ് . റംസാന്‍ കിറ്റ് കൊടുക്കുന്നതും ഒരു പുതിയ കാര്യം ഒന്നുമല്ല . ജൂണ്‍ ആദ്യവാരത്തിലാണ് ഖുര്‍ ആന്‍ കോപ്പികള്‍ കോണ്‍സുലേറ്റ് വഴി അയച്ചത്. ഇവിടത്തെ മത ചാരിറ്റി സംഘടനകള്‍ക്ക് വിതരണം ചെയ്യാന്‍ സഹായിക്കാമോ എന്ന് ചോദിച്ചു .

Q

അതില്‍ പക്ഷെ താങ്കളുടെ റോള്‍ എന്താണ് ?

A

നോക്കൂ , ഞാന്‍ വകഫിന്റെ കൂടി മന്ത്രിയല്ലേ , മതപരവും സാംസ്‌കാരികവുമായ കാര്യങ്ങളില്‍ എന്റെ ഓഫീസിന്റെ സഹായം തേടുന്നതില്‍ അസാധാരണമായി ഒന്നുമില്ലല്ലോ . ഈ വര്‍ഷം കൊറോണ മൂലം അവര്‍ക്ക് ഈ കിറ്റുകളും

ഖുര്‍ ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല .അത് കൊണ്ടായിരിക്കാം അത്തരത്തില്‍ സഹായം തേടിയത് . അവിടെ വന്നതില്‍ അവശേഷിച്ച 32 പാക്കറ്റുകള്‍ സിആപ്റ്റിന്റെ ( Centre for Advanced Printing and Training)ഓഫീസിലേക്കാണ്എത്തിച്ചത് . അവിടെ നിന്ന് ടെക്സ്റ്റ് പുസ്തകങ്ങള്‍ കൊണ്ട് പോകുന്ന വണ്ടിയില്‍ കയറ്റി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിക്കാനുള്ള സഹായമാണ്അവര്‍ ചോദിച്ചത് . സര്‍ക്കാരിന് ഒരൊറ്റ പൈസ അധിക ചെലവ് വരുന്ന ഒരു കാര്യമൊന്നുമല്ല . യുഎഇ ഇന്ത്യയുമായി എത്രയോ നല്ല ബന്ധത്തില്‍ ഇരിക്കുന്ന ഒരു രാജ്യമാണ് . അവിടെ ഒരു ക്ഷേത്രം പണിയാന്‍ നമ്മുടെ പ്രധാനമന്ത്രി അനുവാദം ചോദിച്ചപ്പോള്‍ സസന്തോഷം സ്ഥലം കൊടുത്ത രാജ്യമല്ലേ അത് . ആ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാറായി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . ഇത്തരത്തില്‍ സൗഹൃദ രാജ്യങ്ങള്‍ തമ്മില്‍ മതപരവും സാംസ്‌കാരികവുമായ കൊടുക്കല്‍ വാങ്ങലുകള്‍ സാധാരണ നടക്കുന്നതല്ലേ ? ഇതിലൊക്കെ എന്താണ് നിയമ വിരുദ്ധമായി

ഉള്ളത് ?

Q

സി ആപ്റ്റില്‍ വന്ന പാക്കറ്റുകള്‍ എന്താണ് ചെയ്തത് ?

A

ഒരു പാക്കറ്റ് അവിടത്തെ ജീവനക്കാര്‍ പൊട്ടിച്ചു . നല്ല ഭംഗിയായി

പ്രിന്റ് ചെയ്ത ഖുര്‍ ആനുകള്‍ ആണ് . അവിടത്തെ ജീവനക്കാര്‍ ഓരോ കോപ്പി എടുത്തോട്ടെ എന്ന് ചോദിച്ചു . മുസ്ലിങ്ങള്‍ മാത്രമല്ല കേട്ടോ .അവിടത്തെ ഇതരമതസ്ഥരായ ജീവനക്കാരും ഓരോ കോപ്പി ചോദിച്ചു .അങ്ങനെ ഇരുപത്തിനാല് കോപ്പികള്‍ അവിടത്തെ ജീവനക്കാര്‍ എടുത്തു .അവരെ സംബന്ധിച്ചിടത്തോളം ഖുര്‍ ആന്റെ കോപ്പികള്‍ അങ്ങനെ വിപണിയില്‍ കിട്ടുന്ന ഒന്നല്ലല്ലോ . സി ആപ്റ്റിന്റെ എം ഡി സമ്മതിക്കുകയും ചെയ്തു .

ബാക്കി ഉള്ളവ രണ്ടിടത്തേക്കായി കൊടുത്തയച്ചു .ഒന്ന് എടപ്പാളിലെ അല്‍ ഇര്‍ഷാദ് എന്ന സ്ഥാപനം . മറ്റൊന്ന് ആലത്തിയൂരിലെ ഒരു സ്ഥാപനം . അവര്‍ അത് ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ് . കൊറോണ കഴിഞ്ഞിട്ടേ വിതരണം ചെയ്യാവൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു .

Q

ഇ ഡി ഇത്തരമൊരു അന്വേഷണം നടത്താനുള്ള സാഹചര്യം എന്താണ് ? എന്താണ്അവരുടെ അന്വേഷണത്തിന്റെ terms of reference താങ്കള്‍ക്ക് മനസ്സിലായിടത്തോളം ?

A

ഉത്തരം: കോണ്‍ഗ്രസ്സും ബിജെപിയും കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . ഖുര്‍ ആന്റെ കോപ്പികള്‍ വന്നതുമായി ബന്ധപ്പെട്ടു അവര്‍ പരാതി കൊടുത്തു .ഇത് വിദേശ ചട്ടങ്ങളുടെ ലംഘനമാണ് എന്നായിരുന്നു പരാതി. ആ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം മാത്രമാണിത് . സ്വര്‍ണക്കടത്തുമായി ഒന്നും ഇതിന് ഒരു ബന്ധവുമില്ല .

Q

ഇത്തരത്തില്‍ ഖുര്‍ ആന്‍ കോപ്പികളും റംസാന്‍ കിറ്റുമൊക്കെ സ്വീകരിക്കാന്‍ നിയമപരമായി സാധ്യമാണോ ? ഇതില്‍ ചട്ടലംഘനമുണ്ട് എന്നാണല്ലോ ആരോപണം ? അങ്ങനെ ഉണ്ടോ ?

A

നോക്കൂ , ഹോളി ഖുര്‍ ആന്‍ എന്ന് വ്യക്തമായി ഈ പാക്കറ്റുകളില്‍

എഴുതിയിട്ടുണ്ടായിരുന്നു . പാക്കറ്റുകള്‍ക്കകത്ത് മറ്റെന്തോ ആണ് എന്ന്തെറ്റിധരിപ്പിച്ച് ഒളിച്ചു കടത്തിയത് ഒന്നുമല്ല ഇത് . കസ്റ്റംസ് അധികൃതര്‍ അടക്കം കണ്ടു ബോധ്യപ്പെട്ട് തന്നെയാണല്ലോ ഈ consignmentവന്നിട്ടുള്ളത് .ഇതില്‍ എന്തെങ്കിലും നിയമവിരുദ്ധമായി ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം

കസ്റ്റംസിനും കേന്ദ്ര സര്‍ക്കാരിനും അല്ലേ ?

Q

പക്ഷേ റംസാന്‍ കിറ്റ് ആണെങ്കിലും ഖുര്‍ ആന്‍ ആണെങ്കിലും കേന്ദ്രമന്ത്രാലയത്തെ മുന്‍കൂട്ടി അറിയിച്ചു അനുമതി വാങ്ങണം എന്നുണ്ടോ ?

A

ഞാന്‍ നേരത്തെ പറഞ്ഞില്ലേ ? നയതന്ത്രപ്രധാനമായ കാര്യങ്ങളോ ഇരുരാജ്യങ്ങളെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളോ ആണെങ്കില്‍ ഒരു സംസ്ഥാനമന്ത്രിക്ക് അഭിപ്രായം പറയാനോ ഇടപെടാനോ കഴിയില്ല . പക്ഷെ മതപരമായതോ സാംസ്‌കാരികമായതോ ആയ കൊടുക്കല്‍ വാങ്ങലുകളില്‍ യാതൊരുചട്ടലംഘനവുമില്ല . ഷാഹിന , അവിടെന്ന് ആരെങ്കിലും സലാം ചൊല്ലിയാല്‍ സലാം മടക്കാന്‍ ഡല്‍ഹിയില്‍ വിളിച്ച് അനുമതി ചോദിക്കാന്‍ പറ്റുമോ ? എന്തൊരു കഷ്ടമാണിത്

Q

മറ്റെന്തൊക്കെയാണ് അവര്‍ ചോദിച്ചത് ?

A

എന്റെ സ്വത്ത് വിവരങ്ങള്‍ ചോദിച്ചു . എല്ലാം വിശദമായി

പറഞ്ഞിട്ടുണ്ട് . എനിക്ക് നാട്ടില്‍ പതിനെട്ടര സെന്റ് സ്ഥലവും വീടുമാണ്ഉള്ളത് . അതിന്റെ ആധാരം പക്ഷേ നിയമസഭയിലാണ് .വീട് പെയിന്റടിക്കാനായി ആധാരം വെച്ച് ലോണ്‍ എടുത്തിരുന്നു.

എന്റെ ഭാര്യക്കോ മക്കള്‍ക്കോ സ്വര്‍ണമൊന്നുമില്ല .അവര്‍ മക്കളുടെ വിവരങ്ങള്‍ ചോദിച്ചു . മക്കള്‍ മൂന്ന് പേരും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ആണ് പഠിച്ചത് .മക്കളുടെ വിദ്യാഭ്യാസത്തിനും എനിക്ക് കാര്യമായി ഒരു പൈസയും

ചെലവായിട്ടില്ല . മൂത്ത മകള്‍ എന്‍ ഐ ടി യിലാണ് പഠിച്ചത് .അത് കഴിഞ്ഞു ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എം എസ് കഴിഞ്ഞു .ഇപ്പോള്‍ സിലിക്കണ്‍ വാലിയില്‍ ഇന്റെലില്‍ ജോലി ചെയ്യുന്നു .അവളുടെ ഭര്‍ത്താവും അവിടെത്തന്നെയാണ് . അയാള്‍ ആപ്പിളില്‍ ആണ് ജോലി ചെയ്യുന്നത് .രണ്ടാമത്തെയാള്‍

പൂനയില്‍ എല്‍ എല്‍ ബി പഠിക്കുന്നു . മൂന്നാമത്തെയാള്‍ പോര്‍ട്ട് ബ്ലെയറില്‍ സെന്‍ട്രല്‍ ഗവണ്മെന്റിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ എം ബിബിഎസ് ചെയ്യുന്നു.(ആന്‍ഡമാന്‍ നിക്കോബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ).

Q

ഇക്കാര്യങ്ങള്‍ ഒക്കെ മാധ്യമങ്ങളോട് പറഞ്ഞുകൂടായിരുന്നോ ?

A

എന്ത് കാര്യത്തിന് ? പതിനാലാംതീയതി എന്തോ സംഭവിക്കും

എന്നൊക്കെയല്ലേ ചില പത്രങ്ങള്‍ എഴുതിയത് ? അത് നമുക്ക് നോക്കാലോ എന്താ ഇപ്പൊ സംഭവിക്കുക എന്ന് .(വീണ്ടും ചിരി )

Q

നിങ്ങളെ തിരഞ്ഞു പിടിച്ചു വേട്ടയാടുന്നു എന്ന തോന്നല്‍ ഉണ്ടോ ?

A

അതിപ്പോ മാധ്യമങ്ങള്‍ക്ക് ഓരെ മക്കാറാക്കി എന്ന തോന്നല്‍

ഉണ്ടാവുമായിരിക്കും . പിന്നെ മൊത്തത്തില്‍ എന്താണെന്നു വെച്ചാല്‍ മതപരമായി ജീവിക്കുന്ന ഒരാള്‍ക്ക് കമ്യൂണിസ്റ്റ് ആവാന്‍ പറ്റില്ല എന്നാണല്ലോ ഒരു പൊതുബോധം . നിങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ആവണോ ? നിങ്ങള്‍ ഇമ്പിച്ചിബാവയെ പോലെയോ പാലോളിയെ പോലെയോ ഒരു മുസ്ലിം ആയിക്കോ എന്നാണ് മനോഭാവം .

Q

ഒരിക്കല്‍ സിമി ആയിരുന്ന ഒരാള്‍ എപ്പോഴും'സിമി ആയിരിക്കും

എന്നുമുണ്ടല്ലോ അല്ലേ പൊതുബോധം ?

A

അതെയതെ . തീര്‍ച്ചയായും . മനുഷ്യര്‍ മുന്നോട്ടാണല്ലോ നടക്കുന്നത്. ഞാന്‍ സിമിയില്‍ നിന്ന് ലഷ്‌കര്‍ ഇ തോയിബയിലേക്ക് അല്ലല്ലോ പോയത് . മുസ്ലിംലീഗിലേക്കാണ് .അവിടന്ന് സിപിഎമ്മിലേക്കുമാണ് .പക്ഷേ അത് പലര്‍ക്കും ദഹിക്കാന്‍ ബുദ്ധിമുട്ടാണ് .നോക്കൂ ,എനിക്ക് ഒന്നും പേടിക്കാനില്ല . മുഖ്യമന്ത്രി എപ്പോഴും പറയുന്നത്പോലെ മടിയില്‍ കനം ഉണ്ടെങ്കില്‍ നമ്മള്‍ പേടിച്ചാല്‍ മതിയല്ലോ . എന്റെ ഭാര്യക്ക്ഒരു തരി സ്വര്‍ണം ഇല്ല .എന്റെ മകളുടെ വിവാഹത്തിന് മഹര്‍ ആയി വാങ്ങിയത് ഖുര്‍ആന്റെ കോപ്പിയാണ് .അവളുടെ വിവാഹത്തിന് അവള്‍ സ്വര്‍ണം ധരിച്ചിട്ടില്ല . ഞാന്‍ ആര്‍ക്കും ഒന്നും കൊടുക്കാനില്ല . ഞാന്‍ ആരെയും വഞ്ചിച്ചോ ചതിച്ചോ ഒന്നും നേടിയിട്ടുമില്ല . എല്ലാവരും കമറുദ്ധീനെ പോലെയാണ് എന്നാണ് ഇവരുടെയൊക്കെ വിചാരം .

No stories found.
The Cue
www.thecue.in