
ന്യൂ ഇയര്‍ റെസല്യൂഷന്‍സ് പൂര്‍ത്തീകരിച്ചവര്‍ കുറച്ച് പേരെങ്കിലും ഉണ്ടാകാം. എന്നാല്‍, തുടക്കത്തിലെ ആവേശം കെട്ടടങ്ങുമ്പോഴേക്കും പഴയ ശീലങ്ങളിലേക്ക് മടങ്ങുകയാവും പലരുടെയും അനുഭവം. എന്താവും അതിന് കാരണം? തീരുമാനത്തിലെ ദൃഢതയില്ലായ്മയാണോ? അതോ ഇച്ഛാശക്തിയുടെ കുറവുകൊണ്ടോ? 'സൈക്കോളജിക്കല്‍ സയന്‍സ്' അതിനെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനിൽ കുമാർ എഴുതുന്നു.
കഴിഞ്ഞ തവണത്തെ നിങ്ങളുടെ ന്യൂ ഇയര്‍ റെസല്യൂഷന്‍സ് എന്തെല്ലാമായിരുന്നു, ഓര്‍ക്കുന്നുണ്ടോ? എന്തെല്ലാമായിരുന്നു ലിസ്റ്റില്‍?
വ്യായാമം പതിവാക്കുക, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, വെയിറ്റ് കുറയ്ക്കുക, മുതലായ ആരോഗ്യകരമായ ശീലങ്ങള്‍ (Healthy habits) വളര്‍ത്തുക എന്നതായിരുന്നോ? അതൊ, സ്‌മോക്കിങ് ക്വിറ്റ് ചെയ്യുക, മദ്യപാനം നിര്‍ത്തുക, സ്‌ക്രീന്‍ ടൈം കുറയ്ക്കുക, രാത്രി ഉറക്കമിളക്കുന്ന ശീലം മാറ്റുക, തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങള്‍ക്ക് (Unhealthy habits) കടിഞ്ഞാണിടുക എന്നുള്ളതായിരുന്നോ? അതോ, പുസ്തക വായന, യോഗ, മെഡിറ്റേഷന്‍ മുതലായ നല്ല ശീലങ്ങള്‍ പരിപോഷിപ്പിക്കുക എന്നതായിരുന്നോ? എന്താണ് അവയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ്? ചിലതെങ്കിലും ലക്ഷ്യം കണ്ടോ? എന്തൊക്കെ പാതിവഴിയില്‍ നിന്നുപോയി? എത്ര നാള്‍ പരിശ്രമം തുടര്‍ന്നു? ഒരു മാസം? രണ്ട് മാസം?
റെസല്യൂഷന്‍സ് പൂര്‍ത്തീകരിച്ചവര്‍ കുറച്ച് പേരെങ്കിലും ഉണ്ടാകാം. എന്നാല്‍, തുടക്കത്തിലെ ആവേശം കെട്ടടങ്ങുമ്പോഴേക്കും പഴയ ശീലങ്ങളിലേക്ക് മടങ്ങുകയാവും പലരുടെയും അനുഭവം. എന്താവും അതിന് കാരണം? തീരുമാനത്തിലെ ദൃഢതയില്ലായ്മയാണോ? അതോ ഇച്ഛാശക്തിയുടെ (willpower) കുറവുകൊണ്ടോ? 'സൈക്കോളജിക്കല്‍ സയന്‍സ്' അതിനെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.
നമ്മുടെ പെരുമാറ്റം (Behavior) വലിയൊരു ശതമാനവും ആവര്‍ത്തന സ്വഭാവം (Habitual) ഉള്ളവയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിരന്തര ആവര്‍ത്തനത്തിലൂടെ (Repetition) രൂപപ്പെടുന്ന പെരുമാറ്റങ്ങളെയാണ് 'ശീലങ്ങള്‍ ' (Habits) എന്ന് വിളിക്കുന്നത്.
'ബ്രഷ്' ചെയ്യുക, കോഫി കുടിക്കുക, ഭക്ഷണം കഴിക്കുക, വാഹനമോടിക്കുക തുടങ്ങി നമ്മുടെ നിത്യജീവിതത്തിലെ ഭൂരിഭാഗം പ്രവൃത്തികളും 'ഹാബിച്ച്വലാണ്'. ബോധപൂര്‍വ്വമായ പരിശ്രമമോ, ചിന്തയോ കൂടാതെ അവ സ്വയമേവ (Automatically) നടക്കുന്നു. അപ്രകാരം സാവധാനം രൂപപ്പെടുന്ന ഒരു മെമ്മറി സിസ്റ്റമാണ് നമ്മുടെ ശീലങ്ങള്‍ എന്നാണ് ബ്രിട്ടീഷ് സൈക്കോളജിസ്റ്റായ വെന്‍ഡി വുഡ് (Wendy Wood) അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ അവ ഒരിക്കല്‍ രൂപപ്പെട്ടാല്‍ മാറ്റം വരുത്താന്‍ പ്രയാസമാണ്. പെട്ടെന്നുള്ള തീരുമാനങ്ങള്‍ക്ക് നമ്മുടെ ശീലങ്ങളെ മാറ്റിമറിക്കാന്‍ കഴിയാത്തത് അതുകൊണ്ടാവാം.
അങ്ങിനെയെങ്കില്‍ ഈ ന്യൂ ഇയര്‍ റെസല്യൂഷന്‍സിനൊക്കെ എന്ത് പ്രസക്തിയെന്നല്ലേ? തീര്‍ച്ചയായും പ്രസക്തിയുണ്ട്. റെസല്യൂഷന്‍സ് അല്‍പം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നമ്മുടെ ശീലങ്ങളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നതാണ്. അത് എപ്രകാരം, ഏത് അളവ് വരെ സാധ്യമാണ്? നമുക്ക് പരിശോധിക്കാം.
റെസല്യൂഷന്‍സ് ലിസ്റ്റില്‍ ജീവിതത്തെ മാറ്റിമറിക്കാന്‍ പോന്ന (Life changing) പല കാര്യങ്ങളും നമ്മള്‍ ഉള്‍പ്പെടുത്തുമെങ്കിലും, അവയില്‍ രസകരവും, ആസ്വാദ്യകരവുമായ (Enjoyable) പ്രവൃത്തികളാകും നാം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നു വച്ചാല്‍, ചെയ്യാന്‍ ഏറെ ശ്രമകരവും, ഒരു ശിക്ഷപോലെ (Punishment) അനുഭവപ്പെടുന്നതുമായ ടാസ്‌കുകള്‍ ക്രമേണ നിന്ന് പോയേക്കാം.
ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ എന്തെങ്കിലും തരത്തില്‍ ഒരു പ്രതിഫലം (Reward) ലഭിച്ചാല്‍ അത് മസ്തിഷകത്തിലെ ന്യൂറല്‍ സിസ്റ്റത്തില്‍ ആഹ്‌ളാദ അനുഭവം (Pleasurable experience) പ്രദാനം ചെയ്യുന്ന ഡോപമിന്‍ എന്ന രാസപദാര്‍ഥം ഉല്പാദിപ്പിക്കപ്പെടുകയും, ആ പ്രവൃത്തി ആവര്‍ത്തിക്കുവാന്‍ പ്രചോദനമുണ്ടാവുകയും ചെയ്യുന്നു. ഇപ്രകാരമാണ് ഒരു ഹാബിറ്റ് മെമ്മറി നമ്മളില്‍ രൂപപ്പെടുന്നത്. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുമെന്ന് അറിയാമെങ്കിലും പുസ്തകം മടക്കിവച്ചിട്ട് ഇടയ്ക്കിടെ സ്മാര്‍ട്ട് ഫോണില്‍ സ്‌ക്രോള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകവും ഈ പെട്ടെന്നുള്ള പ്ലഷറബിള്‍ എക്‌സ്പീരിയന്‍സ് ആണ്. മറ്റൊന്ന്, താരതമ്യേന ലളിതവും എളുപ്പവുമുള്ള പ്രവൃത്തികളാണ് കൂടുതല്‍ സങ്കീര്‍ണ്ണമായവയെക്കാള്‍ വേഗത്തില്‍ ഹാബിറ്റ് ഫോര്‍മേഷന്‍ സാധ്യതയുള്ളത്.
എന്നാല്‍ അനാരോഗ്യകരമായ ചില പെരുമാറ്റങ്ങള്‍ (Unhealthy behaviors) മാറ്റിയെടുക്കുക ഏറെ ശ്രമകരവുമാണ്. ഉദാഹരണമായി പുകവലി, മദ്യപാനം, ഗാംബ്ലിങ് ബിഹേവിയര്‍, അമിതമായ സ്‌ക്രീന്‍ ടൈം, ഇവയൊക്കെ പലപ്പോഴും ദുഃശീലം എന്നതിനേക്കാളുപരി അഡിക്ടീവ് സ്വഭാവം ഉള്ളവ ആയിരിക്കും. അതുകൊണ്ട് തന്നെ അവ മാറ്റാനുള്ള ശ്രമങ്ങള്‍ അത്രയ്ക്ക് ആഹ്‌ളാദം നല്‍കുന്നതല്ലെന്ന് മാത്രമല്ല ക്ലേശകരവുമായിരിക്കും (Distressful). അത്തരം സന്ദര്‍ഭങ്ങളില്‍ പ്രൊഫഷണലായ സഹായം തേടുന്നതാവും അഭികാമ്യം.
റെസല്യൂഷന്‍സ് ഇഫക്ടീവാക്കാന്‍
റിയലിസ്റ്റിക് ആവട്ടെ ലക്ഷ്യങ്ങള്‍-
വ്യക്തതയുള്ളതും (Specific), നേടിയെടുക്കാന്‍ കഴിയുന്നതുമായ (Attainable) ഗോള്‍സ് സെറ്റ് ചെയ്യാം.
ചെറിയ സ്റ്റെപ്പുകള്‍ വെയ്ക്കാം-
ലളിതവും അനയാസവുമായ ചെറിയ ചുവടുവയ്‌പ്പോടെ ആരംഭിക്കാം. തുടക്കം തന്നെ വലിയ ടാസ്‌ക്കുകള്‍ ലക്ഷ്യം വെക്കുന്നത് വേഗത്തില്‍ മടുപ്പുളവാക്കാനും (Mental fatigue), മോട്ടിവേഷന്‍ കുറയ്ക്കാനും ഇടയാക്കാം. ഉദാഹരണമായി ഫിസിക്കല്‍ ആക്റ്റിവിറ്റി കൂട്ടുകയാണ് ലക്ഷ്യമെങ്കില്‍, തുടക്കത്തിലേ എല്ലാദിവസവും വ്യായാമം എന്നതിന് പകരം ഇടവിട്ടുള്ള ദിവസങ്ങളില്‍ കുറച്ച് സമയം, എന്ന രീതിയില്‍ തുടങ്ങാം.
ടാസ്‌ക്കുകള്‍ ആസ്വാദ്യകരമായി പ്ലാന്‍ ചെയ്യാം-
നേരത്തെ സൂചിപ്പിച്ചത് പോലെ പ്രവൃത്തികള്‍ എന്‍ജോയ് ചെയ്യാന്‍ കഴിയുമെങ്കിലെ അവ നമ്മള്‍ തുടരുകയുള്ളു എന്ന് ഓര്‍ക്കുക.
ഹ്രസ്വകാല ലക്ഷ്യങ്ങള്‍ (Short-term goals) വെക്കാം-
ചെറിയ കാലയളവില്‍ നേടാവുന്ന ഗോള്‍സ് സെറ്റ് ചെയ്യുന്നതും, അവ ഇടവിട്ട് മോണിറ്ററിങ്ങ്' ചെയ്യുന്നതും കൂടുതല്‍ റിവാഡിങ് ആയിരിക്കും. അത് ലോങ് ടേം ഗോളിലേക്കുള്ള പ്രയാണത്തിന് പ്രചോദനമേകും.
പെര്‍ഫെക്ഷനിസം വേണ്ടെന്ന് വെക്കാം-
പുതിയ ഷെഡ്യൂളനുസരിച്ച് ഉത്സാഹത്തോടെ മുന്നോട്ട് പോകുമ്പോള്‍ ഇടയ്ക്ക് അപ്രതീക്ഷിതമായി ബ്രേക്ക് വരികയോ, ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ അച്ചീവ് ചെയ്യുന്നില്ലന്ന് തോന്നിയാലോ, കുറ്റബോധമോ നിരാശയോ വേണ്ട. ഒരു പുനഃക്രമീകരണത്തിലൂടെ വീണ്ടും ട്രാക്കിലേക്ക് വരാം. ഏതൊരു യാത്രയിലും കയറ്റിറക്കങ്ങള്‍ സ്വാഭാവികം.
തീരുമാനങ്ങള്‍ പ്രിയപ്പെട്ടവരോട് പങ്കുവെക്കാം
സമാനമായ ലക്ഷ്യങ്ങള്‍ ഉള്ളവരുടെ ഒപ്പം ചേരാം, സോഷ്യലൈസ് ചെയ്യാം. നമ്മുടെ ഗോളുകള്‍ അച്ചീവ് ചെയ്യാന്‍ സഹായിക്കുന്ന സപ്പോര്‍ട്ട് ഗ്രൂപ്പുകളില്‍ അംഗമാകാം.
സ്വയം എത്തിപ്പെടാന്‍ പ്രായസമെന്ന് തോന്നുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍, ആവശ്യമെങ്കില്‍ പ്രൊഫഷണല്‍ ഹെല്‍പ്പ് തേടാം. നിങ്ങളുടെ ഗോള്‍സ് വേണ്ടവണ്ണം ക്രമീകരിക്കാനും, അതിന് തടസമാകുന്ന ആരോഗ്യകരമല്ലാത്ത പെരുമാറ്റങ്ങളില്‍ (Unhealthy behavior) നിന്നും പുറത്ത് കടക്കാനും, വൈകാരിക വിഷമതകള്‍ (Emotional distress) പരിഹരിച്ച് മുന്നോട്ട് പോകാനും ഒരു പ്രഗത്ഭനായ സൈക്കോളജിസ്റ്റിന്' നിങ്ങളെ സഹായിക്കാനാവും.